വഖഫ് ഭേദഗതി ബില്ലിന്റെ നിഷ്ഠുര അജണ്ട
text_fieldsകേന്ദ്ര നിയമമന്ത്രി കിരൺ റിജിജു 2024 ആഗസ്റ്റ് എട്ടിന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര വഖഫ് ഭേദഗതി ബിൽ 2024’ വരുന്ന ശീതകാല സമ്മേളനത്തിൽ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. സമൂഹത്തിന്റെ പൊതുനന്മ ഉദ്ദേശിച്ചുകൊണ്ട് വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി തങ്ങൾക്ക് പ്രിയപ്പെട്ടതിൽനിന്ന് ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിന് സമർപ്പിക്കുന്ന സ്വത്താണ് വഖഫ്.
രാജ്യത്ത് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുണ്ടായ വഖഫ് നിയമനിർമാണങ്ങളെല്ലാം വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ദുരുപയോഗവും കൈയേറ്റവും തടയുന്നതിനുമായിരുന്നുവെങ്കിൽ വ്യാജ അവകാശവാദങ്ങളുടെ അകമ്പടിയോടെ കൊണ്ടുവരുന്ന, ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്ന പുതിയ ബില്ലിന് പിന്നിലെ അജണ്ട നേർവിപരീതമാണ്.
അമുസ്ലിംകൾക്കും സ്വത്ത് വഖഫായി സംഭാവന ചെയ്യാമെന്ന് 2019ലെ വഖഫ് ആക്ടിലുണ്ട്. വഖഫിന്റെ പ്രയോജനവും സാമൂഹിക പ്രാധാന്യവും മനസ്സിലാക്കി ധാരാളം അമുസ്ലിംകൾ സംഭാവന ചെയ്യാൻ മുന്നോട്ട് വന്നിട്ടുമുണ്ട്. എന്നാൽ, പുതിയ ബില്ലിൽ അഞ്ചുവർഷം മതം അനുഷ്ഠിച്ച മുസ്ലിംകൾക്ക് മാത്രമേ വഖഫ് ചെയ്യാനാവൂ എന്നാണ് വ്യവസ്ഥ. വഖഫ് ബോർഡുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ലോക്സഭാ-രാജ്യസഭാ എം.പിമാർ, രണ്ടു റിട്ടയേഡ് ജഡ്ജിമാർ, മറ്റ് നിയജ്ഞന്മാർ എന്നിവർ മുസ്ലിംകളായിരിക്കണമെന്ന നിലവിലുള്ള വ്യവസ്ഥ പുതിയ ബിൽ എടുത്തുകളയുന്നു.
രാജ്യത്ത് സിഖ്, ഹിന്ദു വിഭാഗങ്ങൾക്കും മറ്റു മതവിഭാഗങ്ങൾക്കും സ്വന്തമായ എൻഡോവ്മെന്റ് ആക്ടുകളുണ്ട്. അവയുടെ കൈകാര്യ കർത്താക്കൾ അതാത് മതവിശ്വാസികളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവയിൽ ക്രൈസ്തവ, മുസ്ലിം പ്രതിനിധികൾ വേണമെന്നു പറയുന്നതുപോലെ നിരർഥകമാണ് വഖഫ് ബോഡികളിൽ മുസ്ലിംകൾ അല്ലാത്ത പ്രതിനിധികൾ വേണമെന്ന വാദം. വഖഫ് ബോർഡിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള നീക്കം എന്ന അവകാശവാദവും തികച്ചും കളവാണ്. തമിഴ്നാട്, ജമ്മു-കശ്മീർ, പഞ്ചാബ് സംസ്ഥാന വഖഫ് ബോർഡുകൾക്ക് വനിതാ ചെയർപേഴ്സന്മാർവരെ ഉണ്ടായിട്ടുണ്ട്.
വഖഫ് സ്വത്തിന്റെ സംരക്ഷണത്തിന് മുസ്ലിം ഭരണാധികാരികൾ മാത്രമല്ല, അല്ലാത്തവരും കൊളോണിയൽ ഭരണാധികളും സംവിധാനങ്ങളേർപ്പെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെയും കൗൺസിലുകളെയും നിയമിച്ചിരുന്നു.
1947ലെ വിഭജനത്തെതുടർന്ന് വടക്കേ ഇന്ത്യയിലെ പല ധനികരും ജന്മികളും അവരുടെ കണക്കറ്റ സ്വത്തുക്കൾ ഇന്ത്യയിൽ വിട്ടേച്ച് പാകിസ്താനിലേക്ക് കുടിയേറി. ഈ വസ്തുക്കളിൽ വലിയൊരു ഭാഗം കൈയേറ്റം ചെയ്യപ്പെട്ടു. ഇന്ത്യൻ സർക്കാറിന്റെ കൈയിൽ വന്നുചേർന്ന സ്വത്തുക്കൾ മുസ്ലിം സമുദായത്തിന്റെ ഗുണകരമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടണമെന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും മൗലാന അബുൽ കലാം ആസാദിന്റെയും സമാനമനസ്കരുടെയും അഭിപ്രായത്തിന്റെ തുടർച്ചയായി വസ്തുവകകൾ അതാത് സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളെ ഏൽപിക്കുകയായിരുന്നു.
2007-08ൽ ഇന്ത്യയിലെ വഖഫുകൾ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ന്യൂനപക്ഷ വഖഫ് മന്ത്രിയായിരുന്ന റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ ഒരു ജോയന്റ് പാർലമെന്ററി കമ്മിറ്റിയെ അന്നത്തെ കേന്ദ്ര സർക്കാർ നിയോഗിക്കുകയുണ്ടായി. വഖഫ് സ്വത്തുക്കൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്താൽ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി താനേ കൈവന്നുകൊള്ളുമെന്നാണ് വിശദമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ജെ.പി.സി നടത്തിയ നിരീക്ഷണം.
9.4 ലക്ഷം ഏക്കർ ഭൂമിയാണ് ഇന്ത്യയിൽ വഖഫായുള്ളത്. രാജ്യത്ത് ഇന്ത്യൻ റെയിൽവേ, പ്രതിരോധ മന്ത്രാലയം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം ഭൂസ്വത്ത് വഖഫിന്റെ കൈവശമാണ്. എന്നാൽ, ഇതിന്റെ വിശാലമായ സാധ്യത ഉപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, കേരളത്തിലുൾപ്പെടെ വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയും കൈയേറ്റത്തിന് വിധേയമാവുകയും ചെയ്യുന്നു. പലപ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാറുകൾതന്നെ കൈയേറ്റത്തിന് അവസരം ഒരുക്കുകയോ ചെയ്യുന്നു. ഡൽഹിയിലെ പല നക്ഷത്ര ഹോട്ടലുകളും ആന്ധ്രയിലെ ഐ.ടി കമ്പനികളും മുംബൈയിൽ വ്യവസായ പ്രമുഖന്റെ മണിമാളികയും പടുത്തുയർത്തിരിക്കുന്നത് വഖഫ് ഭൂമിയിലാണ്.
ഭേദഗതിയിലെ അപകടകരമായ വ്യവസ്ഥ
വഖഫ് സ്വത്തുകളുടെ വെരിഫിക്കേഷൻ, അപ്രൂവൽ അധികാരം മൊത്തം വഖഫ് ബോർഡിൽനിന്ന് മാറ്റി ജില്ല കലക്ടർക്ക് നൽകുന്നു എന്നതാണ് പുതിയ നിയമഭേദഗതിയിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ. അതായത്,വഖഫ് സ്വത്തിനെക്കുറിച്ച് ആക്ഷേപമോ പരാതിയോ വന്നാൽ വെരിഫിക്കേഷൻ നടത്തി തീർപ്പുകൽപിക്കുന്നത് കലക്ടറായിരിക്കും. നിലവിലുള്ള വ്യവസ്ഥയിൽ വഖഫ് ബോർഡിന്റെ നിർദേശമനുസരിച്ച്, സിവിൽ കോടതിയുടെ പവറുള്ള സർവേ കമീഷണറാണ് വെരിഫിക്കേഷൻ നടത്തുന്നത്.
സർവേ കമീഷണറുടെ റിപ്പോർട്ട് പ്രകാരം അംഗീകാരവും തീർപ്പും കൽപിച്ച് നൽകുന്നത് വഖഫ് ബോർഡാണ്. പുതുതായി വഖഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾ അപേക്ഷ സമർപ്പിക്കേണ്ടത് കലക്ടർക്കുതന്നെ. ആളും സ്വത്തും യോഗ്യമാണോ എന്ന് പരിശോധിച്ച് തീർപ്പ് കൽപിക്കുന്നതും കലക്ടർതന്നെ. സാധാരണഗതിയിൽ ഒരു പ്രോപ്പർട്ടിയുടെ ടൈറ്റിൽ തീരുമാനിക്കാനുള്ള അധികാരം കലക്ടർക്ക് നൽകാറില്ല.
കേരളത്തിൽ ഒന്നുമുതൽ 4050 വരെ നമ്പറിലുള്ള വഖഫ് സ്വത്തുക്കൾ 1954 ലെയും 1995 ലെയും ആക്ട് പ്രകാരം സർവേ കമീഷണർ പരിശോധിച്ച് ഗസറ്റ് പബ്ലിക്കേഷൻ നടത്തി വഖഫാണെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതാണ്. അതിൽ ഇപ്പോൾ പുനഃപരിശോധനക്ക് ആവശ്യം ഉയർന്നാൽ ഇന്നത്തെ അവസ്ഥയിൽ സ്വാഭാവികമായും പ്രതികൂല റിപ്പോർട്ടിനുള്ള സാധ്യത ഏറെയാണ്. കാലാകാലമായി ഉപയോഗിച്ച് വരുന്നതും വാക്കാൽ ലഭിച്ചതുമായ വഖഫ് സ്വത്തുകൾ മേലിൽ വഖഫ് സ്വത്തായി പരിഗണിക്കുകയില്ലെന്നാണ് വ്യവസ്ഥ. ഇത്തരം ആയിരക്കണക്കിന് വഖഫ് ഭൂമിയും സ്വത്ത് വകകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വഖഫ് ബോർഡിന് കീഴിലുണ്ട്. ഇവയിൽ വഖഫ് ബോർഡിനുള്ള ഉടസ്ഥാവകാശം നഷ്ടപ്പെടും.
അതോടെ കാലാകാലങ്ങളായി ആരാധനാലയങ്ങളായും ശ്മശാനങ്ങളായും നിലനിന്ന് പോരുന്ന സ്വത്തുക്കളിൽ മറ്റുള്ളവർ അവകാശവാദമുന്നയിക്കുകയും ചെയ്യും. ഇത് കൈയേറ്റത്തിനും ബുൾഡോസർ രാജിനും കളമൊരുങ്ങും. പുതിയ നിയമഭേദഗതിയിൽ പരാതി ഉന്നയിക്കാനുള്ള കാലയളവ് ഒരുവർഷം എന്നത് രണ്ടുവർഷമായി ഉയർത്തിയിട്ടുണ്ട്. രണ്ടുവർഷം കഴിഞ്ഞാലും പരാതിക്കുള്ള അവസരം നഷ്ടപ്പെടുന്നില്ല. കലക്ടർക്ക് തീർപ്പ് കൽപിക്കുന്നതിന് കാലപരിധിയില്ല. തീർപ്പ് കൽപിക്കുന്നത് അനന്തമായി നീണ്ടുപോകാം.
തീർപ്പ് കൽപിക്കുന്നതുവരെ സ്വത്ത് സ്വകാര്യവ്യക്തിയുടെതോ സർക്കാറിന്റെതോ ആയി പരിഗണിക്കപ്പെടും. ഭേദഗതി പ്രകാരം വഖഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) ഏത് മതവിഭാഗത്തിൽപെടുന്ന ഉദ്യോഗസ്ഥനെയും സർക്കാറിന് നിയമിക്കാം. നിലവിൽ വഖഫ് ബോർഡിന്റെ അനുമതിയോടുകൂടി മാത്രമേ സർക്കാറിന് സി.ഇ.ഒയെ നിയമിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിൽ മാറ്റംവരികയാണ്.
സംസ്ഥാന വഖഫ് ബോർഡിൽ രണ്ട് എം.എൽ.എ പ്രതിനിധികൾ ഉണ്ടായിരുന്നത് ഒന്നായി ചുരുക്കിയിരിക്കുന്നു. ഇവരെ മുസ്ലിം എം.എൽ.എമാർ തിരഞ്ഞെടുത്തിരുന്ന സ്ഥാനത്ത് ഇനി സർക്കാർ നോമിനേഷനാവും. സംസ്ഥാനത്തെ എം.പിമാരുടെ പ്രതിനിധികളെയും വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഇനിമേൽ സർക്കാർ നോമിനേറ്റ് ചെയ്യും.
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ വാർഷിക വരുമാനത്തിൽനിന്ന് ഏഴ് ശതമാനം ബോർഡിന് നൽകണമെന്നത് അഞ്ച് ശതമാനമാക്കി ചുരുക്കും. ബോർഡിലെ ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചെലവിനും പൊതു ക്ഷേമപ്രവർത്തനങ്ങൾക്കുമാണ് ഈ വിഹിതം ഉപയോഗിച്ച് പോരുന്നത്. വരുമാനനഷ്ടം ക്ഷേമ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
ജനാധിപത്യരീതി ഒഴിവാക്കി എല്ലാം നോമിനേഷനാകുന്നതിലൂടെ എല്ലാ രംഗത്തും സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റി ഭാവിയിൽ ദുരുപയോഗവും കൈയേറ്റവും സംരംഭത്തിന്റെ സർവനാശവും എളുപ്പമാകും. പ്രത്യക്ഷത്തിൽ ഉന്നംവെക്കപ്പെടുന്നത് രാജ്യത്തെ മുസ്ലിം സമൂഹത്തെയാണെങ്കിലും ഇതിലൂടെ തകർക്കപ്പെടുന്നത് വിശാലമായ മനുഷ്യ സ്നേഹപരവും ജീവകാരുണ്യപരവുമായ ഒരു സംരംഭത്തിന്റെ നിലനിൽപ് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.