തൊഴിലുറപ്പിൽ അഴിമതിയുടെ ചിതലരിക്കുമ്പോൾ
text_fieldsഇന്ത്യയുടെ സോഷ്യലിസ്റ്റ് ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പായിരുന്നു മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ കാതലായ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2005ല്‍ കേന്ദ്രത്തിലെ യു.പി.എ സർക്കാർ പദ്ധതി നടപ്പാക്കിയത്. 1991ൽ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയ കോണ്‍ഗ്രസ് പാവപ്പെട്ടവരില്നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന ചിന്ത ജനങ്ങളിൽ ശക്തിപ്പെട്ടതാണ് 1996ലെ തെരഞ്ഞെടുപ്പില്‍ അവരുടെ പരാജയത്തിന് വഴിവെച്ചത്. തുടര്‍ന്നുവന്ന വാജ്പേയിയുടെ നേതൃത്വത്തിലെ ബി.ജെ.പി സർക്കാറും ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്തംതന്നെയാണ് പിന്തുടര്ന്നത്. അവരെ ജനങ്ങൾ കൈയൊഴിയുകയും കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വരുകയും ചെയ്ത ഘട്ടത്തിലാണ് തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം എന്നിവ പ്രാബല്യത്തിൽ വന്നത്. കോണ്‍ഗ്രസ് തങ്ങളുടെ ചങ്ങാത്തമുതലാളിത്തത്തെ മറയ്ക്കുന്നതിനായി കൊണ്ടുവന്ന മുഖംമൂടിയായിരുന്നു തൊഴിലുറപ്പ് പദ്ധതി എന്നു കരുതുന്നവര്‍ അക്കാദമീഷ്യന്സിനിടയില് ധാരാളമുണ്ടെങ്കിലും പദ്ധതി രാജ്യത്ത് സൃഷ്ടിച്ച സാമൂഹികമാറ്റങ്ങളെ എഴുതിത്തള്ളാനാവില്ല. പദ്ധതി നടപ്പാക്കിയ കാലംമുതല്ക്കേ ഉത്തരേന്ത്യയിൽ അഴിമതിക്കഥകള്‍ പ്രചരിക്കുന്നു, അഴിമതിയെ എതിർത്ത ആക്ടിവിസ്റ്റുകളിൽ പലരും കള്ളക്കേസുകളിൽ കുടുക്കപ്പെട്ടു, ചിലർക്ക് ജീവൻതന്നെ നഷ്ടമായി. എന്നാല്‍, കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല നിലയില്‍ നടക്കുന്നു എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, അടുത്ത കാലത്ത് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തൊഴിലുറപ്പ് ഫണ്ട് കൃത്രിമത്തിലൂടെ തട്ടിയെടുത്ത വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇത് തൊലിപ്പുറത്തെ രോഗലക്ഷണം മാത്രമാകാനാണ് സാധ്യത. അകത്തുള്ളത് ഭാവനാതീതമായ അഴിമതികള്‍ ആകാം.
‘ജീവിക്കാനുള്ള അവകാശം’ ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവകാശമാണെങ്കിലും അതിജീവനത്തിന് അത്യന്താപേക്ഷിതമായ ‘തൊഴിലിനുള്ള അവകാശം’ ഇന്ത്യയില്‍ മൗലികാവകാശമല്ല. ഈ വൈരുധ്യത്തെ നിയമംകൊണ്ട് മറികടക്കാനുള്ള ശ്രമമായി തൊഴിലുറപ്പ് നിയമത്തെ കണക്കാക്കാവുന്നതാണ്. അവിദഗ്ധ തൊഴിലുകള്‍ ചെയ്യാന്‍ തയാറുള്ള ഏതൊരു കുടുംബത്തിനും ഒരു നിശ്ചിത കൂലിക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഒരാള്‍ താമസിക്കുന്ന ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന് മുന്നില്‍ ജോലിചെയ്യാനുള്ള സമ്മതം കാട്ടി അപേക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും 15 ദിവസത്തിനുള്ളില്‍ തൊഴില്‍ കൊടുക്കാനും അതിന്റെ കൂലി പരമാവധി രണ്ടാഴ്ചക്കുള്ളില്‍ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ നൽകാനുമുള്ള നിയമപരമായ ബാധ്യത ഭരണകൂടത്തിനുണ്ട്. അതിനു മുമ്പും ജോലിക്ക് കൂലി ഭക്ഷണം തുടങ്ങി ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന പലതരം പദ്ധതികള്‍ രാജ്യത്ത് നിലവിലുണ്ടായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി 1977ല്‍ തുടങ്ങിയിരുന്നു. എന്നാല്‍, മുന്‍ പദ്ധതികളെ അപേക്ഷിച്ച് തൊഴിലാളികള്‍ക്ക് 100 തൊഴില്‍ദിനവും നിശ്ചിത കൂലിയും ഉറപ്പുവരുത്തി എന്നതാണ് മഹാത്മാ തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേകത. അമര്‍ത്യ സെന്നിന്റെ സഹചാരിയും ബെല്‍ജിയം സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ ഡെരേസ, സാമൂഹിക പ്രവര്‍ത്തക അരുണ റോയി തുടങ്ങിയ ആളുകളുടെ ബൗദ്ധിക ഇടപെടലുകളുടെ ഫലമായിക്കൂടിയാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി നിലവില്‍വന്നത്.
ഒരാള്‍ ജോലിക്ക് അപേക്ഷിച്ചാല്‍ അയാളുടെ യോഗ്യതകള്‍ പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ രണ്ടാഴ്ചക്കുള്ളില്‍ അയാള്‍ക്ക് ജോബ് കാര്‍ഡ് ലഭിക്കും. ജോലിക്ക് അപേക്ഷിച്ചതിനുശേഷം 15 ദിവസത്തിനുള്ളില്‍ തൊഴില്‍ കൊടുക്കുന്നില്ലെങ്കില്‍ ഒരു നിശ്ചിത തുക അപേക്ഷകര്‍ക്ക് തൊഴിലില്ലായ്മാ വേതനമായി ഭരണകൂടം കൊടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഈ പദ്ധതി നടപ്പാക്കാനുള്ള നിയമപരമായ ബാധ്യത ഭരണകൂടത്തിനുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ചേരുന്ന തൊഴിലാളിക്ക് കിട്ടുന്ന തൊഴിലും വരുമാനവും മറ്റ് ആനുകൂല്യങ്ങളും ഭരണകൂട ഔദാര്യമല്ല, മറിച്ച് അത് തൊഴിലാളിയുടെ അവകാശമാണ്. ഇവിടെയാണ് മറ്റു ക്ഷേമപദ്ധതികളില്‍നിന്ന് തൊഴിലുറപ്പ് പദ്ധതി വ്യത്യസ്തമാകുന്നത്. ഇനി എങ്ങനെയൊക്കെയാണ് ഈ പദ്ധതിയില്‍ അഴിമതിയും കെടുകാര്യസ്ഥതയും വരുന്നതെന്ന് നോക്കാം.
ജോബ് കാര്‍ഡില്‍ വരുത്തുന്ന തിരിമറിയിലൂടെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഫണ്ട് മോഷ്ടിക്കുന്നതായി തൊഴിലുറപ്പ് മേഖല സംബന്ധിച്ച് നടത്തിയ വിവിധ ഗവേഷണങ്ങളുടെ പ്രബന്ധങ്ങളിലുണ്ട്. ഇത് രണ്ടു തരത്തില്‍ നടക്കാറുണ്ട്. ഒന്ന്, ജോലിക്കു വരാത്ത ആളുകളുടെ പേരില്‍ ജോബ് കാര്‍ഡ് ഉണ്ടാക്കുകയും അവര്‍ ജോലിചെയ്യുന്നുവെന്ന വ്യാജ മസ്റ്റര്‍റോള്‍ ഉണ്ടാക്കുകയും ചെയ്യുന്നതാണ്. മറ്റൊന്ന്, വലിയ ജോലികള്‍ കോണ്‍ട്രാക്ടര്‍മാര്‍ യന്ത്രങ്ങളുടെ സഹായത്തോടെ പെട്ടെന്ന് പൂര്‍ത്തിയാക്കുകയും പിന്നീട് അതേ ജോലി തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്തതായി രേഖകള്‍ ഉണ്ടാക്കുകയും അതുവഴി പൊതുഫണ്ട് തട്ടിയെടുക്കുകയും ചെയ്യുന്നു. രണ്ടാമത് പറഞ്ഞതാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പദ്ധതി നടത്തിപ്പില്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചുവരുന്ന രണ്ടു കുഴപ്പങ്ങള്‍ 100 തൊഴില്‍ദിനങ്ങളും, അവക്കുള്ള കൂലിയും കൃത്യമായി കൊടുക്കുന്നില്ല എന്നതാണ്. ഈ പദ്ധതിയില്‍ നിലവില്‍ കൂലിയിനത്തില്‍ 18,000 കോടിക്കു മുകളില്‍ കുടിശ്ശിക ഉണ്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ഏറ്റവും ഒടുവിലത്തെ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രം കുത്തനെ വെട്ടിക്കുറക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ മൊത്തം പദ്ധതി ചെലവിന്റെ 60 ശതമാനം കൂലിയായും 40 ശതമാനം മെറ്റീരിയല്‍ കോസ്റ്റായുമാണ് വകയിരുത്തുന്നത്. യാതൊരുവിധ യന്ത്രങ്ങളോ കോണ്ട്രാക്ടര്മാരോ തൊഴിലുറപ്പ് പദ്ധതിയില്‍ പാടില്ലെന്നാണ് നിയമം പറയുന്നതെങ്കിലും ഇത് പലയിടത്തും പാലിക്കാറില്ല. മാത്രവുമല്ല, മെറ്റീരിയല്‍ കോസ്റ്റ് ഇനത്തിലും പദ്ധതി നടത്തിപ്പില്‍ അഴിമതിയുള്ളതായി സോഷ്യല്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭരണകൂടം മനുഷ്യത്വത്തോടെയും ഭാവനാപൂർണമായും സമീപിച്ചാല്‍ ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായതന്നെ മാറ്റാന്‍ കെൽപുള്ളതായിരുന്നു ഈ പദ്ധതി. തൊഴിലുകളിൽ വൈവിധ്യവും പരിശീലനവും മെച്ചപ്പെട്ട കൂലിയും കൊണ്ടുവന്നാല്‍ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് നേട്ടങ്ങള്‍ തൊഴിലുറപ്പ് പദ്ധതിക്ക് ഉണ്ടാക്കാവുന്നതേ ഉള്ളൂ. തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യമായ കൂലിയാണ് നല്‍കുന്നത്. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജന്മിത്ത കൃഷിയിടങ്ങള്‍ക്ക് വെളിയില്‍ തുച്ഛമായ തോതിലാണെങ്കിലും മറ്റൊരു ജോലിയുടെ സാധ്യത തൊഴിലുറപ്പ് പദ്ധതി തുറന്നപ്പോള്‍ പല ഗ്രാമീണ തൊഴിലിടങ്ങളിലും കൂലി വർധിക്കാന്‍ ഇടയായത് ഈ പദ്ധതിയുടെ ഒരു പരോക്ഷ നേട്ടമായിരുന്നു. സ്വകാര്യ തൊഴില്‍കമ്പോളത്തിലെ കൂലിക്ക് തൊഴിലുറപ്പ് കൂലിക്ക് താഴെ പോകാന്‍ പറ്റാത്ത തരത്തിലുള്ള ഒരു സുരക്ഷാവേതന കവചമായി മാറാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ശബ്ദരഹിതരായി ജീവിച്ച കോടിക്കണക്കിന് മനുഷ്യരുടെ മുഖങ്ങളില്‍ സന്തോഷവും ശബ്ദത്തില്‍ അവകാശബോധവും പെരുമാറ്റത്തില്‍ സ്വാഭിമാനവും നിറക്കാന്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ‘ആവശ്യത്തിന് അനുസരിച്ച് തൊഴില്‍’ എന്ന നിലയില്‍നിന്ന് ‘ബജറ്റ് വിഹിതത്തിനനുസരിച്ചുള്ള തൊഴില്‍’ എന്ന നിലയിലേക്ക് തൊഴിലുറപ്പ് പദ്ധതി മാറിയതിനെ പാവപ്പെട്ട ജനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രതിരോധിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.