മോദി അജണ്ട വെട്ടാൻ സഖ്യകക്ഷികൾ
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾക്കായി വിലപേശൽ ശക്തമാക്കുന്നതിനിടെ ബി.െജ.പിയുടെ അജണ്ടകളിലും സഖ്യകക്ഷികളുടെ ഇടപെടൽ. രണ്ടാം മോദി സർക്കാർ നടപ്പാക്കിയ സേനയിലെ കരാർ നിയമനമായ അഗ്നിവീർ പദ്ധതി പിൻവലിക്കണമെന്നും രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നും ജെ.ഡി.യു ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ അഗ്നിവീർ പുനരാലോചിക്കണമെന്ന് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി പിൻവലിക്കുമെന്നും ജാതി സെൻസസ് നടത്തുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. ഇതേ ആവശ്യം സഖ്യകക്ഷികൾകൂടി ഉന്നയിച്ചതോടെ സർക്കാർ രൂപവത്കരണത്തിനു മുമ്പേ മോദി-അമിത്ഷാ കൂട്ടുകെട്ട് പ്രതിരോധത്തിലായി.
തെരഞ്ഞെടുപ്പിൽ തിരിച്ചടിയായ അഗ്നിവീർ പിൻവലിക്കണമെന്നും ജാതി സെൻസസ് നടത്തണമെന്നും ജെ.ഡി.യു വക്താവും നിതീഷ് കുമാറിന്റെ വിശ്വസ്തനുമായ കെ.സി. ത്യാഗിയാണ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഏക സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങൾ നടപ്പാക്കുമ്പോൾ ബന്ധപ്പെട്ട കക്ഷികളെ പരിഗണിക്കണമെന്നും ഏകപക്ഷീയമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകാതിരിക്കാൻ പൗരത്വ നിയമ ഭേദഗതിപോലുള്ള മുൻ ബി.ജെ.പി സർക്കാറിന്റെ മറ്റു വിവാദ വിഷയങ്ങളിലും ജെ.ഡി.യു, ടി.ഡി.പി കക്ഷികൾ എതിർപ്പ് ഉന്നയിച്ചേക്കും.
അഗ്നിവീർ പദ്ധതി ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. പഞ്ചാബിൽ ബി.ജെ.പിക്ക് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടമാവുകയും ഹരിയാനയിൽ എം.പിമാരുടെ എണ്ണം പകുതിയാവുകയും ചെയ്തു. 2022 ജൂണിലാണ് അഗ്നിവീർ പദ്ധതി തുടങ്ങിയത്. കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയിൽ 7,385 പേരും വ്യോമസേനയിൽ 4,955 പേരും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.