Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightബാൾട്ടിമോറിലെ...

ബാൾട്ടിമോറിലെ പിണറായിയും കേരളത്തിലെ ​​​സോവിയറ്റ്​ പ്രേതങ്ങളും

text_fields
bookmark_border
ബാൾട്ടിമോറിലെ പിണറായിയും  കേരളത്തിലെ ​​​സോവിയറ്റ്​ പ്രേതങ്ങളും
cancel

ഒരു പകർച്ചവ്യാധിയുടെ കഥ 

1983 ജൂ​ൈല മാസം. ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന ‘പാട്രിയറ്റ്​’ എന്ന പത്രത്തി​​​െൻറ എഡിറ്റർക്ക്​ അമേരിക്കയിലെ അജഞാതനായ ഒരു ‘ശാസ്​ത്രജ്ഞ​’​​െൻറ കത്ത്​ ലഭിക്കുന്നു. ആഫ്രിക്കയിലും മറ്റും പേരറിയാത്ത ഒരു രോഗം മൂലം പ്രതി​േരാധശേഷി ശോഷിച്ച്​ ആളുകൾ ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അമേരിക്കയുടെ ആയുധപ്പുരയായ പ​​െൻറഗ​ണി​​െൻറ ജൈവായുധ പ്രയോഗംമൂലമാണ്​ ഇൗ മരണങ്ങളെന്നും ഇത്തരത്തിലുള്ള ഒ​േട്ടറെ ആയുധങ്ങൾ ശത്രുരാജ്യങ്ങളെ ^വിശേഷിപ്പ്​ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളെ-ലക്ഷ്യമിട്ട്​ അവിടെ തയാറായിക്കൊണ്ടിരിക്കുന്നുവെന്നുമായിരുന്നു ആ കത്തി​​​െൻറ ഉള്ളടക്കം. ശീതസമരത്തിൽ സോവിയറ്റ്​ പക്ഷത്തായിരുന്ന ‘പാട്രിയറ്റ്​’ സ്വാഭാവികമായും ആ കത്ത്​ ഒരു ബോക്​സ്​ വാർത്തയാക്കി പ്രസിദ്ധീകരിച്ചു. സമാനമായ വാർത്തകൾ ലോകത്തി​​​െൻറ വിവിധ ഭാഗത്തുനിന്നുള്ള മറ്റു പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞ്​​ ‘ലിറ്റററി ന്യൂസ്​പേപ്പർ’ (റഷ്യൻ ഭാഷയിൽ ‘ലിറ്ററേച്ചർനയ ഗസെറ്റ’) എന്ന ആഴ്​ചപ്പതിപ്പിൽ ഇതി​​​െൻറ വിശദാംശങ്ങൾ കുറെക്കൂടി വന്നതോടെ, രാഷ്​ട്രാന്തരീയ തലത്തിൽ ഇക്കാര്യം വലിയ ചർച്ചയായി. കാരണം, ആ അജ്ഞാത രോഗകാരി എച്ച്​.​െഎ.വി എന്ന വൈറസാണെന്നും രോഗം എയ്​ഡ്​സ്​ ആണെന്നും അപ്പോഴേക്കും ശാസ്​ത്രലോകം സ്​ഥിരീകരിച്ചിട്ടുണ്ടായിരുന്നു. അതോടെ, എയ്​ഡ്സിന്​ പിന്നിൽ അമേരിക്കയുടെ കരങ്ങളാണെന്ന തരത്തിലുള്ള ഒ​േട്ടറെ സിദ്ധാന്തങ്ങൾ പുറത്തുവന്നു.

ഇൗ സമയത്താണ്​​ വിഷയത്തെക്കുറിച്ച്​ അന്വേഷിക്കാൻ കിഴക്കൻ ജർമനിക്കാരനായ ജേക്കബ്​ സെഗാൽ എന്ന ബയോഫിസിസ്​റ്റ്​ തയാറായത്​. സെഗാലും ഭാര്യ ലില്ലിയും ഡോ. റൊണാൾഡ്​ ദെംലോവ്​ എന്ന ​മറ്റൊരു ശാസ്​ത്രജ്ഞനും ചേർന്നാണ്​ അന്വേഷണം ആരംഭിച്ചത്​. തൊട്ടടുത്ത വർഷം, ത​ങ്ങളുടെ ഗ​വേഷണ ഫലങ്ങൾ ‘എയ്​ഡ്​സ്​- ഇറ്റ്​സ്​ നേച്വർ ആൻഡ്​ ഒറിജിൻ’ എന്ന പേരിൽ അവർ പ്രസിദ്ധീകരിച്ചു. 47 പേജുള്ള ആ പുസ്​തകത്തി​​​െൻറ രത്​നച്ചുരുക്കം ഇതായിരുന്നു: 1977ൽ, റോബർട്ട്​ ഗാലോ എന്ന യു.എസ്​ ശാസ്​ത്രജഞ​​​െൻറ നേതൃത്വത്തിൽ, ഫോർട്ട്​ ഡെട്രിക്കിലുള്ള അമേരിക്കൻ സൈനിക മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടിലെ പി4 ലബോറട്ടറിയിൽവെച്ച്​ വികസിപ്പിച്ചതാണ​ത്രെ എച്ച്​​.​െഎ.വി വൈറസ്​. വിസ്​ന (വിസ്​ന ഷീപ്​ വൈറസ്​), എച്ച്​.ടി.എൽ.വി-1 (ഹ്യൂമൻ ടി-ലിംഫോട്രോപിക്​ വൈറസ്​-1) എന്നീ വൈറസകളെ മുറിച്ച്​ അവയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ്​ എച്ച്​.​െഎ.വി വൈറസ്​ സൃഷ്​ടിച്ചിരിക്കുന്നത്​. ഇതൊരു ജൈവായുധമായി പ്രയോഗിക്കാനാണ്​ അമേരിക്കയുടെ പദ്ധതി. ഇതി​​​െൻറ നിർമാണം പൂർത്തിയായതി​​​െൻറ തൊട്ടടുത്ത വർഷമാണ്​ ലോകത്ത്​ ആദ്യമായ ി എയ്​ഡ്​സ്​ റിപ്പോർട്ട്​ ചെയ്യ​െപ്പട്ടത്​. ജനസംഖ്യ നിയ​ന്ത്രണമടക്കമുള്ള കാര്യങ്ങൾ ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നു.

ഇൗ ആരോപണങ്ങൾക്ക്​ ലോകത്തുടനീളം വലിയ പ്രചാരണമാണ്​ ലഭിച്ചത്​. 1986ൽ, സിംബാവെ തലസ്​ഥാനമായ ഹരാരെയിൽ നടന്ന ചേരിചേരാ രാഷ്​ട്രങ്ങളുടെ സമ്മേളനത്തിൽ ‘സെഗാൽ റി​േപ്പാർട്ട്​’ എല്ലാ അംഗ രാഷ്​ട്രങ്ങൾക്കും വിതരണം ചെയ്യപ്പെട്ടു. കാരണം, മൂന്നാം ലോക രാജ്യങ്ങളെ ലക്ഷ്യമിട്ടാണ്​ അമേരിക്കയുടെ ജൈവായുധ പ്രയോഗമെന്ന്​ റിപ്പോർട്ടിൽ ആവർത്തിക്കുന്നുണ്ട്​. 40ലധികം ഭാഷകളിലേക്ക്​ ഇൗ റിപ്പോർട്ട്​ വിവർത്തനം ചെയ്യപ്പെട്ടു; മലയാളത്തിലടക്കം. കേരള ശാസ്​​ത്ര സാഹിത്യ പരിഷത്താണ്​ മലയാള വിവർത്തനം നിർവഹിച്ചത്​. ചുരുക്കത്തിൽ, സെഗാൽ റിപ്പോർട്ടിന്​ വലിയ സ്വീകാര്യതയാണ്​ ലഭിച്ചതെന്നർഥം. തുടക്കത്തിൽ, ഇതിലെ ആരോപണങ്ങളെ വസ്​തുനിഷ്​ഠമായി വിലയിരുത്താനോ വിമർശന ബുദ്ധിയോടെ സമീപിക്കാനോ ആരും തയാറാകാത്തതായിരുന്നു അത്തരമൊരു സ്വീകാര്യത ലഭിക്കാനുള്ള പ്രധാന കാരണം. എന്നാൽ, തൊട്ടടുത്ത വർഷം പ്രമുഖ വൈറോളജിസ്​റ്റായ മിൻറാഡ്​ കൂഷ്​ അതിനുള്ള ശ്രമം നടത്തി. മേൽ സൂചിപ്പിച്ച രണ്ടു ​വൈറസുകൾ കൂട്ടിയോജിപ്പിച്ച്​ ഒരു തരത്തിലും ഇതുപോലൊരു വൈറസ്​ നിർമിക്കാനാവില്ലെന്ന്​ കൂഷ്​ തീർത്തു പറഞ്ഞു. ‘രാഷ്​ട്രീയവും കപടശാസ്​ത്രവും ഒത്തുചേർന്ന അസംബന്ധം’ എന്നാണ്​ അദ്ദേഹം റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്​. വിക്ടർ സ്​ദാനോവിനെപ്പോലുള്ള സോവിയറ്റ്​ ശാസ്​ത്രജ്ഞരും സെഗാൽ റിപ്പോർട്ട്​ തള്ളിയെങ്കിലും, എച്ച്​.​െഎ.വി ഒരു അമേരിക്കൻ സൃഷ്​ടിയാണെന്ന പൊതുബോധത്തിന്​ കാര്യമായ മാറ്റമൊന്നും ആ സമയത്തുണ്ടായില്ല. അതേസമയം, സെഗാൽ റിപ്പോർട്ട്​ കേവലം കെട്ടുകഥയാണെന്ന്​ മനസിലായതോടെ, മലയാളത്തിലടക്കം നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ട വിവർത്തനങ്ങൾ അപ്പോൾ തന്നെ പിൻവലിക്കപ്പെട്ടു തുടങ്ങിയിരുന്നു. 

ഏതാനും വർഷങ്ങൾക്കുശേഷം, ​ൈവറസുകളുടെ ജീനോം ക്രമത്തി​​​െൻറ (ന്യൂക്ലിക് ആസിഡുകൾ ക്രമീകരിച്ചിരിക്കുന്ന രീതി​)വിശദാംശങ്ങൾ ശാസ്​ത്രലോകത്തിന്​ പിടികിട്ടിയതോടെ സെഗാൽ റിപ്പോർട്ട്​ പൂർണ അബദ്ധമായിരുന്നു​െവന്ന്​ വ്യക്​തമായി. എച്ച്​.ടി.എൽ.വി^1, വിസ്​ന, എച്ച്​.​െഎ.വി എന്നീ വൈറസുകളുടെയെല്ലാം ജീനോം സീക്വൻസ്​ എന്ന്​ നമുക്ക്​ മുന്നിലുണ്ട്​. ഇതിൽ രണ്ടെണ്ണം മുറിച്ച്​ മൂന്നാമതൊരു വൈറസ്​ ഉണ്ടാക്കാൻ കഴിയുമോ എന്നും പരീക്ഷിച്ചറിയാനാകും. സെഗാൽ ആരോപിക്കും പോലൊരു എച്ച്​.​െഎ.വി നിർമാണം സാധ്യമല്ലെന്ന്​ പകൽപോലെ വ്യക്​തമാണ്​. എച്ച്​.​െഎ.വി വൈറസിന്​ ചിമ്പാൻസികളെ ബാധിക്കുന്ന എസ്​.​െഎ.വി (സിമിയൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്​) വൈറസിനോടുമാണ്​ ജീനോം ക്രമത്തിൽ ഏറെക്കുറെ സമാനമായിരിക്കുന്നത്​. ഇൗ അറിവുകളുടെ വെളിച്ചത്തിൽ സെഗാൽ റിപ്പോർട്ട്​ ചോദ്യ​ംചെയ്യപ്പെട്ടു. എന്തിനാണ്​ ഇത്തരമൊരു കെട്ടുകഥ ചമച്ചതെന്ന്​ സോവിയറ്റ്​ യൂനിയനോടും സെഗാലിനോടും പലരും ചോദിച്ചു. അപ്പോഴാണ്​ ഞെട്ടിക്കുന്ന പല രഹസ്യങ്ങളും പുറത്തുവന്നത്​. സോവിയറ്റ്​ യൂനി​യ​​​െൻറ കീഴിലുള്ള കെ.ജി.ബി (കമ്മിറ്റി ഫോർ സ്​റ്റേറ്റ്​ സെക്യൂരിറ്റി) ആസൂത്രണം ചെയ്​ത അമേരിക്കൻ വിരുദ്ധ കാമ്പയിൻ പദ്ധതിയായിരുന്നത്രെ ഇത്​. ‘ഒാപറേഷൻ ഇൻഫെക്​ഷൻ’ (Operation Infektion) എന്നാണ്​ ആ കാമ്പയിന്​ അവർ നൽകിയ പേര്​.

ശീത സമരകാലത്ത്​ വൈറോളജിയിൽ അമേരിക്ക നേടിയ ആധിപത്യത്തെ തകർക്കുന്നതിനും മറ്റുമായിരുന്നു ഇൗ കാമ്പയിൻ (ഇതിനുമുമ്പ്​, ബഹിരാകാശ ഗവേഷണ ‘മത്സര’ത്തിൽ അമേരിക്ക ഒരു ചുവട്​ മുന്നിലെത്തിയപ്പോഴും-മനുഷ്യൻ ചന്ദ്രനിലിറങ്ങിയ സന്ദർഭം- ഇതുപോലെ മറ്റൊരു കാർഡ്​ സോവിയറ്റ്​ യൂനിയൻ കൊണ്ടുവന്നിരുന്നു. മനുഷ്യ​​​െൻറ ചാന്ദ്രയാ​ത്ര കള്ളക്കഥയാണെന്ന തിയറികളൊക്കെ രൂപപ്പെടുന്നത്​ അങ്ങിനെയാണ്​). സോവിയറ്റ്​ യൂനിയ​​​െൻറ തകർച്ചക്കുശേഷം, കെ.ജി.ബിയിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന വാസിലി മിത്രോഖിൻ ആണ്,​ സെഗാൽ തങ്ങളുടെ ഏജൻറായിരുന്നുവെന്ന്​ വെളിപ്പെടുത്തിയത്​; അങ്ങനെ ഒാപറേഷൻ ഇൻഫെക്​ഷ​​​െൻറ കഥകൾ പുറംലോകം അറിഞ്ഞു. ശാസ്​ത്രലോകം സെഗാലി​​​െൻറ സിദ്ധാന്തം തള്ളി​െയങ്കിലും, അമേരിക്കയിലടക്കം ഇപ്പോഴും ഒരു വിഭാഗം ആളുകൾ എച്ച്​.​െഎ.വി മനുഷ്യ നിർമിതമാണെന്ന്​ വിശ്വസിക്കുന്നുണ്ട്​. 2005ൽ ഒറിഗൺ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ സർവേ പ്രകാരം, അമേരിക്കയിലെ ആഫ്രിക്കൻ വംശജരിൽ പകുതി പേരും വിശ്വസിക്കുന്നത്​ എച്ച്​.​െഎ.വി ​ൈവറസ്​ സൃഷ്​ടിക്കപ്പെട്ടത്​ സർക്കാർ നിയന്ത്രിത ലബോറട്ടറിയിലാണെന്നാണ്​.

ഒാപറേഷൻ ഇൻഫെക്​ഷൻ റീലോഡഡ്​

ഒാപറേഷൻ ഇൻഫെക്​ഷനെക്കുറിച്ച്​ ഇത്രയും വിശദീകരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്​. സെഗാൽ റിപ്പോർട്ടിൽ ഭീകരനായി ചിത്രീകരിച്ചിരിക്കുന്ന റോബർട്ട്​ ഗാലോയിൽനിന്നാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ ബാൾട്ടിമോറിലെ ഗവേഷണാലയത്തി​ൽവെച്ച്​ (ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹ്യൂമൻ വൈറോളജി ^​െഎ.എച്ച്​.വി)നിപ പ്രതിരോധ പ്രവർത്തനത്തിനുള്ള ‘അവാർഡ്​’ ഏറ്റുവാങ്ങിയിരിക്കുന്നത്​. ഹ്യൂമൻ വൈറോളജിയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗവേഷണ സ്​ഥാപനങ്ങളിലൊന്നാണ്​ 1996ൽ സ്​ഥാപിതമായ ​െഎ.എച്ച്​.വി. ഗാലോയാണ്​ സ്​ഥാപകനും ഡയറക്​ടറും. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടുത്തിടെ നടത്തിയ അമേരിക്കൻ പര്യടനത്തിനിടെയാണ്​ ഇൗ സ്​ഥാപനത്തിലെത്തിയത്​. ഗാലോ മുഖ്യമന്ത്രിക്ക്​ നൽകിയത്​ നിപ പ്രതിരോധ പ്രവർത്തനത്തിനുള്ള അവാർഡാണോ അതോ, കേവലം ഉപഹാരമാണോ എന്നതിലൊക്കെ ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്​. അതെന്തായാലും, ആ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ (ആ വാക്കുകൾ പിന്നീട്​ ആരോഗ്യ മന്ത്രി ആവർത്തിച്ചു) വലിയ വിവാദത്തിന്​ വഴിവെച്ചു. ​െഎ.എച്ച്​.വിയുമായി സഹകരിക്കാൻ കേരള സർക്കാറിന്​ താൽപര്യമുണ്ടെന്നും തിരുവനന്തപുരത്ത്​ സ്​ഥാപിക്കാനിരിക്കുന്ന വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിന്​ അവരുടെ സഹായം പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്​. 

ഇൗ പ്രസ്​താവനയിലെ വിവാദം എന്തെന്നല്ലെ? അവിടെയാണ്​ ഒാപറേൻ ഇൻഫക്​ഷ​​​െൻറ പുനർജനി സംഭവിക്കുന്നത്​. കേരളത്തിലെ ചില ഗൂഢാലോചന സിദ്ധാന്തക്കാർ ആ പഴയ സെഗാൽ റിപ്പോർട്ടുമായി വീണ്ടും രംഗപ്രവേശനം ചെയ്​തത്​ ഇൗ പ്രസ്​താവനക്കുശേഷമാണ്​. പ്രമുഖ പരിസ്​ഥിതി ശാസ്​ത്രജ്ഞൻ എസ്​.ഫൈസിയാണ്​ ആദ്യം ഇത്തരമൊരു പ്രസ്​താവനയുമായി രംഗത്തെത്തിയത്​. ജൂലൈ ഏഴിന്​ അദ്ദേഹം ഫേസ്​ബുക്കിൽ ഇങ്ങനെ കുറിച്ചു: Who is the other RC Gallo?? the man who developed HIV (HTLV III) (through genetic manipulation suspectedly on HTLV I)virus in a high security (P5) lab of the Pentagon, as revealed in a journal by two East German molecular biology scientists in the Left leaning journal called Top Secret (Bonn) in 1990 (I bought this in a bookstall in Sydney). This two part essay in two issues brilliantly reveals the science and the development trajectory of HIV as a biological weapon. (if u recall many people have publicly stated this including Tabo Mbeky, when he was president of South Africa and Wangare Maathai, Nobel Laureate of Kenya to name two, and they had to retract due to American pressure.). Its deeply worrying that this RC Gallo and his Institute are going to get involved in Kerala. ഇൗ പോസ്​റ്റ്​ പലരും ഷെയർ ചെയ്​തു. പല മാധ്യമങ്ങളും വാർത്തയാക്കി. എന്നാൽ, ഒാപറേഷൻ ഇൻഫെക്​ഷൻ എന്ന സോവിയറ്റ്​ ഗൂഢാലോചനയെക്കുറിച്ച്​ ആരും ഒാർത്തില്ല. അതുകൊണ്ടുത​െന്ന ഇൗ ആരോപണങ്ങളൊക്കെയും പുതിയ കാര്യമെന്ന നിലയിൽ കേരളത്തിൽ പ്രചരിപ്പിക്കപ്പെട്ടു. 

bat-sample

നിപ കേരളത്തിൽ സ്​ഥിരീകരിച്ച സമയത്തുതന്നെ, ചില ‘ആരോഗ്യ പ്രവർത്തകർ’ മറ്റൊരു തരം ‘സംശയം’ ഉന്നയിച്ചിരുന്നു. നിപ വൈറസ്​ ബാധ മരുന്നു മാഫിയ സർക്കാറുമായി നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു അതിലൊന്ന്​. ഇൗ വാദം സ്​ഥാപിക്കാനാണ്​ വവ്വാലുകൾ ചപ്പിയ പഴം കഴിച്ച്​ മോഹനൻ വൈദ്യരെപ്പോലുള്ളവർ സർക്കാറിനെ വെല്ലുവിളിച്ചത്​. നിപ നിയന്ത്രണ വിധേയമാക്കാൻ, നേരിട്ടുള്ള മരുന്നുകളുടെ അഭാവത്തിൽ റിബാവൈറിൻ എന്ന ആൻറിവൈറൽ മരുന്ന്​ കേരളത്തിലെത്തിച്ചപ്പോൾ ഇൗ ആരോപണം കനത്തു. ‘ഇതാ, കേരളത്തിൽ മരുന്നു പരീക്ഷണം ആരംഭിച്ചു’വെന്ന്​ ഇക്കൂട്ടർ വിളിച്ചു പറഞ്ഞു. എന്നാൽ, സർക്കാർ ഇവരെ കൃത്യമായി നേരിട്ടതിനാൽ കാര്യമായ അനിഷ്​ഠങ്ങളുണ്ടായില്ല. കേവലം 21 ദിവസംകൊണ്ട്​, നിപയെ നിയന്ത്രണവിധേയമാക്കാനും അതുവഴി ലോകത്തി​​​െൻറ കൈയടിനേടാനും കേരളത്തിനായി. എസ്​. ഫൈസിയുടെ ഫേസ്​ബുക്​ കുറിപ്പിന്​, ശാസ്​ത്രസാഹിത്യപരിഷത്ത്​ മുൻ പ്രസിഡൻറ്​ ഡോ.കെ.പി അരവിന്ദൻ വിശദമായി മറുകുറിപ്പ്​ പോസ്​റ്റ്​ ചെയ്​തു(ജൂലൈ പത്ത്​).

ഫൈസിയുടെ ആരോപണങ്ങളുടെ നിജസ്​ഥിതി നേരത്തെ വിശദീകരിച്ചതിനാൽ അതാവർത്തിക്കുന്നില്ല. പരിഷത്ത്​ സെഗാലി​​​െൻറ പുസ്​തകം പ്രസിദ്ധീകരിച്ചതി​​​െൻറ കാരണം ഡോ. അരവിന്ദൻ പറയുന്നതിങ്ങനെ: ‘‘...1980കളിൽ ജേക്കബ് സെഗാൽ എന്ന കിഴക്കൻ ജർമനിക്കാരൻ ഉന്നയിച്ചതാണിത്. Origin of AIDS എന്ന ഇദ്ദേഹത്തി​​​െൻറ പുസ്തകം അന്ന് ജർമനിയിലുണ്ടായിരുന്ന ബെർലിൻ കുഞ്ഞനന്തൻ നായരുടെ ശുപാർശയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ ഉടൻ തന്നെ ഇതിലുള്ള പകല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്ന ആരോപണമുയരുകയും ഇത് ശരിയെന്നു കണ്ട് പുസ്തകം പിൻവലിക്കുകയും ആണുണ്ടായത്. മുപ്പതു കൊല്ലം മുൻപത്തെ കഥയാണിത്. ഇന്ന് വൈറോളജിയും മോളിക്യുലർ ബയോളജിയും ഒക്കെ ഏറെ മുന്നേറി. ഇന്നത്തെ അറിവി​​​െൻറ വെളിച്ചത്തിൽ ഒരു ബയോളജി ബിരുദ വിദ്യാർഥിക്കുപോലും കേവലം പത്തു മിനുറ്റ് മാത്രമേ എടുക്കൂ ഈ പുസ്തകം ഒന്നു കണ്ണോടിച്ച് തള്ളിക്കളയാൻ’’.

പരിഷത്ത്​ സെഗാലിനെ തള്ളിയെങ്കിലും, കേരളത്തിലെ ചില ‘ബദൽ ചികിത്സകർ’ അദ്ദേഹത്തെ ഏറ്റെടുത്തു. അതുകൊണ്ടുതന്നെ, അവരുടെ പുസ്​തകങ്ങളിലും ലേഖനങ്ങളിലും പ്രഭാഷണങ്ങളിലുമെല്ലാം ഇടക്കിടെ സെഗാലി​​​െൻറ സിദ്ധന്തം കടന്നുവരുന്നു. പ്രകൃതി ചികിത്സകനും (തനിക്ക്​​ ഒൗ​േദ്യാഗിക ചികിത്സയോഗ്യതകളില്ലെന്ന്​ ഒരിക്കൽ ഒരു ചാനൽ ചർച്ചയിലും പിന്നീട്​ കോടതിയിലും ഇദ്ദേഹത്തിന്​ തുറന്നു സമ്മതിക്കേണ്ടി വന്നു) ആധുനിക വൈദ്യത്തി​​​െൻറ വിമർശകനുമായ ജേക്കബ്​ വടക്കുംചേരി 2011ൽ ഇതുസംബന്ധിച്ച്​ പ്രസിദ്ധീകരിച്ച പുസ്​തകം (എയ്​ഡ്​സ്​: ഇംഗ്ലീഷ്​ മരുന്നി​​​െൻറ രോഗം, പ​​െൻറഗണി​​​െൻറ ആയുധം) ഇപ്പോഴും വിപണിയിൽ ലഭ്യമാണ്​. ബഹുരസമാണ്​ ഇതിലെ വാദങ്ങൾ; അതേസമയം അപകടകരവും. എച്ച്​.​െഎ.വി വൈറസ്​ പ​​െൻറഗൺ ആയുധമാണെന്ന്​ (അധ്യായം 39) പറയുന്ന  ഗ്രന്ഥകാരൻ മറ്റൊരിടത്ത്​, അണുസിദ്ധാന്തത്തെ തന്നെ പാടെ നിരാകരിക്കുന്നു (അധ്യായം പത്ത്​: അണുക്കളും വൈറസുകളും നിരപരാധികൾ). 12 വർഷത്തെ ഗവേഷണത്തിനൊടുവിൽ പ്രസിദ്ധീകരിച്ചതെന്ന്​ ആമുഖത്തിൽ അവകാശപ്പെടുന്ന ഇൗ പുസ്​തകം വൈരുധ്യങ്ങളുടെ വലിയൊരു കലവറയാണ്​. ഇപ്പോൾ, പിണറായിയുടെ ബാൾട്ടിമോർ സന്ദർശനത്തി​​​െൻറ പശ്ചാത്തലത്തിൽ ജേക്കബ്​ വക്കുംചേരി ഫേസ്​ബുക്​ വിഡിയോ വഴി ഇൗ ആരോപണങ്ങ​െളാക്കെയും ആവർത്തിക്കുകയാണ്​. നൂറുകണക്കിനാളുകളാണ്​ വസ്​തുതയറിയാതെ ഇതൊക്കെ ഷെയർ ചെയ്​തുകൊണ്ടിരിക്കുന്നത്​.

gallo

എന്തുകൊണ്ട്​ ഗാലോ

ഹ്യൂമൻ വൈറോളജി എന്ന ശാഖയുടെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ച ശാസ്​ത്രജ്ഞരിലൊരാളാണ്​ ഗാലോ. 1965ലാണ്​ ഗാലോ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹെൽത്തിൽ ഗവേഷണത്തിനായി പ്രവേശിക്കുന്നത്​. ശ്വേത രക്​ത കോശങ്ങളിലെ (ഡബ്ല്യൂ.ബി.സി) ഒരു വിഭാഗമായ ല്യൂകോസൈറ്റുകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്​ അക്കാലത്ത്​ അദ്ദേഹം ഏർപ്പെട്ടത്​. 1971ൽ, അദ്ദേഹം ലബോറട്ടറി ഒാഫ്​ ട്യൂമർ സെൽ ബയോളജിയുടെ മേധാവിയായി. നാല്​ വർഷത്തിനുശേഷം, സഹപ്രവർത്തകൻ റോബർട്ട്​ ഇ. ഗാലഗറുമായി ചേർന്ന്​ ഹ്യൂമൻ ലൂക്കീമിയ വൈറസിനെ കണ്ടുപിടിച്ചു. എന്നാൽ, ആ പരീക്ഷണം ആവർത്തിച്ചു വിജയിക്കാനാവാത്തതിനാൽ ആ നേട്ടം അംഗീകരിക്കപ്പെട്ടില്ല. 1981ൽ, ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിച്ചു. ആദ്യമായി ഹ്യൂമൻ റിട്രോവൈറസി​െന (എച്ച്​.ടി.എൽ.വി^1)വേർതിരിച്ചെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. തൊട്ടടുത്ത വർഷം മറ്റൊരു റിട്രോവൈറസിനെയും (എച്ച്​.ടി.എൽ.വി^2) അദ്ദേഹം ഇതുപോലെ വേർതിരിച്ചെടുത്തു അർബുദ ചികിത്സയിൽ കുതിച്ചുചാട്ടത്തിന്​ വഴിയൊരുക്കി.

ഇൗ കാലത്തു തന്നെയാണ്​ എയ്​ഡ്​സ്​ പടർന്നു പിടിക്കുന്നത്​. അദ്ദേഹത്തി​​​െൻറ പഠനങ്ങൾ ആ മേഖലയിലേക്കും തിരിഞ്ഞു. 1983ൽ അദ്ദേഹം എയ്​ഡ്​സ്​ വൈറസിനെ വേർതിരിച്ചെടുത്തു. എച്ച്​.ടി.എൽ.വി^3 എന്നാണ്​ അതിനെ നാമകരണം ചെയ്​തത്​. ഇതുസംബന്ധിച്ച ഗവേഷണ ഫലങ്ങൾ അദ്ദേഹം ‘സയൻസ്​’ മാസികയിൽ പ്രസിദ്ധീകരിക്കുകയും പിന്നീട്​ ഇൗ വൈറസി​​​െൻറ പേറ്റൻറിന്​ അപേക്ഷിക്കുകയും ചെയ്​തു. അദ്ദേഹത്തിന്​ പേറ്റൻറ്​ ലഭിച്ചതോടെ വിഷയം വിവാദമായി. ഗാലോക്കും ഒരു വർഷം മുമ്പ്​ തന്നെ, ഫ്രഞ്ച്​ ശാസ്​ത്രജ്ഞനായ ലൂക്​ മൊണ്ടഗ്​നൈർ ഇൗ വൈറസിനെ തിരിച്ചറിഞ്ഞിരുന്ന​ുവത്രെ. ഇതേ സയൻസ്​ മാഗസിനിൽ ഇതുസംബന്ധിച്ച പ്രബന്ധവും വന്നിരുന്നു. അങ്ങനെ പേറ്റൻറി​െന ചൊല്ലിയുള്ള തർക്കം ​യു.എസ്​-ഫ്രാൻസ്​ നയതന്ത്ര പ്രശ്​നമായി വളർന്നു. ഒടുവിൽ, രണ്ടുപേർക്കും എച്ച്​.​െഎ.വി വൈറസി​​​െൻറ പേറ്റൻറ്​ നൽകാൻ തീരുമാനിച്ച്​ ഇരു രാജ്യങ്ങളും രമ്യതയിലെത്തി. 1987ൽ, ‘നേച്വർ’ വാരികയിൽ ഇരുവരും സംയുക്​തമായി ഇതേക്കുറിച്ച്​ ഒരു ലേഖനം എഴുതുകയും ചെയ്​തു. 

എന്നാൽ, ഇൗ വിവാദം അവിടെ  അവസാനിച്ചില്ല. 1989ൽ, ഷിക്കാഗോ ട്രിബ്യൂണൽ എന്ന പത്രത്തിലെ ക്ര്യൂഡ്​സൺ എന്ന റിപ്പോർട്ടറുടെ കണ്ടെത്തലുകളാണ്​ വിവാദത്തെ പുതിയ ദി​ശയിലേക്ക്​ നയിച്ചത്​. ഗാലോ കണ്ടെത്തിയ  എച്ച്​.ടി.എൽ.വി-3യും മൊണ്ടഗ്​നൈറുടെ എൽ.എ.വിയും (Lymphadenopathy associated virus) ഒന്ന്​ തന്നെയാണെന്നായിരുന്നു ക്ര്യൂഡ്​സൺ സമർഥിക്കാൻ ശ്രമിച്ചത്​. അഥവാ, ​െമാണ്ടെഗ്​നറയുടെ കണ്ടുപിടുത്തം അനുകരിക്കുകയായിരുന്നു ഗാലോ. ഗാലോയുടെ ‘സയൻസ്​’ ലേഖനത്തിൽ എൽ.എ.വി വൈറസി​​​െൻറ ചിത്രവും ഉൾപ്പെട്ടതാണ്​ ക്ര്യൂഡ്​സണിൽ സംശയം ജനിപ്പിച്ചത്​. ഇൗ വാർത്തയെ തുടർന്ന്​ 1990ൽ യു.എസ്​ കോൺഗ്രസ്​ അന്വേഷണത്തിന്​ ഉത്തരവിട്ടു. ഗാലോയുടെ ഗവേഷണത്തിൽ ചില ‘ശീലക്കേടുകൾ’ അന്വേഷണ സംഘം കണ്ടെത്തി. 1991ൽ ഗാലോ ​പ്രസിദ്ധീകരിച്ച ‘വൈറസ്​ ഹണ്ടിങ്​’ എന്ന ആത്​മകഥയിൽ ഇതിന്​ അദ്ദേഹം വിശദമായ മറുപടി നൽകി​. ​ത​​​െൻറ വൈറസ്​ സാമ്പിളുകളിൽ ചില പ്രശ്​നങ്ങളുണ്ടായി എന്ന്​ അദ്ദേഹം ആത്​മകഥയിൽ സമ്മതിക്കുന്നുണ്ട്​. എന്നാൽ, അതൊരു ഗവേഷണ അനുകരണമാണെന്ന്​ പറയാനാകില്ല. 1993ൽ, അതൊരു കോപ്പിയടി അല്ലെന്ന്​  കണ്ട്​ കേസിൽ ഗലോയെ വെറുതെ വിട്ടു. അതിനുശേഷമാണ്​, പേറ്റൻറ്​ പങ്കിട്ടത്​. 2008ൽ എച്ച്​.​െഎ.വി വൈറസി​​​െൻറ കണ്ടെത്തിലിനായിരുന്നു വൈദ്യശാസ്​ത്ര നൊബേൽ. പക്ഷെ, ​െമാണ്ടെഗ്​നർക്കും അദ്ദേഹത്തി​​​െൻറ സഹപ്രവർത്തകർക്കും മാത്രമാണ്​ പുരസ്​കാരം നൽകിയത്​. സ്വീഡിഷ്​ അക്കാദമി അന്ന്​ ഗാലോയെ തഴഞ്ഞത്​ വലിയ വിവാദമായിരുന്നു. ഒരു സയൻറിഫിസ്​ മിസ്​കൺഡക്​റ്റി​​​െൻറ​ പേരിൽ ആരോപണ വിധേയനായതിനാലാകാം ഗാലോയെ ഗൂഢാലോചന വാദികൾ വിടാതെ ഇപ്പോഴും പിന്തുടരുന്നത്​. പ്രായം 80പിന്നിട്ടിട്ടും ഗ​ാേലാ ത​​​െൻറ ഗവേഷണങ്ങളിൽ സജീവമാണ്​. എയ്​ഡ്​സ്​ വാക്​സിൻ അടക്കം വികസിപ്പിക്കാനുള്ള അദ്ദേഹത്തി​​​െൻറ ശ്രമങ്ങൾ വിജയപാതയിലാണ്​. 

പിണറായി-ഗാലോ കരാറി​​​െൻറ യാഥാർഥ്യം

ഗാലോയുമായി ചേർന്ന്​ കേരള സർക്കാർ നടത്താനിരിക്കുന്ന ‘മരുന്നു പരീക്ഷണ’ത്തി​​​െൻറ യാഥാർഥ്യമെന്താണ്​? അത്​ എത്രമാത്രം പ്രായോഗികമാണ്​? സമീപഭാവിയിൽ തന്നെ ആ പരീക്ഷണം ആരംഭിക്കുമെന്നാണ്​ പലരും പ്രചരിപ്പിക്കുന്നത്​; ‘മരുന്നു പരീക്ഷണം’ ഇതിനകം തന്നെ തുടങ്ങിയെന്ന്​ മറ്റു ചിലർ. ​ൈവറോളജി ഗവേഷണവുമായി ബന്ധപ്പെട്ട അന്താരാഷ്​ട്ര നിയമങ്ങൾ സംബന്ധിച്ച അടിസ്​ഥാന വിവരം പോലുമില്ലാത്തവർക്കു മാത്രമേ ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കാനാവൂ. ഒരു സംസ്​ഥാന സർക്കാറിന്​ വിദേശ ഏജൻസിയുമായി ഗവേഷണ കരാറുകളിൽ നേരിട്ട്​ ഇടപെടുന്നതിന്​ ​ഒ​േട്ടറെ വഴികൾ താണ്ടേണ്ടതുണ്ട്​. ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ എല്ലാം തീർന്നുവെന്ന്​ വിചാരിക്കുന്നത്​ മൗഢ്യമാകും. 

ഇപ്പോൾ നിപ പ്രതിരോധ മരുന്ന്​ വികസിപ്പിക്കുന്നതിനുള്ള ഗവേഷണമാണല്ലൊ വിഷയം. സ്വാഭാവികമായും ഇവിടെ നിന്ന്​ വേർതിരിച്ചെടുത്ത നിപ വൈറസ്​ ഗവേഷണ ഏജൻസിക്ക്​ കൈമാറേണ്ടി വരും. നിലവിൽ അതുള്ളത്​ പൂണൈ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലായിരിക്കണം. അത്​ മറ്റൊരു രാജ്യത്തേക്ക്​, അതും ഒരു സ്വകാര്യ ലാബിലേക്ക്​ കയറ്റി അയക്കുക അത്ര എളുപ്പമല്ല. കേരള സർക്കാർ മാത്രം വിചാരിച്ചാൽ അത്​ നടക്കുകയുമില്ല. ഏറ്റവും ചുരുങ്ങിയത്​ അതിനുള്ള നടപടികൾ ആരംഭി​ക്കേണ്ടത്​ കേന്ദ്രസർക്കാറാണ്​. ഇൗ നടപടികൾ ലോകാരോഗ്യ സംഘടനയുടെ മേൽ നോട്ടത്തിൽ മാത്രം നടത്തേണ്ടതുമാണ്​. വൈറസ്​ അടക്കമുള്ള ബയോളജിക്കൽ മെറ്റീരിയലുകളുടെ കൈമാറ്റം സംബന്ധിച്ച വിശദമായ മാർഗരേഖ 20 വർഷം മുമ്പ്​ ലോകാരോഗ്യ സംഘടന പുറത്തിറക്കിയിട്ടുണ്ട്​ (Guidelines for the safe transport of infectious substances and diagnostic specimens -1997). ലാബുകളുടെ ബയോ സെക്യൂരിറ്റി സ്​റ്റാറ്റസ്​ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ. ഇത്​ ലംഘിച്ചുകൊണ്ട്​ ഏതെങ്കിലും ഫെഡറൽ സർക്കാറുകൾക്ക്​ പ്രത്യേക കരാറുകളിൽ ഏർപ്പെടാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നു തന്നെയാണ്​ മനസി​ലാക്കേണ്ടത്​.

അതേസമയം,  ഉടൻ ആരംഭിക്കുമെന്ന്​ സംസ്​ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിന്​ സാ​േങ്കതിക സഹായം നൽകാൻ ഗാലോക്കും സംഘത്തിനും കഴിയും. അതിനപ്പുറമുള്ള ഗവേഷണ പരിപാടികൾ പിണറായി-ഗാലോ ‘കരാറി’ലൂടെ സാധ്യമല്ല. അങ്ങിനെയിരിക്കെ, മുഖ്യമന്ത്രി ധാരണപത്രത്തിൽ ഒപ്പിട്ടത്​ (അങ്ങിനെ ചെയ്​തിട്ടുണ്ടെങ്കിൽ) ധാർമികമായി ശരിയോ എന്ന ചോദ്യം അവശേഷിക്കുന്നു. ഒരു സ്വകാര്യ ഗവേഷണ സ്​ഥാപനത്തി​ന്​ ‘നിപ’ പൊട്ടൻഷ്യൽ മേഖലയിൽ ഉണ്ടായേക്കാവുന്ന താൽപര്യങ്ങളെ മുൻകുട്ടി കാണാൻ മുഖ്യമന്ത്രി ബാധ്യസ്​ഥനാണല്ലൊ. ആ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയോ? യഥാർഥത്തിൽ ഇത്തരം ചോദ്യങ്ങളെ അടിസ്​ഥാനമാക്കിയുള്ള ചർച്ചയായിരുന്നു നടക്കേണ്ടിയിരുന്നത്​. നിർഭാഗ്യവശാൽ അത്​ ഗ​ാലോയിലേക്കും പഴയ സോവിയറ്റ്​ കെട്ടുകഥകളിലേക്കും വഴിമാറി. സ്വകാര്യ ആശുപത്രികളുടെയും മറ്റും ചൂഷണങ്ങൾ ചുണ്ടിക്കാട്ടി ആധുനിക വൈദ്യം തന്നെ പരമാബദ്ധമാണെന്ന്​ പ്രചരിപ്പിക്കുന്ന ഇവിടുത്തെ ഗൂഢാലോചന സിദ്ധാന്തക്കാർക്ക്​ മുഖ്യമന്ത്രി ഇതിലൂടെ ഒരു ആയുധം നൽകുകയായിരുന്നുവെന്ന്​ പറയേണ്ടി വരും. ഇൗ ഗൂഢാലോചനക്കാർ കേരളത്തിൽ മറ്റൊരു മാഫിയയായി മാറിക്കഴിഞ്ഞുവെന്ന്​ സർക്കാർ ഇനിയൂം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ തോന്നുന്നു.

(കടപ്പാട്​: നാഷനൽ ഫൗണ്ടേഷൻ ഒാഫ്​ ഇന്ത്യ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aidsopen forumniphaGalloSegalPinarayi VijayanPinarayi Vijayan
News Summary - Aids - Story of an epidemic -Opinion- Open forum
Next Story