ആർക്കും പിടികിട്ടാത്ത പവാർ പൊളിറ്റിക്സ്
text_fieldsബാൽ താക്കറെയുടെ ശിവസേനയെ പിളർത്തിയതുപോലെ ശരദ് പവാറിന്റെ എൻ.സി.പിയെയും തകർക്കാൻ ബി.ജെ.പി കരുക്കൾ നീക്കുകയാണെന്ന അഭ്യൂഹം പരന്നതോടെ മഹാരാഷ്ട്രയിൽ മറ്റൊരു രാഷ്ട്രീയ സ്ഫോടനംകൂടി ഉണ്ടാകുമോയെന്ന് ഉദ്വേഗത്തോടെ നോക്കിയിരിക്കുകയാണ് ജനം. 40 എൻ.സി.പി എം.എൽ.എമാരുടെ പിന്തുണ രേഖാമൂലം നേടി ബി.ജെ.പിക്ക് ഒപ്പം പോകാൻ പവാറിന്റെ ജ്യേഷ്ഠപുത്രൻ അജിത് പവാർ ‘മുഹൂർത്തം’ നോക്കി കാത്തിരിക്കുകയാണത്രെ. ബാക്കിവരുന്ന ഒന്നര വർഷത്തെ ഭരണകാലയളവിൽ ബി.ജെ.പി പിന്തുണയിൽ അജിത് മുഖ്യമന്ത്രിയാകുമെന്നാണ് ‘പ്രവചനം’. മുഖ്യമന്ത്രി പദം അജിത്തിന്റെ സ്വപ്നമാണ് എന്നത് എല്ലാവർക്കും അറിയാം. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കം 16 ശിവസേന വിമത എം.എൽ.എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട ഹരജിയിൽ മേയ് മാസം ആദ്യത്തിൽ സുപ്രീം കോടതി വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷിൻഡെ പക്ഷത്തെ അയോഗ്യരാക്കിയാൽ 40 എൻ.സി.പി എം.എൽ.എമാരുമായി അജിത് ബി.ജെ.പിക്കൊപ്പം പോകുമെന്നും മുഖ്യമന്ത്രിയാകുമെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ, ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ തന്നെ കരുവാക്കി കുപ്രചാരണം നടത്തുകയാണെന്നും ജീവനുള്ളിടത്തോളം കാലം ശരദ് പവാറിന്റെ കീഴിൽ എൻ.സി.പിയിൽ തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം അജിത് പറഞ്ഞത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മറാത്ത കരുത്തായ മൂത്ത പവാറും സംസ്ഥാന രാഷ്ട്രീയത്തിലെ മിടുമിടുക്കൻ ചെറിയ പവാറും പവർ പൊളിറ്റിക്സിന്റെ കാര്യത്തിൽ അഗ്രഗണ്യരാണ്. പുറമെ പവാറിന്റെ ഇഷ്ടത്തിന് വിരുദ്ധമെന്ന് തോന്നിപ്പിക്കുമെങ്കിലും അദ്ദേഹത്തിന്റെ സമ്മതമില്ലാതെ അജിത് ഒരു രാഷ്ട്രീയ നീക്കം നടത്തുമെന്ന് ആരും കരുതുന്നില്ല. അജിത് ബി.ജെ.പിക്കൊപ്പം പോവുകയാണെങ്കിൽ അത് മൂത്തപവാറിന്റെ സമ്മതത്തോടെയായിരിക്കുമെന്ന് നൂറുതരം. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാൻ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം (എം.വി.എ) തീരുമാനിച്ച 2019ലെ ആ രാത്രി വെളുക്കുംമുമ്പേ ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസിന് ഒപ്പംപോയി ഫഡ്നാവിസ് മുഖ്യനായും അജിത് ഉപമുഖ്യനായും സത്യപ്രതിജ്ഞ ചെയ്തതും പവാറിന്റെ ആശിർവാദത്തോടെയായിരുന്നല്ലോ. മൂന്നുദിവസം മാത്രമേ ഫഡ്നാവിസിന്റെ ആ രണ്ടാം സർക്കാറിന് ആയുസ്സുണ്ടായിരുന്നുള്ളൂ. തിരിച്ചുവന്ന അജിത്തിനെ ഒരു സംശയവുമില്ലാതെ എം.വി.എ സർക്കാറിൽ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഈ സംഭവങ്ങളിൽ വരികൾക്കിടയിലെമ്പാടും വായിച്ചെടുക്കാനുണ്ട്. പവാറിന്റെ അനുവാദത്തോടെയായിരുന്നു അന്ന് അജിത് വന്നതെന്നും പവാർ പിന്നീട് കാലുവാരിയെന്നും ഫഡ്നാവിസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് അടിച്ചേൽപിച്ച രാഷ്ട്രപതി ഭരണം പുലർകാല സത്യപ്രതിജ്ഞയിലൂടെ പിൻവലിപ്പിച്ചില്ലേ എന്നാണ് പവാർ ഇതിനോട് പ്രതികരിച്ചത്.
ശരദ് പവാറിനെ ഒറ്റയടിക്ക് നമ്പാനാകില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യനാണ് അദ്ദേഹം. 2014ൽ ഭരിക്കാനാവശ്യമായ അംഗബലമില്ലാതെ സർക്കാറുണ്ടാക്കിയ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിനെ ശബ്ദംകൊണ്ട് പിന്താങ്ങി സഭയിൽ വിശ്വാസം നേടിക്കൊടുത്തത് ശരദ് പവാറിന്റെ എൻ.സി.പിയാണേല്ലാ. അന്ന് ഫഡ്നാവിസ് സർക്കാറിനെ ഉപാധികളില്ലാതെ പുറത്തുനിന്ന് പിന്താങ്ങാൻ എൻ.സി.പി തീരുമാനിച്ചിരുന്നെങ്കിലും ‘അപകടം മണത്ത’ ഫഡ്നാവിസ് ശിവസേനയെ ഒപ്പം കൂട്ടുകയാണ് ചെയ്തത്. അന്നത്തെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശിവസേനയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ബി.ജെ.പി അവസാനിപ്പിച്ചിരുന്നു. നരേന്ദ്ര മോദി തരംഗത്തിൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ചരിത്രത്തിലാദ്യമായി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റകക്ഷിയാകാൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും ഭരിക്കാനുള്ള അംഗബലം തികഞ്ഞിരുന്നില്ല. അതുകൊണ്ടാണ് 2019ൽ ശിവസേനയുമായി തെരഞ്ഞെടുപ്പ് സഖ്യം ബി.ജെ.പി പുനഃസ്ഥാപിച്ചത്.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന കളംമാറിച്ചവിട്ടി. ബി.ജെ.പി പ്രാദേശിക പാർട്ടികളെയും നേതാക്കളെയും പതുക്കെ ഇല്ലാതാക്കുകയാണെന്ന തിരിച്ചറിവായിരുന്നു അതിനു പിന്നിൽ. ഇവിടെയാണ് പവാറിലെ പ്രായോഗിക രാഷ്ട്രീയ ചാണക്യൻ, എം.വി.എ എന്ന പുതിയൊരു സഖ്യ സമവാക്യം രൂപപ്പെടുത്തി ബി.ജെ.പിയിൽനിന്ന് ഭരണം തട്ടിയെടുക്കുന്നത്. ശിവസേന തലവൻ ഉദ്ധവ് താക്കറെയെ തന്നെ മുഖ്യനാക്കിയതും കണക്കുകൂട്ടലുകളിലൂടെയായിരുന്നു. ഇത് ദേവേന്ദ്ര ഫഡ്നാവിസിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും പിടിച്ചില്ല. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പവാറിനേക്കാൾ വലിയ ‘ഗുസ്തിക്കാരനായി’ തന്നെ സ്വയം അവരോധിക്കാൻ ശ്രമിച്ച ഫഡ്നാവിസിനെ പവാർ മലർത്തിയടിക്കുകയാണ് ചെയ്തത്. എം.വി.എ എന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറുകയും ചെയ്തു. സഖ്യം തകർക്കുകയല്ലാതെ മറ്റ്മാർഗമില്ലെന്നായി. ആദ്യം ശിവസേനയെ പിളർത്തി ഉദ്ധവിനെ മൂലക്കിരുത്തുകയായിരുന്നു ലക്ഷ്യം. ഏക്നാഥ് ഷിൻഡെയിലൂടെ ശിവസേനയെ പിളർത്താനും പാർട്ടിയുടെ അവകാശവും ചിഹ്നവും വിമതർക്ക് പതിച്ചുനൽകാനും കഴിഞ്ഞെങ്കിലും ഉദ്ധവിനെ തളർത്താനായില്ല. എം.എൽ.എമാരിൽ ഭൂരിപക്ഷവും ഷിൻഡെക്കൊപ്പം പോയെങ്കിലും അണികൾ അനങ്ങിയില്ല. പ്രതീക്ഷിച്ച ഫലം കാണാതായതോടെ നഗരസഭ തെരഞ്ഞെടുപ്പുകൾ നീണ്ടുപോവുകയാണ്. ഉദ്ധവിനെ മുന്നിൽനിർത്തിയാണ് എം.വി.എ കരുക്കൾ നീക്കുന്നത് എന്നത് ബി.ജെ.പിക്ക് മറ്റൊരു തലവേദനയായി മാറി.
ഇതിനു പിന്നാലെയാണ് പവാർ കുടുംബത്തിൽത്തന്നെ വിള്ളലുണ്ടാക്കുംവിധം എൻ.സി.പിയെ പിളർക്കാൻ ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, പവാറിന്റെ പിന്തുണയില്ലാതെ അജിത് എങ്ങും പോകില്ലെന്ന് പാർട്ടി നേതാക്കളും പവാർ കുടുംബത്തെ അടുത്തറിയുന്നവരും അടിവരയിടുന്നു. അജിത് പവാറിന്റെ വിമത നീക്കവുമായി അഭ്യൂഹങ്ങൾ പരന്നപ്പോൾ എങ്ങും തൊടാതെ ചിലത് ഉദ്ധവ് താക്കറെയുമായി പവാർ പങ്കുവെച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ പിളർത്താൻ ശ്രമം നടക്കുന്നതായും ഏതാനും എം.എൽ.എമാർ പോയാലും എൻ.സി.പി-ബി.ജെ.പി സഖ്യമുണ്ടാകില്ലെന്നുമാണ് അതിലൊന്ന്. ശിവസേന മുഖപത്രമായ ‘സാമ്ന’യിലെ കോളത്തിലൂടെ സഞ്ജയ് റാവുത്ത് ഇത് വെളിപ്പെടുത്തുകയും ചെയ്തു. ബി.ജെ.പിക്ക് വഴങ്ങിയാൽ കേസ് ഫയലുകൾ താൽക്കാലികമായി മാറ്റിവെക്കുമെന്നല്ലാതെ കേസ് ഒരിക്കലും അവസാനിക്കില്ലെന്ന് പവാർ പാർട്ടി എം.എൽ.എമാർക്ക് ഉപദേശം നൽകിയെന്നും പറയുന്നു.
അജിത് പവാറിന്റെ ‘വിമത നീക്കത്തെ’ക്കുറിച്ച് മുൻ ആപ് നേതാവ് അഞ്ജലി ധമാനിയയാണ് ആദ്യം പറഞ്ഞത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളിൽനിന്ന് അറിഞ്ഞതാണെന്ന് അവകാശപ്പെട്ടായിരുന്നു അവരുടെ ഈ വെളിപ്പെടുത്തൽ. തൊട്ടുപിന്നാലെ വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷനും ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കറും വെടിപൊട്ടിച്ചു. 15 ദിവസത്തിനകം രണ്ട് രാഷ്ട്രീയ സ്ഫോടനങ്ങൾ നടക്കുമെന്നായിരുന്നു അത്. ഒരു സ്ഫോടനം മഹാരാഷ്ട്രയിലും മറ്റേത് ഡൽഹിയിലുമെന്ന് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ പരിഹസിക്കുകയും ചെയ്തു.
എന്നാൽ, അജിത് പവാർ മുഖ്യമന്ത്രിയും സുപ്രിയ സുലെ കേന്ദ്ര മന്ത്രിയും ആകുമെന്ന നിലയിലാണ് ഈ പരിഹാസം വായിക്കപ്പെട്ടത്. പവാറുമാർ അഭ്യൂഹങ്ങളെ തള്ളിപ്പറയുന്നുണ്ടെങ്കിലും പലതും സംഭവിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ജനം. പ്രായോഗിക രാഷ്ട്രീയ ചാണക്യൻ പവാറിന്റെ പ്രതിച്ഛായയാണ് അതിന് കാരണം. വിഷയത്തിൽ ബി.ജെ.പി മൗനത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.