ആശങ്കകളുടെയും സാധ്യതകളുടെയും നിർമിതബുദ്ധിക്കാലം
text_fieldsമനുഷ്യരാശിക്ക് സംഭവിച്ചേക്കാനിടയുള്ള ‘അനന്തമായ അപകടസാധ്യതകള്‍’ മുന്‍നിര്‍ത്തി നിർമിതബുദ്ധി (Artificial Intelligence-AI) സംവിധാനങ്ങളുടെ പരീക്ഷണ പരിശീലനങ്ങൾ കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും നിർത്തിവെക്കാന്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബുകളോട് എ.ഐ സാങ്കേതികരംഗത്തെ പ്രമുഖര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഫ്യൂച്ചർ ഓഫ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ നിവേദനത്തില്‍ ഡസൻകണക്കിന് സാങ്കേതിക വിദഗ്ധർക്കും പ്രഫസർമാർക്കും ഗവേഷകർക്കുമൊപ്പം ടെക്നോളജി ഭീമനും ഓപൺ എ.ഐ കമ്പനി സ്ഥാപകരില്‍ ഒരാളുമായ ഇലോൺ മസ്കും ഒപ്പുവെച്ചിരിക്കുന്നു.
ടെക്നോളജി ലോകത്ത് പുതിയ തരംഗം സൃഷ്ടിച്ച് വൈറലായ ChatGPTയുടെ കൂടുതൽ ശക്തമായ പതിപ്പ് GPT-4 പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുശേഷമാണ് ഈ കത്ത് വരുന്നത്. വ്യക്തികളുടെ സ്വകാര്യതയും മനുഷ്യരാശിയുടെ ഭാവിയും മുന്നില്‍കണ്ട് സുരക്ഷിതമായ എ.ഐ ഉപയോഗം ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങളും മാർഗനിര്‍ദേശങ്ങളും നടപ്പാക്കുന്നതുവരെ കാത്തിരിക്കണമെന്നതാണ് അവരുടെ ആവശ്യം. ഈ കത്തിലൂടെ നിർമിതബുദ്ധിയുടെ സംഹാരശേഷിയെക്കുറിച്ച് പുതിയ ചര്‍ച്ചക്ക് തുടക്കമിടുകയാണ് ടെക്നോളജി ലോകം.
യുട്ടോപ്യയും ഡിസ്റ്റോപ്യയും
ChatGPT അടക്കമുള്ള നിലവിലെ നിർമിതബുദ്ധി സംവിധാനങ്ങള്‍ക്കപ്പുറം കൂടുതല്‍ ആശങ്കകള്‍ പങ്കുവെക്കപ്പെടുന്നത് ദ്രുതഗതിയില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഇന്റലിജന്‍സിനെക്കുറിച്ചാണ്. മനുഷ്യന് സാധ്യമാവുന്ന ഏതു ബൗദ്ധികജോലിയും ചെയ്യാൻ കഴിയുന്ന നിർമിതബുദ്ധിയുടെ സങ്കൽപമാണ് ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (Artificial General Intelligence). മനുഷ്യബുദ്ധിയെ മറികടക്കുന്ന, എന്നാല്‍ ഇതുവരെയും അപ്രാപ്യമായ ഭാവിയിലെ ഈ സാങ്കൽപിക ലോകം സൂപ്പര്‍ ഇന്റലിജന്‍സ് (Super Intelligence), എ.ഐ സിംഗുലാരിറ്റി (AI Singularity) എന്നിങ്ങനെയും അറിയപ്പെടുന്നു. മനുഷ്യന് കഴിയുന്നതുപോലെ കാര്യങ്ങള്‍ വിശകലനം നടത്താനും കാര്യകാരണങ്ങള്‍ കണ്ടെത്താനും സ്വയം പഠിക്കാനും ആസൂത്രണംചെയ്യാനും പരിഹരിക്കാനും കഴിയുന്ന നിർമിതബുദ്ധിയന്ത്രങ്ങളുടെ വികാസമാണിത്.
ChatGPT അടക്കമുള്ള നിർമിതബുദ്ധി സംവിധാനങ്ങള്‍ ഭാഷകള്‍ മനസ്സിലാക്കുക, വിവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി (Specialized/Narrow-AI) നിർമിക്കപ്പെട്ടതാണ്. മറുവശത്ത് ഭാവിയില്‍ ജനറല്‍ എ.ഐ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുവേണ്ടി പൊതുവായി ഉപയോഗപ്പെടുത്താവുന്നതും സ്വന്തമായി പുതിയ സാഹചര്യങ്ങളും ജോലികളും പഠിക്കാനും പൊരുത്തപ്പെടുത്താനുമുള്ള കഴിവുള്ളതുമായിരിക്കും. അത്തരമൊരു വിദ്യ ഇപ്പോൾ നിലവിലില്ലെങ്കിലും, ഭാവിയിൽ വിവിധോദ്ദേശ്യങ്ങള്‍ സാധ്യമാകുന്ന സൂപ്പര്‍ ഇന്റലിജൻസ് സംവിധാനം സൃഷ്ടിക്കാൻ കഴിയുകതന്നെ ചെയ്യുമെന്ന് മേഖലയിലെ വിദഗ്ധർ വിശ്വസിക്കുന്നു. അതിനായി ഇനിയും ഒരുപാട് ഗവേഷണങ്ങളുമായി ശാസ്ത്രലോകം മുന്നോട്ടുപോകേണ്ടതുണ്ടെങ്കിലും അനിയന്ത്രിതമായ അതിബുദ്ധി മനുഷ്യരാശിക്ക് അസ്തിത്വ ഭീഷണി ഉയർത്താനുള്ള സാധ്യത ഈ മേഖലയിലെ സജീവ സംവാദവിഷയമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ മുന്‍നിര ശാസ്ത്രജ്ഞൻ സ്റ്റുവർട്ട് റസല്‍ ഇതേക്കുറിച്ച് പറഞ്ഞത്, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികള്‍ പതിറ്റാണ്ടുകളായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഗവേഷണം നടത്തിയിട്ടും ജനറല്‍ എ.ഐ എന്ന ലക്ഷ്യത്തിന് അരികിലെത്താനായിട്ടില്ല, പക്ഷേ സാധ്യമാകുന്നപക്ഷം മനുഷ്യന് കൈവരിക്കുന്ന അവസാന കാര്യമായിരിക്കും അതെന്നാണ്.
നിർമിതബുദ്ധിയുടെ ഭാവിലോകം നിർമാണാത്മകമാകുമോ അതോ സംഹാരാത്മകമോ എന്ന വിഷയത്തില്‍ ശാസ്ത്രലോകം രണ്ടു ചേരിയിലാണ്. എ.ഐ ഡിസ്റ്റോപ്യ (Dystopia) വാദമനുസരിച്ച്, സാങ്കേതികവിദ്യ മനുഷ്യബുദ്ധിയെ അതിജയിക്കുന്ന ‘വിനാശകരമായ’ ഒന്നായിരിക്കും നിർമിതബുദ്ധിയുടെ ലോകം. യന്ത്രങ്ങൾ മനുഷ്യരേക്കാള്‍ ബുദ്ധിശക്തിയുള്ളവരായിത്തീരും. ടെർമിനേറ്റർ സിനിമയിലേതെന്നപോലെ മനുഷ്യന്റെ കഴിവുകളും പെരുമാറ്റങ്ങളും നിയന്ത്രിച്ച് അവരെ വംശനാശത്തിലേക്കു നയിക്കാനുള്ള കഴിവ് അത് നേടിയെടുക്കും. സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി എ.ഐ ആയുധങ്ങള്‍ വികസിപ്പിച്ച് രാഷ്ട്രങ്ങളും കുത്തക കമ്പനികളും ലോകത്തെ ഭരിക്കും. അരാജകത്വവും അസ്ഥിരതയും നിറഞ്ഞ ഒരു ലോകമായിരിക്കും നിർമിതബുദ്ധിയുടെ ഭാവി എന്നാണ് ഡിസ്റ്റോപ്യന്‍ വാദം.
മറുവശത്ത്, നിർമിതബുദ്ധി യുട്ടോപ്യന്‍ (Utopian) വാദമനുസരിച്ച് എല്ലാം ശുഭമായിരിക്കും. നിർമിതബുദ്ധി മനുഷ്യജീവിതത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്ന ഒരു ഘട്ടത്തിലേക്ക് വികസിക്കും. യന്ത്രങ്ങളും മനുഷ്യരും ഏകോപനത്തോടെ ഒരുമിച്ച് പ്രവർത്തിക്കും. സങ്കീർണമായ വൈയക്തിക, രാഷ്ട്രീയ, സാമൂഹിക, വൈദ്യശാസ്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിർമിതബുദ്ധി ഉപയോഗപ്പെടും. സ്വയംനിയന്ത്രിത വാഹനങ്ങള്‍ ട്രാഫിക് അപകടങ്ങള്‍ കുറക്കും, അർബുദസാധ്യതകള്‍ വളരെ നേരത്തേ കണ്ടെത്താന്‍ സാധിക്കും, കൂടുതല്‍ കാര്യക്ഷമമായ എ.ഐ പട്ടണങ്ങള്‍ വളര്‍ന്നുവരും. മനുഷ്യരാശിയുടെ ജീവിതനിലവാരത്തില്‍ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്ന, ഭൗതിക പ്രപഞ്ചത്തിന്റെ നിഗൂഢതകൾ അതിവേഗം ചുരുളഴിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന സങ്കേതമായാണ് യുട്ടോപ്യൻ ചിന്തകർ ജനറല്‍ എ.ഐയെ കാണുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീമന് ഡീപ്മൈൻഡ് (DeepMind) സ്ഥാപിച്ച ഡെമിസ്ഹസാബിസ് നടത്തുന്ന പ്രവചനപ്രകാരം, സൂപ്പർ ഇന്റലിജൻസിന്റെ സൃഷ്ടി മനുഷ്യനാഗരികതയുടെ അപരിഹാര്യമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ആഗോളതാപനത്തിനും നിലവില്‍ ഭേദമാക്കാനാകാത്ത രോഗങ്ങൾക്കും അചിന്തനീയമാംവിധം മികച്ച പോംവഴികൾ സൃഷ്ടിക്കുകയും മനുഷ്യരാശിയുടെ ഭാരം ലഘൂകരിക്കുകയും ചെയ്യും. എ.ഐ ശാസ്ത്രജ്ഞനും ഗൂഗ്ള്‍ ചൈനയുടെ മുന്‍ പ്രസിഡന്റുമായ കൈ-ഫൂ-ലീ പറഞ്ഞുവെക്കുന്നത് വൈദ്യുതിയുടെയും ആവി എൻജിന്റെയും കണ്ടുപിടിത്തംപോലെ നിർമിതബുദ്ധിയും എല്ലാ മേഖലയിലും ഉപയോഗപ്പെടുത്താവുന്ന ഒരു സാങ്കേതികവിദ്യയാണ് എന്നാണ്; അത് സ്വാധീനം ചെലുത്തുകയോ പരിവര്ത്തനവിധേയമാക്കുകയോ ചെയ്യാത്ത ഒരു മേഖലയോ വ്യവസായമോ ഉണ്ടാവില്ല എന്നും.
എ.ഐ യന്ത്രങ്ങളുടെ സംഹാരശേഷി
അമേരിക്കയിലെ എ.ഐ ഗവേഷകൻ കുർസ്വെയിലിന്റെ വിഭാവനപ്രകാരം നമ്മുടെ ഭാവി മനുഷ്യരും യന്ത്രങ്ങളും പൂർണമായി ലയിച്ചുചേര്ന്നതാവും. അദ്ദേഹം പ്രവചിക്കുന്ന സാങ്കൽപിക ലോകത്തിൽ നാം നമ്മുടെ മനസ്സിനെ ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യും, നമ്മുടെ രക്തപ്രവാഹത്തിലേക്ക് കടത്തിവിടുന്ന ബുദ്ധിയുള്ള നാനോറോബോട്ടുകളിലൂടെ നാം ശരീരത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കും. 2029ഓടെ മനുഷ്യനുമായി താരതമ്യപ്പെടുത്താവുന്ന ബുദ്ധിശക്തിയുള്ള കമ്പ്യൂട്ടറുകൾ നമുക്കുണ്ടാകുമെന്നും 2045ഓടെ നമ്മൾ സൂപ്പര്‍ ഇന്റലിജന്‍സില്‍ എത്തുമെന്നും കുർസ്വെയിൽ പ്രവചിക്കുന്നു. പക്ഷേ, നിലവിലെ സാങ്കേതികവിദ്യപ്രകാരം സൂപ്പര്‍ ഇന്റലിജന്‍സ് എന്നത് അത്ര എളുപ്പം പ്രാപ്യമായ ഒരു യാഥാര്‍ഥ്യമല്ല.
വരുംനാളുകളില്‍ ChatGPT അടക്കമുള്ള എ.ഐ സാങ്കേതികവിദ്യകള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാവുകയും നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം നിർണിതമായ ആവശ്യങ്ങള്‍ക്കുവേണ്ടി നിർമിക്കപ്പെട്ട നിർമിതബുദ്ധി (Special Purpose AI) സാങ്കേതികവിദ്യകളും വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതാണ്. ChatGPT നിർമാതാക്കളായ ഓപണ്‍ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ ഈയിടെ നൽകിയ അഭിമുഖത്തിൽ എ.ഐയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പടച്ചുവിടുന്നതിനും അതിലൂടെ തെരഞ്ഞെടുപ്പുകളെ അടക്കം വലിയ അളവില്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ള സാങ്കേതികവിദ്യയായി മാറുമെന്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കൂടുതല്‍ ഡേറ്റയും എ.ഐ സാങ്കേതികവിദ്യയുമുള്ള ഭരണകൂടങ്ങളും കമ്പനികളുമായിരിക്കും ഭാവിയെ തീരുമാനിക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സമൂഹത്തിന്റെ ചിന്താരീതികളെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പുകളെയടക്കം സ്വാധീനവലയത്തില്‍ കൊണ്ടുവരാനും സാധിക്കും. ഇന്ത്യയിലും അമേരിക്കയിലും 2024ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്താന്‍ എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും. ‘‘എ.ഐ സാങ്കേതികവിദ്യയിൽ ആരാണ് ജേതാവാകുന്നത് അവരാകും ലോകത്തിന്റെ ഭരണാധികാരി’’യെന്ന് യുക്രെയ്ന് അധിനിവേശത്തിന് വർഷങ്ങൾക്കുമുമ്പ് റഷ്യന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവന ഈ ആശങ്കകളെ സാധൂകരിക്കുന്നതാണ്.
എ.ഐ സാങ്കേതികവിദ്യയുടെ അടിസ്ഥാനം ഡേറ്റയും ഡേറ്റ ഉപയോഗപ്പെടുത്തി നിഗമനങ്ങളിലെത്താന്‍ സാധിക്കുന്ന കമ്പ്യൂട്ടര്‍ കോഡുകളും അൽഗോരിതങ്ങളുമാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഔട്ട്പുട്ട് ലഭ്യമാക്കാന്‍ സാധിക്കുന്ന രൂപത്തില്‍ പ്രോഗ്രാമുകള്‍ നിർമിക്കാന്‍ സാധിക്കുന്നതാവും ഭാവിയിലെ എ.ഐ സാങ്കേതികവിദ്യ. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതുപോലെ സംഹാരാത്മകമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സങ്കീർണമായ പ്രോഗ്രാമുകളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഹാക്കിങ് സാങ്കേതികവിദ്യകളും വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം സാധ്യതകളെക്കുറിച്ച് സാം ആൾട്ട്മാൻ തന്നെ ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്.
നിർമിതബുദ്ധിയുടെ സമീപ ഭാവി
നിർമിതബുദ്ധി, ക്രിപ്റ്റോ കറന്‍സി, ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ നാം അറിയാതെതന്നെ നമ്മെയും നമുക്കു ചുറ്റുമുള്ള മുഴുവൻ വ്യവസായങ്ങളെയും മാറ്റങ്ങള്‍ക്കു വിധേയമാക്കിയിരിക്കുന്നു. കറന്‍സിക്കു പകരം ഡിജിറ്റല്‍ വാലറ്റുകളും ടൈപ്പിങ്ങിനു പകരം വാക്കാലുള്ള നിര്‍ദേശങ്ങളും പാസ്വേഡിനു പകരം ഫോണിലെ ഫേസ് ഐഡിയും നമ്മുടെ താല്പര്യത്തിനനുസരിച്ചുള്ള സോഷ്യല്‍ മീഡിയ ഫീഡുകളും നാം മനസ്സിൽ കരുതുന്ന അടുത്ത വാചകം മെയിലുകളിലും കീബോർഡുകളിലും നിർദേശിച്ചുതരുന്നതുമെല്ലാം ഇതിനകം നമ്മുടെ ജീവിതത്തിന്റെ ഭാഗമായ നിർമിതബുദ്ധിയധിഷ്ഠിത സാങ്കേതികവിദ്യകളാണ്.
‘നിർമിതബുദ്ധിയുടെ ലോകം ആരംഭിച്ചിരിക്കുന്നു’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ബില്‍ ഗേറ്റ്സ് പുറത്തിറക്കിയ ഒരു കുറിപ്പില്‍ വരുംനാളുകളില്‍ അത് വരുത്തുന്ന മാറ്റങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ChatGPT നിർമാതാക്കളായ ഓപണ്‍ എ.ഐ ടീമുമായി 2016ലും 2022ലും നടത്തിയ രണ്ടു കൂടിക്കാഴ്ചകളെക്കുറിച്ച് അദ്ദേഹം പറയുന്നത് ചുരുങ്ങിയ കാലംകൊണ്ടുതന്നെ അത്ഭുതകരമായ നേട്ടമാണ് ഓപണ്‍ എ.ഐ നേടിയത് എന്നാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു പരീക്ഷണത്തില്‍, 60 ചോദ്യങ്ങളടങ്ങിയ ബയോളജി ചോദ്യപേപ്പറില്‍ നിമിഷങ്ങള്‍ക്കകം ഉത്തരം പറഞ്ഞ് ChatGPT 59 മാര്‍ക്ക് നേടി. നിർമിതബുദ്ധിയുടെ വികാസം ഈ വേഗത്തില്‍ മുന്നേറുകയാണെങ്കില്‍ വരുന്ന 10 വര്‍ഷംകൊണ്ട് സർവ മേഖലയും നിർമിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുമെന്ന് ബിൽ ഗേറ്റ്സ് പ്രവചിക്കുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവൻ രക്ഷിക്കാനും എല്ലാവര്ക്കും വിദ്യാഭ്യാസം ലഭ്യമാക്കാനും നിർമിതബുദ്ധി സഹായിക്കുമെന്ന് ഗേറ്റ്സ് വിഭാവനം ചെയ്യുന്നു.
വിദ്യാഭ്യാസത്തിന്റെ മട്ടും ഭാവവുംതന്നെ നിർമിതബുദ്ധി മാറ്റിമറിക്കും. വിദ്യാർഥിയുടെ താൽപര്യങ്ങളും പഠനശൈലിയും അടിസ്ഥാനമാക്കി ഉള്ളടക്കം ക്രമീകരിക്കാനും ഉടനടി ഫീഡ്ബാക്ക് നൽകാനും കരിയർ ആസൂത്രണംചെയ്യാനും സമീപ ഭാവിയില്‍ നിർമിതബുദ്ധി ഉപയോഗിക്കപ്പെടും. രോഗങ്ങള്‍ ഏറ്റവും സൂക്ഷ്മമായി കണ്ടെത്തുകയും ഏറ്റവും നല്ല ചികിത്സാരീതികള്‍ പറഞ്ഞുതരുകയും ചെയ്യുന്ന ‘AI Doctor’ നിലവില്‍ വരും. നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതും ജോലികള്‍ ചെയ്യുന്നതും പഠിക്കുന്നതും യാത്രചെയ്യുന്നതും ആരോഗ്യപരിരക്ഷ നേടുന്നതും ആശയവിനിമയം നടത്തുന്നതുമടക്കം സർവ മേഖലയും നിർമിതബുദ്ധി പരിവർത്തനവിധേയമാക്കും. മുഴുവൻ വ്യവസായങ്ങളും മാറ്റങ്ങള്‍ക്കു വിധേയമാവും. എ.ഐ ശാസ്ത്രജ്ഞൻ കൈ-ഫൂ-ലീ പറഞ്ഞതുപോലെ ‘‘അത് സ്വാധീനം ചെലുത്തുകയോ പരിവര്ത്തനവിധേയമാക്കുകയോ ചെയ്യാത്ത ഒരു മേഖലയോ വ്യവസായമോ ഉണ്ടാവില്ല.’’ അങ്ങനെ നിർമിതബുദ്ധിയുടെ പുതിയ ലോകത്ത് അത് ഉപയോഗപ്പെടുത്തി അഭിവൃദ്ധിപ്പെടാനുള്ള വഴികള്‍ തുറക്കപ്പെടും. നഷ്ടപ്പെടുന്ന ഒരു ജോലിക്കു പകരം കൂടുതല്‍ സാധ്യതകളും നിർമാണാത്മകമായ ഒരായിരം പുതിയ ജോലികളും ഉണ്ടാക്കപ്പെടും.
നിർമിതബുദ്ധിയുടെ വികസനവും ഉപയോഗവും ധാർമികവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ രീതിയിൽ മുന്നോട്ടുപോകുന്നതിന് ആവശ്യമായ മാർഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ രാജ്യങ്ങളും ടെക്നോളജി കമ്പനികളും മുന്നോട്ടുവരേണ്ടതുണ്ട്. സമൂഹത്തിന് പ്രയോജനംചെയ്യുന്ന തരത്തിൽ ഉപയോഗിക്കുന്നുവെന്നും സംഹാരാത്മകമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാൻ നിര്‍ദേശങ്ങളും നിയമനിർമാണങ്ങളും പ്രധാനമാണ്. നിർമിതബുദ്ധിയെ ശ്രദ്ധാപൂർവം ഉപയോഗിച്ചാല്‍ ഏവര്‍ക്കും നല്ല നാളുകള്‍ നല്കുന്ന ഭാവിയില്‍ നമുക്ക് എത്തിച്ചേരാനാവും. ഏവര്‍ക്കും സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ ലഭ്യമാവുകയും സർവരുടെയും ജീവിതനിലവാരം അതിലൂടെ അഭിവൃദ്ധിപ്പെടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.