എമ്പ്രാന്തിരിയമ്മ കരഞ്ഞു, വര വലിച്ചെറിഞ്ഞു
text_fieldsഅക്കിത്തം കവിത എഴുതി തുടങ്ങിയത് എട്ടാമത്തെ വയസ്സിലാണ്. അതിനും മുമ്പ് വരയിലായിരുന്നു കമ്പം. പാരമ്പര്യമായി സിദ്ധിച്ചതായിരുന്നു ചിത്രകലയോടുള്ള ഈ ഭ്രമം. അക്കിത്തത്തിെൻറ സഹോദരനാണ് പാരിസിൽ സ്ഥിര താമസക്കാരനായ ലോക പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ എന്നത് അതിന് തെളിവാണ്. മകൻ വാസുദേവനും ചിത്രകാരനാണ്.മനയുടെ കുളക്കടവിൽ കരിക്കട്ടയിൽ ചിത്രങ്ങൾ വരച്ചു പഠിച്ച അക്കിത്തം വര നിർത്താൻ തീരുമാനിച്ചത് ഒരു സ്ത്രീയുടെ കരച്ചിലിനു മുന്നിലായിരുന്നു.
മനയിലെ കുളത്തിൽ കൂട്ടുകാരായ ജയന്തൻ നമ്പൂതിരിക്കും ശേഖരൻ വാരിയർക്കുമൊപ്പം കുളിക്കാൻ പോകുമായിരുന്നു. വെളുത്ത കോണകവും കറുത്ത അരഞ്ഞാണച്ചരടുമിട്ട എമ്പ്രാന്തിരിയമ്മയെ കുളക്കടവിൽ വരച്ചുവെക്കണമെന്ന് അക്കിത്തത്തിലെ കുട്ടിക്കു തോന്നി. അതു വലിയ കുഴപ്പമായി കലാശിച്ചു. എമ്പ്രാന്തിരിയമ്മ സങ്കടപ്പെട്ടു, കരച്ചിലായി. പിന്നീടവർ അക്കിത്തത്തോട് മിണ്ടാതായി. ഇനി വര വേണ്ടെന്ന് അന്നെടുത്ത തീരുമാനമായിരുന്നു. വരയിൽനിന്ന് വഴിതെറ്റി കവിതയിലേക്ക് ചേക്കേറാൻ നിമിത്തമായതും ആ എമ്പ്രാന്തിരിയമ്മയുടെ കരച്ചിലായിരുന്നു...
സംസ്കൃതമാണ് ആദ്യം പഠിച്ചതെങ്കിലും തുടർ പഠനത്തിന് കോഴിക്കോട് സാമൂതിരി കോളജിൽ ഫിസിക്സിനു ചേർന്നിരുന്നു. ഒരുമാസം കഴിഞ്ഞ സമയത്താണ് കടുത്ത വയറിളക്കം ബാധിച്ചത്. തിരികെ വീട്ടിലെത്തി മൂന്നുമാസം ചികിത്സ വേണ്ടിവന്നു ഭേദപ്പെട്ടത്.
മുണ്ടശ്ശേരി പറഞ്ഞു ഇനി പഠിക്കണ്ട....
വീണ്ടും കോളജിൽ ചെന്നപ്പോ 'ഇനി ഈ വർഷം പഠിക്കാതിരിക്കുന്നതാ നല്ലത്' എന്ന് കൂട്ടുകാരുടെ ഉപദേശം. പാഠങ്ങളെല്ലാം അത്രയേറെ മുന്നിൽ പോയിരുന്നു. മടങ്ങിപ്പോയ അക്കിത്തം തൃശൂരിൽ മംഗളോദയം പ്രസിൽ ഉണ്ണിനമ്പൂതിരി മാസികയിൽ പ്രിന്ററും പബ്ലിഷറുമായി. അതിനിടയിൽ കോളജിൽ ചേരാൻ ശ്രമിച്ചുനോക്കിയാതാണ്. അപ്പോഴാണ് കേരളത്തിൻറെ ആദ്യ വിദ്യാഭ്യാസ മന്ത്രി വരെയായ സാക്ഷാൽ ജോസഫ് മുണ്ടശ്ശേരിയുടെ ഉപദേശം.
'താനെന്തിനാ.. കോളജിലൊക്കെ പോയി പഠിക്കുന്നത്. പേരിനൊപ്പം ചേർക്കാനൊരു ബിരുദം മാത്രമേ ആവൂ അതൊക്കെ. ഒരു കാര്യവുമില്ല. ഇംഗ്ലിഷ് പുസ്തകങ്ങൾ നന്നായി വായിക്കുക. നന്നായി വായിക്കുക...' പിന്നെ പഠിക്കാൻ മെനക്കെട്ടില്ല.
സിനിമ വന്നു വിളിച്ചിട്ടും...
സിനിമയിൽ പാട്ടെഴുതാൻ പലവട്ടം അക്കിത്തത്തിന് വിളി വന്നതാണ്. അന്ന് സിനിമ വിളഞ്ഞിരുന്ന മദിരാശിയിലേക്ക് പോകാൻ രണ്ടുമൂന്നു വട്ടം ഒരുങ്ങിയതുമാണ്. ഒടുവിൽ വേണ്ടെന്നു വെക്കുകയായിരുന്നു. എങ്കിലും സിനിമ സംഗീതജ്ഞനായിരുന്ന കെ. രാഘവൻ മാസ്റ്ററെ ഏറെ പ്രിയമായിരുന്നു. ഒരിക്കൽ തലശേരി ജഗന്നാഥക്ഷേത്രത്തിലെ പാട്ടുകച്ചേരിക്ക് ഒരു പാട്ടുവേണമെന്ന് രാഘവൻ മാഷ് ആവശ്യപ്പെട്ടു. നിന്ന നിൽപ്പിലായിരുന്നു എഴുത്ത്. അപ്പോൾ തന്നെ രാഘവൻ മാഷ് ഈണവും നൽകി. ആ പാട്ട് പിന്നെയും പിന്നെയും പാടാൻ ആളുകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു വെന്നത് അക്കിത്തം ഓർമിക്കാറുണ്ടായിരുന്നു.
അച്ഛൻ കൃതജ്ഞത പറയുന്നു...
പട്ടാമ്പി ആയമ്പിള്ളി മനയിലെ ശ്രീദേവി അന്തർജനത്തിെൻറ വിവാഹാലോചന വരുമ്പോൾ അക്കിത്തത്തിന് പ്രായം 23. ശ്രീദേവിക്ക് 15 വയസ്സ്. 16ാമത്തെ വയസ്സിൽ ശ്രീദേവി ആദ്യമായി പ്രസവിച്ചു. പക്ഷേ, ആ കുഞ്ഞ് മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ വേർപാട് കവിയിൽ കനത്ത വിഷാദമായി എരിഞ്ഞു. ആ നൊമ്പരം കവിതയായി. 'അച്ഛൻ കൃതജ്ഞത പറയുന്നു' എന്ന കവിത അങ്ങനെയാണ് പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.