നിയമമേഖലയുടെ നികത്താനാകാത്ത നഷ്ടം
text_fieldsകേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന വഴിത്തിരിവിൽ ഫാലി എസ്. നരിമാൻ നടത്തിയ ഇടപെടൽ ഓർക്കുന്നു മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ. ബീരാൻ
നാനി പാൽകിവാലക്കു ശേഷം രാജ്യംകണ്ട ഏറ്റവും പ്രശസ്തനായ അഭിഭാഷകനും മനുഷ്യസ്നേഹിയുമായിരുന്നു കഴിഞ്ഞ ദിവസം വിട്ടുപിരിഞ്ഞ ഫാലി എസ്. നരിമാൻ. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ തെരഞ്ഞെടുപ്പ് കേസ് നടത്തിപ്പിനുവേണ്ടി 1977ലാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി ബന്ധപ്പെടുന്നത്.
അത് പിന്നീട് വലിയ സൗഹൃദമായി വളർന്നു. 1977 ഡിസംബറിൽ കേരള ഹൈകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് സി.എച്ച് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു..ഹൈകോടതിയുടെ ഉത്തരവിനെതിരെ ഫാലി എസ്. നരിമാൻ അപ്പീൽ ഫയൽചെയ്ത് കൃത്യമായി വാദിച്ചു. 1978 നവംബറായപ്പോഴേക്കും അപ്പീലിൽ തീരുമാനമാക്കാനും അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യത്തിന് സാധിച്ചു.
1978 ആഗസ്റ്റ് ഒന്നിനാണ് സി.എച്ചിന്റെ കേസ് സുപ്രീംകോടതിയിൽ വന്നത്. ആദ്യം കേസ് വന്നത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ ബെഞ്ചിലായിരുന്നു. സി.എച്ചിനെ നേരിട്ട് അറിയാമെന്നതിനാൽ അദ്ദേഹം കേസ് കേൾക്കാൻ തയാറായില്ല. അന്നുതന്നെ ചീഫ് ജസ്റ്റിസിനോട് പറഞ്ഞ് മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റി. ആഗസ്റ്റ് ഒന്നിന് ഉച്ചക്കുശേഷം വാദം ആരംഭിച്ചു. അതൊരു ചരിത്രസംഭവമാണ്.
സുപ്രീംകോടതിയുടെയോ ഹൈകോടതിയുടെയോ ചരിത്രത്തിൽ ഒരു കേസിൽ ബെഞ്ച് മാറ്റം വന്നാൽ അടുത്ത ദിവസങ്ങളിലൊന്നും കേൾക്കാറില്ല. അത് അനന്തമായി നീണ്ടുപോകാറാണ് പതിവ്. സി.എച്ചിന്റെ കേസിൽ അദ്ദേഹത്തിനുണ്ടാകുന്ന എല്ലാവിധ നഷ്ടങ്ങളും മനസ്സിലാക്കി കക്ഷിയുടെ ഉത്തമതാൽപര്യം സംരക്ഷിക്കാനാണ് ഫാലി എസ്. നരിമാൻ കൃത്യമായ നടപടികളിലൂടെ പ്രവർത്തിച്ചത്.
ആഗസ്റ്റ് ഒന്നിന് വാദം തുടങ്ങിയ കേസ് സെപ്റ്റംബറിൽ അവസാനിക്കുകയും അനുകൂലമായ വിധി ലഭിക്കുകയുമുണ്ടായി. അതിനു ശേഷമാണ് 1979ൽ സി.എച്ച് മുഖ്യമന്ത്രിയായത്.
അടിയന്തരാവസ്ഥ അവസാനിച്ചശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലൊഴികെ ഇന്ത്യയാകമാനം കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. കേരളത്തിലെ കോൺഗ്രസ് വിജയത്തിന്റെ പ്രധാനഘടകങ്ങളിലൊന്ന് സി.എച്ച്. മുഹമ്മദ് കോയ നടത്തിയ പ്രചാരണമായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടി ആർ.എസ്.എസുമായി കൂട്ടുചേർന്നതും കെ.ജി. മാരാരെ ഉദുമയിൽ സ്ഥാനാർഥിയാക്കിയതുമൊക്കെ സി.എച്ച് ശക്തമായി അപലപിച്ചു. ബഹറിൽ മുസല്ലയിട്ട് നമസ്കരിച്ചാൽ പോലും ആർ.എസ്.എസിനെ വിശ്വസിക്കാൻ കഴിയില്ലെന്നത് ഉൾപ്പെടുന്ന വാചകങ്ങളായിരുന്നു അന്ന് സി.എച്ച് പറഞ്ഞത്. ചന്ദ്രികയിലെ വാർത്തയും ലേഖനങ്ങളും ആർ.എസ്.എസിനെ ആക്രമിച്ചുകൊണ്ടുള്ളതുമായിരുന്നു.
ഇത്തരം പ്രചാരണങ്ങൾ മതം ഉപയോഗിച്ചുള്ളതാണെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 123, 123 എ വകുപ്പുകളുടെ ലംഘനമാണെന്നുമായിരുന്നു അപ്പോൾ സി.എച്ചിനെതിരെ ഉയർന്ന ആക്ഷേപം.
അങ്ങനെയാണ് ജസ്റ്റിസ് എൻ.ഡി.പി. നമ്പൂതിരിപ്പാട് സി.എച്ചിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറു വർഷത്തേക്ക് മത്സരരംഗത്തുനിന്ന് വിലക്കുകയും ചെയ്തത്. സാധാരണ ഒരാൾക്ക് സുപ്രീംകോടതിയിൽ ചോദ്യംചെയ്ത് വേഗത്തിൽ വിജയിക്കാൻ കഴിയുന്ന ഒരു കേസായിരുന്നില്ല ഇത്.
തെരഞ്ഞെടുപ്പ് കേസ് വന്നാൽ ആറു മാസത്തിനുള്ളിൽ വിചാരണ അവസാനിപ്പിച്ച് കോടതി വിധി പറയണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ അനുശാസിക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ളതാണ് ജനപ്രാതിനിധ്യ നിയമം. പക്ഷേ, കോടതികളിൽ അത് പലപ്പോഴും നടപ്പാകുന്നില്ല. ആറു മാസമെന്നത് കടന്ന് ആറു വർഷത്തോളം നീണ്ടുപോയ കേസുകളുണ്ട്.
കേരള ഹൈകോടതിയിൽ തന്നെ നീണ്ടുനീണ്ട് കിടക്കുന്ന കേസുകളുണ്ട്. ശക്തമായ നിയമസംവിധാനത്തെ കൃത്യമായ രീതിയിൽ പ്രയോഗിക്കാനും പ്രവർത്തിക്കാനും അന്ന് കഴിഞ്ഞത് ഫാലി എസ്. നരിമാന്റെ മികവും നിയമപാണ്ഡിത്യവും നിയമസംവിധാനത്തോടുള്ള പ്രതിബദ്ധതയും കാരണമാണെന്ന് വളരെ വ്യക്തമാണ്.
1992 നവംബറിലാണ് മണ്ഡൽ കേസിലെ വിധി വന്നത്. ഇതുപ്രകാരം ഒമ്പത് അംഗ ഭരണഘടന ബെഞ്ച് ശക്തമായ നിർദേശങ്ങൾ കേന്ദ്ര ഗവണ്മന്റിനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. അതിലെ ഏറ്റവും പ്രധാന നിർദേശം, എല്ലാ സംസ്ഥാനങ്ങളും അവരവരുടെ സംസ്ഥാനത്തുള്ള ക്രീമിലെയർ കണ്ടെത്തി അതിൽനിന്ന് ക്രീമിലെയർ ആറ് മാസത്തിൽ ഒഴിവാക്കണമെന്നായിരുന്നു.
അന്ന് കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ആദ്യഘട്ടത്തിൽ വിഷയത്തിന് കാര്യമായ പ്രാധാന്യം നൽകിയില്ല. സമയപരിധി കഴിഞ്ഞപ്പോൾ സുപ്രീംകോടതി കേരള സർക്കാറിനെതിരെ കോടതിയലക്ഷ്യ നിയമപ്രകാരം നടപടികൾ ആരംഭിച്ചു. സംഗതി വഷളാകുകയാണെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ ഏതാനും മന്ത്രിമാരും രാഷ്ട്രീയനേതൃത്വവും യു.ഡി.എഫ് കൺവീനർ കെ. ശങ്കരനാരായണനും ഞാനും ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് പോയി ഫാലി എസ്. നരിമാനെ സന്ദർശിച്ചു.
വിഷയം അവതരിപ്പിച്ചപ്പോൾ, എന്ത് ചെയ്താണ് ഇതിൽനിന്ന് രക്ഷപ്പെടാൻ നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് നരിമാൻ കെ.എം. മാണിയോട് ചോദിച്ചു. കെ.എം. മാണിയുടെ മറുപടി നരിമാന് തൃപ്തിയായില്ല. തുടർന്ന് അഡീഷനൽ അഡ്വക്കേറ്റ് ജനറലെന്ന നിലയിൽ എന്നോടായി ചോദ്യങ്ങൾ.
സുപ്രീംകോടതിയിലെ ജഡ്ജ്മെന്റ് വിശദീകരിച്ചിരിക്കുന്നതുപ്രകാരം ക്രീമിലെയർ എന്നുപറഞ്ഞാൽ, പിന്നാക്ക സമുദായത്തിൽപെട്ട ഒരു വ്യക്തി എപ്പോഴാണോ ഒരു മുന്നാക്ക സമുദായത്തിൽപെട്ട വ്യക്തിയുമായി മത്സരിച്ച് തുല്യമായ നിലയിൽ എത്തുന്നത് എന്നതാണെന്ന് ഞാൻ വിശദീകരിച്ചു. ഈ സമയത്ത് പിന്നാക്ക സമുദായത്തിലെയാൾ പിന്നാക്ക സമുദായത്തിൽ അംഗമല്ലാതാകുന്നു എന്നതാണ് നിർവചനമെന്നും കൂട്ടിച്ചേർത്തു.
പി.ബി. സാബന്തിന്റെ വിധിന്യായത്തിലെ ഈ ഭാഗം വായിച്ചും കേൾപ്പിച്ചു. ഇതോടെ ഫാലി എസ്. നരിമാന് വളരെ സന്തോഷമായി. എന്നാൽ, ഇനി നമുക്ക് നിയമനിർമാണത്തിലൂടെ കേസ് നേരിടാമെന്ന് അദ്ദേഹം മറുപടി നൽകി. അങ്ങനെയാണ് അന്ന് കേരളത്തിൽ റിസർവേഷൻ നിയമമുണ്ടാക്കിയത്.
മുന്നാക്ക സമുദായത്തോട് മത്സരിച്ച് അവരോടൊപ്പമെത്താൻ പ്രാപ്തിയുള്ള ആരുംതന്നെ കേരള സംസ്ഥാനത്തില്ലെന്നും അതിനാൽ കേരളത്തിൽ ക്രീമിലെയറില്ലെന്നുമുള്ള പ്രഖ്യാപനവുമായിട്ടാണ് നിയമസഭ നിയമം പാസാക്കിയത്. ഇതോടെയാണ് കോടതിയലക്ഷ്യ നടപടികളിൽനിന്ന് കേരള സർക്കാർ മോചിതരാകുകയും കരുണാകരൻ സർക്കാർ രക്ഷപ്പെടുകയും ചെയ്തത്. എന്നാൽ പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമം ചോദ്യം ചെയ്യപ്പെടുകയുണ്ടായി.
എൽ.ഡി.എഫ് സർക്കാർ വിഷയം കാര്യമായി പിന്തുണക്കാതിരുന്നതിനാൽ നിയമം റദ്ദാകുകയും ചെയ്തു. അന്ന് നരിമാനായിരുന്നില്ല, ഒരു റിട്ട. ഹൈകോടതി ജഡ്ജിയാണ് കേരളത്തിനുവേണ്ടി ഹാജരായത്. ഏത് രംഗത്തും പ്രാഥമിക തത്ത്വത്തിൽതന്നെ നിയമം വ്യാഖ്യാനിച്ച് മുന്നോട്ടുപോകാൻ കഴിവുണ്ടായിരുന്ന ഫാലി എസ്. നരിമാന്റെ വിയോഗം നിയമരംഗത്തിനും നീതിതേടുന്നവർക്കും വലിയ നഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.