ഞെരിച്ചുടക്കപ്പെടുന്ന ഒച്ചകൾ
text_fieldsഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് 1000 ദിവസം തികഞ്ഞ വേളയിലാണ് ചിത്രം ഞങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്തത്. പതിനായിരം ആളുകൾ അത് കണ്ടതിന് പിന്നാലെ ഐ.ടി നിയമത്തിലെ 69എ വകുപ്പ് പ്രകാരം ചിത്രം ഇന്ത്യയിൽ തടയുന്നുവെന്നറിയിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്ന് നോട്ടീസെത്തി. നടപടിയുടെ കാരണമൊന്നും പറയാതെ ചിത്രം രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും പ്രതിരോധത്തിനും വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനും ഭരണകൂടത്തിന്റെ സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും എതിരല്ലെന്ന് നിയമപ്രകാരം സത്യവാങ്മൂലം നൽകാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു സർക്കാർ- താൻ സംവിധാനം ചെയ്ത ‘ആൻതെം ഫോർ കശ്മീർ’ എന്ന ചിത്രം സെൻസർഷിപിനിരയായ വിധം വിശദീകരിക്കുന്നു ലേഖകൻ
ഈ വർഷം ജനുവരി 17നാണ് ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി പുറത്തിറങ്ങിയത്. രണ്ടായിരത്തിലേറെ ആളുകൾ കൊലചെയ്യപ്പെട്ട 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് വിലയിരുത്തുന്ന ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ അപ്രകാശിത റിപ്പോർട്ടിനെ ഉദ്ധരിക്കുന്ന ആ ഡോക്യുമെന്ററിക്ക് അടിയന്തരമായി വിലക്കേർപ്പെടുത്താൻ നടപടികളാരംഭിച്ചു ഇന്ത്യാ സർക്കാർ. പിന്നാലെ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡുകളും നടന്നു. ബി.ബി.സി ഡോക്യുമെന്ററിക്ക് തടയിടാൻ ഉപയോഗിച്ച ഐ.ടി നിയമത്തിലെ ഇതേ 69എ വകുപ്പ് പ്രയോഗിച്ചാണ് ‘ആൻതെം ഫോർ കശ്മീർ’ എന്ന എന്റെ ചെറുചിത്രവും സർക്കാർ സെൻസർ ചെയ്തത്.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിരുന്ന കശ്മീരിന്റെ പ്രത്യേക സ്വയംഭരണ പദവി 2019 ആഗസ്റ്റ് അഞ്ചിന് ഇന്ത്യൻ പാർലമെന്റ് ഏകപക്ഷീയമായി റദ്ദാക്കിയിരുന്നു. തുടർ ദിവസങ്ങളിൽ വിദേശ മാധ്യമ പ്രവർത്തകർക്ക് അവിടെ നിരോധനം വന്നു, ഇന്റർനെറ്റ് 150 ദിവസത്തോളം തടഞ്ഞു, താഴ്വരയിൽ സമ്പൂർണ അടച്ചുപൂട്ടൽത്തന്നെ നടപ്പാക്കി. അവിടെ നിന്ന് വന്ന വാർത്തകൾ നടുക്കുന്നവയായിരുന്നു. ചെറുപ്പക്കാർ, ആക്ടിവിസ്റ്റുകൾ, നേതാക്കൾ എന്നിവരെല്ലാം ഉൾപ്പെടെ 3800ലേറെ പേരെ തടവിലിട്ടു. കുഞ്ഞുങ്ങളുടെ ഖബറടക്കത്തിന്റെയും പെല്ലറ്റുകൾ തറച്ച് കണ്ണ് നഷ്ടപ്പെട്ട ചെറുപ്പക്കാരുടെയും ചിത്രങ്ങളും കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
എന്താണ് കുറ്റമെന്നു പോലും പറയാതെ ഒരു ജനതക്കാകമാനം ഭരണകൂടം ശിക്ഷവിധിക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് കശ്മീരിനെക്കുറിച്ച് ഒരു ചിത്രമെടുക്കാൻ ഞാൻ തീരുമാനിച്ചത്. കാര്യമായ സാമ്പത്തിക പിൻബലമില്ലാതെ കടംവാങ്ങിയ ഉപകരണങ്ങളുമായി രണ്ടു വർഷം പണിപ്പെട്ട് ചിത്രം പുറത്തിറക്കി. ബലപ്രയോഗത്തിലൂടെ ഞെരിച്ചില്ലാതാക്കുന്ന കശ്മീരിയത്തിന്റെ ശബ്ദം പ്രതിഫലിപ്പിക്കാനായിരുന്നു എന്റെ ശ്രമം. എന്നാൽ, എന്റെ ശബ്ദം ഞെരിച്ചില്ലാതാക്കാൻ തീരുമാനിച്ച ഭരണകൂടം ആ ചിത്രം ഇന്ത്യയിലെ പ്രേക്ഷകരെ കാണിക്കേണ്ടെന്ന് യൂട്യൂബിന് തീട്ടൂരവും നൽകി.
നിർബന്ധിത തിരോധാനം, പാതിവിധവകളുടെ വ്യഥകൾ, ഭരണകൂട ഭീകരത എന്നിങ്ങനെ വർഷങ്ങളായി തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കശ്മീർ കാഴ്ചകളാണ് ചിത്രം പങ്കുവെച്ചത്. ഈ ദൃശ്യങ്ങൾക്കൊപ്പം അവകാശ നിഷേധങ്ങൾ പ്രമേയമാക്കുന്ന തമിഴ് റാപ്പ് ഗാനത്തിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഹിന്ദി മേൽക്കോയ്മവാദം അടിച്ചേൽപിക്കുന്നതിനെതിരെ എഴുന്നുനിന്ന തമിഴ് ഭാഷയിലുള്ള ഗാനം ഉൾക്കൊള്ളിച്ചത് ബോധപൂർവമായിരുന്നു. കശ്മീരികൾക്കൊപ്പം മുഴു ഇന്ത്യയും നിൽക്കുന്നതിന്റെ പ്രതിനിധാനം കൂടിയായിരുന്നു ഈ തെന്നിന്ത്യൻ ഗീതം. സായുധസേനാ പ്രത്യേകാധികാര നിയമം നിലനിൽക്കുന്ന സ്ഥലമാണ് കശ്മീർ. അതുപ്രകാരം, നിയമലംഘകർ എന്ന് സൈന്യം കണക്കാക്കുന്ന ആർക്കുനേരെയും വെടിവെക്കാനോ ബലം പ്രയോഗിക്കാനോ സായുധ സേനക്ക് അധികാരമുണ്ട്.
അത്തരമൊരു സാഹചര്യത്തിൽ ജീവൻതന്നെ പണയപ്പെടുത്തിയാണ് എന്റെ സംഘം ചിത്രീകരണം പൂർത്തിയാക്കിയത്. തെരുവുകൾ വാണരുളിയിരുന്ന പട്ടാള സംഘങ്ങളുടെ വാഹനവ്യൂഹങ്ങൾക്കുപിന്നാലെ മണിക്കൂറുകളോളം ഞങ്ങൾ കുരുങ്ങിക്കിടന്നു. താമസമേഖലകളെന്നോ വ്യാപാര കേന്ദ്രങ്ങളെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഓരോ നൂറുമീറ്ററകലത്തിലും മെഷീൻ ഗണുകളേന്തിയ സൈനികരെ കാണാമായിരുന്നു. ചിത്രീകരണം പൂർത്തിയായ ദിവസം ഞങ്ങളുടെ ലൊക്കേഷനിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് സി.ആർ.പി.എഫുകാർ ആശുപത്രിയിലായി. അര മണിക്കൂർ മുമ്പ് അവിടെ എത്തിയിരുന്നെങ്കിൽ മരണം പോലും സംഭവിച്ചേനെ.
ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് 1000 ദിവസം തികഞ്ഞ 2022 മേയിലാണ് ചിത്രം ഞങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്തത്. രാജ്യത്തെ സ്വതന്ത്രമനസ്കരായ കലാകാരന്മാർ, മാധ്യമ-മനുഷ്യാവകാശ പ്രവർത്തകർ എന്നിവരിൽനിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. പക്ഷേ, യൂട്യൂബിൽ പതിനായിരം ആളുകൾ ചിത്രം കണ്ടതിന് തൊട്ടുപിന്നാലെ ഐ.ടി നിയമത്തിലെ 69എ വകുപ്പ് പ്രകാരം ചിത്രം ഇന്ത്യയിൽ തടഞ്ഞിരിക്കുന്നുവെന്നറിയിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്ന് എനിക്ക് നോട്ടീസെത്തി. എന്തിനാണ് ഇത്തരമൊരു നടപടി എന്നൊന്നും അതിലില്ലായിരുന്നു. പകരം ഈ ചിത്രം രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും പ്രതിരോധത്തിനും വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനും ഭരണകൂടത്തിന്റെ സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും എതിരല്ലെന്ന് നിയമപ്രകാരം സത്യവാങ്മൂലം നൽകാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു.
നോക്കണേ, പത്ത് മിനിറ്റുമാത്രം ദൈർഘ്യമുള്ള ഈ ചിത്രം ആണവശക്തിയായ മഹാരാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും പ്രതിരോധത്തിനും ഭീഷണിയാകുന്നുവെന്ന്! അതൊരു കെണിയായിരുന്നു. ഭരണകൂടത്തിന് എന്നെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കുകയും എന്റെ സൃഷ്ടി മായ്ച്ചുകളയുകയും ചെയ്യണമായിരുന്നു. അവരുടെ തിട്ടൂരത്തെ ചോദ്യം ചെയ്യാൻ ഒരുമ്പെടുന്നപക്ഷം ഭാരിച്ച ചെലവുകൾ വരുത്തിവെക്കുന്ന സങ്കീർണമായ നിയമനടപടിയിലേക്ക് എന്നെ തള്ളിയിടണമായിരുന്നു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ, ഫാഷിസ്റ്റ്- നാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ പ്രചോദിതരായ ആർ.എസ്.എസും അവരുടെ തെരഞ്ഞെടുപ്പ് മുഖമായ ബി.ജെ.പിയും നയിക്കുന്ന സർക്കാറിന്റെ മനുഷ്യാവകാശലംഘന ചരിത്രംവെച്ച് നോക്കുമ്പോൾ ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
കോർപറേറ്റുകളെ സഹായിക്കാനുള്ള വിവാദ നിയമനിർമാണത്തെ എതിർക്കുന്ന കർഷകർ, മുസ്ലിംകളോട് പ്രകടമായ വിവേചനം പുലർത്തുന്ന പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികക്കുമെതിരെ സമരം ചെയ്യുന്ന ഡൽഹിയിലും രാജ്യമൊട്ടുക്കുമുള്ള വിദ്യാർഥികൾ, അധികാര ദുർവിനിയോഗം റിപ്പോർട്ട് ചെയ്യാനും എതിരിടാനും ധൈര്യപ്പെടുന്ന മാധ്യമ പ്രവർത്തകർ, കലാപ്രവർത്തകർ, മനുഷ്യാവകാശപ്പോരാളികൾ എന്നിങ്ങനെയുള്ള വിയോജിപ്പിന്റെ ശബ്ദങ്ങളെ ആകമാനം രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അവർ ഞെരിച്ചുടക്കുന്നു. കൊടുംകുറ്റവാളികൾ എന്ന മട്ടിലാണ് മനുഷ്യാവകാശ പ്രവർത്തകരെ നേരിടുന്നത്. വിദ്യാർഥി നേതാവ് ഉമർ ഖാലിദ് രണ്ടുവർഷമായി ജയിലിലാണ്.
ഭീകരവാദ വിരുദ്ധ നിയമം ചുമത്തപ്പെട്ട 84 വയസ്സുണ്ടായിരുന്ന, പാർക്കിൻസൺസ് രോഗിയായ സ്റ്റാൻ സ്വാമി എന്ന ജസ്യൂട്ട് പുരോഹിതന് 271 ദിവസം നീണ്ട തടവറവാസത്തിൽനിന്ന് വിടുതൽ കിട്ടാൻ മരണം വന്നുവിളിക്കേണ്ടിവന്നു. കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ ഖുർറം പർവേസ് ഏകദേശം രണ്ടുവർഷമായി തടങ്കലിലാണ്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ അതിക്രമങ്ങൾ രേഖപ്പെടുത്തിവെച്ച ടീസ്റ്റ സെറ്റൽവാദിനെയും വംശഹത്യയിലെ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും തടവിലിട്ടു. ആൾട്ട് ന്യൂസ് എന്ന വസ്തുതാ പരിശോധന വെബ്സൈറ്റിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറും നേരിട്ടു സമാനമായ ഭരണകൂട പീഡനം. ഗോവിന്ദ് പൻസാരെ, എം. കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയ ചിന്തകരും എഴുത്തുകാരും മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടത് മതേതരത്വത്തിലും സാമൂഹിക നീതിയിലും പുലർത്തിയ അചഞ്ചലമായ പ്രതിബദ്ധതയുടെ പേരിലാണ്.
ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയോ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള 10 മിനിറ്റ് ചിത്രമോ കാണാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്ന അതേ സർക്കാർ അവരുടെ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും കിട്ടാവുന്ന മാധ്യമങ്ങളിലൂടെയെല്ലാം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ വലിയ പ്രോത്സാഹനം നൽകുന്ന കശ്മീർ ഫയൽസ് പോലുള്ള ചിത്രങ്ങൾ തനി അശ്ലീല പ്രൊപഗണ്ടയാണെന്ന് ഇതിനകം വെളിപ്പെട്ടുകഴിഞ്ഞതാണ്.
ഇൻറർനെറ്റ് തടസ്സപ്പെടുത്തുന്നതിൽ ലോകത്ത് ഒന്നാംസ്ഥാനക്കാരായി മാറിയിരിക്കുന്നു ഇന്ത്യൻ സർക്കാർ. ഒപ്പം 265ലേറെ വ്യാജ വാർത്ത ഔട്ട്ലെറ്റുകളുടെ ശൃംഖലയെ ഉപയോഗപ്പെടുത്തി അവരുടെ താൽപര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കൻ ടെക് കമ്പനികളും ഇതിൽ സർക്കാറിന്റെ കൂട്ടാളികളാണ്. 2021ൽ പാസാക്കിയ പുതിയ നിയമ പ്രകാരം സർക്കാർ ‘നിയമവിരുദ്ധം’ എന്ന് കരുതുന്ന ഉള്ളടക്കങ്ങൾ ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സ്ഥാപനങ്ങൾ നീക്കം ചെയ്തുകൊള്ളണം, ചില സന്ദേശങ്ങൾ നൽകുന്ന പോസ്റ്റുകളും പോസ്റ്ററുകളും യഥാർഥമാണ് എന്ന് തിരിച്ചറിയുകയും വേണം. മറ്റു പലയിടങ്ങളിലുമെന്നപോലെ ഇന്ത്യയിലും സ്വേച്ഛാധിപത്യം സാധ്യമാക്കാൻ ഈ സാങ്കേതിക ഭീമന്മാരെല്ലാം കൈകോർക്കുന്നു.
നിലവിലെ ഇന്ത്യൻ അവസ്ഥകളെ ചോദ്യം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന കലാകാരന്മാരെയും എഴുത്തുകാരെയും തേടി സെൻസർഷിപ്, ഭയപ്പെടുത്തൽ, അറസ്റ്റ് അല്ലെങ്കിൽ അതിലും ഭയാനകമായ നടപടികൾ വന്നേക്കാവുന്ന സാഹചര്യമാണിന്ന്. ഇതിനെ ചെറുക്കാനും രാജ്യത്ത് മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും പുലരുന്നുവെന്ന് ഉറപ്പാക്കാനും ഓരോ മനുഷ്യരും തുനിഞ്ഞിറങ്ങാൻ സമയമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.