സത്യത്തിൽ എന്തിനാണ് ഈ അലങ്കാരപദവി?
text_fieldsജനാധിപത്യത്തിൽ ഗവർണർ പദവി കാലഹരണപ്പെട്ട ഒരു സ്ഥാനമാണ് എന്നതിനു പുറമെ, പഴയ രാജകൊട്ടാരങ്ങളുടെ മാതൃകയിൽതുടരുന്ന രാജ്ഭവനുകളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായി രാജ്യത്തിന്റെ ഖജനാവിൽനിന്ന് ഭീമമായ തുകയാണ്ചെലവഴിക്കേണ്ടിവരുന്നത്
ശിവസേന പിളർപ്പിനെത്തുടർന്ന് വിശ്വാസവോട്ടിന് ഉത്തരവിട്ട മഹാരാഷ്ട്ര ഗവർണറുടെ നടപടി സംബന്ധിച്ച കേസിൽ വാദംകേൾക്കവെ ഈ മാസം 15ന് സുപ്രീംകോടതി ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി.
‘‘വിശ്വാസ വോട്ടെടുപ്പിനുള്ള തന്റെ നിർദേശംതന്നെ ഒരു സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടാനോ തകരാനോ കാരണമായേക്കാമെന്ന വസ്തുത ഗവർണർ അറിഞ്ഞിരിക്കണം. നിർദിഷ്ടമായ ഒരു ഫലം വരുത്തിത്തീർക്കുന്നതിന് ഗവർണർമാർ തങ്ങളുടെ പദവി ഉപയോഗപ്പെടുത്തരുത്. സർക്കാറിന്റെ പതനത്തിന് കാരണമാകുന്ന ഒരു ചെയ്തിയും അവരിൽ നിന്നുണ്ടായിക്കൂടാ’’ എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലെ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചത്.
ശിവസേനയിൽ ഏക്നാഥ് ഷിൻഡെ വിഭാഗവും ഉദ്ധവ് താക്കറെ വിഭാഗവും തമ്മിൽ ഗുരുതര അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഗവർണർക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചുനോക്കി.
‘‘അങ്ങനെയുണ്ടെങ്കിൽ നേതാവിനെ വോട്ടെടുപ്പിലൂടെ പുറത്താക്കാൻ ഷിൻഡെ വിഭാഗത്തിന് സാധിക്കുമായിരുന്നു. അല്ലാതെ നേതൃത്വം സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും പറയാൻ ഗവർണർക്കാകുമോ? സഭയിൽ വ്യക്തമായ ഭൂരിപക്ഷം തെളിയിച്ച് അധികാരമേറിയ, പ്രവർത്തിച്ചുപോരുന്ന സർക്കാറായിരുന്നു അത്’’ എന്നു തിരിച്ചു പറഞ്ഞ ചീഫ് ജസ്റ്റിസ് തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ പതനത്തിലേക്കു നയിക്കുന്നതിന് ഗവർണർക്ക് പദവി ഉപയോഗിക്കാനാകുമോ എന്ന് ആവർത്തിച്ചു ചോദിക്കുകയും അത് നമ്മുടെ ജനാധിപത്യത്തെ അതി ഗുരുതരമായി ബാധിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു.
മഹാരാഷ്ട്ര ഗവർണറുടെ ഉത്തരവിനെതിരെ ചീഫ് ജസ്റ്റിസ് നടത്തിയ അതിരൂക്ഷ വിമർശനം കൊളോണിയൽ ഭൂതകാലത്തിൽനിന്ന് ജനാധിപത്യ ഇന്ത്യ പേറുന്ന തീർത്തും നിരർഥകമായ ഗവർണർ പദവി ആവശ്യമോ എന്ന ചർച്ച വീണ്ടും സജീവമാക്കിയിട്ടുണ്ട്.
ഭരണഘടന അസംബ്ലിയിൽ 1949 ജൂൺ രണ്ടിന് നടത്തിയ പ്രസംഗത്തിൽ ഡോ. ബി.ആർ. അംബേദ്കർ വ്യക്തമാക്കിയത് ഭരണഘടനപ്രകാരം ഗവർണർക്ക് സ്വന്തമായി ചെയ്യാനാവുന്ന ഒരു ജോലിയുമില്ല, ചില ചുമതലകൾ നിർവഹിക്കുക മാത്രമേ അദ്ദേഹത്തിന് ചെയ്യാനുള്ളൂ എന്നാണ്. എന്നാൽ, അടുത്തിടെയായി ഗവർണർമാർ പലപ്പോഴും തങ്ങളാണ് നിയമം എന്നമട്ടിൽ പ്രവർത്തിക്കുന്നു, ചിലപ്പോഴൊക്കെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റുകളെ മറികടക്കുന്നു, നിയമനിർമാണസഭകൾ യഥാവിധി കൊണ്ടുവന്ന സുപ്രധാന നിയമങ്ങൾക്കുമേൽ അടയിരിക്കുന്നു, സംസ്ഥാന കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം നിയമസഭകളിൽ വായിക്കാൻപോലും വിസമ്മതിക്കുന്നു. കേരളം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തിയ ഇത്തരം ഭരണഘടനവിരുദ്ധ പെരുമാറ്റങ്ങളുടെ ഒന്നിലേറെ ഉദാഹരണങ്ങൾ ഈയടുത്തുതന്നെ നാം കണ്ടതാണ്.
ഒരു മുൻ പൊലീസ് ഓഫിസറായ തമിഴ്നാട് ഗവർണർ എൻ. രവിയുടെ പല നടപടികളും ഓർമിപ്പിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റ് മേധാവിയെയാണ്.
തമിഴ്നാടിന്റെ പേരുമാറ്റണമെന്ന് പ്രഖ്യാപിക്കാനും ദ്രാവിഡ രാഷ്ട്രീയ മാതൃക പ്രതിലോമപരമാണെന്ന് ആക്ഷേപിക്കാനുമുള്ള ധാര്ഷ്ട്യവും അദ്ദേഹം പ്രകടിപ്പിച്ചു. യൂനിയൻ സർക്കാറും സംസ്ഥാനങ്ങളും തമ്മിൽ ഒരു തർക്കം ഉടലെടുത്താൽ ഭരണഘടന വ്യവസ്ഥകളോ കോടതിവിധികളോ പരിഗണിക്കാതെ യൂനിയൻ സർക്കാറിന്റെ പക്ഷത്ത് നിൽക്കണമെന്നാണ് സിവിൽ സർവിസിന് പരിശ്രമിക്കുന്നവർക്ക് അദ്ദേഹം നൽകിയ ഉപദേശം.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന്റെ ചില പ്രത്യേക ഭാഗങ്ങൾ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന് ഒഴിവാക്കിയ ഗവർണർ, പെരിയാറിന്റെയും ഡോ. ബി.ആർ. അംബേദ്കറുടെയും പേരുകൾപോലും ഒഴിവാക്കിക്കളഞ്ഞു.
ഇന്ത്യൻ ഭരണഘടനയെ ശരിയായി വ്യാഖ്യാനിക്കാൻ തനിക്കു മാത്രമേ സാധിക്കൂ, താൻ മാത്രമാണ് ഭരണഘടന നിയമത്തിന്റെ ഒരേയൊരു സംരക്ഷകൻ എന്നമട്ടിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലപ്പോഴും പെരുമാറുന്നത്. ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ ഗവർണർ പദവിയുടെ കേവലം അനുബന്ധം മാത്രമാണ് എന്ന മട്ടിലും അദ്ദേഹം പലപ്പോഴും പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. സംസ്ഥാന സർക്കാറുമായി കൂടിയാലോചനകൾ നടത്താതെ, ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഒരു സുപ്രഭാതത്തിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ ആറു വൈസ് ചാൻസലർമാരെ അദ്ദേഹം പിരിച്ചുവിട്ടത്.
പശ്ചിമ ബംഗാളിൽ ഗവർണറായിരുന്ന ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ തന്റെ അറിവും രക്ഷാകർതൃത്വവുമില്ലാതെ സർക്കാർ ഒരു ചലനവും നടത്തിക്കൂടെന്ന വാശിയിൽ സംസ്ഥാന സർക്കാറിന്റെ രക്ഷാധികാരിയെന്ന മട്ടിലാണ് പെരുമാറിയത്. കേന്ദ്ര സർക്കാറിനോടുള്ള അചഞ്ചലമായ വിശ്വസ്തതക്കായിരിക്കാം അദ്ദേഹത്തിന് വൈകാതെ സ്ഥാനക്കയറ്റം ലഭിച്ചത്.
ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യ ഭരിക്കുന്ന കാലത്തു മുതൽ ആരംഭിച്ചതാണ് ഗവർണർമാരുടെ നിയമനം. ഗവർണർ ജനറലിനു കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ഭരണകൂട ഏജന്റുമാരായിരുന്നു പ്രവിശ്യാ ഗവർണർമാർ.
യൂനിയൻ-സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട 1983ലെ സർക്കാരിയ കമീഷൻ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രാഗല്ഭ്യം പ്രദർശിപ്പിച്ച, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളാകണം ഗവർണർ എന്ന് ശിപാർശ ചെയ്തു. അവർ തീവ്ര രാഷ്ട്രീയബന്ധങ്ങളിൽനിന്ന് പിരിഞ്ഞുനിൽക്കുന്ന ആളാകണമെന്നും സമീപകാലത്ത് രാഷ്ട്രീയത്തിൽ ഇടപെട്ടവർ ആകരുതെന്നും ഭരണകക്ഷി അംഗമായിരിക്കരുതെന്നുമെല്ലാം ആ ശിപാർശയിലുണ്ട്. സംസ്ഥാന മുഖ്യമന്ത്രി, ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കർ എന്നിവരുമായി കൂടിയാലോചിച്ച് വേണം ഗവർണറെ നിയമിക്കാൻ എന്നും പറയുന്നു. എന്നാൽ, മാറിമാറി വന്ന യൂനിയൻ ഭരണകൂടങ്ങൾ ഈ ശിപാർശകളെ ഗൗനിച്ചില്ലെന്നു മാത്രമല്ല, ഗവർണർമാരെ നിയമിക്കുമ്പോൾ ഈ ശിപാർശകൾ കടുത്ത രീതിയിൽ ലംഘിച്ചതായാണ് കാണുന്നത്.
ഗവർണർമാർ ഒട്ടുമിക്കവരും ഭരണകക്ഷിയുമായി അടുപ്പമുള്ളവരായിരുന്നു, ബ്രിട്ടീഷ് കാലത്തിലെന്നപോലെ ഭരണകൂടത്തിന്റെ ഏജന്റുമാരായാണ് അവർ പ്രവർത്തിച്ചുപോന്നത്. തീരെ കുറവ് അപവാദങ്ങൾ ഇല്ലെന്നല്ല.
ഒരു ഉദാഹരണം സുർജിത് സിങ് ബർണാലയുടേതാണ്. 1991ൽ തമിഴ്നാട് ഗവർണറായിരിക്കെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ശിപാർശ ചെയ്ത് റിപ്പോർട്ട് നൽകണമെന്ന യൂനിയൻ ഭരണകൂടത്തിന്റെ നിർദേശം അദ്ദേഹം ചെവിക്കൊണ്ടില്ല. അതിന് ശിക്ഷയെന്നോണം യൂനിയൻ സർക്കാർ ബർണാലയെ ബിഹാറിലേക്ക് സ്ഥലംമാറ്റുകയും അദ്ദേഹം രാജിവെച്ചൊഴിയുകയുമാണുണ്ടായത്.
കേരളത്തിലും തമിഴ്നാട്ടിലും സംസ്ഥാന സർക്കാറുകളുമായുള്ള ഏറ്റുമുട്ടലുകൾ അതിരുകടന്ന സാഹചര്യത്തിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കി ബിൽ പാസാക്കുന്ന സാഹചര്യവുമുണ്ടായി. ജനാധിപത്യത്തിൽ ഗവർണർ പദവി കാലഹരണപ്പെട്ട ഒരു സ്ഥാനമാണ് എന്നതിനു പുറമെ, പഴയ രാജകൊട്ടാരങ്ങളുടെ മാതൃകയിൽ തുടരുന്ന രാജ്ഭവനുകളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായി രാജ്യത്തിന്റെ ഖജനാവിൽനിന്ന് ഭീമമായ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രം മഹാരാഷ്ട്രയിൽ രാജ്ഭവൻ പരിപാലിക്കാൻ ചെലവിട്ടത് 60 കോടി രൂപയാണത്രെ! ഓരോ സംസ്ഥാനത്തെയും കണക്കുകൾ പരിശോധിക്കുമ്പോൾ നിത്യച്ചെലവിനുപോലും പണമില്ലാതെ കടമെടുക്കേണ്ടിവരുന്ന രാജ്യത്ത് അത് തീർത്തും ഒരു അധികപ്പറ്റാണ് എന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.