പിറക്കുമോ, കാൽപന്തിൽ ഒരു അറബ് വസന്തം
text_fieldsപ്രീമിയർ ലീഗ്, ലാലിഗ, സീരി എ, ലീഗ് വൺ, ബുണ്ടസ് ലിഗ... ഫുട്ബാൾ പ്രേമികളുടെ ലീഗ് ഫുട്ബാൾ കാഴ്ച മുൻഗണന ഇങ്ങനെ കോർത്തിടാം. പുതിയ സീസണോടെ ഈ ഗണത്തിലേക്ക് അപ്രതീക്ഷിത അതിഥി കടന്നുവരുകയാണ്- സൗദി പ്രോ ലീഗ്.
ലോക ഫുട്ബാളിലെ സമവാക്യങ്ങൾ മാറ്റാൻ തക്ക പ്രഹരശേഷിയോടെയാണ് ആ വരവ്. ഖത്തർ ലോകകപ്പിലൂടെ അറബ് ലോകം നേടിയെടുത്ത ഖ്യാതിയുടെ തുടർച്ചയിൽ കതിരിടുന്ന ഈ വിപ്ലവത്തെ പക്ഷേ, സ്വൽപം അസൂയയോടെയും അവജ്ഞയോടെയുമാണ് യൂറോപ്യൻ ഫുട്ബാൾ ലോകം കാണുന്നത്- ഖത്തർ ലോകകപ്പിനോട് കാണിച്ച അതേ മനോഭാവം തന്നെ.
എന്നാൽ, ഖത്തർ വൻ വിജയമായത് പോലെ തന്നെ, സൗദി പ്രോ ലീഗും ‘വിന്നിങ് പ്രോജക്ട്’ ആകുമെന്നാണ് അറബ് ലോകത്തിന്‍റെ, വിശേഷിച്ച് സൗദി ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ, കാൽപന്തിൽ ഒരു അറബ് വസന്തം പിറക്കും.
ചിത്രം മാറുന്നു
പോയ സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് അൽ നസ്റിലേക്കുള്ള ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് മുതലാണ് സൗദി പ്രോ ലീഗ് ഫുട്ബാൾ പേജുകളിൽ ഇടംപിടിച്ചു തുടങ്ങിയത്. ഈ സീസണോടെ ചിത്രം മാറും. കാരണം, യൂറോപ്പിലെ മൈതാനങ്ങളിൽ സീസൺ ഒടുക്കംവരെ നിറഞ്ഞാടിയ ഒരുപിടി വമ്പൻ താരങ്ങളെയാണ് വിവിധ സൗദി ക്ലബുകൾ ഇതിനകം വലയിലാക്കിയത്.
സമ്മർ കൈമാറ്റ ജാലകം തുറന്നിരിക്കുന്നത് യൂറോപ്പിലാണെങ്കിലും കാര്യമായ നേട്ടം പ്രോലീഗ് ടീമുകളായിരുന്നു. ഈ വർഷം ലയണൽ മെസ്സിയെയും അൽ ഹിലാലിനെയും ചേർത്തുള്ള ഊഹാപോഹങ്ങളിൽനിന്നാണ് സൗദി ലീഗ് ചർച്ചകൾക്ക് വിസിൽ മുഴങ്ങിയത്. എന്നാൽ, മെസ്സി എം.എൽ.എസിൽ കൂടണഞ്ഞു. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ നിലവിലെ ബാലൻ ഡി ഓർ ജേതാവ് കരീം ബെൻസേമ അൽ ഇത്തിഹാദിലേക്ക് എത്തിയതോടെ സൗദി ലീഗ് ചർച്ചകൾക്ക് വീണ്ടും കിക്കോഫായി.
പിറകെ ഫ്രഞ്ച് ദേശീയ ടീമിലെ സഹതാരവും ചെൽസിയുടെ കളി മെനച്ചിൽ യന്ത്രവുമായ എൻഗോളോ കാൻറയും അതേ ടീമിലെത്തി. ചെൽസിയിൽനിന്ന് തന്നെയുള്ള സെനഗാളിന്റെ പ്രതിരോധ താരം ഖാലിദ് കൗലിബാലി അൽ ഹിലാലിലേക്കും ഗോൾകീപ്പർ എഡ്വാഡ് മെൻഡി അൽ അഹ്ലിയിലേക്കും വരാനുറച്ചതോടെ യൂറോപ്യൻ കൈമാറ്റ ജാലകം അക്ഷരാർഥത്തിൽ നിന്നുകുലുങ്ങി.
പിന്നെയങ്ങോട്ട് ട്രാൻസ്ഫർ പെരുമഴയായിരുന്നു. ഒരൊറ്റ ദിവസം വിവിധ സൗദി ടീമുകൾ നടത്തിയത് അഞ്ച് വമ്പൻ ട്രാൻസ്ഫറുകൾ. മാഴ്സലോ ബ്രസോവിച്ചിനെ അൽ നസ്ർ ഇന്‍ററിൽനിന്ന് പൊക്കി. അൽ ഇത്തിഫാഖ് പരിശീലകനായി ഇംഗ്ലീഷ് ഇതിഹാസതാരം സ്റ്റീവൻ ജെറാഡെത്തി. അൽ ഇത്തിഹാദ് പോർചുഗീസ് യുവതാരം ജോട്ടയെ പിടിച്ചു. ബ്രസീലിന്‍റെ മുന്നേറ്റ താരം റോബർട്ടോ ഫെർമിനോയെ അൽ അഹ്ലിയും സ്വന്തമാക്കി.
ഈ ഒഴുക്ക് ഇനിയും തുടരുമെന്നാണ് ഫുട്ബാൾ മാധ്യമങ്ങൾ പ്രവചിക്കുന്നത്. സി.ബി.എസ് സ്പോർട്സ് പറയുന്നത്, സാക്ഷാൽ നെയ്മർ തന്നെയും അൽ ഹിലാലിന്റെ റഡാറിലുണ്ടെന്നാണ്. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ബെർണാഡോ സിൽവ, ലിവർപൂളിൽനിന്ന് ജോർഡൻ ഹെൻഡേഴ്സൺ അടക്കമുള്ള വൻപേരുകളും എത്താനിടയുണ്ട്.
സൗദിയുടെ ‘വിഷൻ 2030’
ലോകത്തെ മുൻനിര സാമ്പത്തിക ശക്തിക്തിയാവുക എന്ന ലക്ഷ്യവുമായി ‘വിഷൻ 2030’ എന്ന പേരിൽ രാജ്യത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന പരിഷ്കരണ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിൽ സൗദി ഭരണകൂടം. കായിക രംഗം, വിശേഷിച്ച് ഫുട്ബാൾ അതിലേക്കുള്ള സുപ്രധാന ചവിട്ടുപടിയാണ്. അയൽരാജ്യം ഖത്തർ ലോകകപ്പിലൂടെ കൈവരിച്ച കുതിപ്പ് അവർക്ക് മുന്നിലുണ്ട്. പ്രോലീഗിലെ അൽ നസ്ർ, അൽ ഹിലാൽ, അൽ അഹ്ലി, അൽ ഇത്തിഹാദ് എന്നീ വമ്പൻമാന്മാരെ സ്പോൺസർ ചെയ്യുന്നത് ഭരണകൂടം തന്നെയാണ്.
ക്രിസ്റ്റ്യാനോയെ റെക്കോഡ് തുകക്ക് അൽ നസ്റിൽ എത്തിച്ചത്, അദ്ദേഹത്തിന്‍റെ കാലിലെ കളികണ്ട് മാത്രമായിരുന്നില്ല; അതുവഴി, രാജ്യത്തിന് ലഭിക്കുന്ന ദൃശ്യതയും മൂലധനപരവും വാണിജ്യപരവുമായ നേട്ടങ്ങളും അവർ മുന്നിൽകണ്ടു. ആ ലക്ഷ്യം, പ്രാരംഭഘട്ടത്തിൽ തന്നെ കൊയ്തെടുത്തതിന്റെ തെളിവാണ് ഈ സീസണിലെ താരഒഴുക്ക്. നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ സൗദി ലീഗ് ലോകത്തെ ‘ടോപ് ഫൈവ് ലീഗ്’ കളിൽ ഒന്നാകുമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്ക് ചിരിച്ചുതള്ളേണ്ട ഒന്നല്ലെന്ന് ചുരുക്കം.
താരങ്ങൾക്ക് എന്താണ് നേട്ടം?
താരതമ്യേന സമ്മർദം കുറഞ്ഞ തൊഴിൽ അന്തരീക്ഷത്തിൽ അത്യാകർഷവും അപ്രതീക്ഷിതവുമായ ശമ്പളം എന്നതാവും ആദ്യ ഉത്തരം. കരിയറിന്റെ സായാഹ്നത്തിൽ നിൽക്കുന്ന താരങ്ങൾക്ക് ഇതിലും വലിയ ഓഫർ ഇനി കിട്ടാനില്ല. കളിക്കളത്തിലെ വേഗവും ചടുലതയും കുറഞ്ഞുവരുമ്പോൾ ചൈനീസ് ലീഗിലേക്കും എം.എൽ.എസിലേക്കുമെല്ലാം വഴിമാറലായിരുന്നു പതിവ്.
ആ സ്ഥാനമാണ് ഞൊടിയിട കൊണ്ട് സൗദി നേടിയെടുത്തത്. എന്നാൽ, വെറ്ററൻ താരങ്ങളെക്കാൾ കരിയറിന്റെ മധ്യഘട്ടത്തിലെത്തി നിൽക്കുന്ന താരങ്ങളാണ് ഇത്തവണ കൂടുതലും സൗദി ലീഗിലെത്തിയത്. യൂറോപ്പ്യൻ കൈമാറ്റ വിപണിയിൽ ഇംഗ്ലീഷിതര താരങ്ങൾ നേരിടുന്ന ശമ്പള വിവേചനവും വംശീയ ആക്രമണങ്ങളും അതിലേക്ക് വഴിവെച്ച മറ്റൊരു ഘടകമാണ്.
മലയാളികൾക്കും സന്തോഷം
ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ടെലിവിഷനിലും മൊബൈൽ സ്ക്രീനിലും മാത്രം കണ്ട താരങ്ങളെ റിയാദിലെയും ജിദ്ദയിലെയും കളിമൈതാനങ്ങളിൽ നേരിട്ട് കാണാൻ അവസരമൊരുങ്ങും. താരങ്ങളെ കാണുന്നതിനപ്പുറം, ഉയർന്ന നിലവാരമുള്ള ഫുട്ബാൾ ആസ്വദിക്കാൻ അവർക്ക് സൗഭാഗ്യമുണ്ടാകും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.