സ്രെബ്രനീസക്കും മലിയാനക്കും പൊതുവായുള്ളത്...
text_fieldsഹാഷിംപുര-മലിയാന കൂട്ടക്കൊലയുടെ വിധി സൃഷ്ടിക്കുന്ന നിരാശയുടെ പടുകുഴിയിൽ നിൽക്കെ ആശ്വാസംകൊള്ളാനാവുന്ന ഏക വഴി നമ്മൾ നിൽക്കുന്ന അവശിഷ്ടങ്ങൾക്കു ചുറ്റും നോക്കുക എന്നതാണ്. ഗാസിയാബാദിലെ പൊലീസ് സൂപ്രണ്ടായിരുന്ന വിഭൂതി നാരായൻ റായ് എന്ന മനുഷ്യന്റെ ഹൃദയസ്പർശിയായ രൂപമാണ് ആദ്യം ഓർമയിലെത്തുക.
പ്രൊവിൻഷ്യൻ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി) അമ്പത് യുവാക്കളെ ഒരു ട്രക്കിൽ പിടിച്ചുകയറ്റി ഗംഗാ കനാൽ ഭാഗത്തേക്ക് കൊണ്ടുപോയി വെടിവെച്ച് കനാലിൽ തള്ളിയിരിക്കുന്നു എന്ന വിവരം കേട്ടയുടനെ റായ് അവിടേക്കു കുതിച്ചു, ആരെങ്കിലും അവശേഷിപ്പുണ്ടോ എന്ന് വിളിച്ചുചോദിച്ചു.
ആകസ്മികമായി അതിജീവിച്ച ബാബുദ്ദീന്റെ ഞരക്കം മറുപടിയായെത്തി. അത് അന്വേഷണങ്ങൾക്കുള്ള ഒരു പിടിവള്ളിയായി. സകല സാധ്യതകളും ഉപയോഗിച്ച് നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ പ്രകാശത്തിന്റെ ഒരു തുള്ളി കാണായി. 16 പി.എ.സി ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ജസ്റ്റിസ് മുരളീധർ കണ്ടെത്തി, അവരെ ജീവപര്യന്തത്തിന് വിധിച്ചു.
ആകയാൽ, അപ്രമാദിത്വത്തിനെതിരെ പോരാടുന്ന ഏതാനും നല്ല മനുഷ്യർ സൃഷ്ടിച്ച മാറ്റം എത്ര ചെറുതാണെങ്കിലും കാണാതിരുന്നുകൂടാ. ഹാഷിംപുരയിലെയും മലിയാനയിലെയുംപോലെയുള്ള ഭീകരതക്കെതിരെ മാനവികതയുടെ കൂടാരം പടുത്ത ഒട്ടേറെപ്പേർ നമുക്കിടയിൽ എന്നുമുണ്ടായിട്ടുണ്ട്.
സാമൂഹിക പ്രവർത്തകരും അഭിഭാഷകരുമായ നന്ദിത ഹക്സർ, വൃന്ദ ഗ്രോവർ, റെബേക്ക ജോൺ, കോളിൻ ഗോൺസാൽവസ് തുടങ്ങിയവർ അനിതരസാധാരണമായ പങ്കാണ് ഈ പോരാട്ടത്തിൽ വഹിച്ചത്. പിന്നെയുമുണ്ട് ഒരുപാടുപേർ, സംഘർഷൻ ഠാകുറിനെയും ഖുർബാൻ അലിയെയുംപോലുള്ള അനേകം മാധ്യമപ്രവർത്തകർ ഈ കേസിനെ വാശിയോടെ പിന്തുടർന്നു.
ബി.ജെ.പി സൃഷ്ടിക്കുന്ന മുസ്ലിംവിരുദ്ധ പരിതഃസ്ഥിതിയിൽ ഇരുന്ന് ഹാഷിംപുരയെയും മലിയാനയെയുംകുറിച്ച് ചിന്തിക്കുന്നതിനെ മതേതരവാദികൾ ഒരുപക്ഷേ ഓർമക്കുറവ് നടിച്ച് തടഞ്ഞേക്കും. ദയവായി കോൺഗ്രസിനെ കുറ്റംപറയരുതെന്നും ഈ സാഹചര്യത്തിൽ ഹാഷിംപുരയെയും മലിയാനയെയും അതിൽ കോൺഗ്രസ് പുലർത്തിയ കുറ്റകരമായ പങ്കിനെക്കുറിച്ചും പറയുന്നത് ബി.ജെ.പിക്ക് ഗുണംചെയ്തേക്കുമെന്നും അവർ പറയും. എന്നുവെച്ച് നമ്മളെന്തു വേണം?
എങ്ങനെയാണ് സംഭവങ്ങളുടെ നാൾവഴികൾ നമുക്ക് മാറ്റിമറിക്കാനാവുക? രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഈ ക്രൂരസംഭവങ്ങൾ അരങ്ങേറിയത്. കോൺഗ്രസിലെ വീർ ബഹാദൂർ സിങ്ങായിരുന്നു അന്ന് യു.പി മുഖ്യമന്ത്രി.
പി.എ.സി സ്വയം ഇഷ്ടപ്രകാരം ചെയ്തുകൂട്ടിയതാണോ അതെല്ലാം?, അതോ മുസ്ലിംകളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉന്നതങ്ങളിൽനിന്ന് അവർക്ക് നിർദേശം ലഭിച്ചിരുന്നോ? രാജ്യസഭയിൽ അതുസംബന്ധിച്ച് സംശയാസ്പദമായ സാക്ഷ്യം നടത്തിയിരുന്നു ഡോ. സുബ്രമണ്യൻ സ്വാമി. ആഭ്യന്തര സുരക്ഷാ സഹമന്ത്രിയായിരുന്ന പി. ചിദംബരത്തിനുനേരെയാണ് അദ്ദേഹം വിരൽചൂണ്ടിയത്.
ബറാഅത്ത് രാവിന്റെ ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ച പടക്കങ്ങളിലൊന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പി.എ.സി കോൺസ്റ്റബിളിന്റെ ദേഹത്തു തട്ടി. ഉടനടി പ്രതികരണമെന്ന മട്ടിൽ രണ്ടു മുസ്ലിംകളെ വെടിവെച്ചുകൊന്നു, അതാണ് 1987 ഏപ്രിലിലെ രൂക്ഷ വർഗീയ സ്വഭാവമുള്ള കലാപങ്ങൾക്ക് തിരികൊളുത്തിയ സംഗതി.
ഒരു മാസത്തിലേറെ നീണ്ട അതിക്രമങ്ങൾ തുടക്കത്തിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളായിരുന്നു, പിന്നീട് അതൊരു നാട്ടാചാരമായി മാറി. കലാപത്തിനുള്ള ഒരു മുന്നുപാധി അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വർഗീയതയാണ്. രാജീവ് ഗാന്ധിയുടെ ഭക്തസംഘം വർഗീയതയുടെ സകല ചേരുവകളെയും തിളക്കാൻ അനുവദിച്ചു.
കോൺഗ്രസിന്റെ ഡി.എൻ.എയിൽ നിലനിൽക്കുന്ന ‘ഹിന്ദു’വിനെ അവഗണിച്ചുതള്ളാൻ ആർക്കുമാവില്ല. ഉത്തർപ്രദേശിന്റെ ആദ്യ ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്തെ ഒരു സംഭവം ‘എ ലൈഫ് ഓഫ് ഔവർ ടൈംസ്’ എന്ന തന്റെ ഓർമക്കുറിപ്പുകളിൽ രാജേശ്വർ ദയാൽ ഐ.സി.എസ് രേഖപ്പെടുത്തിയിരിക്കുന്നത് കാണുക.
ആർ.എസ്.എസ് മേധാവിയായിരുന്ന ഗുരു ഗോൾവാൾക്കർക്കെതിരെ ഒരു കൂന തെളിവുകളുമായി അദ്ദേഹവും പൊലീസ് കമീഷണറുംകൂടി മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്തിന്റെ വസതിയിലെത്തി. ലഭ്യമായ തെളിവുകൾപ്രകാരം മീറത്തിലും മുസഫർനഗറിലും പടിഞ്ഞാറൻ യു.പിയുടെ മറ്റു ഭാഗങ്ങളിലും വ്യാപകമായ കലാപങ്ങൾ നടത്താൻ ഗോൾവാൾക്കർ പദ്ധതിയിട്ടിരുന്നു.
ഈ നീക്കം പന്ത് ശരിവെക്കുമെന്നാണ് ദയാൽ ധരിച്ചിരുന്നത്. എന്നാൽ, ആ ധാരണ തെറ്റിപ്പോയിരുന്നു. തന്ത്രപ്രധാനമായ സങ്കീർണ വിഷയം മന്ത്രിസഭ പരിഗണിക്കുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്നാൽ, ആ സമയംകൊണ്ട് ഗോൾവാൾക്കർക്ക് രക്ഷപ്പെടാനായി.
ചെറിയതോതിൽ എരിഞ്ഞുനിന്ന മീറത്തിലെ കലാപം രാജീവ് ഗാന്ധി ബാബരി മസ്ജിദ് വിഗ്രഹാരാധനക്കായി തുറന്നുകൊടുത്തതിനു പിന്നാലെ ഉച്ചസ്ഥായിയിലായി. രാമക്ഷേത്രത്തിനായുള്ള നീക്കത്തിൽ ബി.ജെ.പിയെ മറികടക്കുന്ന നീക്കമായിരുന്നു അത്.
രാജീവിന്റെ ഉറ്റചങ്ങാതിയായിരുന്ന കമൽനാഥ് ഉച്ചൈസ്തരം പ്രഖ്യാപിച്ചു- നാം രാമക്ഷേത്രനിർമാണത്തിനുള്ള ആദ്യചുവട് വെച്ചുകഴിഞ്ഞിരിക്കുന്നു. അതോടെ ബാബരി മസ്ജിദ് മുഖ്യ ചർച്ചാവിഷയമായി ഭവിച്ചു, രാമഭക്തിക്ക് മത്സരസ്വഭാവവും കൈവന്നു.
ഏതാണ്ട് ഈ സമയത്തുതന്നെ മൊഴിചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള ശാബാനു കേസ് വിധി മുസ്ലിം പുരോഹിതക്കൂട്ടങ്ങളെ ശുണ്ഠിപിടിപ്പിച്ചു. നിറഞ്ഞ ഭീരുത്വത്തോടെ രാജീവിന്റെ ആളുകൾ ആ വിധി പാർലമെന്റിൽ അട്ടിമറിച്ചു.
മുസ്ലിം പ്രീണനം എന്ന ആരോപണത്തെ എന്നെങ്കിലും സാധൂകരിക്കാനാകുമായിരുന്നുവെങ്കിൽ, ആ സന്ദർഭം ഇതായിരുന്നു. മന്ദിർ, മസ്ജിദ്, മുസ്ലിം വ്യക്തിനിയമം തുടങ്ങിയ വിഷയങ്ങളിലെ തകിടംമറിച്ചിലുകൾ നിറഞ്ഞ തീരുമാനങ്ങൾ വർഗീയശക്തികൾക്ക് മേൽക്കൈ നേടിക്കൊടുത്തു, വർഗീയതയുടെ തീപ്പൊരികൾ ആളിക്കത്താനുമാരംഭിച്ചു.
അടിയും തിരിച്ചടിയുമായി തുടർന്ന മീറത്ത് കലാപം ഏകദേശം അമ്പതോളം പേരുടെ ജീവൻ കവർന്നിരുന്നു. ആ ഘട്ടത്തിലാണ് സർക്കാറിന്റെ ഉന്നതതലത്തിലുള്ള ആരോ കുപ്രസിദ്ധമായ പി.എ.സിയെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അഴിഞ്ഞാടാൻ വിട്ടത്. അവർ ചെയ്തുകൂട്ടിയത് എന്തെന്നറിയുമോ?
ആളുകളെ വീടുകളിൽനിന്ന് വിളിച്ചിറക്കി വാഹനത്തിൽ കയറ്റി ഗംഗാ കനാലിനു സമീപം കൊണ്ടുനിർത്തി വെടിവെച്ചുവീഴ്ത്താൻ തുടങ്ങി. മദർ ഡെയറി പാൽ കമ്പനിയുടെ വാൻ കണ്ട് അന്വേഷിച്ചെത്തിയ ആരോ ആണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായ പി.എ.സി സംഘം വീണ്ടും വാഹനത്തിലേറി ഡൽഹി-യു.പി അതിർത്തിയിലെ ഹിന്ദോൺ നദിക്കരയിലേക്കു കുതിച്ചു, തരിച്ചുനിന്ന മുസ്ലിം ചെറുപ്പക്കാരെ ഒന്നൊന്നായി വെടിവെച്ച് പുഴയിലേക്ക് എറിഞ്ഞുകൊടുത്തു.
ഹാഷിംപുരയിലെ കൊലയാളികളായ ഒരു ചെറുപറ്റം പി.എ.സിക്കാരെങ്കിലും കുറ്റക്കാരാണെന്ന് വിധി വന്നു. എന്നാൽ, മലിയാനയിൽ കൊല്ലപ്പെട്ട മനുഷ്യരുടെ വിധവകൾ നീതിപ്രതീക്ഷിച്ച് മൂന്നു പതിറ്റാണ്ടിലേറെ കാത്തുകാത്തിരുന്നു. 72 മുസ്ലിംകൾ ഏകപക്ഷീയമായി കൂട്ടക്കൊല ചെയ്യപ്പെട്ട കേസിൽ 900ത്തോളം വിചാരണകൾക്കൊടുവിൽ 39 ആരോപിതരെയും കുറ്റമുക്തരാക്കി കഴിഞ്ഞയാഴ്ച വിധി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.
അക്കാലത്ത് ഇരുപതുകളുടെ തുടക്കത്തിലായിരുന്ന ഞങ്ങളുടെ മകൾ മലിയാന കൂട്ടക്കൊല റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ ഓർമകൾ അവളെ ഇന്നും വേട്ടയാടുന്നു.
1994-95ലെ ബോസ്നിയൻ യുദ്ധകാലത്ത് ഞാൻ സാഗ്റബിലായിരുന്നു, സ്രെബ്രനീസ ഗ്രാമം വളഞ്ഞ സെർബിയൻ സായുധ ആക്രമി സംഘം അരോഗദൃഢഗാത്രരായ 8000 ബോസ്നിയൻ മുസ്ലിം യുവാക്കളെ വരിവരിയായി നിർത്തി വെടിവെച്ച് കൂട്ടക്കുഴിമാടങ്ങളിൽ കുഴിച്ചിട്ടു. അവിടെയുണ്ടായിരുന്ന ഡച്ച് സമാധാന സേനാംഗങ്ങൾ ഇതൊന്നും കണ്ട ഭാവംപോലും നടിച്ചില്ല.
സ്രെബ്രനീസയിലും മലിയാനയിലും നടന്നത് ഏകപക്ഷീയമായ കൂട്ടക്കൊലകളായിരുന്നു. എന്നാൽ, അവ തമ്മിൽ ഒരു വ്യത്യാസമുണ്ട്- സ്രെബ്രനീസയിൽ ഈ നിഷ്ഠുരത അരങ്ങേറി 10 വർഷത്തിനകം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സംഭവം വിചാരണ ചെയ്യപ്പെട്ടു, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു.
സ്രെബ്രനീസയിലെ നിരപരാധികളായ രക്തസാക്ഷികളെ ഓർമിപ്പിക്കുന്ന, ഉള്ളിൽ വിറയൽ സൃഷ്ടിക്കുന്ന വലിയൊരു സ്മാരകം പോട്ടോകാരിയിൽ ഉയർന്നു. എന്നാൽ, മലിയാനയിലോ? നീതി ലഭിച്ചേക്കുമെന്ന പ്രതീക്ഷയോടെ ഇരകളുടെ കുടുംബങ്ങൾ ഇതിനകംതന്നെ 36 വർഷം കാത്തിരുന്നു.
കോടതിവിധി തികഞ്ഞ നീതിനിഷേധമാകയാൽ ഇനി മേൽകോടതികളിൽ അപ്പീൽ നൽകണം, അവിടെയിനി എത്രകാലം കാത്തിരിക്കണമെന്ന് ആർക്കറിയാം? വിഖ്യാത നടൻ ഗ്രൗച്ചോ മാർക്സ് പറഞ്ഞതുപോലെ, ഈ സാഹചര്യത്തിൽ നാമെല്ലാവരും നീതികിട്ടാതെ മരിച്ചുപോയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.