ചങ്ങാത്ത മുതലാളിത്തം എന്ന ചതിക്കുഴി
text_fields2016- 2021 കാലത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ 8.16 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന് പാർലമെന്റിൽ അറിയിച്ചത് അടുത്തിടെയാണ്. ശതകോടികളുടെ കള്ളപ്പണം ഈ കാലഘട്ടത്തിൽ വെള്ളപ്പണമായി. ഹിൻഡൻബർഗ് റിസർച് റിപ്പോർട്ട് അദാനിയുടെ വെട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവന്നു. പാർലമെന്റിൽ ഇക്കഥ പറഞ്ഞ രാഹുൽ ഗാന്ധി രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിൽ പകൽ കൊള്ള നടക്കരുതെന്നു പറയുക തന്നെ ദുഷ്കരമായിരിക്കുന്നു
ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കഴിഞ്ഞ കോളത്തിലാരംഭിച്ച ചർച്ചയുടെ തുടർച്ചയാണിക്കുറി. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പരശതം വെല്ലുവിളികളിൽ മൂന്നെണ്ണമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഒന്ന്, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം; രണ്ട്, അതോടു കെട്ടുപിണഞ്ഞു കിടക്കുന്ന, ചങ്ങാത്ത മുതലാളിത്തം; മൂന്ന് തദ്ദേശ ജനാധിപത്യത്തിന്റെ തകർച്ച.
1950ൽ ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നതിനോടൊപ്പം സ്വകാര്യമേഖലക്ക് നിയതമായ ഇടവും പൊതുമേഖലക്ക് നിർണായകമായ പങ്കുമുള്ള ആസൂത്രണവ്യവസ്ഥക്കാണ് തുടക്കമായത്. വ്യക്തമായ നിയന്ത്രണങ്ങളിലൂടെ സാമ്പത്തിക വളർച്ചയും സാമൂഹിക ലക്ഷ്യങ്ങളും ആർജിക്കുകയെന്ന ലക്ഷ്യമായിരുന്നു അതിനു പിന്നിലെ പ്രേരണ.
1900 മുതൽ 1947 വരെയുള്ള ബ്രിട്ടീഷ് രാജ് കാലത്ത് പ്രതിശീർഷ വരുമാനം വർഷംതോറും ഒരു ശതമാനത്തിന്റെ പത്തിലൊന്നുപോലും (0.1) വളർന്നില്ല. 1950 -1970 കാലഘട്ടത്തിൽ അടിസ്ഥാന വ്യവസായങ്ങളും റെയിൽവേയും ഗതാഗത മേഖലയും ഉൾപ്പെട്ട നിർണായക മേഖലകളും സർക്കാർ നിയന്ത്രിച്ചു.
ആരംഭദശകത്തിൽ പ്രതിശീർഷവരുമാനം 1.2 ശതമാനമായി മാത്രമേ വളർന്നുള്ളൂ. പിന്നാലെ ബ്യൂറോക്രസിയും ബിസിനസും രാഷ്ട്രീയ ഉന്നതരും ഒക്കെ ചേർന്ന് ലൈസൻസ് രാജ് എന്നറിയപ്പെടുന്ന ഒരു വികസന ‘മാതൃക’ക്ക് തുടക്കമിട്ടു.1991ൽ നരസിംഹ റാവു (പ്രധാനമന്ത്രി) - മൻമോഹൻ സിങ് (ധനകാര്യ മന്ത്രി) കൂട്ടുകെട്ട് വ്യക്തമായ കമ്പോളവ്യവസ്ഥയിലേക്ക് ഇന്ത്യൻ സമ്പദ്ഘടനയെ ഒരുക്കിയിറക്കി.
ഇത് സാമ്പത്തിക വളർച്ചയുടെ ഗതിവേഗം വർധിപ്പിച്ചു. 1980 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ പ്രതിശീർഷ വരുമാനം ഏതാണ്ട് 4.5 ശതമാനം ശരാശരിയിൽ വളർന്ന് അത്ഭുതകരമായ നേട്ടം കൈവരിച്ചു. 2017നു ശേഷം ഒരുപാടു കാരണങ്ങളുടെ സമ്മർദത്തിൽ, പ്രത്യേകിച്ച് 2020 കോവിഡ് മഹാമാരിയുടെ ആഘാതവും ചേർന്നു സാമ്പത്തിക വളർച്ചയും പ്രതിശീർഷ വരുമാനവും മന്ദഗതിയിലായി.
പക്ഷേ, മറ്റു രാജ്യങ്ങളുമായി നോക്കുമ്പോൾ ഇന്ത്യയുടെ പ്രകടനം താരതമ്യേന മെച്ചമായിരുന്നു. 2010ൽ ലോക സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ഒമ്പതായിരുന്നു. എന്നാൽ, 2022ൽ അത് അഞ്ചായി ഉയർന്നു. ഇന്ന് വൻകിട സൈനികശക്തിയാണ് ഇന്ത്യ, പൊതുവെ വരേണ്യവർഗത്തെയും മധ്യവർഗത്തെയും പുളകംകൊള്ളിക്കുന്ന സ്ഥിതി.
ഇവിടെ രണ്ടു ചോദ്യങ്ങൾ പ്രസക്തം. ഒന്ന്, വളർച്ചയുടെ നേട്ടങ്ങൾ സമാഹരിക്കുന്നതിൽ നികുതി സമ്പ്രദായവും ധനകാര്യ നയങ്ങളും എത്ര കണ്ടു ജയിച്ചു? രണ്ട്, സാമ്പത്തിക അസമത്വം എത്രമാത്രം ഉയർന്നു?
പെരുകുന്ന അസമത്വം
നെഹ്റുവിന്റെ കാലത്തും തുടർന്നും കുറെനാൾ പ്രത്യക്ഷനികുതികൾക്ക് ഉയർന്ന നിരക്കുകൾ ഏർപ്പെടുത്തി ആദായനികുതി, സമ്മാന നികുതി, സ്വത്തു നികുതി എന്നിങ്ങനെ പുരോഗമനോന്മുഖമായ നികുതിസമ്പ്രദായം തുടർന്നെങ്കിലും പിന്നീട് സ്വകാര്യ മുതൽമുടക്കുകൾക്കുവേണ്ടി ഉദാരമായ നികുതിസമ്പ്രദായമാണ് ഇന്ത്യ പിന്തുടർന്നത്.
1980-81ൽ യൂനിയൻ സർക്കാറിന്റെ നികുതി-ആഭ്യന്തര ഉൽപാദന അനുപാതം 8.79 ശതമാനമായിരുന്നു. ഇപ്പോൾ ഇത് 10 ശതമാനത്തിൽ അധികമില്ല. സംസ്ഥാനങ്ങളുടെ നികുതി കൂടി കൂട്ടിയാലും ഒരിക്കലും ഈ അനുപാതം 17 ശതമാനത്തിൽ അധികം കടന്നിട്ടില്ല. അതേസമയം, 38 മുന്നാക്ക രാജ്യങ്ങളുടെ സംഘടനയായ ഒ.ഇ.സി.ഡി ( Organisation for economic Cooperation and development) അംഗരാജ്യങ്ങളുടെ അനുപാതം 34 ശതമാനമാണ്.
സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ ശരാശരി 45 ശതമാനത്തിൽ അധികമാണെന്നും ഓർക്കുക. മാത്രമല്ല ഇന്ത്യ വൻതോതിൽ വൻകിട കമ്പനികൾക്ക് നിരവധി സൗജന്യങ്ങൾ അനുവദിക്കുന്നുമുണ്ട്. 2014-15ൽ യൂനിയൻ ബജറ്റിൽ കൊടുത്ത കണക്കിൻ പ്രകാരം 5.54 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു.
ഇത് ആ വർഷത്തെ ആഭ്യന്തര ഉൽപാദനത്തിന്റെ (GDP) 5.2 ശതമാനമാണ്. 2015 നുശേഷം നികുതിനഷ്ടത്തെക്കുറിച്ച കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല. രാജ്യങ്ങളുടെ വരുമാനത്തിന്റെയും സ്വത്തിന്റെയും വിതരണത്തിലെ അസമത്വത്തെക്കുറിച്ച് ഏറ്റവും ആധികാരികമായ പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞരാണ് തോമസ് പിക്കറ്റിയും ലൂക്കാസ് ചാൻസലും.
അവർ 2022ൽ ഒരു വേൾഡ് ഇൻ ഇക്വാലിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അഭിജിത് ബാനർജിയും എസ്േഥർ ഡേഫ്ലായും ചേർന്നാണ് അതിന് അവതാരിക എഴുതിയിരിക്കുന്നത്. ഈ റിപ്പോർട്ടിനു മുമ്പുതന്നെ പിക്കറ്റിയും ലാൻസലും ചേർന്ന് ബ്രിട്ടീഷ് രാജ് മുതൽ ബില്യയണർ രാജ് വരെയുള്ള വരുമാന വിതരണ ചരിത്രം വിശദീകരിക്കുന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രബന്ധവും എഴുതിയിട്ടുണ്ട്.
ഈ പ്രസിദ്ധീകരണങ്ങളുടെ വെളിച്ചത്തിൽ ചില നിഗമനങ്ങൾ ചുവടെ എടുത്തു പറയുകയാണ്. 1900ത്തിൽ ഏറ്റവും മേലേത്തട്ടിലെ 10 ശതമാനക്കാരുടെ വരുമാനം മൊത്തം വരുമാനത്തിന്റെ 53 ശതമാനമായിരുന്നു. അതേസമയം, താഴേ തട്ടിലെ 50 ശതമാനക്കാരുടേത് 14 ശതമാനത്തിൽ താഴെ ആയിരുന്നു. 1980ൽ ഇക്കൂട്ടരുടെ വിഹിതം 20 ശതമാനത്തിൽ അധികമായി. 2021ൽ ഇത് 13 ശതമാനമായി വീണ്ടും കുറഞ്ഞു.
1980ൽ കർശന നിയന്ത്രണങ്ങളും നികുതിനിരക്കുകളും നടപ്പാക്കിയതുമൂലം മുകൾതട്ടിലെ 10 ശതമാനക്കാരുടെ വരുമാനം 30 ശതമാനമായി കുറയുകയുണ്ടായി. ഇന്ന് അത് 57 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. അതായത് കൊളോണിയൽ കാലഘട്ടത്തിലേക്കാൾ വരുമാനത്തിലെ അസമത്വം വർധിച്ചിരിക്കുന്നു.
സ്വത്തിന്റെ വിതരണമാതൃക അതിലും കൂടുതൽ അസമത്വമാണ്. കാരണം താഴേ തട്ടിലുള്ള 50 ശതമാനക്കാർക്ക് മൊത്തം സ്വത്തിന്റെ ആറ് ശതമാനം മാത്രമാണ് ഇന്നുള്ളത്. അതേസമയം, ഉന്നതേശ്രണിയിലെ 10 ശതമാനക്കാരുടേത് 64 ശതമാനം വരും. ഒരു കാര്യം തറപ്പിച്ചു പറയാം, സാമ്പത്തിക അസമത്വം അതിരൂക്ഷമായി പെരുകുകയാണ്.
ഡോ. റിച്ചാർഡ് വിൽക്കിൻസൺ, ഡോ. കെയിറ്റ് പിക്കറ്റ് എന്നിവർ ദീർഘകാല ഗവേഷണത്തിനുശേഷം എഴുതിയ ദി സ്പിരിറ്റ് ലെവൽ: വൈ ഇക്വിലിറ്റി ഇസ് ഗുഡ് ഫോർ എവരി വൺ എന്ന പുസ്തകത്തിൽനിന്ന് ഒരു വരി ഉദ്ധരിക്കട്ടെ: ‘ആധുനിക കാലത്തെ അസമത്വത്തിനു കാരണം, സാമ്പത്തിക മണ്ഡലത്തിൽനിന്നു ജനാധിപത്യത്തെ ഒഴിവാക്കിയതാണ്’ (ലോകത്ത് നീതിയും സമാധാനവും വളരണമെന്നു കാംക്ഷിക്കുന്നവർ ഈ പുസ്തകം വായിക്കണമെന്ന് ഞാൻ ശിപാർശ ചെയ്യുന്നു).
സമാനതകളില്ലാത്ത സാമൂഹികേതര അസമത്വങ്ങളുടെ നാടാണ് ഇന്ത്യ. പരമ്പരാഗതമായി വിവേചനവും സാമൂഹിക ചൂഷണവും പാർശ്വവത്കരണവും നേരിട്ട ആദിവാസി, ദലിത് വിഭാഗങ്ങൾ അനുഭവിച്ച ചരിത്രമായ തെറ്റിനെ തിരുത്താനാണ് ഇന്ത്യൻ ഭരണഘടന സംവരണം ഏർപ്പെടുത്തിയത്. പക്ഷേ അവർ ഇന്നും മുഖ്യധാരയിൽനിന്ന് അതിവിദൂരത്താണ്.
ജനാധിപത്യത്തെ തകിടം മറിക്കുമ്പോൾ
അസമത്വത്തിന് കാരണങ്ങൾ പലതുണ്ടെങ്കിലും ചങ്ങാത്ത മുതലാളിത്തമെന്ന പ്രതിഭാസം അതിന് ആക്കംകൂട്ടിയ പ്രധാനഘടകമാണ്. മൂല്യവർധിത ഉൽപാദനത്തിലൂടെയും തൊഴിലവസരങ്ങൾ അനുസ്യൂതം വർധിപ്പിക്കുന്നതിലൂടെയും സമ്പദ്ഘടനയുടെ ശക്തിേസ്രാതസ്സായി വളരുന്ന സംരംഭകരടങ്ങുന്ന മുതലാളിത്തത്തെ മാർക്സ് പോലും തള്ളിപ്പറയുന്നില്ല.
എന്നാൽ, രാഷ്ട്രീയ മേലാളന്മാരുമായി കൈകോർത്ത് മേലുദ്യോഗസ്ഥ വൃന്ദത്തിന്റെ സഹായത്തോടെ നാടു കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം അസമത്വം വർധിപ്പിക്കുക മാത്രമല്ല ജനാധിപത്യത്തെ അമ്പേ തകിടം മറിക്കുകയും ചെയ്യുന്നു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥകളെ ഇത് അട്ടിമറിക്കുന്നു.
പൊലീസ്, റവന്യൂ, പഞ്ചായത്ത്, ആശുപത്രി എന്നിങ്ങനെ ജനസേവന ഡിപ്പാർട്മെന്റുകളിലെ ‘റീട്ടെയിൽ’ കൈക്കൂലികൾ അല്ല ഞാൻ ഇവിടെ പരാമർശിക്കുന്നത്. ഇതേ കുറിച്ചു കഴിഞ്ഞ പംക്തിയിൽ ഇലക്ഷൻ ബോണ്ടുകളെക്കുറിച്ചു പറഞ്ഞപ്പോൾ സൂചിപ്പിച്ചിരുന്നു. ചങ്ങാത്ത മുതലാളിത്തം എത്ര കണ്ട് ആഴത്തിൽ വേരൂന്നിയിരിക്കുന്നുവെന്നു വ്യക്തമാക്കുന്ന ഒരൊറ്റ കാര്യം മാത്രം പറയട്ടെ.
അതിനെ ഇരട്ട ബാലൻസ് ഷീറ്റ് പ്രശ്നമെന്ന് (Twin balance Sheet Problem) വിശേഷിപ്പിക്കപ്പെടാറുണ്ട്. 2016-17ലെ ഇക്കണോമിക് സർവേയുടെ നാലാം അധ്യായത്തിൽ ദീർഘമായി ഈ പ്രശ്നം ചർച്ചചെയ്തിട്ടുണ്ട്. കോർപറേറ്റുകൾ ഭീമൻതുക ബാങ്കുകളിൽനിന്ന് പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളിൽനിന്ന് കടമെടുത്ത് തിരിച്ചടവ് മുടക്കുമ്പോൾ കിട്ടാക്കടം പെരുകുന്നു. ബാങ്കുകളുടെ ബാലൻസ് ഷീറ്റും ഒരേസമയം കമ്പനികളുടെ ബാലൻസ് ഷീറ്റും അവതാളത്തിലാക്കുന്ന അവസ്ഥ.
രണ്ടായിരമാണ്ടിന്റെ ആദ്യ ദശകത്തിൽ ലോകത്തിൽ ഏറ്റവും ലാഭം നേടിയത് ഇന്ത്യൻ കോർപറേറ്റുകളായിരുന്നുവെന്ന് സാമ്പത്തിക സർവേ പറയുന്നു. 2007- 08ൽ ഇന്ത്യയുടെ മൊത്തം മുതൽമുടക്കും ആഭ്യന്തര ഉൽപാദനവുമായുള്ള അനുപാതം (Investment / GDP Ratio) 38 ശതമാനമായി.
ഈ വൻ റെക്കോഡ് ഇനിയും തിരുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കടമെടുത്ത 10 കമ്പനികളുടെ 2006ലെ കടം 454 ബില്യൺ (നൂറുകോടി) രൂപ ആയിരുന്നത് 2016ൽ 7519 ബില്യണായി വർധിച്ചു. 10 വർഷത്തിനകം കടം 17 മടങ്ങ് ഉയർന്നു. 2017ലെ ഇന്ത്യൻ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം മാത്രം 150 ബില്യൺ ഡോളറായി. കിങ് ഫിഷർ മേധാവി വിജയ് മല്യ ഒരു ബില്യൺ ഡോളർ കടം വരുത്തി വിദേശത്തേക്ക് കടന്നു.
പിന്നെ നീരവ് മോദി, ചോക്സി തുടങ്ങി വമ്പന്മാർ ആ പാത തുടർന്നു. ഇതിനിടയിൽ 2018ൽ സ്റ്റേറ്റ് ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് വൻ ഓഹരിയുള്ള ഇൻഫ്രസ്ട്രക്ചർ ലീസ് ആൻഡ് ഫിനാൻഷ്യൽ സർവിസ് എന്ന ചെറുകിടക്കാർക്ക് വായ്പ നൽകുന്ന സ്ഥാപനം 910 ബില്യൺ കടം വരുത്തി തകർന്നു തരിപ്പണമായി.
2016- 2021 കാലത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ 8.16 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതി തള്ളിയെന്ന് പാർലമെന്റിൽ രേഖാമൂലം അറിയിച്ചത് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ശതകോടികളുടെ കള്ളപ്പണം ഈ കാലഘട്ടത്തിൽ വെള്ളപ്പണമായി. ഹിൻഡൻ ബർഗ് റിസർച് റിപ്പോർട്ട് അദാനിയുടെ വെട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവന്നു. പാർലമെന്റിൽ ഇക്കഥ പറഞ്ഞ രാഹുൽ ഗാന്ധി രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു.
കൂടുതൽ പറയുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിൽ പകൽ കൊള്ള നടക്കരുതെന്നു പറയുക തന്നെ ദുഷ്കരം ആയിരിക്കുന്നു. ചങ്ങാത്ത മുതലാളിത്തം ഇന്ത്യൻ ജനാധിപത്യത്തെ എങ്ങനെ കൊല്ലുന്നുവെന്ന് അടുത്തറിയാൻ താൽപര്യമുള്ളവർ പത്രപ്രവർത്തകൻ ജോസി ജോസഫ് എഴുതിയ ‘എ ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ് ദി ഹിഡൻ ബിസിനസ് ഓഫ് ഡെമോക്രസി ഇൻ ഇന്ത്യ’ എന്ന പുസ്തകം വായിക്കണം. അത് വെളിവാക്കുന്ന വർത്തമാന യാഥാർഥ്യം എന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.
തദ്ദേശ ജനാധിപത്യത്തിന്റെ തളർച്ച
73- 74 ഭരണഘടനാ ഭേദഗതികളിലൂടെ നടപ്പാക്കിയ തദ്ദേശീയ ജനാധിപത്യം വളരെ പിന്നാക്കം പോയിക്കഴിഞ്ഞിരിക്കുന്നു. വളരെ ആഘോഷത്തോടെ ഐകകണ്ഠ്യേന പാസാക്കിയ ഭേദഗതികൾ.
ഗ്രാമസഭ, വാർഡ് സഭ, സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം (വാസ്തവത്തിൽ 20 സംസ്ഥാനങ്ങളിൽ അത് 50 ശതമാനം), ദലിത്, ആദിവാസികൾക്ക് ജനസംഖ്യാനുസൃതമായ സംവരണം തുടങ്ങിയ പങ്കാളിത്ത ജനാധിപത്യം നടപ്പാക്കാനുള്ള നടപടികൾ, പ്രാദേശിക ആസൂത്രണം തുടങ്ങി ലോകത്ത് മറ്റൊരു ജനാധിപത്യത്തിലുമില്ലാത്ത വകുപ്പുകൾ ചേർത്ത് പടുത്തുയർത്തിയ അദ്വിതീയ പരീക്ഷണം നടപ്പാക്കുന്നതിൽ മിക്ക സംസ്ഥാനങ്ങളും യൂനിയൻ സർക്കാറും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി ലേഖനങ്ങൾ ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയക്കാർ ആർക്കും ഇതിൽ കുണ്ഠിതമില്ല. പങ്കുപറ്റ് രാഷ്ട്രീയക്കാർക്ക് താഴേ തട്ടിലെ കൊള്ളക്കുള്ള അവസരം തുറന്നുകിട്ടിയെന്ന സന്തോഷവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.