വാഹനത്തിന്റെ പിന്നിലിരിക്കുന്നവരുടെ തല പൊട്ടുന്നതല്ല, അവർക്ക് ഹെൽമറ്റ് വേണ്ട...!
text_fieldsമെഡിക്കൽ കോളജിൽ പഠിക്കുമ്പോഴായിരുന്നു കാർ ഡ്രൈവിങ് പഠിച്ചത്. ഡ്രൈവിങ് പഠിക്കാൻ ഒരു ഞായറാഴ്ച രാവിലെ ശംഖുംമുഖത്തേയ്ക്ക് പോയപ്പോൾ വണ്ടിയോടിച്ചത് പരിശീലിപ്പിക്കാൻ വന്ന പരിചയക്കാരനായ ഡ്രൈവറായിരുന്നു. പല ചെറുപ്പക്കാരെയും പോലെ മറ്റുള്ളവർ വണ്ടിയോടിക്കുന്നത് ഞാനും അതിനൊക്കെ മുമ്പേ സസൂക്ഷ്‌മം നിരീക്ഷിച്ചിരുന്നു. പിന്നെ, ക്ലച്ചും ഗിയറുമൊക്കെ മാറ്റുന്നത് പഠിക്കാൻ കോമൺസെൻസ് മാത്രം മതിയായിരുന്നു. അതെനിക്ക് കവിഞ്ഞൊഴുകുകയായിരുന്നു. ഉച്ചയ്ക്ക് തിരികെ ഡ്രൈവറുടെ സാന്നിദ്ധ്യത്തിൽ ഞാൻ തന്നെ ഓടിച്ചു വന്നു. സ്റ്റീയറിംഗ് ബാലൻസിൽ ഞാൻ പ്രകടിപ്പിച്ച മികവ് പരിശീലകനെ അതിശയിപ്പിച്ചു. എനിക്ക് മൂന്ന് കുറവുകൾ മാത്രം ഉണ്ടെന്ന് ഡ്രൈവർ അച്ഛനോട് പറഞ്ഞു. ഒന്ന്, ഞാൻ ആവശ്യത്തിന് ഹോൺ അടിക്കുന്നില്ല. രണ്ട്, വണ്ടി തിരിക്കുന്നതിന് മുമ്പായി കൈ നല്ലവണ്ണം പുറത്തേക്കിട്ട് സിഗ്നൽ കാണിക്കുന്നില്ല. മൂന്ന്, ഓവർടേക് ചെയ്യാൻ ധൈര്യമില്ല. ആ കുറവുകൾ കൂടി ചെറുതായി പരിഹരിച്ച് രണ്ടു ദിവസത്തിനകം ഞാൻ സ്ഥിരമായി വണ്ടിയോടിക്കാൻ തുടങ്ങി.
തുടക്കം മുതലേ വളരെ സൂക്ഷിച്ച് വണ്ടിയോടിക്കുന്ന ശീലമുണ്ടായിരുന്നതിനാലും എൻെറ പഴയ ഫിയറ്റ് കാർ അധികം വേഗത്തിൽ ഓടാത്തതിനാലും ഒരിക്കലും അപകടമുണ്ടായില്ല. പതുക്കെ ഓടിക്കുന്നതു കാരണം എഞ്ചിൻ ഇല്ലാത്ത കാളവണ്ടിയെന്നൊക്കെ ആദ്യകാലത്ത് കൂട്ടുകാർ കളിയാക്കിയപ്പോഴും സ്വന്തം താളത്തിലുള്ള ഡ്രൈവിംഗ് ഞാനാസ്വദിച്ചു. അതിനാൽ പിൽക്കാലത്ത് മെച്ചപ്പെട്ട കാറുകൾ ഉപയോഗിച്ചപ്പോഴും അപകടങ്ങൾ ഉണ്ടായില്ല. റോഡിന്റെ ഒരറ്റത്തു കൂടി സാവധാനം കാറോടിച്ചു പോകുന്ന എന്റെ ഡ്രൈവിങ് രാജ്യത്തെ ഏറ്റവും നല്ല ഡ്രൈവിങ് ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കേരളമാകെ ഞാനങ്ങനെ ഓടിച്ചു. 1999 - ൽ ലോകാരോഗ്യ സംഘടനയിൽ ജോലി കിട്ടിയപ്പോൾ പുതിയ മഹീന്ദ്ര ജീപ്പാണ് കിട്ടിയത്. അതിന്റെ ഡ്രൈവർമാരെയും സൂക്ഷിച്ചും പതുക്കെയും വണ്ടിയോടിക്കാൻ ഞാൻ പഠിപ്പിച്ചു. സുരക്ഷിതമല്ലാത്ത റോഡുകളിൽ പതുക്കെ പോകുമ്പോൾ പിന്നിൽ വന്ന് ഹോണടിച്ച് ബഹളം വെച്ചവർക്കായി ഒഴിഞ്ഞു കൊടുത്തു. രാഷ്ട്രപതിഭവനിൽ അടിയന്തിര സത്യപ്രതിജ്ഞയ്ക്ക് പോകുന്നവരാണ് നാട്ടിലെ റോഡിൽ അധികം പേരും. നമ്മൾ അവരെ തടയാൻ പാടില്ല.
2003 -ൽ ഡൽഹിയിലേക്ക് താമസം മാറി, പതിയെ ജീവിതം തുടങ്ങിയപ്പോഴാണ് കേരളത്തിലെ ഡ്രൈവിങ് അവിടെ ഓടില്ലെന്ന് മനസ്സിലായത്. ഡൽഹിയിൽ മുന്നിലുള്ള വണ്ടിയുടെ ഏതു വശത്തുകൂടെയും ഓവർടേക്ക് ചെയ്യാം. അത്യാവശ്യം വന്നാൽ താഴെക്കൂടെയും. മറികടക്കാൻ പറ്റിയില്ലെങ്കിൽ മുന്നിലുള്ള ഡ്രൈവറെ ഹോൺ മുഴക്കി വിരട്ടണം. അവിടെ റോഡിന്റെ ഏതു വശത്തേയ്ക്കും വണ്ടി വെട്ടിക്കാം. എവിടെ വേണമെങ്കിലും പെട്ടെന്ന് ബ്രേക്ക് ചവിട്ടാം. നിയമം സിംപിൾ ആണ്. മുന്നോട്ടു മാത്രം നോക്കി വണ്ടിയോടിക്കുക. പിന്നിലുള്ളവരെ പൂർണ്ണമായി അവഗണിക്കുക. പിന്നിൽ നിന്ന് ആരെങ്കിലും വന്ന് നമ്മുടെ വണ്ടിയിൽ മുട്ടിച്ചാൽ അത് അയാളുടെ കുറ്റം. നമ്മൾ പോയി ആരുടെയും പിന്നിൽ മുട്ടിക്കാതെ നോക്കണം. തിരക്കുള്ള റോഡുകളിൽ നമ്മുടെ വണ്ടി മറ്റേതെങ്കിലും വണ്ടിയുമായി മുട്ടിയാൽ അതങ്ങ് സഹിച്ച് ഓടിച്ചു പോകണം. അന്ന് വാങ്ങിയ പുതിയ കാറാണെങ്കിലും സഹിക്കണം. വണ്ടി നിർത്തിയാൽ ട്രാഫിക് കുരുക്കുണ്ടാകും. കൂടുതൽ പരിക്കുകൾ കിട്ടിയെന്നും വരും. പിന്നിലുള്ള ഡ്രൈവർമാരിൽ നിന്നും ഹോണും തെറിയും കിട്ടും. പുതിയതും വിലപിടിപ്പുള്ളതുമായ കാറുകൾ ചുറ്റിനും പെയിന്റ് പോയും ചളുങ്ങിയും കാണുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നും. നമ്മുടെ വണ്ടിയും അങ്ങനെയാകുമ്പോൾ അത് ശീലമാകും.
പിന്നീട് കിഴക്കൻ തിമോറിൽ ജോലി ചെയ്തപ്പോൾ തലസ്ഥാനായ ദിലിയിൽ സ്ഥിരമായി താമസിച്ച ഹോട്ടലിൽ നിന്ന് ഓഫീസിൽ പോകാനും വരാനും ലോകാരോഗ്യ സംഘടനയുടെ വാഹനമുണ്ടായിരുന്നതിനാൽ അവിടെ വണ്ടിയോടിക്കേണ്ടി വന്നില്ല. അവിടത്തെ ഡ്രൈവിങ് പൊതുവേ ഭേദമായിരുന്നു. കാരണം വലിയ അപകടം പറ്റിയാൽ ചികിത്സിക്കാൻ നല്ല ആശുപത്രികളില്ല. ഹെലികോപ്റ്ററിൽ ആസ്ട്രേലിയയിലെ ഡാർവിനിൽ എത്തിക്കണം. അതൊക്കെ ചെലവുള്ള കാര്യമല്ലേ.
2008-ൽ ജനീവയിൽ താമസമായപ്പോൾ അവിടത്തെ ട്രാഫിക് രീതികൾ പുതിയ അനുഭവമായിരുന്നു. ഇരപ്പിച്ചുള്ള ഓട്ടമില്ല. ഹോണടിയില്ല. ട്രാഫിക് ലൈറ്റുകളെ എല്ലാവരും ബഹുമാനിക്കും. പരസ്പരം തെറിവിളിയില്ല. റോഡ് കടക്കാനായി ശ്രമിക്കുന്ന കാൽനട യാത്രക്കാർക്കായി വാഹനങ്ങൾ നിർത്തിക്കൊടുക്കും. എതിരേ വരുന്ന വാഹനത്തിന് കടന്നു പോകാൻ ഒരാൾ വണ്ടി നിർത്തിക്കൊടുത്താൽ മറ്റേയാൾ കൈയുയർത്തിക്കാണിച്ച് ചിരിച്ച് നന്ദി അറിയിക്കും. പാതിരാത്രിയിൽ മറ്റൊരു വാഹനവും റോഡിൽ ഇല്ലെങ്കിലും ചുവപ്പ് ലൈറ്റിൽ വണ്ടി നിർത്തി പച്ചയാകാൻ കാത്തുനിൽക്കും. വണ്ടിയോടിക്കാൻ പറ്റിയ സ്ഥലം ഇതു തന്നെ, ഞാൻ ഉറപ്പിച്ചു. ഒരു മാസത്തിനകം കാർ വാങ്ങി.
ആദ്യത്തെ ട്രിപ്പ് അല്പം നീണ്ടതായിരുന്നു. ജർമനിയിലെ ടെഗേൺസീയിലേക്ക്. സ്വിറ്റ്സർലണ്ടിന്റെ കിഴക്കേയറ്റം കടന്ന് ഓസ്ട്രിയയിലൂടെ ജർമനിയിൽ എത്തണം. ഒരുവഴിക്ക് അറുനൂറിലധികം കിലോമീറ്റർ. രാത്രിയാണ് വണ്ടിയോടിച്ചത്. റൺവേ പോലത്തെ നല്ല റോഡുകൾ. വളരെ വേഗതയിൽ ഓടിച്ചു പോകാൻ കഴിയും. പക്ഷേ, ഞാൻ വളരെ പതിയെ ഓടിച്ചു. താമസിയാതെ ഒരു പൊലീസ് വാൻ ഒപ്പമെത്തി, എന്തിനാണ് ഇത്ര കുറഞ്ഞ വേഗതയിൽ ഓടിക്കുന്നതെന്ന് ചോദിച്ചു. ഓരോ ട്രാക്കിലും ഓടിക്കേണ്ട മിനിമം വേഗതയുണ്ടെന്ന് അപ്പോൾ മനസിലായി. പതുക്കെയോടിക്കുന്നത് എല്ലാ സാഹചര്യത്തിലും മികച്ച ഡ്രൈവിങ് അല്ലെന്നറിഞ്ഞു. ഞാൻ വേഗത കൂട്ടി. എങ്കിലും അനുവദിച്ചിട്ടുള്ള വേഗപരിധി കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
ജനീവയിൽ തിരികെ വന്ന് നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഒരേപോലത്തെ രണ്ട് നല്ല വെള്ള കവർ വന്നു. എന്തോ സന്തോഷ വാർത്ത ആയിരിക്കുമെന്നോർത്ത് പൊട്ടിച്ചു വായിച്ചപ്പോൾ നെഞ്ച് തകർന്നുപോയി. കാറിന് ഫൈനടിച്ചിരിക്കുന്നു. ജർമ്മനിക്കുള്ള യാത്രയിൽ സ്വിറ്റ് സർലണ്ടിൽ രണ്ടു പ്രാവശ്യം വേഗപരിധി ലംഘിച്ചിരിക്കുന്നു. അത് രാത്രി കാമറയിൽ പതിഞ്ഞിരിക്കുന്നു. അവിടെ കാമറകൾ രാത്രി ഉറങ്ങാറോ പണിമുടക്കാറോ ഇല്ല. രണ്ട് ഫൈനും കൂടി നാനൂറിൽപ്പരം സ്വിസ് ഫ്രാങ്ക്. അന്നൊക്കെ വിദേശ കറൻസി എപ്പോഴും രൂപയായി മനസിൽ കൺവെർട്ട് ചെയ്തു നോക്കും. പതിനൊന്നു കൊല്ലം മുമ്പത്തെ ഇരുപത്തയ്യായിരം രൂപ. ആദ്യം കിട്ടിയത് തന്നെ നല്ല ശിക്ഷ. സ്വിറ്റ്സർലണ്ടിൽ ജീവിച്ച ബാക്കി അഞ്ചു കൊല്ലം വളരെ മര്യാദയ്ക്ക് വണ്ടിയോടിച്ചു. നഗരങ്ങളിലൊക്കെ പതിനഞ്ചും ഇരുപതും കിലോമീറ്റർ വേഗത്തിൽ മാത്രം ഓടിക്കേണ്ട സ്ഥലങ്ങളുണ്ട്. എല്ലായിടത്തും കാമറക്കണ്ണുകളും.
ഇവിടെ അമേരിക്കയിൽ പലയിടത്തും കാമറകൾ ഉണ്ട്. എങ്കിലും കൂടുതലും വഴിയരികിൽ നിയമലംഘനം പിടികൂടാൻ പതുങ്ങിനിൽക്കുന്ന പൊലീസാണുള്ളത്. നമ്മൾ ട്രാഫിക് ലംഘനം നടത്തിയാൽ പൊലീസ് കാർ അതിന്റെ നീല വെളിച്ചം മിന്നിച്ച് നമ്മുടെ പിറകേ കൂടും. നമ്മൾ വണ്ടി നിർത്തണം. നിയമലംഘനത്തിന് ഫൈൻ കിട്ടും. പണമടയ്ക്കാൻ കുറച്ച് ദിവസം സമയം കിട്ടും. പക്ഷേ, നല്ല തുകകൾ ആണ് ശിക്ഷ. സ്വിറ്റ്സർലണ്ടിൽ നിന്ന് പാഠം പഠിച്ചതിനാൽ അമേരിക്കയിലും വളരെ മര്യാദയ്ക്ക് വണ്ടിയോടിക്കുന്നു.
ഇപ്പോൾ തിരികെ നാട്ടിൽ വരുമ്പോൾ റോഡിലിറങ്ങാൻ പേടിയാണ്. കൂറേനാൾ നിയമത്തെ അനുസരിച്ച് ജീവിച്ചാൽ അതൊരു ശീലമായിപ്പോകും. അതു കാരണമാണ് പേടി. വാഹനങ്ങൾ ഇരപ്പിച്ച് വെട്ടിയൊഴിച്ച് ഹോണടിച്ച് അർമാദിച്ച് വരുന്നതു കാണുമ്പോൾ മരണഭയം ഉണ്ടാകും. ചെവിപൊട്ടുന്ന ഹോൺ അമർത്തിപ്പിടിച്ചാണ് പലരും വണ്ടിയോടിക്കുന്നത്. നക്ഷത്രങ്ങൾ പതിച്ച ഉയർന്ന പോലീസ് ഓഫീസർമാരുടെ കാറുകളും ഇതിന് അപരാധമല്ല. പീക്കിരി പിള്ളേർ ഇരുചക്ര വാഹനങ്ങളിൽ റോക്കറ്റു പോലെ പറന്നു പോകുമ്പോൾ കണ്ടു നിൽക്കുന്നവർ ഉച്ചത്തിൽ അവരുടെ പിതാക്കളെ സ്മരിക്കുന്നത് കേൾക്കാം. സ്വകാര്യ ബസുകൾ ഓടുന്നതു കണ്ടാൽ അത് അവരുടെ അവസാനയാത്രയാണെന്ന് തോന്നിപ്പോകും. ബസുകൾക്ക് ഇരുചക്ര വാഹനങ്ങളെയും കാൽനടക്കാരെയുമൊക്കെ പുഛമാണ്. നിനക്കൊക്കെ റോഡിൽ എന്ത് കാര്യം എന്ന നിലയിലാണ് അവരെ നോക്കി ഹോണടിക്കുന്നത്. ഇരുചക്ര വാഹനക്കാർ ഹെൽമെറ്റ് വയ്ക്കുന്നത് പൊലീസിനു വേണ്ടിയായിരുന്നു. കാർയാത്രക്കാർ സീറ്റ് ബെൽറ്റ് ഇടുന്നതും പൊലീസിനു വേണ്ടി. പൊട്ടിയ സീറ്റ് ബെൽറ്റ് പൊലീസിനെ കബളിപ്പിക്കാൻ വേണ്ടി മാത്രം ഒരു റബർ ബാൻഡ്കൊണ്ട് കെട്ടിയിരുന്ന ഒരാളെയും അറിയാം. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്ക് ഹെൽമറ്റ് വേണ്ട. അവരുടെ തല പൊട്ടുന്ന തലയല്ല. കാറിന്റെ പിൻസീറ്റിൽ സീറ്റ് ബെൽറ്റും വേണ്ട. അവരും അപകടത്തിന് അതീതരാണ് !
നാട്ടിൽ റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കുളള പിഴ പത്തിരട്ടിയായെന്ന് അറിഞ്ഞു. നിയമം നടപ്പിലായ ദിവസം തന്നെ ഡ്രൈവങിൽ നല്ല മര്യാദ വന്നതായി വാർത്ത കേട്ടു. നല്ല കാര്യം. കൈയിലെ കാശ് പോകുമെന്ന് കണ്ടാൽ നമ്മളെല്ലാം മര്യാദക്ക് വണ്ടിയോടിക്കും. അല്ലെങ്കിൽ എപ്പോഴും നമ്മൾ നല്ലവരും മറ്റുള്ളവർ മോശക്കാരുമെന്ന ചിന്താഗതി മാത്രമേ കാണൂ. ഫൈനടിക്കുന്നത് കാമറ മാത്രമായി മാറണം. പൊലീസിനെ അതേൽപ്പിച്ചാൽ ചിലയിടങ്ങളിൽ പതിനായിരം രൂപ ഫൈൻ എന്നത് ആയിരത്തിൽ ഒതുക്കി അത് പൊലീസുകാർ കൈക്കലാക്കും. മറ്റൊരു അഡ്ജസ്റ്റുമെന്റ്. ഡൽഹിയിൽ ജീവിക്കുമ്പോഹ ഇത്തരം വിലപേശലുകൾ ധാരാളം കണ്ടിട്ടുണ്ട്.
നമുക്കെല്ലാം തിരക്കാണ്. അത്യാവശ്യങ്ങൾ ധാരാളമുണ്ട്. പക്ഷേ, അത് റോഡിലിറങ്ങിക്കഴിഞ്ഞ് അറിയേണ്ട കാര്യമല്ല. പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെങ്കിൽ അതിനനുസരിച്ച് നേരത്തേ വീട്ടിൽ നിന്നിറങ്ങണം. റോഡിലല്ല തിരക്ക് കാണിക്കേണ്ടത്. റോഡിൽ തന്നിഷ്ട പ്രകാരം വണ്ടിയോടിക്കുന്നവർ അപകടകാരികളാണ്. അതിന് ന്യായീകരണമില്ല. അവർ സ്വന്തം ജീവിതവും നിരപരാധികളായ മറ്റുള്ളവരുടെ ജീവിതവും അപകടത്തിലാക്കും. നമ്മുടെയെല്ലാം ഉള്ളിൽ അത്തരം അപകടകാരികൾ ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ നമ്മൾ അത് സമ്മതിക്കില്ല. അപകടം പറ്റിയാൽ നമുക്കെല്ലാം നൂറ് ന്യായങ്ങൾ ഉണ്ട്. എപ്പോഴും മറ്റേയാളാണ് തെറ്റുകാരൻ. നമ്മുടെ ഡ്രൈവിങ് ആണ് ലോകത്തിൽ ബെസ്റ്റ് !
വലിയ ഫൈൻ വഴി കനത്ത ധനനഷ്ടം ഉണ്ടാകുമെന്നറിഞ്ഞാൽ നമ്മളെല്ലാം മര്യാദക്കാരാകും. കുറേ നാൾ ആ മര്യാദ തുടരുമ്പോൾ അത് സമൂഹത്തിന്റെ ശീലമാകും. അതുകൊണ്ടു തന്നെ റോഡ് ട്രാഫിക് നിയമ ലംഘനത്തിന് ശിക്ഷ കൂട്ടിയത് സ്വാഗതാർഹമാണ്. മര്യാദക്ക് വണ്ടിയോടിക്കുന്നത് ജനതയുടെ മെച്ചപ്പെട്ട സംസ്കാരത്തിന്റെ പ്രതിഫലനമാണ്. സമൂഹമെന്ന നിലയിൽ നമുക്ക് അവിടെയെത്താൻ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ആ യാത്ര സഫലമാകുന്നതിനിടയ്ക്ക് നമ്മൾ ആയിരിക്കണക്കിന് മരണങ്ങൾ ഒഴിവാക്കും. നിയമം കൃത്യമായി നടപ്പാക്കിയാൽ റോഡിൽ മരിക്കുന്നവരുടെ എണ്ണം കുത്തനെ കുറയും. ഇത്രയും വലിയ ഫൈൻ എങ്ങനെ അടയ്ക്കുമെന്ന് ചിലർ വ്യാകുലപ്പെടുന്നത് കേട്ടു. ഫൈൻ അടക്കാതിരിക്കാനുള്ള ഡ്രൈവിങ് ആണ് നമ്മൾ ശീലിക്കേണ്ടത്. ഫൈൻ വാങ്ങുന്ന സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. നാട്ടിലെ റോഡുകൾ യാത്രയ്ക്ക് സുരക്ഷിതമാക്കുക എന്നത്. റോഡപകടങ്ങൾ സംഭവിക്കുന്നത് റോഡിന്റെ തകരാറുകൊണ്ടാണെങ്കിൽ സർക്കാരിന് ഫൈൻ ഇടാനും നിയമം വേണം.
വാലറ്റം: ഇവിടെ നാട്ടിലേക്കാൾ വലിയ ട്രാഫിക് കുരുക്കുകൾ ഉണ്ടാകാറുണ്ട്. എങ്കിലും ഞങ്ങളുടെ കാറുകളുടെ ഹോൺ ശബ്ദം എന്താണെന്ന് ഇനിയും ഞങ്ങൾക്കറിയില്ല. ഹോണടിക്കാൻ ഇനിയും അവസരമുണ്ടായിട്ടില്ല. ഇവിടങ്ങളിൽ ഹോണടിക്കുന്നത് വളരെ അത്യാവശ്യമുള്ള അവസരത്തിൽ മാത്രമാണ്. അങ്ങനെയൊരാവശ്യം ഇനിയും വന്നില്ല. റോഡിൽ അപൂർവമായി ആരെങ്കിലും ഹോണടിക്കുന്നത് കേട്ടാൽ എല്ലാവരും ഞെട്ടും. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല, റോഡിൽ അനാവശ്യമായി ഹോണടിക്കാത്ത ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുമുണ്ട്. പിന്നെ, കൈ കാറിന്റെ ജനലിലൂടെ പുറത്തിട്ട് സിഗ്നൽ കാണിക്കുന്നത് നാട്ടിൽ വച്ചേ നിർത്തി. ഓവർടേക്കിംഗ് അത്യാവശ്യത്തിന് ചെയ്യുമെങ്കിലും അത് ആരെയും തോൽപ്പിക്കാനല്ല. മുപ്പതിലധികം വർഷങ്ങളായി പല രാജ്യങ്ങളിൽ വണ്ടിയോടിക്കുന്നു. റോഡിൽ ഓരോ നിമിഷവും കാണുന്നത് പുതിയ നിമിഷമാണ്. അതിനാൽ ഡ്രൈവിങിൽ ഞാൻ വിദഗ്ദ്ധനല്ല. എക്കാലത്തും എല്ലായിടത്തും വിദഗ്ദ്ധനായ ഒരു ഡ്രൈവറുമില്ല. നമ്മുടെ പരിചയവും ഡിഗ്രിയും പ്രായവുമൊന്നും റോഡിനോ എതിരേ വരുന്ന വാഹനത്തിനോ മനസ്സിലാകില്ല. അതിനാൽ പോലീസും കാമറയും ഇല്ലെങ്കിലും നമ്മൾ മര്യാദക്ക് വണ്ടിയോടിക്കണം. ചെറുപ്പക്കാരായ മക്കളോട് ഞാൻ എപ്പോഴും പറഞ്ഞു കൊടുക്കുന്ന വരികൾ ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.