അംബേദ്കറുടെ ജനായത്ത ബുദ്ധൻ
text_fieldsലോകം കണ്ട മഹാ ദാർശനികനും അനിതര സാധാരണനായ ബുദ്ധിജീവിയും സാമൂഹിക പരിഷ്കർത്താവും ഭരണഘടനാ ശിൽപിയും സാഹോദര്യ സമത്വചിന്തയുടെ അതുല്യ വക്താവുമായ ബാബാ സാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ മഹാപരി നിർവാണ സ്മരണ സമഗ്രാധിപത്യ ബ്രാഹ്മണ്യം ഇന്ത്യയെ പിടിമുറുക്കുമ്പോൾ അതീവ ചരിത്ര പ്രാധാന്യമുള്ള ഒന്നായി പരിണമിക്കുന്നു. 1956 ൽ ഡോ. അംബേദ്കർ ബുദ്ധനിലേക്ക് സമ്പൂർണമായി തിരിയുന്നത് അസമത്വ ബ്രാഹ്മണമതത്തെ ഉപേക്ഷിച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ അംബേദ്കറുടെ മതപരിവർത്തനം ബ്രാഹ്മണ്യത്തോടുള്ള നിശിതമായ വിമർശനവും ജനായത്ത ഇന്ത്യയുടെ സൃഷ്ടിക്കായുള്ള നൂതന സംരംഭവുമായിരുന്നു. ബ്രാഹ്മണ്യത്തിന്റെ ആത്മാവ് അസമത്വ ശ്രേണീകരണമാണെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ടാണ് അംബേദ്കർ ജനായത്ത ഇന്ത്യയുടെ സംസ്ഥാപനത്തിനായി ബുദ്ധരെ ആത്മബോധ്യമായി സ്വീകരിച്ചത്.
ബുദ്ധിസത്തോടുള്ള അംബേദ്കറുടെ താൽപര്യം അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ആരംഭിക്കുന്നതാണെന്ന് നരേന്ദ്ര ജാധവ് രേഖപ്പെടുത്തുന്നു. 1908 ൽ കൃഷ്ണാജി അർജുൻ കെലുസ്കർ അംബേദ്കറിന് ‘ലൈഫ് ഓഫ് ബുദ്ധ’ എന്ന ഗ്രന്ഥം വായിക്കാൻ കൊടുത്തതിനെപറ്റി നരേന്ദ്ര ജാധവ് അനുസ്മരിക്കുന്നുണ്ട്. 1935 ൽ അംബേദ്കർ ‘താൻ അയിത്ത ജാതിക്കാരനായ ഹിന്ദുവായി പിറന്നെങ്കിലും ഹിന്ദുവായി മരിക്കില്ല’ (I was born a Hindu untouchable... but .. I will not die a Hindu) എന്ന് ഉദ്ഘോഷിച്ചു. ബ്രാഹ്മണമതത്തെയും അതിന്റെ ഗ്രന്ഥ പാഠങ്ങളെയും അത് മുന്നോട്ടുവെക്കുന്ന അസമത്വ സാമൂഹിക ശ്രേണീകരണത്തെയും ആഴത്തിൽ പഠിച്ച് തിരിച്ചറിഞ്ഞാണ് അംബേദ്കർ ബുദ്ധനെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അടയാള സ്വരൂപമായി ഇന്ത്യാചരിത്രത്തിൽനിന്ന് വീണ്ടെടുത്തത്.
1944 ൽ മദ്രാസ് റാഷ്ണൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ ഇന്ത്യാ ചരിത്രം ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലെ സംഘർഷമാണെന്ന് പ്രസ്താവിച്ച അംബേദ്കർ ഈ സംഘർഷത്തിലെ വിപ്ലവകാരികളായിരുന്നു ബുദ്ധിസ്റ്റുകളെന്നും ബ്രാഹ്മണ്യർ പ്രതിവിപ്ലവകാരികളായിരുന്നെന്നും വിശദീകരിച്ചു. ലോകത്തിന് മുന്നിൽ ആദ്യമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ത്രിത്വാശയങ്ങൾ അവതരിപ്പിച്ചത് മഹാനായ ബുദ്ധനാണെന്നും അംബേദ്കർ പറഞ്ഞു. സമത്വമാണ് ബുദ്ധദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയെന്നും ബുദ്ധമതം ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും വ്യക്തിത്വ വികാസത്തിനുള്ള അവസരവും പ്രദാനം ചെയ്യുന്നെന്നും 1950 ൽ കൊളംബോയിൽ നടന്ന കോൺഫറൻസിൽ അംബേദ്കർ പ്രസ്താവിച്ചു.
ബ്രാഹ്മണ്യം അടിസ്ഥാനപരമായി ഒരാളുടെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയിടുന്നു. വർണത്തിനനുസരിച്ചുള്ള തൊഴിലുകളിലേക്ക് വ്യക്തികൾ തളക്കപ്പെടുന്നു. വർണസിദ്ധാന്തമനുസരിച്ച് ഒരു ശൂദ്രന് അധ്യാപകനാകാൻ കഴിയില്ല. ദ്വിജകുല സേവ ചെയ്യാൻ വിധിക്കപ്പെട്ട ശൂദ്രർക്ക് ബ്രാഹ്മണ്യം ചിന്താസ്വാതന്ത്ര്യം നൽകുന്നില്ല. ശൂദ്രനായി ജനിച്ചാൽ ശൂദ്രനായി ചത്തൊടുങ്ങാൻ വർണധർമം പ്രേരിപ്പിക്കുന്നു. ചണ്ഡാളന് സ്വത്തായി പൊട്ടിയ പാത്രവും ശവത്തിലണിഞ്ഞ വസ്ത്രവും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് ശാസിക്കുന്ന മനുസ്മൃതിയും അർഥശാസ്ത്രവും വ്യക്തികളുടെ സമ്പൂർണ വികാസത്തെയും ക്ഷേമ ഐശ്വര്യങ്ങളെയും തടയുന്നു.
ഇത് മനസ്സിലാക്കിയാണ് അംബേദ്കർ ബുദ്ധരുടെ ചിന്തകളെ ജനായത്ത ഇന്ത്യയുടെ സൃഷ്ടിക്കായി പുനർവിന്യസിച്ചത്. 1954 ഒക്ടോബർ മൂന്നിന് ഓൾ ഇന്ത്യ റേഡിയോയിൽ നടത്തിയ പ്രഭാഷണത്തിൽ, ക്രിയാത്മകമായ തന്റെ സാമൂഹിക തത്ത്വചിന്തയെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നു വാക്കുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന് അംബേദ്കർ വിളംബരം ചെയ്തു. ഈ ആശയങ്ങൾ തന്റെ മാസ്റ്ററായ ബുദ്ധനിൽനിന്ന് ഉരുത്തിരിച്ചെടുത്തിട്ടുള്ളതാണെന്നും അദ്ദേഹം സ്പഷ്ടമാക്കി.
‘നാം ജീവിക്കുന്ന ലോകത്തെ എങ്ങനെ നാമറിയുന്നു, നമ്മുടെ സഹജാതരെ നാമെങ്ങനെ പരിചരിക്കുന്നുവെന്നെല്ലാം അംബേദ്കറുടെ ബുദ്ധൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. കരുണയുടെയും സ്നേഹത്തിന്റെയും തുറവികൾ സൃഷ്ടിക്കാൻ വേണ്ട അറിവായും സമതക്കും തുല്യതക്കും വേണ്ട ജ്ഞാനമായും ബുദ്ധൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു’- ഡോ. മീര നന്ദ അംബേദ്കറുടെ ജനായത്ത ബുദ്ധരെപറ്റി എഴുതി.
1956 ൽ കാഠ്മണ്ഡുവിൽ നടന്ന ലോക ബുദ്ധിസ്റ്റ് കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സർവതും അന്വേഷണത്തിനും പരിശോധനക്കും വിധേയമാണെന്നും സനാതനമായി യാതൊന്നുമില്ലെന്നും അംബേദ്കർ വ്യക്തമാക്കി. മനുഷ്യന്റെ മാനദണ്ഡം ധാർമിക ഗുണമാണെന്നും ജനനമല്ലെന്നും ഉദ്ഘോഷിച്ചു. ബുദ്ധരുടെ അഷ്ടാംഗ മാർഗത്തിനും പഞ്ചശീല തത്ത്വങ്ങൾക്കും പ്രാധാന്യം നൽകിയ അംബേദ്കർ ബ്രാഹ്മണ്യ അസമത്വ സാമൂഹിക ക്രമത്തിനെതിരായ പുതിയൊരു ജീവിതബോധ്യം പകർന്നുനൽകി.
1956 ഒക്ടോബറിൽ ബുദ്ധന്റെ ജനായത്ത മാർഗത്തെ മഹാബോധ്യമായി തന്റെ ലക്ഷക്കണക്കിന് വരുന്ന അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ച ദിവസം ചരിത്രത്തിൽ അത്രമേൽ വിസ്ഫോടനാത്മകമായിരുന്നു. മനുസ്മൃതി ദഹിപ്പിച്ച അംബേദ്കർ ജനായത്ത ഇന്ത്യയുടെ സൃഷ്ടിക്കായി ബുദ്ധമാർഗം കൈക്കൊണ്ടു എന്നത് മാത്രമല്ല, ബ്രാഹ്മണമതത്തിന്റെ അസമത്വ ബോധ്യങ്ങൾക്കെതിരായി തുല്യതയുടെ മഹാപ്രവാചകനായി ഇന്ത്യാചരിത്രത്തിൽനിന്ന് ബുദ്ധരെ കണ്ടെടുത്തു എന്നതും ഏറെ പ്രധാനമാണ്. ഓരോ മനുഷ്യരുടെയും ചുമലിൽ ഭാരമായിരിക്കുന്ന ബ്രാഹ്മണ്യത്തെ കുടഞ്ഞുകളയാനും ഇന്ത്യയെ ജനായത്തവത്കരിക്കാനുമാണ് മഹാനായ ഡോ. ബി.ആർ. അംബേദ്കർ ബുദ്ധനിലേക്ക് തിരിഞ്ഞത്. അതുകൊണ്ടുതന്നെ ഈ കാരുണ്യബുദ്ധൻ ചരിത്രഭൂതകാലത്തിലെ കേവല ബുദ്ധനല്ല, ഭാവിയുടെ ജനായത്ത ബുദ്ധനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.