അമേരിക്ക ‘ബാധ്യത’ നിറവേറ്റുകയാണ്
text_fieldsഗസ്സയെ ചുട്ടുചാമ്പലാക്കുന്ന പദ്ധതിക്ക് പുറമെ ലബനാനെതിരായ ഇസ്രായേലി അതിക്രമവും ബൈഡൻ ഭരണകൂടത്തിന്റെ ആശീർവാദത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു കനേഡിയൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ആരോൺ മേറ്റ്കഴിഞ്ഞ ഒക്ടോബറിൽ യു.എസ് പിന്തുണയോടെ ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ട വേളയിൽ, പ്രസിഡന്റ് ബൈഡനോട് ‘യുക്രെയ്നിലെ പ്രോക്സി യുദ്ധത്തിനൊപ്പം മിഡിൽ ഈസ്റ്റ് സംഘർഷത്തിന് ആക്കം കൂട്ടുന്നത് അമേരിക്കക്ക് ഒരേസമയം...
ഗസ്സയെ ചുട്ടുചാമ്പലാക്കുന്ന പദ്ധതിക്ക് പുറമെ ലബനാനെതിരായ ഇസ്രായേലി അതിക്രമവും ബൈഡൻ ഭരണകൂടത്തിന്റെ ആശീർവാദത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു കനേഡിയൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ആരോൺ മേറ്റ്
കഴിഞ്ഞ ഒക്ടോബറിൽ യു.എസ് പിന്തുണയോടെ ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ട വേളയിൽ, പ്രസിഡന്റ് ബൈഡനോട് ‘യുക്രെയ്നിലെ പ്രോക്സി യുദ്ധത്തിനൊപ്പം മിഡിൽ ഈസ്റ്റ് സംഘർഷത്തിന് ആക്കം കൂട്ടുന്നത് അമേരിക്കക്ക് ഒരേസമയം ഏറ്റെടുക്കാൻ കഴിയുന്നതിലും അപ്പുറമാണോ’ എന്നൊരു ചോദ്യമുന്നയിച്ചു സി.ബി.എസ് ന്യൂസ്.
‘അല്ല’ രോഷാകുലനായ ബൈഡൻ തിരിച്ചടിച്ചു. ‘ഞങ്ങൾ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് -ലോകത്തിലെയല്ല, ലോക ചരിത്രത്തിലെതന്നെ’ യു.എസിന് ‘ഇത് ചെയ്യാനുള്ള കഴിവുണ്ട്, ‘ഞങ്ങൾക്ക് ഒരു ബാധ്യതയുണ്ട്. നാമല്ലെങ്കിൽ ആരാണത് നിറവേറ്റുക?’
അധികം ശ്രദ്ധിക്കപ്പെടാതെപോയ ഒരു പ്രതികരണത്തിലൂടെ ഗസ്സയെ ചുട്ടുചാമ്പലാക്കുന്ന പദ്ധതിക്ക് പുറമെ ലബനാനെതിരായ ഇസ്രായേലി സൈനിക നീക്കത്തെയും ബൈഡൻ ആശീർവദിച്ചു. ഹമാസിനെയെന്നപോലെ വടക്കോട്ട് കടന്നുചെന്ന് ഹിസ്ബുല്ല തീവ്രവാദികളെ കൊന്ന് ഇല്ലാതാക്കുന്നതും അനിവാര്യമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. അദ്ദേഹം വിഭാവനം ചെയ്ത അനിവാര്യ ബാധ്യത നിറവേറ്റിക്കൊണ്ടിരിക്കുകയാണ് അമേരിക്ക. ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ലയെയടക്കം (നന്നേ ചുരുങ്ങിയത്) നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകളെ വീടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ലെബനാനിലെ ഇസ്രായേൽ ബോംബാക്രമണം ബൈഡൻ സ്വയം പ്രഖ്യാപിച്ചേറ്റെടുത്ത ആ ‘ബാധ്യത’യുടെ ഫലമാണ്.
ഇസ്രായേൽ അധിനിവേശപ്പെടുത്തിവെച്ചിരിക്കുന്ന ഷെബാ ഫാമുകളിലേക്ക് കഴിഞ്ഞ ഒക്ടോബർ 8ന് റോക്കറ്റുകൾ വിക്ഷേപിക്കുകയും പിന്നാലെ ഇസ്രായേലിനുള്ളിലേക്കും അത് വ്യാപിപ്പിക്കുകയും ചെയ്ത ഘട്ടത്തിൽതന്നെ, ഗസ്സയിൽ സ്ഥിരമായി വെടിനിർത്തുന്നതിന് ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹിസ്ബുല്ല ഊന്നിപ്പറഞ്ഞിരുന്നു. അതായത്, സംഘർഷങ്ങൾക്ക് ആക്കംകൂട്ടാൻ ‘ബാധ്യത’യുണ്ടെന്ന് ബൈഡൻ പ്രഖ്യാപിച്ചതുപോലെ, 1982ലാരംഭിച്ച ഇസ്രായേലിന്റെ ലെബനാൻ അധിനിവേശത്തിന് മറുപടിയായി സ്ഥാപിതമായ ഹിസ്ബുല്ല 42 വർഷമായി പതിനായിരക്കണക്കിന് ലെബനാനികളെ കൊന്നൊടുക്കിയ ഇസ്രായേലി ആധിപത്യത്തെ ചെറുക്കുകയാണ് തങ്ങളുടെ കടമയെന്ന് പ്രഖ്യാപിച്ചു. ഇസ്രായേലിന് നേർക്ക് ഹിസ്ബുല്ല നടത്തിയ ഇടപെടലുകൾ പരിമിതമായിരുന്നു. കഴിഞ്ഞവർഷം അതിർത്തി കടന്ന് നടത്തിയ 10,200ലധികം ആക്രമണങ്ങളിൽ 81 ശതമാനവും ഇസ്രായേലിന്റെ വകയായിരുന്നു.
ഈ കാലയളവിൽ, ഗസ്സയിൽ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാനും അവശേഷിച്ചവർക്ക് ജീവിക്കാൻ യോഗ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കാനും വെസ്റ്റ് ബാങ്കിൽ ദീർഘകാലമായി തുടരുന്ന ഭീകരതയും ഭൂമി മോഷണവും വ്യാപിപ്പിക്കാനും; സ്ഥിരമായി സിറിയയിൽ ബോംബാക്രമണം നടത്താനും; ശക്തമായി തിരിച്ചടിക്കാൻ കഴിയുന്ന മേഖലയിലെ പ്രധാന ശക്തിയായ ഹിസ്ബുല്ലയെ നശിപ്പിക്കുക എന്ന ദീർഘകാല ഉദ്ദേശ്യം പിന്തുടരാനും തക്ക ആയുധങ്ങളും നയതന്ത്ര പരിരക്ഷയും ഇസ്രയേലിന് നൽകുന്നതിനിടയിൽ ഇസ്രായേലിനെ സമ്മർദത്തിലാക്കുന്നതായി അഭിനയിക്കുന്ന തന്ത്രമാണ് ബൈഡൻ ഭരണകൂടം കൈക്കൊണ്ടത്.
ഗസ്സയിലെന്നപോലെതന്നെ ലെബനാനിലും സിവിലിയൻ ജനതയെ ഭയപ്പെടുത്തിയാണ് ഇസ്രായേൽ അവരുടെ ലക്ഷ്യങ്ങളെ പിന്തുടരുന്നത്. 2006ലെ ലെബനാൻ അധിനിവേശത്തിനിടെ ഇസ്രായേൽ തരിപ്പണമാക്കിയ ബൈറൂത്തിന്റെ പ്രാന്തപ്രദേശമായ ദഹിയയുടെ പേരിലുള്ള സിദ്ധാന്തം അവർ രൂപം നൽകിയതുതന്നെ സിവിലിയന്മാരെ ബോധപൂർവം ലക്ഷ്യമിടുന്നതിന് വേണ്ടിയാണ്. ‘2006ൽ ദഹിയയിൽ സംഭവിച്ചത് ഇസ്രായേലിനുനേരെ വെടിയുതിർക്കുന്ന ഓരോ ഗ്രാമങ്ങളിലും സംഭവിക്കും’-അടുത്തിടെവരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധ കാബിനറ്റിൽ അംഗമായിരുന്ന ഐ.ഡി.എഫ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഗാഡി ഐസെൻകോട്ട് 2008ൽ നൽകിയ ഒരു അഭിമുഖത്തിൽ വിശദീകരിച്ചു. ‘ഞങ്ങൾ അവിടങ്ങളിൽ കടുത്ത ബലപ്രയോഗം നടത്തുകയും വമ്പിച്ച നാശമുണ്ടാക്കുകയും ചെയ്യും. അവയെ ഞങ്ങൾ സിവിലിയൻ ഗ്രാമങ്ങളായല്ല, സൈനിക താവളങ്ങളായാണ് കണക്കാക്കുന്നത്’.
ഭാവിയിലെ സംഘട്ടനങ്ങളിൽ, ‘ലെബനാൻ സൈന്യത്തിന്റെ ഉന്മൂലനം, അടിസ്ഥാന സൗകര്യങ്ങളുടെ നാശം, സിവിലിയൻ ജനതക്ക് കൊടിയ ദുരിതം’ എന്നിവ ലക്ഷ്യം വെക്കണമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലിന്റെ അതീവ സ്വാധീനമുള്ള മുൻ മേധാവി മേജർ ജനറൽ ജിയോറ എയ്ലാൻഡ് ഉപദേശിച്ചു.
വെള്ളിയാഴ്ച, ദഹിയയിലെ കുറഞ്ഞത് ആറ് താമസ കെട്ടിടങ്ങളിൽ യു.എസ് നിർമിത 2,000 പൗണ്ട് ബോംബുകൾ വർഷിച്ചുകൊണ്ട് ഇസ്രായേൽ ലെബനാൻ ജനതക്കെതിരായ ആക്രമണം തുടർന്നു, നസ്റുല്ലക്കൊപ്പം അജ്ഞാതരായ നിരവധി സാധാരണക്കാരെയും അവർ കൊന്നു.
ഹിസ്ബുല്ല നേതാവിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ ‘അയാളുടെ നിരവധി ഇരകൾക്കുള്ള നീതി’ എന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്ത ബൈഡൻ അമേരിക്കൻ ആയുധങ്ങളുപയോഗിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരവധി ലെബനീസ് സിവിലിയൻ ഇരകളെക്കുറിച്ച് പരാമർശിച്ചതേയില്ല.‘ഹിസ്ബുല്ല, ഹമാസ്, ഹൂത്തികൾ, ഇറാന്റെ പിന്തുണയുള്ള മറ്റു തീവ്രവാദ ഗ്രൂപ്പുകൾ എന്നിവക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ സർവാത്മനാ പിന്തുണക്കുന്നു’ എന്ന് സ്ഥിരീകരിച്ച ബൈഡൻ മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക സേനയുടെ പ്രതിരോധനില കൂടുതൽ ദൃഢപ്പെടുത്താൻ പെന്റഗണിനോട് ഉത്തരവിടുകയും ചെയ്തു. ഇസ്രായേലി ആക്രമണങ്ങൾക്കായി കൂടുതൽ സൈനികരെ വിന്യസിച്ചതിനൊപ്പം, ഈ ആഴ്ച ഇസ്രായേൽ സൈന്യത്തിന് 8.7 ബില്യൺ ഡോളറിന്റെ കൂടുതൽ ആയുധങ്ങളും അമേരിക്ക കൈമാറി.
അമേരിക്കയുടെ ഈ ആയുധ വിതരണം ‘ഇപ്പോൾ നടത്തിവരുന്ന യുദ്ധത്തിൽ ഇസ്രയേലി ഡിഫൻസ് ഫോഴ്സിന്റെ പ്രവർത്തനശേഷി നിലനിർത്തുന്നതിൽ നിർണായകമാണ്’ എന്ന് ഇസ്രായേലി പ്രതിരോധ മന്ത്രാലയം നന്ദിപൂർവം അനുസ്മരിച്ചു. ഇതിനിടയിൽ ‘നയതന്ത്ര മാർഗങ്ങളിലൂടെ ഗസ്സയിലും ലെബനാനിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ തീവ്രത കുറക്കുകയാണ് തന്റെ ലക്ഷ്യം’ എന്ന് അവകാശപ്പെടുന്ന ബൈഡൻ, പിന്നെയും പിന്നെയും വെടിനിർത്തൽ ചർച്ചകൾക്കുവേണ്ടി അധരസേവനവും നടത്തി. ഒരുവർഷമായി കൂട്ടക്കൊല നടത്താൻ ഇസ്രായേലിന് ബ്ലാങ്ക് ചെക്ക് നൽകിവരുന്ന പ്രസിഡന്റ് ഇസ്രായേലിന്റെ ഇടപെടലുകളിൽ നിരാശനാണെന്ന് നടിക്കുകയും ചെയ്യുന്നു.
വഴിപാടുപോലുള്ള ഈ മുഖം രക്ഷിക്കൽ നാട്യങ്ങൾക്കപ്പുറം ബൈഡൻ ഭരണകൂടത്തിന്റെ യഥാർഥ വീക്ഷണം നിശബ്ദമായി ന്യൂയോർക്ക് ടൈംസിലേക്ക് പ്രസരിപ്പിക്കപ്പെട്ടു.‘ഹിസ്ബുല്ലക്കെതിരായ ആക്രമണം ബൈഡനും നെതന്യാഹുവും തമ്മിലെ ഭിന്നത വർധിപ്പിക്കുന്നു’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, യഥാർഥത്തിൽ ഒരു ഭിന്നതയുമില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ സമ്മതിച്ചു.
‘നസ്റുല്ലയെ കൊലപ്പെടുത്തിയതും ഹിസ്ബുല്ലയുടെ യുദ്ധനിർമാണശേഷിയുടെ ഭൂരിഭാഗവും തുടച്ചുനീക്കുന്നതും, ലെബനാനിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പിനെ ഞെരിച്ചൊതുക്കാനുള്ള അസുലഭാവസരം നൽകു’മെന്ന് ചില യു.എസ് ഉദ്യോഗസ്ഥർ ന്യായീകരിച്ചു.
ഹിസ്ബുല്ലയെ ദുർബലപ്പെടുത്തുന്ന വിഷയത്തിൽ, യു.എസ് ഉദ്യോഗസ്ഥർ ഈ അവസരം മുതലാക്കി ശുഭാപ്തിവിശ്വാസം പുലർത്താൻ മതിയായ കാരണങ്ങളുണ്ട്. നസ്റുല്ലയെയും നിരവധി മുൻനിര നേതാക്കളെയും വധിക്കാൻ ഇസ്രായേലിന് കഴിഞ്ഞതും, ആയിരക്കണക്കിനാളുകൾക്ക് പരിക്കും അംഗവൈകല്യവും വരുത്തിവെച്ച ‘പേജർ ആക്രമണങ്ങളും’ വിനാശകരമായ ഫലത്തോടെ ഹിസ്ബുല്ലയിലേക്ക് അഭൂതപൂർവമായ രീതിയിൽ ഇസ്രായേൽ നടത്തിയ നുഴഞ്ഞുകയറ്റത്തിന് അടിവരയിടുന്നു. ഹിസ്ബുല്ലയുടെ പ്രധാന സഖ്യകക്ഷിയായ ഇറാൻ ഒരു പ്രാദേശിക യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതിന്റെ സൂചനകളാണ് നൽകുന്നത്. ‘പ്രതിരോധ അച്ചുതണ്ടി’ലെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ സിറിയ, സി.ഐ.എയുടെ നേതൃത്വത്തിലെ പതിറ്റാണ്ട് നീണ്ട വൃത്തികെട്ട യുദ്ധവും യു.എസ് സൈനിക അധിനിവേശവും ഉപരോധ ഭരണവുമെല്ലാം മൂലമുള്ള ദുരിതങ്ങളാൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ഒക്ടോബർ ഏഴിലെ ആക്രമണം ഗസ്സയെ നശിപ്പിക്കാനും ഇസ്രായേലിന്റെ ഇളക്കംതട്ടിയ ‘അധികാരപ്രഭാവം’ വീണ്ടെടുക്കാനും ഉപയോഗിച്ചതുപോലെ, ഹിസ്ബുല്ലയുടെ ഇടപെടൽ അവരെ തുടച്ചുനീക്കുന്നതിനായി ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലും അതിന്റെ പ്രായോജകരായ അമേരിക്കയും. സിവിലിയന്മാർക്കെതിരായ ആക്രമണം കൂടുതൽ പ്രയോജനകരമായ വ്യവസ്ഥകളോടെ വെടിനിർത്തലും പുനഃസ്ഥാപിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് വാഷിങ്ടണും തെൽഅവീവും. ഇസ്രായേൽ-യു.എസ് ആധിപത്യത്തെ ഹിസ്ബുല്ല ചെറുക്കാത്ത, സാധാരണ സിവിലിയന്മാർ ഭയത്താൽ കീഴടക്കപ്പെട്ട ഒരു പ്രദേശം എന്നതാണ് അവർ കണക്കുകൂട്ടുന്ന ആ വ്യവസ്ഥ.
യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ ക്ഷമാപണം നടത്തുന്നവർ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ചെയ്തതുപോലെ, ‘ഇസ്രായേലിനെ നശിപ്പിക്കുക എന്ന ഉറച്ച ഉദ്ദേശ്യം സൂക്ഷിക്കുന്ന അതിർത്തിക്കപ്പുറമുള്ള ശത്രുക്കളെയും നിലനിൽപിനുള്ള ഭീഷണികളെയും നേരിട്ട് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാവിധ അവകാശങ്ങളും ഇസ്രായേലിനുണ്ടെന്ന് വാദിക്കും.
ഫലസ്തീനികളുടെ സ്വയം നിർണയാവകാശം നശിപ്പിക്കുന്നതിലും അവരുടെ ഭൂമി തട്ടിയെടുക്കുന്നതിലും പുലർത്തുന്ന പ്രതിബദ്ധതയൊന്നുകൊണ്ടു മാത്രമാണ് ഇസ്രായേൽ സുരക്ഷാ ഭീഷണി നേരിടുന്നത്. ഫലസ്തീനിന്റെ നിലനിൽപിന് അനുവദിക്കുന്നതിനുപകരം, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൈനിക അധിനിവേശം നടപ്പിലാക്കാനും അതിന് പ്രതിബന്ധമാവുന്ന ഏതൊരു ശക്തിയെയും ആക്രമിക്കാനും അസംഖ്യം യു.എൻ പ്രമേയങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളും അറബ് ലീഗിന്റെ സമാധാന വാഗ്ദാനങ്ങളെയും അവഗണിക്കാനാണ് ഇസ്രായേൽ മുതിർന്നത്.
ഏവർക്കും യഥാർഥ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത യു.എസിന് ഉണ്ടെങ്കിൽ, അവർ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്കൊപ്പം ചേരുകയും ഇസ്രായേലി ആക്രമണത്തിനും അധിനിവേശത്തിനുമുള്ള പിന്തുണ അവസാനിപ്പിക്കുകയുമാണ് വേണ്ടത്. അതിനുപകരം, യു.എസ് നിർമിത ബോംബുകൾ ഉപയോഗിച്ച് എണ്ണമറ്റ അറബ് സിവിലിയന്മാർ കൊല്ലപ്പെടുന്നത് കണ്ടിട്ടും നിസ്സംഗത പുലർത്തുക വഴി തന്റെ ഭരണകൂടത്തിന്റെ പ്രധാന പങ്ക് വർധിപ്പിക്കാനാണ് ബൈഡൻ തുനിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.