ഹാഷിംപുരയുടെ ആ ചോരപ്പെരുന്നാൾ
text_fieldsമധ്യ മീറത്തിലെ ചെറു പട്ടണമായ ഹാഷിംപുരയിലാണ് പ്രശസ്തമായ ഷാ പീർ ദർഗ. ദർഗയിലേക്കുള്ള നാലടിപ്പാതയും വീടുകളുമെല്ലാം അടുക്കും ചിട്ടയുമില്ലാതെയാണ് കിടക്കുന്നത്. ഞങ്ങൾ ഇവിടെയെത്തിയപ്പോൾ പാതയുടെ തുടക്കത്തിൽതന്നെ 80കാരനായ ജമാലുദ്ദീൻ നടത്തുന്ന പലചരക്ക് കട കാണാനിടയായി. വീടിനോട് ചേർന്നാണ് കട. പാതയുടെ തുടക്കത്തിൽതന്നെയായതിനാൽ നല്ല കച്ചവടമായിരുന്നു. എന്നാൽ, 31 വർഷം മുമ്പ് ജമാലുദ്ദീെൻറ മകൻ 19കാരൻ കമാലുദ്ദീനെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി സൈനികർ പിടിച്ചുകൊണ്ടു പോയതോടെ എല്ലാം തകിടം മറിഞ്ഞു. ജീവിതം ഇൗ വൃദ്ധന് മുന്നിൽ ചോദ്യചിഹ്നമായി മാറി.
സംഭവം നടന്നത് കമാലുദ്ദീെൻറ വിവാഹം കഴിഞ്ഞയുടനെയായിരുന്നു.
തുടർന്നുള്ള പെരുന്നാൾ ദിനത്തിലാണ് മകെൻറ രക്തംപുരണ്ട വസ്ത്രങ്ങൾ ജമാലുദ്ദീന് ലഭിക്കുന്നത്. 1987ലെ മീറത്ത് കലാപത്തെ തുടർന്ന് പി.എ.സി നടത്തിയ കൂട്ടക്കൊലയിൽ കമാലുദ്ദീനും ഇരയായി. എന്നാൽ, മകെൻറ മൃതദേഹം മറവ് ചെയ്യാനുള്ള അവസരം പോലും ജമാലുദ്ദീന് ലഭിച്ചില്ല. വിവാഹ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന മകെൻറ ചിത്രം നോക്കി നെടുവീർപ്പിടുകയാണ് വൃദ്ധൻ. ഹാഷിംപുര കൂട്ടക്കുരുതിയിൽ 16 പൊലീസുകാർക്ക് ജീവപര്യന്തം ലഭിച്ചതോടെ നാട്ടുകാരിൽ അൽപം ഉണർവ് പ്രകടമാണ്. തങ്ങൾക്ക് ചെറിയ നീതി ലഭിച്ചു എന്നത് ഒഴിച്ചുനിർത്തിയാൽ ജനങ്ങൾ ഇപ്പോഴും ദുഃഖിതരാണ്. അത്രയും തീവ്രമായ വേദനയാണ് കൂട്ടക്കുരുതി അവർക്ക് സമ്മാനിച്ചത്.
മേയ് 22ന് പ്രായമുള്ളവർ ഉൾപെടെ 45 ഒാളം മുസ്ലിംകളെ വളഞ്ഞുപിടിച്ച് ട്രക്കിൽ കയറ്റിക്കൊണ്ടു പോയി വെടിവെച്ചു കൊന്ന് മൃതദേഹങ്ങൾ കനാലിലും നദിയിലും തള്ളുകയായിരുന്നുവല്ലോ. ചിലരെ മർദിച്ചവശരാക്കി ജയിലിേലക്കയച്ചു. വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ട അഞ്ചു പേരാണ് കേസിലെ ദൃക്സാക്ഷികൾ. ജനങ്ങളെ സംരക്ഷിക്കേണ്ട സൈന്യം മൃഗീയമായി പെരുമാറുകയായിരുന്നുവെന്ന് ജമാലുദ്ദീൻ പറയുന്നു. സ്ഥലവാസികളിൽ ഹിന്ദുക്കളുമുണ്ടായിരുന്നുവെങ്കിലും മുസ്ലിംകളെ മാത്രം തിരഞ്ഞു പിടിക്കുകയായിരുന്നുവെന്ന് അയാൾ സാക്ഷ്യപ്പെടുത്തുന്നു.
കൂടുതൽ പേരും കോടതിവിധി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേസ് അന്തിമ വാദത്തിനെടുത്തതു പോലും ഇരകളുടെ ബന്ധുക്കളെ ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നീതിന്യായ വ്യവസ്ഥയിൽപോലും അവർക്ക് വിശ്വാസമില്ലാതായിരിക്കുന്നു.കൂട്ടക്കുരുതിയിൽ ഭർത്താവിനെയും മകനെയും ഭർതൃ സഹോദരനെയും നഷ്ടപ്പെട്ട സറീന എന്ന 68 കാരി പറയുന്നു ‘‘കുറ്റക്കാർ ശിക്ഷിക്കപ്പെട്ടുവെന്ന് പറയുന്നു. എന്നാൽ, ഞങ്ങൾ ഇത് എങ്ങനെ വിശ്വസിക്കും. ഞങ്ങളെ കോടതിയിലേക്ക് വിളിപ്പിക്കുകയോ പ്രതികളെ കൈയാമം വെച്ച നിലയിൽ കാണാനോ ആയിട്ടില്ല. ജീവപര്യന്തമായിരുന്നില്ല, തൂക്കുകയറായിരുന്നു അവർക്ക് നൽകേണ്ടിയിരുന്നത്. ഞങ്ങളുടെ വേദന പ്രതികളുടെ കുടുംബങ്ങളും അനുഭവിച്ചറിയേണ്ടതായിരുന്നു.’’
ഇരകളുടെ പോരാട്ടത്തിനായി രൂപവത്കരിച്ച കൂട്ടായ്മയിൽ അംഗമായ ഇസ്ലാമുദ്ദീെൻറ സഹോദരനെയും പി.എ.സിക്കാർ പിടിച്ചു കൊണ്ടുപോയിരുന്നു. എന്തൊക്കെ നിയമ നടപടികൾ നടത്തിയിട്ടും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അധികൃതരുടെ നിഷേധാത്മക നിലപാടിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല എന്നാണ് അയാൾ പറയുന്നത്. എങ്കിലും താൻ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്ന് ഇസ്ലാമുദ്ദീൻ ആണയിടുന്നു. ഇയാൾക്ക് 1987ൽ 20,000 രൂപ നഷ്ട പരിഹാരം ലഭിച്ചിരുന്നുവെങ്കിലും സഹോദരെൻറ മൃതദേഹം കാണാൻ കഴിഞ്ഞിട്ടില്ല. വസ്ത്രങ്ങൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മരിച്ചവരുടെ കുടുംബത്തിന് ലഭിക്കേണ്ട സഹായം കിട്ടാതെ പോയി. സഹോദരെൻറ മരണ സർട്ടിഫിക്കറ്റിനായി ഇസ്ലാമുദ്ദീൻ മുട്ടാത്ത വാതിലുകളില്ല.
ഹാഷിംപുരയിലെ മുസ്ലിംകളിൽ കൂടുതലും ദരിദ്ര വിഭാഗമായ അൻസാരികളാണ്. നെയ്ത്തുകാരും നിത്യക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികളുമാണിവർ. കൂട്ടക്കൊലക്ക് ഇരയായവരും ഇവർതന്നെ. കേസിലെ അഞ്ച് സാക്ഷികളിൽ ഒരാളായ മിൻഹാജുദ്ദീൻ ബിഹാറിലെ ദർബംഗ സ്വദേശിയാണ്. മൂന്നു തവണ വെടിയേറ്റിട്ടും ഇയാൾ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്ക് കൊലക്കയർ തന്നെ നൽകേണ്ടിയിരുന്നുവെന്ന് മിൻഹാജുദ്ദീനും പറയുന്നു. സംഭവത്തിെൻറ ഭീകര ദൃശ്യം ഇയാൾ ഞങ്ങളോട് പങ്കുവെച്ചു. കൂട്ടത്തിൽ വിദ്യാർഥികളുണ്ടോയെന്നാണ് പി.എ.സിക്കാർ ആദ്യം ചോദിച്ചതത്രെ. തങ്ങളെ വെറുതെ വിടാനാണെന്ന് കരുതി ചെറിയ കുട്ടികൾ ഉൾപെടെയുള്ള വിദ്യാർഥികൾ കൈയുയർത്തി.
എന്നാൽ, കലിപൂണ്ട സൈനികർ ആദ്യം അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൂട്ടക്കുരുതിക്ക് ശേഷം പട്ടണത്തിലെ വിദ്യാർഥികൾ സ്കൂളുകളിൽ പോയിേട്ടയില്ലെന്ന് ജാവെദ് എന്ന 34കാരൻ പറയുന്നു. മോശം പ്രതിച്ഛായയാണ് ഇവരിൽ ചാർത്തിയത്. കെട്ടിടങ്ങളിൽ വെടിയുണ്ടകളുടെ പാടുകൾ ഇപ്പോഴുമുണ്ട്. 31 കൊല്ലം കഴിഞ്ഞിട്ടും ഞങ്ങളെ വെടിവെച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് 42കാരൻ വാജിദ് പറയുന്നു. പാവപ്പെട്ട തങ്ങളെ പാഠം പഠിപ്പിക്കുകയായിരുന്നു സർക്കാറിെൻറ ഉദ്ദേശ്യമെന്ന് കരുതുന്നതായി 56 കാരൻ റിയാസുദ്ദീൻ സംശയം പ്രകടിപ്പിച്ചു.
ജനങ്ങളെ സംരക്ഷിക്കാനാണ് പി.എ.സി എത്തുന്നതെന്ന് പ്രാദേശിക ജനപ്രതിനിധി രാജേന്ദ്രൻ അഗർവാളിനെ ഉദ്ധരിച്ച് ‘ദൈനിക് ജാഗരൺ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ പത്രം ഹാഷിംപുരയിൽ വിതരണവും ചെയ്തു. സത്യത്തിൽ പി.എ.സിക്കാർ വന്നിരുന്നില്ലെങ്കിൽ തങ്ങൾ രക്ഷപ്പെടുമായിരുന്നുവെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. മൂന്നു ദിവസം നീണ്ട കൂട്ടക്കുരുതിക്കിടയിൽ ആകാശത്ത് ഹെലികോപ്ടർ വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ ഞങ്ങളോട് വെളിപ്പെടുത്തി. ഹാഷിപുര കശാപ്പുശാലയാണെന്ന മട്ടിൽ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തതും പ്രദേശത്തിെൻറ പ്രതിച്ഛായ തകർക്കാൻ ഇടയായെന്ന് അവർ കുറ്റപ്പെടുത്തുന്നു. പൊലീസുകാർക്ക് ജീവപര്യന്തം ലഭിച്ചതുകൊണ്ട് തങ്ങളുടെ ദുരിതത്തിന് ഒരു അറുതിയുമുണ്ടായിട്ടില്ലെന്നാണ് ഹാഷിംപുരക്കാർ പറയുന്നത്.
(മാധ്യമ പ്രവർത്തകനും
കോളമിസ്റ്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.