അലീഗഢിെൻറ ആസാദി സംഘ്പരിവാറിൽ നിന്ന്
text_fieldsഅലീഗഢ് മുസ്ലിം സർവകലാശാലയുടെ ബാബെ സയ്യിദിന്(സയ്യിദ് കവാടം) പുറത്ത് തമ്പടിച്ച ആയിരക്കണക്കിന് വിദ്യാർഥികൾ ‘‘ആർ.എസ്.എസ് സേ ആസാദി’’ വിളിച്ച് സമരം തുടങ്ങിയിട്ട് ദിവസം മൂന്ന് കഴിഞ്ഞിട്ടും വൈസ് ചാൻസലർ താരിഖ് മൻസൂർ വിഷയത്തിൽ ഇതുവരെ വ്യക്തമായ നിലപാടൊന്നുമെടുത്തിട്ടില്ല. ‘വി.സിയെ കാൺമാനില്ല’ എന്ന തലക്കെട്ടിട്ട് അദ്ദേഹത്തിെൻറ ചിത്രവും വെച്ച്, സമരസ്ഥലത്തെത്തിക്കുന്നവർക്ക് 51 രൂപ ഇനാം പ്രഖ്യാപിച്ച് പോസ്റ്റർ ഇറക്കി വിദ്യാർഥികളും പൂർവ വിദ്യാർഥികളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ് വെള്ളിയാഴ്ച രാവിലെ സമരക്കാരെ ഒന്നു മുഖം കാണിക്കാൻ താരിഖ് മൻസൂർ സൗമനസ്യം കാണിച്ചത്.
എന്നിട്ടും ആർ.എസ്.എസ് കാമ്പസിന് നേർക്ക് നടത്തിയ ആക്രമണത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ അദ്ദേഹം തയാറായില്ല. പുറത്തുനിന്ന് പൊലീസ് അകമ്പടിയോടെ വന്ന സംഘ്പരിവാറുകാർ സർവകലാശാലക്കു നേരെ നടത്തിയ ആക്രമണത്തിനെതിരായ ശക്തമായ സമരത്തിന് കാമ്പസ് സാക്ഷ്യംവഹിച്ചിട്ടും മൗനത്തിലൊളിക്കാൻ വി.സിയെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിെൻറ സംഘ്പരിവാർ വിധേയത്വമല്ലാതെ മറ്റൊന്നുമല്ല. സംഘ്പരിവാറിെൻറ ആശീർവാദത്തിൽ അലീഗഢ് സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലെത്തിയ താരിഖ് മൻസൂറിന് ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതി കൂടിയായ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങുമായും മകൻ രാജ്വീർ അടക്കമുള്ള ആർ.എസ്.എസ് നേതാക്കളുമായുമുള്ള സുഹൃദ്ബന്ധം കാണിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
സമരഭൂമിയായി ബാബെ സയ്യിദ്
അലീഗഢിെൻറ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ഒറ്റക്കെട്ടായ ഇൗ സമരത്തിെൻറ തുടക്കം മേയ് രണ്ടിലെ ഹിന്ദു യുവവാഹിനി ആക്രമണത്തിൽനിന്നാണ്. അലീഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥി യൂനിയൻ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഹാമിദ് അൻസാരിയെ യൂനിയെൻറ ആജീവനാന്ത അംഗത്വം നൽകി ആദരിക്കുന്ന ചടങ്ങിനുള്ള ഒരുക്കത്തിലായിരുന്നു അന്ന് കാമ്പസ്. വിദ്യാർഥി യൂനിയെൻറ ഒരു പരമ്പരാഗത രീതിയാണ് ആജീവനാന്ത യൂനിയൻ അംഗത്വം നൽകി ആദരിക്കുകയെന്നത്. ആദരിക്കപ്പെടുന്നവരുടെ ഛായാചിത്രം യൂനിയൻ ഹാളിെൻറ ചുമരിൽ സ്ഥാപിക്കുകയും ചെയ്യും. മഹാത്മ ഗാന്ധിക്കും സി.വി. രാമനടക്കമുള്ള പ്രമുഖർക്കെല്ലാം നൽകിപ്പോന്ന ആദരവാണിത്. ഹാമിദ് അൻസാരിയുടെ അഞ്ചു മണിക്കുള്ള ചടങ്ങിനായി വിദ്യാർഥി യൂനിയൻ ഹാളായിരുന്നു ഒരുക്കിയിരുന്നത്. ‘‘ബഹുസ്വര സമൂഹം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യ’’ എന്ന വിഷയത്തിൽ ഹാമിദ് അൻസാരിയുടെ പ്രഭാഷണവും നിശ്ചയിച്ചിരുന്നു.
യൂനിയൻ നേരത്തേ പ്രഖ്യാപിച്ച ഇൗ ചടങ്ങ് മുൻകൂട്ടി അറിഞ്ഞ സംഘ്പരിവാർ ഗ്രൂപ്പുകൾ അന്നേ ദിവസം സർവകലാശാലയിലേക്ക് മാർച്ച് നടത്താൻ വാട്ട്സ്ആപും ഫേസ്ബുക്കും വഴി ആഹ്വാനം ചെയ്തത് വിദ്യാർഥികൾക്കിടയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. വിഭജനത്തിന് മുമ്പ് അലീഗഢ് യൂനിയൻ ആജീവനാന്ത അംഗത്വം നൽകിയ മുഹമ്മദലി ജിന്നയുടെ 1938ലെ ഛായാചിത്രം യൂനിയൻ ഹാളിെൻറ ചുമരിൽനിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ചിനുള്ള ആഹ്വാനം.ചടങ്ങിന് മൂന്ന് മണിക്കൂർ മുേമ്പ ഏതാണ്ട് ഉച്ചക്ക് രണ്ട് മണിയോടെ അലീഗഢിലെത്തിയ ഹാമിദ് അൻസാരി കാമ്പസിലെ െഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുകയായിരുന്നു. ഇസഡ് കാറ്റഗറി വിഭാഗത്തിൽപ്പെടുന്ന ഹാമിദ് അൻസാരിയുടെ സുരക്ഷക്കായി കാമ്പസിന് പുറത്ത് ഉത്തർപ്രദേശ് പൊലീസും അകത്ത് എ.എം.യു പൊലീസും തമ്പടിച്ചിട്ടുണ്ട്.
ഒരു മണിക്കൂർ കഴിഞ്ഞുകാണില്ല. യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ പ്രവർത്തകർ ഇൗ സുരക്ഷസന്നാഹങ്ങളെയെല്ലാം വെല്ലുവിളിച്ച് കൈകളിൽ തോക്കുകളേന്തി സർവകലാശാലയിലേക്ക് മാർച്ച് തുടങ്ങി. വരുന്ന വഴിയിൽ റോഡിൽ അവരെ തടയേണ്ടിയിരുന്ന ഉത്തർപ്രദേശ് പൊലീസാകെട്ട അവർക്ക് അകമ്പടിയായി ചുറ്റിലും വലയം തീർത്ത് കാമ്പസിലേക്ക് ആനയിക്കുന്നതാണ് കണ്ടത്. കൈകളിലെ തോക്കുകളുയർത്തിപ്പിടിച്ച് കാമ്പസിനകത്തേക്ക് ഒാടിക്കയറാനായി വന്ന ഇവർക്ക് പിന്നാലെ പൊലീസും കൂടിയതല്ലാതെ തടുക്കാൻ ഒരു ശ്രമവുമുണ്ടായില്ല. ഒടുവിൽ ബാബെ സയ്യിദിലെത്തി ഗേറ്റിലൂടെ അകത്തേക്ക് കടക്കാൻ തുനിഞ്ഞ ഹിന്ദു യുവവാഹിനിക്കാരെ കാമ്പസിനകത്തെ സുരക്ഷ ചുമതലയുള്ള എ.എം.യു പൊലീസ് തടയാൻ നോക്കിയെങ്കിലും അവരെ ആക്രമിച്ച് പരാജയപ്പെടുത്തി ഹിന്ദു യുവവാഹിനിക്കാർ മുന്നോട്ടു നീങ്ങി.
കഷ്ടിച്ച് രക്ഷപ്പെട്ട ഹാമിദ് അൻസാരി
ഹാമിദ് അൻസാരി താമസിക്കുന്ന െഗസ്റ്റ് ഹൗസിന് 50 മീറ്റർ അകെല എത്തിയ ആക്രമികളെ കാമ്പസിനകത്തെ വിദ്യാർഥികൾ സംഘടിച്ചാണ് ഒടുവിൽ തടഞ്ഞത്. തോക്കേന്തിയ ഹിന്ദു യുവവാഹിനിക്കാരെ അവിടെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ഹാമിദ് അൻസാരിയുടെ ജീവൻ അപകടത്തിലായിരുന്നേനെ എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാർഥികൾ പറയുന്നത്. കാമ്പസിനകത്തേക്ക് കയറാൻ നോക്കിയ ആറ് ഹിന്ദു യുവവാഹിനി പ്രവർത്തകരെ കൈയോടെ കീഴ്െപ്പടുത്തിയ വിദ്യാർഥികൾ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അവരെ ഉത്തർപ്രദേശ് പൊലീസിന് കൈമാറി. എന്നാൽ, കൈമാറിയ എല്ലാവരേയും പൊലീസ് വിട്ടയച്ചു. അപ്പോഴേക്കും സ്ഥലത്ത് യൂനിയൻ നേതാക്കളുമെത്തി. അലീഗഢിൽ സ്ഥിരം ക്യാമ്പുള്ള ദ്രുതകർമസേനയുടെ യൂനിറ്റും സംഘർഷമറിഞ്ഞ് ബാബെ സയ്യിദിലെത്തി.
സർവകലാശാലക്ക് നേരെ ഹിന്ദു യുവവാഹിനി നടത്തിയ ആക്രമണത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ കാണിച്ചുതരണമെന്ന് യൂനിയൻ നേതാക്കൾ അടക്കമുള്ള വിദ്യാർഥികൾ യു.പി പൊലീസിനോട് ആവശ്യപ്പെട്ടു. അതിന് തയാറായില്ലെങ്കിൽ പൊലീസ് സൂപ്രണ്ട് ഒാഫിസിലേക്ക് മാർച്ച് ചെയ്യുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകിയിട്ടും എഫ്.െഎ.ആർ കാണിച്ചില്ല. തുടർന്ന് മാർച്ചിനായി വിദ്യാർഥികൾ നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങി. യൂനിയൻ നേതാക്കൾ അടക്കമുള്ളവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇതിനിടയിൽ അക്രമമറിഞ്ഞ് കാമ്പസിന് പുറത്ത് തടിച്ചുകൂടിയ നാട്ടുകാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. അതോടെ ബാബെ സയ്യിദും പരിസരവും യുദ്ധക്കളത്തിെൻറ പ്രതീതിയിലായി.
ബാബെ സയ്യിദിനടുത്ത് അക്രമങ്ങളും ലാത്തിച്ചാർജും കല്ലേറും അരങ്ങേറുന്ന സമയമത്രയും വിശിഷ്ടാതിഥിയായ ഹാമിദ് അൻസാരി സംഘർഷ സ്ഥലത്തുനിന്ന് വിളിപ്പാടകലെയുള്ള െഗസ്റ്റ് ഹൗസിൽതന്നെയായിരുന്നു. സംഘർഷമടങ്ങി അഞ്ച് മണിയോടെ െഗസ്റ്റ് ഹൗസിനടുത്തുള്ള ബാബെ സയ്യിദ് ഒഴിവാക്കി മറ്റൊരു ഗേറ്റിലുടെ കനത്ത സുരക്ഷാ വലയത്തിലൂടെയാണ് ഹാമിദ് അൻസാരിയെ കാമ്പസിൽനിന്ന് പുറത്തെത്തിച്ചത്. ഇത് രണ്ടാം തവണയാണ് ഹിന്ദുത്വ തീവ്രവാദികൾ ഹാമിദ് അൻസാരിയെ ലക്ഷ്യംവെക്കുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ ജാമിഅ മില്ലിയ്യയിൽ ബിരുദദാന ചടങ്ങിന് വരുന്ന സമയത്ത് ഹിന്ദുത്വ തീവ്രവാദികൾ അേദ്ദഹത്തെ വധിക്കാൻ ശ്രമിച്ച സംഭവം മുമ്പ് ഇന്ത്യാ ടുഡേ ഗ്രൂപ്പിെൻറ മെയിൽടുഡേ പുറത്തുകൊണ്ടുവന്നിരുന്നു.
നിരോധനാജ്ഞയും ഇൻറർനെറ്റ് നിരോധനവും
സർവകലാശാലയിലേക്ക് ആയുധങ്ങളുമായി വന്ന് ആക്രമണം അഴിച്ചുവിട്ട സംഘ്പരിവാറുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച ഏതാനും വിദ്യാർഥികൾ തുടക്കമിട്ട സമരം പിന്നീട് കാമ്പസ് ഒന്നാകെ ഏറ്റെടുക്കുന്നതാണ് കണ്ടത്. സർവകലാശാല സ്തംഭിപ്പിച്ച് ഏഴായിരത്തോളം വിദ്യാർഥികൾ സമരസ്ഥലത്തെത്തിയതോടെ സമരം പൊളിക്കാൻ ജില്ല മജിസ്ട്രേറ്റ് ചന്ദ്രഭൂഷൺ അലീഗഢിൽ 144 പ്രകാരമുള്ള നിരോധനാജ്ഞയും ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഇൻറർനെറ്റ് സേവനദാതാക്കളോട് സേവനം നിർത്തിവെക്കാനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. സർവകലാശാലയിൽ വൈഫൈക്ക് തടസ്സമുണ്ടായിരുന്നില്ല. എന്നിട്ടും ഇതെല്ലാം അവഗണിച്ച് സമരക്കാരായ ആയിരക്കണക്കിന് വിദ്യാർഥികൾ വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ബാബെ സയ്യിദിനടുത്തുതന്നെ നിർവഹിച്ച് സമരത്തിൽനിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കി.
ജുമുഅക്ക് ശേഷം സമരക്കാരെ അഭിസംബോധന ചെയ്ത വിദ്യാർഥി യൂനിയൻ പ്രസിഡൻറ് മശ്കൂർ ഉസ്മാനി ഇന്ത്യ മുഴുവൻ നോക്കുന്ന സമരമായി ഇത് മാറിയിട്ടുണ്ടെന്നും വിളിക്കുന്ന മുദ്രാവാക്യങ്ങൾ പോലും രാജ്യം ശ്രദ്ധിക്കുന്നുണ്ടെന്നും വിദ്യാർഥികളെ ഒാർമിപ്പിച്ചു. ഉന്നയിച്ച ആവശ്യം നേടിയെടുക്കും വരെ സമാധാനപരമായി സമരവുമായി മുന്നോട്ടുപോകണമെന്നും മശ്കൂർ ആഹ്വാനം ചെയ്തു. അലീഗഢ് സർവകലാശാലക്കെതിരെ നടന്ന ആർ.എസ്.എസ് ആക്രമണത്തിെല പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തുടരുന്ന ഇൗ സമരത്തെ സംഘ്പരിവാറിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ ‘ജിന്ന വിവാദ’മാക്കി വഴി തിരിച്ചുവിട്ടത് വിദ്യാർഥികളെ രോഷാകുലരാക്കിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യൂനിയൻ നേതാവിെൻറ ഇൗ ആഹ്വാനം.
കഴിഞ്ഞ കുറച്ചു നാളുകളായി അലീഗഢ് സർവകലാശാലക്കകത്ത് സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ് നടത്തുന്ന ശ്രമങ്ങളാണ് സംഘ്പരിവാറിനെതിരെ ഒറ്റക്കെട്ടായുള്ള ഇത്രയും വലിയൊരു സമരത്തിലേക്ക് കാമ്പസിനെ കൊണ്ടെത്തിച്ചതെന്ന കാര്യം മാധ്യമങ്ങളെല്ലാം മറച്ചുപിടിച്ചു. അലീഗഢ് കാമ്പസിന് പുറത്തുള്ള സംഘ്പരിവാർ നേതാക്കളുടെ ആസൂത്രണത്തിൽ കാമ്പസിൽ അസ്വസ്ഥതയുണ്ടാക്കാൻ നടത്തുന്ന നീക്കങ്ങൾ യൂനിയൻ തെരഞ്ഞെടുപ്പ് മുതലാണ് പുറത്തേക്ക് കണ്ടുതുടങ്ങിയത്. അലീഗഢ് മുസ്ലിം സർവകലാശാല യൂനിയൻ മത്സരത്തിനിറങ്ങിയ ഹിന്ദു സ്ഥാനാർഥിക്ക് വോട്ട് സമാഹരിക്കാൻ അലീഗഢിലെ സംഘ്പരിവാർ കേന്ദ്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനം വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
അതിനുശേഷം സർവകലാശാലക്കകത്ത് ആർ.എസ്.എസ് ശാഖ തുടങ്ങാൻ സർവകലാശാല അധികൃതർക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന വിവരമാണ് കഴിഞ്ഞ മാസമൊടുവിൽ കാമ്പസിൽ പരക്കുന്നത്. ഇതിനെതിരെ വിദ്യാർഥികൾ രംഗത്തുവന്നു. ഇതിൽ പ്രകോപിതരായ ആർ.എസ്.എസ് അലീഗഢ് ശാഖ പ്രമുഖ് ആർ.എസ്.എസിെൻറ ശാഖകൾ ഭീകര സംഘടനാപരിശീലന കേന്ദ്രങ്ങളാണെന്ന് യൂനിയൻ പ്രസിഡൻറ് മശ്കൂർ ഉസ്മാനി ആക്ഷേപിച്ചുവെന്ന് പറഞ്ഞ് അലീഗഢ് ജില്ല പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെക്ക് ആർ.എസ്.എസ് പ്രചാർ പ്രമുഖ് മഹേഷ് കുമാർ പരാതി നൽകി. ആർ.എസ്.എസിനെതിരെ നടത്തിയ പ്രസ്താവനക്ക് മശ്കൂറിനെതിരെ ദേശവിരുദ്ധ പ്രസ്താവനക്ക് കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പ്രാഥമിക അേന്വഷണം നടത്തി കേസ് എടുക്കുമെന്ന് പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
ആർ.എസ്.എസ് ശാഖ കാമ്പസിനകത്ത് തുടങ്ങാനുള്ള നീക്കം അനുവദിക്കില്ലെന്ന് വിദ്യാർഥി നേതാക്കൾ പ്രഖ്യാപിച്ചതോടെയാണ് വിഷയം സ്വാതന്ത്ര്യലബ്ധിക്ക് മുേമ്പ വിദ്യാർഥി യൂനിയൻ ഹാളിെൻറ ചുമരിൽ തൂങ്ങുന്ന മുഹമ്മദലി ജിന്നയുടെ ചിത്രത്തിലേക്ക് ആർ.എസ്.എസ് വഴിതിരിച്ചുവിടുന്നതും മാധ്യമങ്ങൾ അതേറ്റെടുക്കുന്നതും. അത് ശരിക്കുമറിയുന്നതുകൊണ്ടാണ് മുഹമ്മദലി ജിന്നയുടെ വിഷയം ഉയർത്തുകയെന്നത് ആർ.എസ്.എസ് അജണ്ടയാണെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വീണുപോകരുതെന്നും യൂനിയൻ അധ്യക്ഷൻ മശ്കൂർ ഉസ്മാനി വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.