ട്രംപ് എത്തി, ഇനിയെന്ത് ?
text_fieldsജനനം കൊണ്ടുതന്നെ പൗരത്വം ലഭിക്കുന്ന നിയമം നിർത്തലാക്കുകയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ലക്ഷ്യം നടപ്പാക്കപ്പെട്ടാൽ ഇന്ത്യക്കാരെ അത് സാരമായി ബാധിക്കും. പൊതുവിദ്യാഭ്യാസരംഗത്തിനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സിലബസിലും നിയമങ്ങളിലും കർശന മാറ്റങ്ങൾ കൊണ്ടുവരുക എന്ന നയം പല സംസ്ഥാനങ്ങളിലും ആരംഭിച്ചുകഴിഞ്ഞു2020ൽ നടന്ന തെരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാൻ കൂട്ടാക്കാതെ, തലസ്ഥാനമന്ദിരത്തിന് മുന്നിൽ തടിച്ചുകൂടിയ അനുയായികളെ പ്രകോപനപരമായ പ്രസംഗം നടത്തി ഇളക്കിവിട്ട് കാപിറ്റൽ കൈയേറാൻ ശ്രമിച്ച് അപഹാസ്യനായ അന്നത്തെ പ്രസിഡന്റ്...
ജനനം കൊണ്ടുതന്നെ പൗരത്വം ലഭിക്കുന്ന നിയമം നിർത്തലാക്കുകയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ലക്ഷ്യം നടപ്പാക്കപ്പെട്ടാൽ ഇന്ത്യക്കാരെ അത് സാരമായി ബാധിക്കും. പൊതുവിദ്യാഭ്യാസരംഗത്തിനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സിലബസിലും നിയമങ്ങളിലും കർശന മാറ്റങ്ങൾ കൊണ്ടുവരുക എന്ന നയം പല സംസ്ഥാനങ്ങളിലും ആരംഭിച്ചുകഴിഞ്ഞു
2020ൽ നടന്ന തെരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാൻ കൂട്ടാക്കാതെ, തലസ്ഥാനമന്ദിരത്തിന് മുന്നിൽ തടിച്ചുകൂടിയ അനുയായികളെ പ്രകോപനപരമായ പ്രസംഗം നടത്തി ഇളക്കിവിട്ട് കാപിറ്റൽ കൈയേറാൻ ശ്രമിച്ച് അപഹാസ്യനായ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാലുവർഷ ഇടവേളക്കുശേഷം അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി വീണ്ടും വൈറ്റ്ഹൗസിലേക്ക് കയറാനൊരുങ്ങുന്നു. കഴിഞ്ഞുപോയ സംഭവവികാസങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനല്ല ഇനിയെന്ത് എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ പ്രതിന്ധികൾ നേരിടുന്ന അമേരിക്കൻ ഭരണകൂടത്തിന് കടുത്ത വെല്ലുവിളികൾ താണ്ടിവേണം ഇനി മുന്നോട്ടുനീങ്ങാൻ.
ട്രംപ് എങ്ങനെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു എന്ന ആശ്ചര്യം അമേരിക്കക്ക് പുറത്തുനിന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നവർക്ക് ഇപ്പോഴും മാറിയിട്ടുണ്ടാവില്ല. പ്രസിഡന്റ് സ്ഥാനാർഥിയെക്കാളുപരി പാർട്ടികളുടെ നയങ്ങൾക്കായിരുന്നു ഇത്തവണ പ്രാമുഖ്യം ലഭിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയെ തോൽവിയിലേക്ക് നയിക്കാൻ തക്ക ഒരുപാട് കാരണങ്ങളുണ്ടായിരുന്നുതാനും. യുക്രെയ്ൻ-റഷ്യ വിഷയത്തെ രമ്യമായി പരിഹരിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിനെ പിന്തുണക്കുകയും ഇറാനെതിരെ നിലപാടെടുക്കാൻ വൈകിപ്പിക്കുകയും ചെയ്തു. അനിയന്ത്രിതവും അനധികൃതവുമായ കുടിയേറ്റത്തെ നേരിടുന്നതിൽ ശക്തമായ തീരുമാനമെടുക്കാനായില്ല. കോവിഡ് മഹാമാരിക്കുശേഷമുണ്ടായ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും നേരിടുന്നതിൽ പരാജയപ്പെട്ടു. രാജ്യത്തെ പൊതുവായ പ്രശ്നങ്ങളെ നേരിടുന്നതിൽ പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ തീരെ മങ്ങിപ്പോയി. ഒരു പുതുമുഖത്തേയോ ശക്തമായ മറ്റൊരു നേതാവിനെയോ മുന്നോട്ടുവെക്കുന്നതിൽ പാർട്ടി ശ്രദ്ധ ചെലുത്തിയില്ല. സംഘർഷം കൊടുമ്പിരിക്കൊള്ളവെ, ഇസ്രായേലിലേക്ക് ബൈഡൻ നടത്തിയ ഫലശൂന്യമായ പര്യടനവും പാർട്ടിയുടെ ജനസമ്മതി കുറയാൻ കാരണമായി. ഒബാമ ഭരണകൂടം ഇറാനുമായുള്ള ആണവകരാറിന് പ്രാധാന്യം നൽകി ആ രാജ്യത്തെ നിയന്ത്രിച്ചുനിർത്തിയിരുന്നു. ആദ്യ ട്രംപ് ഭരണകൂടവും ഇറാനെ നിയന്ത്രിച്ച് സംഘർഷം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ, ബൈഡൻ ഈ വിഷയത്തിൽ സമ്പൂർണ പരാജയമായി.
പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കും, അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഗവണ്മെന്റ് സ്കൂളുകളെ നിലനിർത്തും, സ്ത്രീകളുടെ മാത്രം അവകാശമായി ഗർഭഛിദ്ര നിയമത്തെ മാറ്റും, കുടിയേറ്റ നിയമം കർശനമാക്കില്ല തുടങ്ങിയ വിഷയങ്ങളിൽ ഡെമോക്രാറ്റ് പാർട്ടിയിൽ ജനങ്ങൾ പ്രതീക്ഷ പുലർത്തിയിരുന്നുവെങ്കിലും അന്താരാഷ്ട്ര വിഷയങ്ങളിൽ ബൈഡൻ ഭരണകൂടം വരുത്തിവെച്ച ഭരണപരാജയം അതിനെയെല്ലാം കീഴ്മേൽ മറിച്ചു.
സ്വിങ് സ്റ്റേറ്റുകളിലെ വിജയം
അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിർണായമാകുന്ന, ഏത് പാർട്ടിയിലേക്കും വോട്ടുകൾ മാറിമറിയുന്ന സംസ്ഥാനങ്ങളാണ് (swing states) ഇത്തവണയും കാര്യങ്ങൾ തീരുമാനിച്ചത്. കഴിഞ്ഞ തവണ ഡെമോക്രാറ്റുകൾ നേടിയ ജോർജിയ, വിസ്കോൺസൻ, മിഷിഗൻ തുടങ്ങി ബൈഡന്റെ സ്വന്തം സംസ്ഥാനമായ പെൻസൽവേനിയയടക്കം ഡെമോക്രാറ്റ് കോട്ടകൾ (Blue Wall) തകർത്ത് റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ച് മുന്നേറി. രണ്ട് ശതമാനത്തിൽ കുറഞ്ഞ വോട്ടുകൾക്കാണ് വിജയമെങ്കിലും ഇലക്ടറൽ വോട്ടുകൾ നിർണായകമായി. ഈ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്താൻ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസിന് കഴിഞ്ഞില്ല. തൊഴിലാളികൾ, മധ്യവർഗം, ആരോഗ്യ സുരക്ഷ എന്നിവയിലൂന്നിയ ശക്തമായ വാഗ്ദാനങ്ങൾ പാർട്ടി മുന്നോട്ടുവെച്ചിരുന്നില്ല. ആരോഗ്യ ഇൻഷുറസ് രീതിയിൽ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും ഓവർഡോസ് മരുന്നുകളാൽ ആയിരങ്ങൾ മരണപ്പെട്ട വിസ്കോൺസൻ പോലുള്ള സംസ്ഥാനങ്ങൾ ഡെമോക്രാറ്റ് പാർട്ടിയിൽ വിശ്വാസമർപ്പിച്ചില്ല എന്ന് മാത്രമല്ല, മറ്റൊരു ഉപയോഗപ്രദമായ വഴി തേടുമെന്ന ട്രംപിന്റെ വാഗ്ദാനത്തെ കാര്യമായെടുക്കുകയും ചെയ്തു. തൊഴിലാളി പ്രശ്നങ്ങളിലും മിഡിൽ ക്ലാസ് വിഭാഗത്തെ കാര്യമായി ബാധിക്കുന്ന നികുതിയിലും ഇടപെടുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടി കൂടുതൽ സമയം ചെലവഴിച്ചു. ഇസ്രായേലിനെ പരസ്യമായി പിന്തുണച്ചതിലൂടെ മിഷിഗനിൽ ഡെമോക്രാറ്റ് പാർട്ടി വോട്ടുകൾ നഷ്ടപ്പെടുത്തി.
കൂടിയ ജീവിതച്ചെലവുകളിലെ സമ്മർദവും ഭാവിയെക്കുറിച്ചുള്ള ഭീതിയുമെല്ലാം വോട്ടുകൾ മാറിമറിയാൻ കാരണമായിട്ടുണ്ട്. വർഷങ്ങളായുള്ള ഡെമോക്രാറ്റ് ഭരണസംസ്ഥാനങ്ങളിൽപോലും അവർക്ക് കിട്ടിയ വോട്ടുകളിൽ വലിയ കുറവ് വന്നിട്ടുണ്ട്. ന്യൂജേഴ്സി പോലുള്ള ഡെമോക്രാറ്റ് നഗരങ്ങൾ മാറി ചിന്തിക്കുന്നതിന്റെ ലക്ഷണങ്ങൾക്കും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. ബൈഡൻ ഭരണകൂടത്തിന്റെ ഉദാസീനതയും പൊതുപ്രശ്ങ്ങളോടുള്ള അവഗണനയും ജനങ്ങളുടെ വിധിയെഴുത്തിൽ കാര്യമായി പ്രതിഫലിച്ചു.
ഇന്ത്യൻ ഫാക്ടർ
ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേ (IAAS) പ്രകാരം 2024 ൽ 47ശതമാനം ഇന്ത്യൻ വോട്ടർമാർ മാത്രമാണ് ഡെമോക്രാറ്റ് പാർട്ടി അനുഭാവമുള്ളവർ. മുമ്പ് ഇത് 56 ശതമാനം ആയിരുന്നു. കമല ഹാരിസ് എന്ന ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥിക്ക് പുറമെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉഷ വാൻസ്, വിവേക് രാമമൂർത്തി എന്നിവരും ഇന്ത്യൻ വേരുകളുമായി മുന്നിലുണ്ടായിരുന്നു. ഏതാണ്ട് ഇരുപത്തഞ്ച് ലക്ഷത്തോളം ഇന്ത്യൻ വോട്ടുകളാണ് രാജ്യത്തുള്ളത്. അവരുടെ വോട്ടിങ് നിരക്കിൽ ഇക്കുറി ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ഭരണകൂടത്തെ കാത്തിരിക്കുന്നത്
രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളാണ് പുതിയ ഭരണകൂടത്തിന്റെ വെല്ലുവിളികൾ. അനധികൃത കുടിയേറ്റക്കാരെ അതത് രാജ്യങ്ങളിലേക്ക് തിരികെ കയറ്റി വിടുക എന്നത് പ്രധാന ലക്ഷ്യമാണ്. അമേരിക്കയിലെ ഒഴിച്ചുകൂടാനാവാത്ത തൊഴിൽ മേഖലയായ കെട്ടിട-റോഡ് നിർമാണം, അറ്റകുറ്റപ്പണി, പോർട്ടുകൾ എന്നിവിടങ്ങളിൽ തൊഴിലാളി ക്ഷാമത്തിന് ഇത് കാരണമായേക്കാം. അതുകൊണ്ടുതന്നെ അത്തരത്തിൽ ഒരു വലിയ മടക്കിവിടൽ എത്രമാത്രം സാധ്യമാകുമെന്നത് അറിയേണ്ടതുണ്ട്. രാജ്യത്തെ നിർമാണമേഖലയിലെ വലിയൊരു വിഭാഗവും മെക്സികോ, സെൻട്രൽ അമേരിക്ക എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുക വഴി രൂക്ഷമാകാൻ പോകുന്ന തൊഴിലാളി ക്ഷാമത്തെ പിടിച്ചുനിർത്തൽ അത്ര എളുപ്പമല്ല. സാധ്യമായാൽപോലും ഇതിനകം തന്നെ അധികബാധ്യതയായിരിക്കുന്ന വിലക്കയറ്റം കൂടുതൽ രൂക്ഷമാവുകയും ചെയ്യും.
ജനനം കൊണ്ടുതന്നെ പൗരത്വം ലഭിക്കുന്ന നിയമം നിർത്തലാക്കുകയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ലക്ഷ്യം നടപ്പാക്കപ്പെട്ടാൽ ഇന്ത്യക്കാരെ അത് സാരമായി ബാധിക്കും. പൊതുവിദ്യാഭ്യാസരംഗത്തിനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സിലബസിലും നിയമങ്ങളിലും കർശന മാറ്റങ്ങൾ കൊണ്ടുവരുക എന്ന നയം പല സംസ്ഥാനങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിനും ശാസ്ത്രം, ടെക്നോളജി, കലാ-കായിക വിഷയങ്ങൾ എന്നിവയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നേരിയ നികുതി വർധന ഡെമോക്രാറ്റ് പാർട്ടി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ, നികുതി വർധനക്കെതിരെ വോട്ട് ചെയ്യുക എന്ന മുദ്രാവാക്യത്തെ റിപ്പബ്ലിക്കൻ പാർട്ടി നന്നായി ഉപയോഗിച്ചു. നികുതി വർധനക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യുകയും ചെയ്തു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് കുറവ്, അവയുടെ നടത്തിപ്പിനെ ബാധിക്കുമെന്നതിൽ സംശയം വേണ്ട.
ഗർഭഛിദ്രനിയമം ഇപ്പോഴും തലക്കുമുകളിലെ വാളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കൂടെയുണ്ട്. ഉദാഹരണത്തിന്, ടെക്സസ് സംസ്ഥാനത്ത് ഒരു സ്ത്രീ/ പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടാൽ പോലും ആറാഴ്ചക്കുള്ളിൽ അബോർഷൻ ചെയ്യാൻ അനുമതി നേടണം. ഓരോ സംസ്ഥാനത്തും കാലാവധിയിൽ വ്യത്യാസവുമുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും മേലുള്ള കൈയേറ്റമെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ നിരന്തര പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ജെൻഡർ ഇക്വാലിറ്റി പോളിസി ഇൻസ്റ്റിട്യൂട്ടിന്റെ കണക്കുപ്രകാരം 2019 മുതൽ 2022 വരെയുള്ള കാലയളവിൽ പ്രസവശേഷം മരിക്കുന്ന സ്ത്രീകളുടെ നിരക്ക് 56 ശതമാനമായി ഉയർന്നിരിക്കുന്നു. 2021ലെ അബോർഷൻ നിയമപ്രകാരം ഗർഭവതിയായ സ്ത്രീയുടെ മരണകാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമാണ് ഗർഭഛിദ്രം അനുവദിക്കുക.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ വ്യക്തമായൊരു തീർപ്പുണ്ടാക്കാനും ഇസ്രായേലിനെ നിയന്ത്രിക്കാനും ഇറാനുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനും റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിയുമെന്നൊരു വിശ്വാസം ജനങ്ങൾക്കുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയും ഇസ്രായേലുമായുള്ള ബന്ധം അവിടത്തെ സംഘർഷങ്ങളെ ഇല്ലാതാക്കുമെന്ന് ഗസ്സയിലെ ജനങ്ങളും കരുതുന്നു. ബൈഡൻ ഭരണകൂടം ഈ രണ്ടുവിഷയങ്ങളിലും കോടിക്കണക്കിന് പണം മുടക്കിയെന്നല്ലാതെ ഒരു തീരുമാനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ട്രംപിനുള്ള ഇലോൺ മസ്കിന്റെ പൂർണപിന്തുണ സാമ്പത്തികരംഗത്തെ ചടുലമാക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഷെയർ മാർക്കറ്റിന്റെ കുതിപ്പിനും സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗം ഉയർത്തുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമാകയാൽ തൊഴിൽ രംഗത്ത് കാര്യമായ പുരോഗമനം ഉണ്ടായേക്കാം.
ജനങ്ങൾക്കിടയിൽ ഐക്യം ശക്തമാക്കുക, അമേരിക്കൻ സമൂഹത്തിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുക, വിലക്കയറ്റം ഇല്ലാതാക്കുക, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക, മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങൾക്കായി ജനങ്ങളുടെ നികുതിപ്പണം കൂടുതലായി ചെലവഴിക്കാതിരിക്കുക, ആരോഗ്യ സുരക്ഷ നവീകരിക്കുക, അന്താരാഷ്ട്ര പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കുക തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ലെങ്കിൽ 2026ലെ മിഡ് ടേം തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനങ്ങളുണ്ടാകും. പ്രസിഡന്റ് പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതോടെ ട്രംപിന് മേലുള്ള എല്ലാ കുറ്റകൃത്യങ്ങളും ഒഴിവാക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.