കർണാടക; വരാനിരിക്കുന്നത് വെറുമൊരു തെരഞ്ഞെടുപ്പല്ല
text_fieldsമേയ് മാസം പത്തിനാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാൾ കുറിച്ചിരിക്കുന്നത്. ആ സംസ്ഥാനം വരുന്ന അഞ്ചുവർഷത്തേക്ക് ആരു ഭരിക്കുമെന്ന കാര്യം മാത്രമല്ല, നമ്മുടെ റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിനായുള്ള പോരാട്ടത്തിന്റെ ഗതി നിർണയിക്കുക കൂടിച്ചെയ്യും ആ തെരഞ്ഞെടുപ്പ്. തൊട്ടുമുമ്പ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കുന്ന പഴഞ്ചൻ പറച്ചിലല്ലയിത്. ഒരു തെന്നിന്ത്യൻ സംസ്ഥാനത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പല്ല ലോക്സഭ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് എപ്രകാരമാവും എന്ന് തീരുമാനിക്കുക. വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ ചിന്താരീതി അളക്കാനുതകുന്ന ബാരോമീറ്ററും അല്ലയിത്. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇതിലേറെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സൂചകമായേക്കും. എന്നിരിക്കിലും വരും വർഷത്തെ രാഷ്ട്രീയ പാതയിൽ കർണാടകയിലെ നിർണായക പോരാട്ടത്തിന് അതിപ്രാധാന്യമുണ്ട്.
ഓപറേഷൻ താമരക്കുമപ്പുറം
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അധികാരത്തിലും സാധുതയിലും അവരുടെ അധീശത്വം ഉറപ്പിക്കാനുള്ള പോരാട്ടമാണത്. അവരുടെ ലോക്സഭയിലെ എണ്ണക്കണക്കിലും കർണാടകക്ക് വലിയ പ്രാധാന്യമുണ്ട്. രാജ്യത്തെ മറ്റ് സ്വാധീന മേഖലകളിലെല്ലാം പാർട്ടി പരമാവധി വളർച്ച കൈവരിച്ചിരിക്കുന്നു എന്നതിനാൽ 2019ൽ വിജയിച്ച സീറ്റിന്റെ പകുതിയെങ്കിലും നഷ്ടപ്പെട്ടാൽ അത് നികത്താൻ മറ്റൊരിടമില്ല. അതുകൊണ്ടുതന്നെ കർണാടകയിൽ അവർക്ക് നേട്ടമുറപ്പിച്ചേ തീരൂ.
അഴിമതിക്കാർ എന്ന ചീത്തപ്പേരും ഭരണവിരുദ്ധവികാരവും നിലനിൽക്കുന്ന സാഹചര്യത്തിൽ ഭരണം നിലനിർത്തൽ ബി.ജെ.പിക്ക് ദുഷ്കരം തന്നെയാണ്. സർക്കാർ ധനസഹായമുള്ള ഏത് പശ്ചാത്തല വികസന പദ്ധതിക്കും 40 ശതമാനം കമീഷൻ നൽകേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘40 പെർസൻറ്’ സർക്കാർ എന്ന പേരിൽ കരാറുകാരുടെ കൂട്ടായ്മ നടത്തിയ പ്രചാരണം ഏറെ ജനശ്രദ്ധ നേടിയിരുന്നു. സർക്കാറിനെ പൊതുജനം എവ്വിധം പരിതാപകരമായാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രചാരണം. എന്നാൽ, പ്രതിച്ഛായ പ്രശ്നങ്ങളെയെല്ലാം വിദഗ്ധമായ സോഷ്യൽ എൻജിനീയറിങ്ങിലൂടെയും ധ്രുവീകരണത്തിലൂടെയും സാമ്പത്തിക പിൻബലം വഴിയും മറികടക്കാനാകുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പായി ഏഴുതവണയാണ് പ്രധാന പ്രചാരകനായ പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിച്ചത്. സംസ്ഥാനം പലകുറി ഭരിച്ചുവെന്നിരിക്കിലും ഒരു തവണപോലും മികച്ച രീതിയിലെ ഭൂരിപക്ഷം അവർക്ക് ഇവിടെ ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ തവണ പോലും ഓപറേഷൻ താമര വഴിയാണ് ഇവിടെ ഭരണത്തിലേക്ക് വഴി കണ്ടെത്തിയത്. വടക്കെ ഇന്ത്യൻ ഇറക്കുമതിപ്പാർട്ടി എന്ന പേര് മാറ്റിയെടുക്കുന്നതിന് തെന്നിന്ത്യയിലേക്കുള്ള കവാടമായാണ് പാർട്ടി കർണാടകയെ കാണുന്നത്.
ഇപ്പോൾ ഇല്ലെങ്കിൽ ഇനിയില്ല
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പാർട്ടിക്ക് ഇപ്പോഴും വേരോട്ടമുള്ള, നേതാക്കൾക്ക് ഉറച്ച അനുയായിവൃന്ദങ്ങളുള്ള രാജ്യത്തെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. പാർട്ടിയുടെ പുതിയ അഖിലേന്ത്യ പ്രസിഡൻറിന്റെ നാട് എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിൽ വിജയം അവർക്ക് അഭിമാനപ്രശ്നം കൂടിയാണ്. ദുർബലരായ സംസ്ഥാന നേതാക്കളുള്ള ബി.ജെ.പിയെ ഇവിടെ തോൽപിക്കാനാകുന്നില്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലും രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാൻ കോൺഗ്രസിനാകുമോ എന്ന കാര്യം സംശയകരമാണ്. അടിയന്തരാവസ്ഥക്ക് ശേഷം പോലും കൂടെ നിന്ന സംസ്ഥാനത്ത് ഒരു ലോക്സഭാ സീറ്റ് എന്ന അവസ്ഥയിൽ കാര്യമായ മാറ്റം വരുത്താൻ അവർക്കായില്ലെങ്കിൽ രാജ്യത്ത് വീണ്ടും ഉയിർപ്പ് നടത്തുമെന്ന കോൺഗ്രസിന്റെ അവകാശവാദത്തിനും പ്രസക്തിയില്ലാതെയാവും. ഭാരത് ജോഡോ യാത്രയുടെ പങ്കാളിത്തവും വിജയവുമെല്ലാം ചർച്ച ചെയ്യപ്പെടുമ്പോൾ ആ പിന്തുണ വോട്ടായി മാറുമോ എന്ന സുപ്രധാന ചോദ്യം ഉയർന്നുവന്നിരുന്നു. യാത്ര ഉയർത്തിവിട്ട വികാരം നിലനിർത്താനും യാത്രക്ക് നേതൃത്വം നൽകിയ അതേ മികവോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കാനും രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്ന സംശയവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ അതിന്റെ ഉരകല്ലായി കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ, ‘മോദാനി’ക്കെതിരെ രാഹുൽ ഗാന്ധി പരസ്യമായ ആക്രമണം തുടങ്ങുകയും സൂറത്ത് കോടതി വിധിയെത്തുടർന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്ത ശേഷം നടക്കുന്ന കർണാടക തെരഞ്ഞെടുപ്പ് കൃത്യതയാർന്ന ഒരു പോർക്കളം തന്നെയാണ്.
കോൺഗ്രസ് നേരിടുന്നത് ബഹുമുഖ വെല്ലുവിളികളാണ്. ബി.ജെ.പിയെ കഷ്ടിച്ചൊന്ന് തോൽപിച്ചതു കൊണ്ടുമാത്രം കാര്യമില്ല. ജനതാദൾ (സെക്കുലർ) പാർട്ടിയുടെ പഴയ ചരിത്രം വെച്ചുനോക്കുമ്പോൾ, ഒരു തൂക്കു നിയമസഭയാണ് വരുന്നതെങ്കിൽ അടുത്ത ബി.ജെ.പി സർക്കാർ അഥവാ ബി.ജെ.പി നിയന്ത്രിക്കുന്ന ജെ.ഡി.എസ് മുഖ്യമന്ത്രിയുള്ള സർക്കാർ രൂപപ്പെടും എന്നാണർഥം. ജനതാദൾ- ബി.ജെ.പി സഹകരണ മുന്നണി സർക്കാറോ അതല്ലെങ്കിൽ മറ്റൊരു ഓപറേഷൻ താമരയോ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെങ്കിൽ കോൺഗ്രസ് കൃത്യവും വ്യക്തവുമായ ഭൂരിപക്ഷം തന്നെ, അതായത് 224 അംഗ നിയമസഭയിൽ കുറഞ്ഞത് 125 സീറ്റുകളെങ്കിലും നേടിയേ തീരു.
200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി, കുടുംബനാഥകൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, ബി.പി.എൽ കാർഡുടമകൾക്ക് പ്രതിമാസം 10 കിലോ അരി നൽകുന്ന അന്നഭാഗ്യ, ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം 3000 രൂപ വീതം നൽകുന്ന യുവനിധി എന്നിങ്ങനെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത നാല് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് പ്രചാരണത്തുടക്കം കോൺഗ്രസ് നല്ലരീതിയിലാക്കിയിട്ടുണ്ട്. കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കൽ ഉൾപ്പെടെ കർഷകർക്കുവേണ്ടിയും ഒരു പദ്ധതി ഇതിനൊപ്പം ചേർക്കാമായിരുന്നു. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളായ ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും രണ്ടുശതമാനം അധിക സംവരണം ഏർപ്പെടുത്തിയ ബി.ജെ.പിയുടെ അവസാന നിമിഷത്തെ നടപടിയോട് ഫലപ്രദമായി പ്രതികരിക്കാനുള്ള വഴികളും അവർ കണ്ടെത്തണം. കർണാടകയുടെ സാമൂഹിക പിരമിഡിന്റെ അടിഭാഗത്ത് മൂന്നിൽ രണ്ട് വരുന്ന മറ്റുപിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി-വർഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവയെ ഫലപ്രദമായി ഒരുമിച്ചുചേർക്കാൻ അവർക്ക് കഴിയണം. ജെ.ഡി.എസ്, മജ് ലിസ്, എസ്.ഡി.പി.ഐ എന്നീ പാർട്ടികളിലേക്കും വോട്ട് വീതിക്കപ്പെട്ടേക്കാവുന്ന, തെരഞ്ഞെടുത്തയച്ച കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിൽ അതൃപ്തി സൂക്ഷിക്കുന്ന മുസ്ലിം സമുദായത്തിന്റെ പിന്തുണയെ വിലകുറച്ച് കാണുകയുമരുത്. പാർട്ടിയുടെ ആഭ്യന്തര സംഘർഷങ്ങളും കോൺഗ്രസ് പരിഹരിച്ചേ തീരു. ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങളെ സംരക്ഷിച്ചുനിർത്തുന്നതിന് രാഹുൽ ഗാന്ധി ഫലപ്രദമായി ഇടപെടുകതന്നെ വേണം.
പൗരസമൂഹത്തെ സംബന്ധിച്ചിടത്തോളവും ഈ തെരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാൻ കർഷകർ, ദലിതർ, ന്യൂനപക്ഷങ്ങൾ, ജനാധിപത്യ മതേതര സംഘടനകൾ, ബുദ്ധിജീവികൾ എന്നിവരടങ്ങുന്ന വലിയൊരു വിഭാഗം പൗരസമൂഹ കൂട്ടായ്മകൾ എദ്ദേലു കർണാടക (കർണാടകമേ ഉണരൂ) എന്ന ബാനറിനുകീഴിൽ ആദ്യമായി ഒത്തുചേരുകയാണ് (ഞാൻ ഉൾപ്പെടുന്ന ഭാരത് ജോഡോ അഭിയാനും സ്വരാജ് ഇന്ത്യയും ഇതിൽ ഭാഗമാകുന്നുണ്ട്). ഇതാദ്യമായി, ഈ സംഘടനകൾ കേവലം പ്രസ്താവനകൾ ഇറക്കുന്നതിനും കുറച്ച് പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും അപ്പുറത്തേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. നിയോജക മണ്ഡലങ്ങളിൽ ജാഗ്രതാസംഘങ്ങളെ നിയോഗിക്കുന്നതിനും യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുന്നതിനും ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിന്റെ നുണകൾ പൊളിച്ചുകാട്ടുന്നതിനുമുള്ള പദ്ധതിയാണ് അവർ തയാറാക്കിയിരിക്കുന്നത്. ബി.ജെ.പിയെ എതിർക്കാൻ മാത്രമല്ല, പരാജയം ഉറപ്പാക്കാൻ ഏറ്റവും മികച്ച സ്ഥാനാർഥിയെ പിന്തുണക്കാനും അവർ തീരുമാനിച്ചിരിക്കുന്നു.
മേയ് മാസം 13ന് നമ്മൾ കാണാനിരിക്കുന്നത് വെറുമൊരു തെരഞ്ഞെടുപ്പ് ഫലം മാത്രമാവില്ല. വെറുപ്പിന്റെയും നുണകളുടെയും ജനകീയവത്കരണം നടത്തുന്ന നിലവിലെ ഭരണക്രമത്തിനുകീഴിൽ ഒരു തെരഞ്ഞെടുപ്പും കേവലം ഒരു തെരഞ്ഞെടുപ്പല്ല. മതാന്ധതയുടെ രാഷ്ട്രീയത്തെ കർണാടകം ശക്തമായി നിരാകരിക്കുകയാണെങ്കിൽ, അത് 2024ലേക്കുള്ള നല്ല രാഷ്ട്രീയത്തിന് വഴിതുറക്കും. കർണാടകയിൽ ബി.ജെ.പി തോൽപിക്കപ്പെട്ടാൽ തെന്നിന്ത്യയിൽനിന്നുള്ള അവരുടെ ഒഴിഞ്ഞുപോക്കിനും അത് തുടക്കമിടും. എല്ലാറ്റിനുമുപരിയായി, ബി.ജെ.പിയുടെ പരാജയം ജനാധിപത്യ ഇടങ്ങൾ വീണ്ടെടുക്കാനുള്ള തെരുവിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കരുത്തുപകരുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.