ജീവൽപ്രശ്നങ്ങൾക്കുണ്ടോ ചെപ്പടിവിദ്യ?
text_fieldsപിപ്പിടിവിദ്യയും ചെപ്പടി കളികളുമൊക്കെ നല്ലതുതന്നെ. തരം കിട്ടുമ്പോഴൊക്കെ കൊമ്പുകോർക്കുകയോ ചിന്നിച്ചിതറുകയോ ചെയ്യട്ടെ. പക്ഷേ പൊടിപാറിയ ഏറ്റുമുട്ടലുകളുടെ ചൂടേറിയ കാഴ്ചകൾക്ക് നടുവിൽ നിത്യജീവിതത്തോടുള്ള ഗത്യന്തരമില്ലാത്ത ഏറ്റുമുട്ടലുകളിൽ ചോര പൊടിഞ്ഞു നിൽക്കുന്ന സാധാരണക്കാരനെ ഒരുവട്ടമെങ്കിലും ഒന്ന് തിരിഞ്ഞു നോക്കണം. പിപ്പിടിവിദ്യകൾ കാട്ടി ക്ഷീണിച്ച് വിശ്രമിക്കുമ്പോഴെങ്കിലും ഈ പാവങ്ങളുടെ ദൈന്യതയിലേക്ക് അൽപമൊന്ന് കണ്ണയക്കാൻ കനിവുണ്ടാകണം. പറയാതിരിക്കാൻ നിവൃത്തിയില്ല. പിടിച്ചുനിൽക്കാനുള്ള പെടാപ്പാടും വിയർപ്പും കണ്ണീരുമെല്ലാം ആരുടെയും കണ്ണിൽപെടാതെ നിറംമങ്ങി പൊടിഞ്ഞൊടുങ്ങുകയാണ്.
വിലക്കയറ്റം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വർധിക്കുകയാണ്. സാധാരണ ജനങ്ങൾ ആഴ്ചകളായി പൊറുതിമുട്ടി കഴിയുമ്പോഴും സർക്കാറിന് അനക്കമില്ല. പുറത്തുനിന്ന് അവശ്യസാധനങ്ങൾ എത്തിച്ച് ജനങ്ങളെ സഹായിക്കുകയെന്ന മുൻകാല പതിവിന് ഇത്തവണ വലിയ പ്രാധാന്യവും സർക്കാർ നൽകുന്നില്ലെന്നതാണ് ഏറെ വിചിത്രം. ഇക്കാര്യത്തിൽ സഹകരണ, ഭക്ഷ്യവകുപ്പുകൾ തമ്മിൽ സൗഹൃദമത്സരം നടത്തിയ പഴയകാലമൊക്കെ ഓർമയായിരിക്കുന്നു. വിലക്കയറ്റം രൂക്ഷമാകുമ്പോഴും കാർഷികോൽപന്ന വിലയിടിവ് കാരണം സംസ്ഥാനത്തെ കർഷകർ ദുരിതത്തിലാണ്. വിൽപനക്ക് കാർഷിക വിളകളുമായി കമ്പോളത്തിലെത്തുന്ന കർഷകർ കണ്ണീരോടെയാണ് മടങ്ങുന്നത്.
അതേസമയം, കർഷകരിൽ നിന്ന് സാധനങ്ങൾ തുച്ഛമായ വിലയ്ക്ക് നേരിട്ട് വാങ്ങുന്നവർ വിൽക്കുന്നത് കൊള്ളവില ഈടാക്കിയാണ്. റബർ തുടങ്ങിയ നാണ്യവിളകൾക്ക് വിലയുമില്ല. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി പരമദയനീയമാണ്. ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്തുപോലും സ്ഥിതി വ്യത്യസ്തമല്ല. റോഡുകളിൽ സ്വാഭാവികമായി ഉണ്ടാകുന്ന കുഴികൾക്ക് പുറമെ ജലഅതോറിറ്റിയും സ്വകാര്യ കേബ്ളുകാരും സൃഷ്ടിക്കുന്ന കുഴികളെ മാത്രം സഹിച്ചാൽ മതിയായിരുന്നു മുമ്പെങ്കിൽ ഇപ്പോൾ അദാനിക്കുഴിയേയും പേടിക്കണം. തദ്ദേശ ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള മിക്ക റോഡുകളിലും കാൽനടപോലും ദുഷ്കരമായിരിക്കുന്നു. ലഹരിയുടെ മുഖ്യകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു. ഇതിലെ അപകടം മണത്ത സർക്കാർ അനങ്ങിത്തുടങ്ങിയപ്പോഴേക്കും ഏറെ വൈകിപ്പോയെന്ന് പറയാതെ വയ്യ. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനമെമ്പാടും തെരുവ്നായ്ശല്യം രൂക്ഷമായിട്ട് മാസങ്ങളായി. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർക്ക് പോലും നായുടെ കടിയേൽക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന ഭരണകൂടമോ പ്രദേശിക ഭരണകൂടങ്ങളോ അതൊന്നും ഗൗനിക്കുന്നേയില്ല. രാജ്യത്ത് മികച്ച പൊലീസ് സംവിധാനമുള്ള സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. പലപ്പോഴും രാഷ്ട്രീയമായി ബന്ധിക്കപ്പെട്ടുവെന്ന് പൊലീസിനെതിരെ ആക്ഷേപം ഉയരാറുണ്ടെങ്കിലും അവരുടെ അന്വേഷണ മികവ് അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, സമീപകാലത്തായി ഏറെ ആക്ഷേപമാണ് പൊലീസിനെതിരെ ഉയരുന്നത്. ലൈംഗികപീഡനം, ആത്മഹത്യാപ്രേരണ, ലഹരിക്കടത്ത്, മോഷണം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളിലും പൊലീസുകാർ ഉൾപ്പെട്ടുകഴിഞ്ഞു. ജനങ്ങളോട് അവർ കാട്ടുന്ന അതിക്രമങ്ങളും സ്വന്തം തൊഴിലിനോട് കാട്ടുന്ന ഉദാസീനതയും അതിനു പുറമെയാണ്.
സംസ്ഥാനം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാൻ ഒരു ഭരണസംവിധാനത്തിനും കഴിയില്ല. എന്നാൽ, അടിയന്തര വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുകയെന്ന മിനിമം ഉത്തരവാദിത്തം ഏത് ഭരണകൂടത്തിനുമുണ്ട്. വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കുന്ന ജനങ്ങളോടുള്ള ബാധ്യത വിസ്മരിക്കുന്നത് ഏത് പാർട്ടിക്കാരായാലും അത് ജനാധിപത്യത്തിന് ചേർന്നതല്ല.
സംസ്ഥാന തലവനായ ഗവർണറും ഭരണത്തലവനായ മുഖ്യമന്ത്രിയും രാഷ്ട്രീയമായി വ്യത്യസ്ത ആശയക്കാരാണ്. എന്നാലും ഇരുവരും ഏറെക്കാലവും നല്ലബന്ധത്തിലായിരുന്നു. പൗരത്വവിഷയത്തിൽ ന്യൂനപക്ഷവിരുദ്ധ നിലപാടെടുത്ത ഗവർണർക്കെതിരെ പ്രതിപക്ഷം നീങ്ങിയപ്പോൾപോലും അതിനോട് യോജിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഗവർണറുടെ വാദത്തോട് മുഖ്യമന്ത്രിക്ക് യോജിപ്പുണ്ടായത് കൊണ്ടായിരുന്നില്ല അത്. മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്രസർക്കാറിന്റെ പ്രതിനിധിയുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. എന്തായാലും അന്നത്തെ അനുനയ സമീപനമൊന്നും ഇപ്പോൾ മുഖ്യമന്ത്രിക്കില്ല. നിയമസഭ പാസാക്കിയ പല ബില്ലുകൾക്കും അംഗീകാരം നൽകാൻ ഗവർണർ ഇതുവരെ തയാറായിട്ടില്ല. ഭരണത്തലവന്മാർ നേർക്കുനേർ പോർവിളിക്കുന്നതിനിടയിൽ കേൾക്കാതെ പോകുന്നത് വിശന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിലാണ്. ഒരു പക്ഷേ, ഭരണകൂടം ആഗ്രഹിക്കുന്നതും അതുതന്നെയായിരിക്കും.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.