അത്ര രുചികരമല്ലാത്ത ചില അമുൽ വർത്തമാനങ്ങൾ
text_fieldsടേസ്റ്റ് ഓഫ് ഇന്ത്യ എന്നാണ് വർഗീസ് കുര്യൻ എന്ന ക്രാന്തദർശിയായ മലയാളി സാമൂഹിക സംരംഭകൻ തുടക്കം കുറിച്ച, ഗുജറാത്ത് കോഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലോകപ്രശസ്ത ഇന്ത്യൻ ക്ഷീര-ക്ഷീരോൽപന്ന ബ്രാൻഡായ അമുലിന്റെ പരസ്യവാചകം. ഇന്ത്യയിലെ പാലുൽപാദനത്തിന്റെയും ഗുജറാത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെയും ഗതിമാറ്റിയതിന്റെ ക്രെഡിറ്റ് അമുലിനാണ്. കേരളത്തിലെ ക്ഷീരവികസനത്തിനായി ആ മാതൃക നടപ്പാക്കാൻ മന്ത്രി ജെ. ചിഞ്ചുറാണിയും സംഘവും ഗുജറാത്തിലെ ആനന്ദ് സന്ദർശിച്ച് പഠനം നടത്തി മടങ്ങിയിട്ടേയുള്ളൂ. എന്നാൽ, പരസ്യത്തിൽ അവകാശപ്പെടുന്നതു പോലെ അമുൽ ഇന്ത്യയുടെ മൊത്തം രുചിയല്ലെന്ന് ബോധ്യപ്പെടുത്തുന്നു കർണാടകയിൽ ഉയരുന്ന ചില പ്രതിഷേധങ്ങൾ. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിയുടെ തോളിലേറി ബംഗളൂരു മാർക്കറ്റിലേക്ക് കടന്നുകയറാൻ അവർ നടത്തുന്ന നീക്കമാണ് എതിർപ്പുകൾക്ക് വഴിയൊരുക്കിയത്. ‘സേവ് കെ.എം.എഫ്’, ‘സേവ് നന്ദിനി’, ‘അമുൽ ഗോ ബാക്ക്’ എന്നീ ഹാഷ് ടാഗുകളിൽ സമൂഹമാധ്യമങ്ങളിൽ അമുൽ വിരുദ്ധ കാമ്പയിൻ ട്രെൻഡിങ്ങാണിപ്പോൾ.
അമുൽ കഴിഞ്ഞാൽ ക്ഷീരോൽപന്ന വിപണിയിൽ രാജ്യത്ത് രണ്ടാം സ്ഥാനം കർണാടക സഹകരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കർണാടക മിൽക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി ബ്രാൻഡിനാണ്. ഉപോൽപന്നങ്ങൾ സംസ്ഥാനത്തിന് പുറത്ത് വിൽക്കാറുണ്ടെങ്കിലും ഫ്രഷ് പാലുമായി മറ്റുള്ളവരുടെ മാർക്കറ്റിലേക്ക് സഹകരണ സംരംഭങ്ങൾ പൊതുവെ കടന്നുകയറാറില്ല. ഒരേ സ്വഭാവവും ഒരേ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന രണ്ടു സംരംഭങ്ങളായതിനാൽ എതിരാളിയുടെ സ്ട്രോങ് മാർക്കറ്റിൽ പാൽ വിൽപന പാടില്ലെന്നതാണ് അലിഖിത നിയമം. അതേ സമയം പാലുൽപാദനത്തിൽ കമ്മിയുള്ള സംസ്ഥാനങ്ങൾക്ക് പാൽ നൽകി സഹായിക്കാം. ഉദാഹരണത്തിന്, സംഭരണം ഏറ്റവും ഉയർന്ന സീസണുകളിൽ ഏകദേശം അഞ്ചു ലക്ഷം ലിറ്റർ പാലാണ് കെ.എം.എഫ് കേരളം, തമിഴ്നാട്, ആന്ധ്ര, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് നൽകുന്നത്. അതത് സംസ്ഥാനങ്ങളിലെ സഹകരണ പാൽ നിർമാണ യൂനിറ്റുകൾ അവ വിപണിയിലെത്തിക്കും. ഈ മര്യാദകളെല്ലാം തെറ്റിച്ചാണ് പാലും തൈരും വിൽക്കാൻ അമുൽ ബംഗളൂരുവിലേക്കെത്തുന്നത്. സ്റ്റോർ വിൽപനക്ക് പകരം ഓൺലൈൻ വിതരണ സർവിസുകൾ ഉപയോഗപ്പെടുത്തി ഫ്രഷ് പാലും തൈരും ബംഗളൂരുവിൽ വിതരണം ചെയ്യാനാണ് അമുലിന്റെ നോട്ടം. സഹകരണ മേഖലയിലെ രണ്ടു ബ്രാൻഡുകളുടെ മത്സരം ഫലത്തിൽ ഗുണം ചെയ്യുക വിദേശ കുത്തകകൾ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾക്കാണ്.
1975ൽ സ്ഥാപിതമായ കെ.എം.എഫിന് 25,000 കോടിയുടെ വിറ്റുവരവാണുള്ളത്. ഇതിന്റെ 80 ശതമാനവും കർഷകരിലേക്ക് എത്തുന്നെന്നാണ് ഔദ്യോഗിക കണക്ക്. ദിനംപ്രതി 73 ലക്ഷം ലിറ്റർ പാൽ കെ.എം.എഫ് സംഭരിക്കുന്നുണ്ട്. 45 ലക്ഷം ലിറ്റർ പാലും 10 ലക്ഷം ലിറ്റർ തൈരുമാണ് കർണാടകയുടെ ദിനംപ്രതി ഉപയോഗം. അതിൽ 33 ലക്ഷം ലിറ്ററും ബംഗളൂരു നഗരത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. 23 ലക്ഷം ലിറ്റർ പാലും നാല് ലക്ഷം ലിറ്റർ തൈരും കെ.എം.എഫാണ് വിതരണം ചെയ്യുന്നത്. ബാക്കി വിപണി സ്വകാര്യ കമ്പനികളുടെ കൈയിലുമാണ്. ഒരു ലിറ്റർ പാലിന് നന്ദിനി 39 രൂപ ഈടാക്കുമ്പോൾ അര ലിറ്റർ പാലിന് 27 രൂപയാണ് അമുൽ പ്രഖ്യാപിച്ച വില. അര ലിറ്റർ തൈരിന് നന്ദിനി 24 രൂപ ഈടാക്കുമ്പോൾ അമുലിന് 30 രൂപയാണ് നിരക്ക്. വില കൂടുതലാണെങ്കിലും കുടിയേറ്റ ജനങ്ങൾ കൂടുതലും വസിക്കുന്ന ബംഗളൂരു പോലുള്ളൊരു നഗരത്തിൽ വ്യാപക പരസ്യങ്ങളാൽ പരിചിതമായ അമുൽ എത്തുന്നതോടെ ജനങ്ങൾ സ്വാഭാവികമായും നന്ദിനിയിൽനിന്ന് ചുവടുമാറിയേക്കുമെന്നാണ് കെ.എം.എഫിന്റെ ഭയം. ബംഗളൂരുവിലെ വിപണിയെ കാര്യമായി ആശ്രയിച്ചു നിൽക്കുന്ന നന്ദിനിക്ക് ഇത് കനത്ത പ്രഹരമാവും; കർണാടകയിലെ ക്ഷീരമേഖലയുടെ നട്ടെല്ലൊടിയും.
അമുലിന്റെ മറവിൽ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയമാനമുള്ള ചില നീക്കങ്ങളാണ് വിഷയം വിവാദമാക്കുന്നത്. കർണാടകയിൽ അമുലിന് വിപണിയൊരുക്കാൻ കെ.എം.എഫിന്റെ തലപ്പത്ത് ഒത്തുകളി നടക്കുന്നെന്ന ആരോപണവും ഉയരുന്നുണ്ട്. ബെളഗാവിയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ ബാലചന്ദ്ര ജാർക്കിഹോളിയാണ് കെ.എം.എഫ് പ്രസിഡന്റ്. കഴിഞ്ഞ ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് എം.എൽ.എയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മൂത്ത മകനുമായ എച്ച്.ഡി. രേവണ്ണയെ തോൽപിച്ചാണ് ബാലചന്ദ്ര ജാർക്കിഹോളി 2019ൽ പ്രസിഡന്റായത്. അദ്ദേഹത്തിന്റെ തട്ടകമായ ബെളഗാവിയിലും സമീപ ജില്ലയായ ഹുബ്ബള്ളിയിലും അമുൽ ഏതാനും വർഷമായി ഗോവയിൽനിന്ന് സംഭരിക്കുന്ന 200 ലിറ്റർ പാൽ ദിനേന വിൽക്കുന്നുണ്ട്. അമുലിന്റെ ബംഗളൂരു പ്രവേശനം സംബന്ധിച്ച വിവാദം കത്തിനിൽക്കവെ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മറുപടിയിലും കെ.എം.എഫ് നൽകിയ ഔദ്യോഗിക പ്രതികരണത്തിലും അപകടം പതിയിരിക്കുന്നു. അമുലിന്റെ നീക്കത്തെ പരാമർശിക്കാതെ, നന്ദിനിയുടെ മാർക്കറ്റ് വിപുലീകരണത്തെ കുറിച്ചാണ് കെ.എം.എഫ് പ്രതികരിച്ചത്. അമുൽ ബി.ജെ.പിയും നന്ദിനി കോൺഗ്രസുമാണോ എന്ന ചോദ്യത്തിലൂടെ വിഷയം രാഷ്ട്രീയ വിവാദമാക്കി ചുരുക്കാനാണ് മുഖ്യമന്ത്രി ബൊമ്മൈയുടെ ശ്രമം.
കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപവത്കരിച്ച ശേഷം അതിന്റെ ചുമതല ഏറ്റെടുത്ത് സഹകരണ മേഖലയിലേക്ക് കേന്ദ്രമന്ത്രി അമിത് ഷാ നടത്തുന്ന നുഴഞ്ഞുകയറ്റം കൂടി ഇതോട് ചേർത്തുവായിക്കേണ്ടതുണ്ട്. കർണാടക മിൽക്ക് ഫെഡറേഷനെ അമുൽ ഏറ്റെടുക്കുമെന്ന പ്രചാരണം നേരത്തേ സജീവമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മാണ്ഡ്യയിൽ 260 കോടിയുടെ മെഗാ ഡെയറി പ്രോജക്ട് ഉദ്ഘാടനത്തിനെത്തിയ അമിത്ഷാ അതുസംബന്ധിച്ച സൂചനയും നൽകി. ദേശീയ ക്ഷീര വികസന ബോർഡും (എൻ.ഡി.ബി.ബി) സഹകരണ മന്ത്രാലയവും ചേർന്ന് രാജ്യത്തെ ഓരോ പഞ്ചായത്തിലും പ്രൈമറി ഡെയറി സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. പദ്ധതിപ്രകാരം, അടുത്ത മൂന്നു വർഷത്തിനകം രണ്ടു ലക്ഷം പ്രൈമറി ഡെയറികൾ സ്ഥാപിക്കുമെന്നും കർണാടകയിൽ അമുലും നന്ദിനിയും ഇതിനായി ഒന്നിച്ചു പ്രവർത്തിക്കുമെന്നുമായിരുന്നു ഷായുടെ പ്രഖ്യാപനം. കന്നഡിഗരുടെ വികാരമായ നന്ദിനി ബ്രാൻഡിനെ ഇല്ലാതാക്കാനാണ് അമിത് ഷായുടെ സഹായത്തോടെ അമുലിന്റെ ശ്രമമെന്നും ഇതിന് കർണാടകയിലെ ബി.ജെ.പി സർക്കാർ ചൂട്ടുപിടിക്കുകയാണെന്നും കോൺഗ്രസ് ആരോപണമുയർത്തിയിരുന്നു. പുതിയ വിവാദവും കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയിട്ടുണ്ട്. കന്നഡിഗരുടെ എല്ലാം അവർ വിറ്റു തുലക്കുകയാണെന്നും ബാങ്കുകൾക്ക് ശേഷം ഇപ്പോൾ നന്ദിനിയെയും കെ.എം.എഫിനെയും നശിപ്പിക്കാനാണ് ശ്രമമെന്നുമാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമർശിച്ചത്. കെ.എം.എഫും അമുലും തമ്മിൽ ലയിപ്പിച്ചേക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്കുശേഷം കെ.എം.എഫിന്റെ പ്രതിദിന പാൽസംഭരണം 99 ലക്ഷം ലിറ്ററിൽനിന്ന് 71 ലക്ഷം ലിറ്ററായി താഴ്ന്നതായും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു. കെ.എം.എഫുമായി നേരിട്ടുള്ള ലയനം സാധ്യമാവാത്തതിനാലാണ് ഇത്തരം വളഞ്ഞ വഴിയിലൂടെ അമുൽ കർണാടകയിൽ പാൽ വിപണി കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി പറയുന്നു. അമുലിന്റെ നീക്കത്തിനെതിരെ കന്നഡ അനുകൂല സംഘടനകളും രംഗത്തുവന്നതോടെ കർണാടകയിലെ ബി.ജെ.പി സർക്കാർ പ്രതിരോധത്തിലാണ്. മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് വലിയൊരു പ്രചാരണ വിഷയം തന്നെയാവും. അതിനിടെ കർണാടകയുടെ അഭിമാന ബ്രാൻഡായ നന്ദിനിയെ തഴഞ്ഞ് അമുലിനെ സ്വീകരിക്കാൻ തയ്യാറല്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഹോട്ടലുടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.