മാപ്പില്ലാത്ത പിഴവ്; ഒടുവിൽ രാജിയിലൂടെ തിരുത്ത്
text_fieldsതിരുവനന്തപുരം: കമ്യൂണിസ്റ്റുകാരന് ഒരിക്കലും പാടില്ലാത്ത രാഷ്ട്രീയ പിഴവിനെ രാഷ്ട്രീയമായി തിരുത്തുകയാണ് രാജിവെക്കാൻ സജി ചെറിയാനോട് നിർദേശിച്ചതിലൂടെ സി.പി.എം നേതൃത്വം ചെയ്തത്. ഭരണഘടനയെയും അതിന്‍റെ മൂല്യങ്ങളെയും അവമതിച്ചുള്ള സജി ചെറിയാന്‍റെ പാർട്ടി വേദിയിലെ പ്രസംഗം വിവാദമായപ്പോൾതന്നെ ആലപ്പുഴയിൽനിന്നുള്ള അതികായന്‍റെ വീഴ്ച ഉറപ്പായിരുന്നു. സമയവും കാലവും മാത്രമേ തീരുമാനിക്കേണ്ടിയിരുന്നുള്ളൂ.
പ്രസംഗത്തിലെ 'ബ്രിട്ടീഷുകാരൻ പറഞ്ഞ് തയാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാർ എഴുതിവെച്ചു'വെന്ന വാചകമാണ് സജി ചെറിയാന് വിനയായത്. തന്‍റെ പ്രസംഗത്തിന്‍റെ അന്തഃസത്തയെയും മാധ്യമ ദുർവ്യാഖ്യാനത്തെയും കുറിച്ച് നേതൃത്വത്തോടുള്ള അദ്ദേഹത്തിന്‍റെ വിശദീകരണമെല്ലാം റദ്ദായി പോകുന്നതായി ഈ വാചകം. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ ഇതിൽ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ബി.ജെ.പി സർക്കാറിന്‍റെ നേതൃത്വത്തിൽ ഭരണഘടന അട്ടിമറിക്കുന്നതിനെതിരെ ദേശീയതലത്തിൽ സി.പി.എം പ്രചാരണം സംഘടിപ്പിക്കുമ്പോൾ ഭരണഘടനക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റംഗം നടത്തിയ പ്രസ്താവന ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതിൽ തിരുത്തൽ അല്ലാതെ സി.പി.എമ്മിന് മുന്നിൽ വേറെ വഴിയില്ലായിരുന്നു. വിവാദം കത്തിപ്പടർന്നതോടെ ബുധനാഴ്ച രാവിലെതന്നെ ഡൽഹിയിൽനിന്ന് മുതിർന്ന പി.ബി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തി. വിവാദങ്ങൾ സൃഷ്ടിച്ച സജി ചെറിയാൻതന്നെ അത് അവസാനിപ്പിക്കട്ടെയെന്ന ധാരണ അവിടെയാണ് രൂപപ്പെട്ടത്. രാജി സമയം ഉൾപ്പെടെ ഉചിതമായ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു.
എന്നാൽ, രാവിലെ നിയമസഭയിൽ നടന്ന പ്രതിപക്ഷ ബഹളവും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ പ്രകടനവും മാധ്യമ സമ്മർദവും കണക്കിലെടുത്ത് രാജിവേണ്ടെന്ന തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊണ്ടു. ചാനലുകൾ ഉൾപ്പെടെ രാജി നാളേക്ക് നീളുമെന്ന ആശയക്കുഴപ്പത്തിലായതിനു പിന്നാലെ വൈകീട്ട് 5.45 എന്ന സമയം പാർട്ടി തീരുമാനിച്ചു. നിയമസഭ പിരിഞ്ഞശേഷം ചേർന്ന അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റിലും സജി ചെറിയാൻ ഒറ്റപ്പെട്ടു. തന്‍റെ നിലപാടിൽ കൂടുതൽ വിശദീകരണത്തിനോ കടിച്ച് തൂങ്ങാനോ അദ്ദേഹം തയാറായില്ല. രാജി കാര്യം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ട് യോഗം പിരിഞ്ഞു.
അതുവരെ ഓഫിസിലിരുന്ന് അത്യാവശ്യ ഫയലുകൾ തീർപ്പാക്കിയും സ്റ്റാഫുകളോട് യാത്ര പറഞ്ഞുമാണ് സജി ചെറിയാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്. മുഖ്യമന്ത്രിക്ക് അഡ്വക്കറ്റ് ജനറലിൽനിന്ന് ലഭിച്ച നിയമോപദേശവും എതിരായിരുന്നു. മുഖ്യമന്ത്രി ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന ഗവർണറുടെ പ്രസ്താവന പന്ത് സർക്കാറിന്‍റെ കോർട്ടിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.