ആന്റണിയുടെ കുറ്റവും ശിക്ഷയും
text_fieldsഅനിൽ ആന്റണി കാവി പുതച്ചു. വിലയിരുത്തലുകൾ പല വഴിക്കാണ്: ചെക്കൻ ഗതി പിടിക്കില്ല. കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. നേരത്തേ പോയവരുടെ കാര്യമെന്തായി? അല്ലെങ്കിൽതന്നെ, ബി.ജെ.പിക്ക് എന്തു നേട്ടം? ആന്റണിയുടെ വളർത്തുദോഷം, അല്ലാതെന്ത്? അടക്ക മടിയിൽ വെക്കാം, കമുകായാൽ എന്തു ചെയ്യാൻ! ഇന്ദിരയുടെ മരുമക്കൾക്കും ചെറുമക്കൾക്കും ആകാമെങ്കിൽ ആന്റണിയുടെ മകന് ബി.ജെ.പിയിൽ പോയാലെന്താ? അല്ലെങ്കിൽ തന്നെ, ആന്റണിക്ക് പണ്ടേയുണ്ട് മൃദുഹിന്ദുത്വ ലാളന.
കോൺഗ്രസിലെ പോരും പാരവെപ്പും സൈബർ ആക്രമണവും മൂലം അള മുട്ടിയല്ലേ ആ ചെറുപ്പക്കാരൻ കാവിപ്പാളയത്തിൽ ചെന്നു കയറിയത്? എന്നാലും കടുംകൈയായിപ്പോയി.. അങ്ങനെ പോകുന്നു കമന്റുകൾ. അപ്പനെയാണോ മകനെയാണോ കുറ്റപ്പെടുത്തേണ്ടത് എന്ന കാര്യത്തിലുമുണ്ട് തർക്കം. എല്ലാറ്റിലുമുണ്ട് കുറെയേറെ ശരികൾ. പഴയ പക വെച്ചിട്ടെന്നപോലെ, അനിലിനെയും ആന്റണിയെയും ഒരുപോലെ ആക്രമിക്കാനുള്ള സുവർണാവസരം മുതലാക്കുന്നവർ വേറെയുണ്ട്.
ആൻറണിക്ക് പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറ്റവും മനോവിഷമമുണ്ടാക്കിയ സംഭവമാണിതെന്നാണ് മകനായ അജിതും ഉറ്റ സുഹൃത്തുക്കളും ഒരേപോലെ പറയുന്നത്. 82ാം വയസ്സിലെത്തിനിൽക്കുന്ന സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിൽ സമ്പാദിച്ച പ്രതിച്ഛായ പൊടുന്നനെ എവിടെയോ തട്ടിത്തകർന്ന പോലെ. സംസ്ഥാന കോൺഗ്രസിൽ അവസാന വാക്കായും ദേശീയ കോൺഗ്രസിൽ വിശ്വസ്ത ഉപദേശകനായും ആദർശ-ലാളിത്യ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായുമെല്ലാം പടർന്നുപന്തലിച്ച ആന്റണി കടുത്ത അമർഷം ഏറ്റുവാങ്ങുന്ന സന്ദർഭം.
രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ശക്തി പോലും ചോർത്തിക്കളഞ്ഞ് വായടപ്പിച്ചുകളയുകയാണ് മകൻ ചെയ്തത്. ഇതിനെല്ലാമിടയിൽ, അനിലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ആദ്യവും അവസാനവുമായൊരു പരസ്യപ്രതികരണം നടത്തി, ദീർഘായുസ്സിന് താൽപര്യമില്ലെന്നുവരെ പറഞ്ഞ് ഗദ്ഗദകണ്ഠനായ ആന്റണിക്ക്, മൗനത്തിന്റെ വല്മീകത്തിലേക്ക് ഊളിയിട്ട്, ചെന്നുകാണുന്നവരോടുപോലും സംസാരിക്കാൻ താൽപര്യമില്ല.
മകൻ ബി.ജെ.പിയിൽ പോയാൽ ആൻറണി എന്തു ചെയ്യാൻ? ആരു പോയാലും, തന്നെ സംശയിക്കേണ്ട എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താം. മരണംവരെ താൻ കോൺഗ്രസുകാരനാണെന്ന് ആന്റണി ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്. വയസ്സ് 38ൽ എത്തിയ ഒരു മകനെ തടഞ്ഞുനിർത്താൻ ആന്റണിക്കെന്നല്ല, ഒരു പിതാവിനും കഴിഞ്ഞെന്നുവരില്ല. എന്നാൽ, ആന്റണി ഇന്ന് അനുഭവിക്കുന്നതായി കാണുന്ന ഉള്ളുരുക്കം മക്കൾ രാഷ്ട്രീയത്തെ താലോലിക്കുന്ന ഓരോ രാഷ്ട്രീയ നേതാവിനും പാഠമാണ്.
മക്കളെ രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുകയോ പ്രയത്നിക്കുകയോ ചെയ്തവരുടെ പട്ടികയിൽ അവസാന വരികളിൽ മാത്രമായിരിക്കാം ആന്റണിയുടെ സ്ഥാനം. അദ്ദേഹം പട്ടികയിൽപെട്ടത്, മകനെ രാഷ്ട്രീയത്തിലെത്തിക്കാൻ പണിപ്പെട്ടതിന്റെ പേരിലാവില്ല. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള മകന്റെ മോഹത്തെ മുളയിലേ നുള്ളാതിരുന്നതുകൊണ്ടാണ്. അന്ന് അതിനു കഴിഞ്ഞിരുന്നെങ്കിൽ, ഇക്കണ്ട കാലംകൊണ്ട് പടുത്തുയർത്തിയ രാഷ്ട്രീയപ്പെരുമക്ക് ഒരു പോറൽപോലും ഏൽപിക്കാൻ മകന് സാധിക്കുമായിരുന്നില്ല.
പിതാവിന്റെ രാഷ്ട്രീയവും പാർട്ടിയും കാലാന്തരത്തിൽ മക്കൾ പിന്തുടർന്നു കൊള്ളണമെന്നില്ല. എന്നുമാത്രമല്ല, രാഷ്ട്രീയ ചാതുര്യം സ്വയം ആർജിച്ചെടുക്കേണ്ടതാണ്; ഹോർമോൺ ഫലിക്കില്ല. ആശയാദർശ നിലപാടുകൾ മനഃസാക്ഷിയുടെ തട്ടകത്തിൽനിന്ന് തേച്ചുമിനുക്കി പുറത്തെടുക്കേണ്ടതാണ്; കുത്തിവെച്ചിട്ടു കാര്യമില്ല. അണികളും പൊതുജനങ്ങളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ നേടിയെടുക്കേണ്ടതാണ് തിരിച്ചറിവുകൾ. ഇതെല്ലാം ഒരു പിതാവിനും മകന് കൈമാറിക്കൊടുക്കാനാകില്ല. പിതാവ് നേടിയ രാഷ്ട്രീയ സമ്പത്തിന്റെ തണൽപറ്റി രാഷ്ട്രീയത്തിലിറങ്ങുന്ന മക്കൾക്ക് ഇതൊന്നും കൈമുതലായി ഇല്ലെങ്കിൽ പടവലങ്ങാ വളർച്ചയാണ് ഉണ്ടാവുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് കാര്യമില്ല. പിതാവിനോടുള്ള അമർഷംകൂടി അവർ ഏറ്റുവാങ്ങേണ്ടിവരും. അവിടെയാണ് മക്കൾ രാഷ്ട്രീയത്തിന്റെ പരാജയം.
പിതാവിന്റെ പിന്തുടർച്ചാവകാശം രാഷ്ട്രീയ ഗോദയിൽ നേടിയെടുത്ത മക്കളെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ലെങ്കിലും, അപ്പനേക്കാൾ വളർന്ന മക്കൾ വിരലിലെണ്ണാൻതന്നെ ഇല്ലാത്തത് ഇതെല്ലാം കൊണ്ടാണ്. കേരളത്തിലെ കോൺഗ്രസ് മുതൽ കേരള കോൺഗ്രസ് വരെ അതാണ് സ്ഥിതി. മകനെ ആന്റണി വിദേശ പഠനത്തിന് വിട്ടത് അത് തിരിച്ചറിയുന്നതുകൊണ്ടുകൂടിയാകാം. എന്നാൽ, രാഷ്ട്രീയ ആഡംബരങ്ങൾ കണ്ട് രാഷ്ട്രീയത്തിലേക്ക് അനിൽ ചുവടുവെച്ചപ്പോൾ ആന്റണി എതിർത്തില്ല. രാഷ്ട്രീയത്തിലെ തന്റെ ആശയാദർശങ്ങൾ പിൻപറ്റാൻ കഴിയുന്നില്ലെങ്കിൽ, അത്തരക്കാരനായൊരു മകൻ നാളെയൊരിക്കൽ തന്റെ പ്രതിച്ഛായ തകർത്തേക്കാമെന്ന് ആന്റണിയെന്ന പിതാവ് മുൻകൂട്ടി കണ്ടില്ല. നിത്യശത്രുവായിരുന്ന കെ. കരുണാകരന്റെ മകനെ കൈ പിടിച്ചു കൊണ്ടുവന്ന ആന്റണിയുടെ ഹൃദയം അനിലിന്റെ കാര്യത്തിലും തരളിതമായി.
അനിൽ കാവിരാഷ്ട്രീയം പിൻപറ്റുന്നതിന്റെ ശിക്ഷ ആന്റണി മാത്രം അനുഭവിച്ചാൽ പോരാ. കോൺഗ്രസും കേരളവും അനുഭവിച്ചേ തീരൂ. ആൻറണിയുടെ മകനും കാവിയുടുത്തെന്ന ആപത്കരമായ സന്ദേശമാണ് അതിലൂടെ പ്രസരിക്കുന്നത്. മുൻകാല രീതികൾ വെച്ചുനോക്കിയാൽ അനിൽ പുതിയൊരു ടോം വടക്കൻ മാത്രമായി തീരുമെന്നാകാം സ്വാഭാവിക പ്രവചനം. അങ്ങനെ മാത്രമായിരിക്കണമോ എന്ന് നിശ്ചയിക്കേണ്ടത്, ആന്റണിയുടെ പേര് രാഷ്ട്രീയക്കളത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കുന്ന ബി.ജെ.പിയാണ്.
സജീവ രാഷ്ട്രീയം മതിയാക്കി, കോൺഗ്രസിൽതന്നെ മൂലക്കായ അഞ്ജനമാണ് ആന്റണി. ആദർശം, ലാളിത്യം തുടങ്ങി അദ്ദേഹത്തിന്റെ രാഷ്ട്രീയ പെരുമകളും ജനിച്ച സമുദായവുമൊക്കെ ചൂണ്ടിക്കാട്ടി മുതലാക്കാൻ തങ്ങൾക്കൊപ്പമെത്തിയ മകനെ ബി.ജെ.പി ഉപയോഗിക്കും. അതിനൊത്ത് പദവികളും അവസരങ്ങളും കൊടുത്തെന്നും വരാം.
ആന്റണിയുടെ മകന് ആകാമെങ്കിൽ, മറ്റാർക്ക് ആയിക്കൂടാ എന്ന ചോദ്യം ബി.ജെ.പിയോടുള്ള അയിത്തം മാറ്റാൻ പാകത്തിൽ വിവിധ പാർട്ടികളിലും സമുദായങ്ങളിലുമുള്ള തൽപര കക്ഷികളും ബി.ജെ.പിയും സൗകര്യപൂർവം ഉയർത്തിയെന്നും വരും. എന്നാൽ അനിൽ ആന്റണിയെയും ആ ചെറുപ്പക്കാരന്റെ പുതിയ രാഷ്ട്രീയവും ഉൾക്കൊള്ളാൻ ഇനിയും കേരളം പാകമായിട്ടില്ലെന്ന യാഥാർഥ്യത്തിനു മുന്നിൽ തന്നെയാണ് ബി.ജെ.പി. ആന്റണിയുടെ പേര് ഉപയോഗിക്കാമെന്നല്ലാതെ, കോൺഗ്രസുകാർക്ക് ചെലവാക്കാൻ പറ്റാത്ത അനിലിനെ ബി.ജെ.പി കേരളത്തിൽ എങ്ങനെ ചെലവാക്കാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.