ഡൽഹി ‘ആം ആദ്മി’യുടേതാക്കി കെജ്രിവാളിന്റെ പടിയിറക്കം
text_fieldsസൗജന്യ ബസ് യാത്രയിലൂടെ അരവിന്ദ് കെജ്രിവാൾ സ്ത്രീകൾക്കേകിയ ആത്മ വിശ്വാസവും കരുത്തും എത്രത്തോളമെന്നറിയാൻ ഡി.ടി.സി ബസിലെ ഒരു യാത്ര മതി. പുരുഷന്മാർ ജോലിക്കുപോകുന്ന വീടുകളിൽനിന്ന് ആശുപത്രി അടക്കമുള്ള വീട്ടുകാര്യങ്ങൾക്കും കുടുംബകാര്യങ്ങൾക്കും സ്ത്രീകളെ വിടുന്ന പ്രവണത രൂപപ്പെട്ടു. വീട്ടുജോലിക്ക് വരുന്ന സ്ത്രീകൾ ഒരു ദിവസം അഞ്ചും എട്ടും വീടുകളിൽ മാറിമാറി പോയി മാസം തോറും ആയിരങ്ങൾ അധികമായി സമ്പാദിച്ചുതുടങ്ങിമുറാദാബാദിൽനിന്ന്...
സൗജന്യ ബസ് യാത്രയിലൂടെ അരവിന്ദ് കെജ്രിവാൾ സ്ത്രീകൾക്കേകിയ ആത്മ വിശ്വാസവും കരുത്തും എത്രത്തോളമെന്നറിയാൻ ഡി.ടി.സി ബസിലെ ഒരു യാത്ര മതി. പുരുഷന്മാർ ജോലിക്കുപോകുന്ന വീടുകളിൽനിന്ന് ആശുപത്രി അടക്കമുള്ള വീട്ടുകാര്യങ്ങൾക്കും കുടുംബകാര്യങ്ങൾക്കും സ്ത്രീകളെ വിടുന്ന പ്രവണത രൂപപ്പെട്ടു. വീട്ടുജോലിക്ക് വരുന്ന സ്ത്രീകൾ ഒരു ദിവസം അഞ്ചും എട്ടും വീടുകളിൽ മാറിമാറി പോയി മാസം തോറും ആയിരങ്ങൾ അധികമായി സമ്പാദിച്ചുതുടങ്ങി
മുറാദാബാദിൽനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് ബസ് മാർഗം തിരിച്ച ആതിക് ഡൽഹി അതിർത്തിയിലെ കാളിന്ദി കുഞ്ചിലെത്തിയപ്പോൾ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ (ഡി.ടി.സി) എയർകണ്ടീഷൻ ചെയ്ത മുന്തിയ ഇലക്ട്രിക് ബസ് കിടക്കുന്നതുകണ്ട് ഒന്ന് കയറി നോക്കിയതാണ്. കേവലം 20 രൂപക്ക് ഇലക്ട്രിക് എ.സി ബസിൽ നിസാമുദ്ദീനിലെത്താമെന്നറിഞ്ഞപ്പോൾ അവിശ്വാസം. കൂടെയുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെല്ലാം ബസിൽ സൗജന്യ യാത്രയാണെന്നറിഞ്ഞപ്പോൾ അമ്പരപ്പ്. ഇതെങ്ങനെ ഒത്തുപോകുമെന്ന് ചോദിച്ചപ്പോൾ ഒത്തിട്ടല്ലല്ലോ പൊതു ഗതാഗതം നടത്തേണ്ടതെന്ന മറുപടി ആതികിന് ബോധിച്ചു. അതിനോടുള്ള പ്രതികരണമെന്നോണമാണ്, സ്ത്രീകൾക്ക് സൗജന്യമാക്കിയപ്പോൾ പുരുഷന്മാർക്ക് യാത്ര ചെയ്യാൻ വയ്യാതായെന്നും കെജ്രിവാളാണ് എല്ലാറ്റിനും കാരണക്കാരനെന്നുമുള്ള വേവലാതി തൊട്ടടുത്തിരിക്കുന്ന ഒരു കെജ്രിവാൾ വിരുദ്ധന്റേതായി വന്നത്.
എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസ്) വഴി കടന്നുപോകുന്ന തൊട്ടപ്പുറത്ത ബസിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് കാണിച്ചു കൊടുത്തതോടെ ആ വേവലാതിയടങ്ങി. എയിംസിലേക്ക് പോകുന്ന വളരെ സാധാരണക്കാരായ രോഗികളും സഹായികളുമായിരുന്നു അതിലേറെയും. ആ സ്ത്രീകളിലേറെയും യോഗി ഭരിക്കുന്ന യു.പിയിൽ നിന്നുള്ളവരുമായിരുന്നു. ഡൽഹി അതിർത്തി കടന്നാൽ അവർക്കും യാത്രാക്കൂലി വേണ്ടാ. നോയ്ഡയിലെത്തിയാൽ പിന്നെ അവരുടെ യാത്ര ഡി.ടി.സി ബസുകളിലാണ്.
സൗജന്യ ബസ് യാത്രയിലൂടെ അരവിന്ദ് കെജ്രിവാൾ സ്ത്രീകൾക്കേകിയ ആത്മ വിശ്വാസവും കരുത്തും എത്രത്തോളമെന്നറിയാൻ ഡി.ടി.സി ബസിലെ ഒരു യാത്ര മതി. പുരുഷന്മാർ ജോലിക്കുപോകുന്ന വീടുകളിൽനിന്ന് ആശുപത്രി അടക്കമുള്ള വീട്ടുകാര്യങ്ങൾക്കും കുടുംബകാര്യങ്ങൾക്കും സ്ത്രീകളെ വിടുന്ന പ്രവണത രൂപപ്പെട്ടു. വീട്ടുജോലിക്ക് വരുന്ന സ്ത്രീകൾ ഒരു ദിവസം അഞ്ചും എട്ടും വീടുകളിൽ മാറിമാറി പോയി മാസം തോറും ആയിരങ്ങൾ അധികമായി സമ്പാദിച്ചുതുടങ്ങി. സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾക്കും പെൺമക്കൾക്കും കുടുംബ- ബന്ധു സന്ദർശനങ്ങൾക്ക് ഗൃഹനാഥന്മാരോട് വാഹനക്കൂലിക്ക് കൈനീട്ടേണ്ട സാഹചര്യമില്ലാതായി. സുരക്ഷക്കായി ബസുകളിൽ ഗാർഡുകളെ കൂടി വെച്ചതോടെ ഓഫിസുകളിൽ പതിവായി വാഹനമോടിച്ചുവന്നിരുന്ന ഉപരി മധ്യവർഗ സ്ത്രീകൾ സ്വന്തം കാറുകൾ വീട്ടിൽവെച്ച് സർക്കാർ ബസ് യാത്രയുടെ സ്ഥിരം ഗുണഭോക്താക്കളായി. മാസം തോറും ഇന്ധനമടിക്കാനും ഡൽഹി മെട്രോക്കും നൽകിക്കൊണ്ടിരുന്ന പണമിവർക്കും മിച്ചം.
ഇത്രയും പേർ ഒറ്റക്ക് അവരവരുടെ വാഹനങ്ങളിൽ വന്നാലുണ്ടാകാവുന്ന പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ആശ്വാസം കൂടി കിട്ടുന്നുണ്ട് ഡൽഹിക്ക്. സ്ത്രീകളെ പോലെ പുരുഷന്മാർക്ക് സൗജന്യമില്ലെന്നേയുള്ളൂ. ഡൽഹിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പോകാൻ 15ന്റെയും 25ന്റെയും ടിക്കറ്റ് മതി. ഒരു ദിവസം മുഴുവനും ഡൽഹിയിൽ യാത്ര ചെയ്യാനുള്ള ബസ് പാസ് കേവലം 50 രൂപക്ക് കിട്ടും. 1000 രൂപക്ക് ഒരു മാസത്തേക്കുള്ള പാസും കിട്ടും. പൊതു ഗതാഗതമെന്നത് ലാഭനഷ്ടം നോക്കി നടത്തേണ്ട ഒന്നല്ലെന്നും സർക്കാർ ജനങ്ങൾക്ക് നൽകേണ്ട സേവനമാണെന്നും കെജ്രിവാളിനോളം ബോധ്യപ്പെടുത്തിയ മറ്റൊരു മുഖ്യമന്ത്രിയുണ്ടാവില്ല.
ഒരു സാധാരണ കുടുംബത്തിന് ആവശ്യമായ അളവിൽ വൈദ്യുതിയും വെള്ളവും സൗജന്യമാക്കിയത് ഇറങ്ങുന്നതുവരെ അതുപോലെ തുടരാൻ കെജ്രിവാളിന് കഴിഞ്ഞു. വൈദ്യുതി മീറ്ററിൽ ഉപയോഗിച്ചതായി കാണിക്കുന്ന യൂനിറ്റ് 199 ആണെങ്കിൽ ഇപ്പോഴും ഒരു രൂപ പോലും ഉപഭോക്താവ് അടക്കേണ്ടതില്ല. കെജ്രിവാളിന്റെ ഇടപെടലോടെ തന്നെയാണ് ഡൽഹിയുടെ പൊതു വിദ്യാഭ്യാസവും പൊതുആരോഗ്യവും സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന തരത്തിലേക്കുയർന്നത്. ഇതേക്കുറിച്ചെല്ലാം വേണ്ടുവോളം വിലയിരുത്തലുകൾ വന്നുകഴിഞ്ഞതാണ്. നിലപാടുകളിൽ അരാഷ്ട്രീയക്കാരനായ, അണ്ണാ ഹസാരെയുടെ ഈ പഴയ ശിഷ്യനെക്കുറിച്ച് പറയാൻ ആയിരം ആക്ഷേപങ്ങളുണ്ടെങ്കിലും അരവിന്ദ് കെജ്രിവാൾ എന്ന മുഖ്യമന്ത്രി ഡൽഹിയുടെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ കാണാതിരുന്നുകൂടാ. അഴിമതിക്കേസിൽ കുടുക്കി പടിയിറക്കുമ്പോഴും ആം ആദ്മി (സാധാരണക്കാരന്റെ) പാർട്ടിയുമായി വന്ന ആ കുറിയ മനുഷ്യനാണ് ഡൽഹി ആം ആദ്മിയുടേത് (സാധാരണക്കാരന്റേത്) കൂടിയാക്കി മാറ്റിയതെന്ന് പറയാതിരിക്കാനാവില്ല. അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെന്തു ചെയ്തുവെന്ന മധ്യവർഗത്തിന്റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.