തോറ്റ് തലകുനിച്ചു നിൽക്കുന്നത് ഇന്ത്യയാണ്
text_fieldsകൊലപാതകം, ബലാത്സംഗം, വിദ്വേഷം തുടങ്ങിയ തിന്മകൾക്ക് പൂർണമായി അറുതിവരുത്താൻ ഒരു സമൂഹത്തിനും കഴിയില്ല എന്നത് ഒരു പരമസത്യമാണ്. സദാചാരനിഷ്ഠമായ ഒരു സമൂഹത്തിൽപോലും കൊലപാതകികളും ബലാത്സംഗക്കാരും വിദ്വേഷപ്രചാരകരും ഉണ്ടായിരിക്കും.
പിന്നെ എങ്ങനെയാണ് നമ്മൾ സാധാരണ ജീവിതം നയിക്കുന്നത്? എല്ലാ പരിഷ്കൃത സമൂഹങ്ങളിലും നിയമവാഴ്ച നിലനിൽക്കുന്നുവെന്ന വിശ്വാസംകൊണ്ട്. അതെ, കുറ്റകൃത്യങ്ങൾ ഉണ്ടാകും. എന്നാൽ, കുറ്റവാളികളെ പിടികൂടുകയും നടപടിക്രമങ്ങൾക്കുശേഷം, കുറ്റക്കാരെന്നു കണ്ടെത്തിയാൽ ആനുപാതികമായ ശിക്ഷ നൽകുകയും ചെയ്യുമ്പോൾ നീതി പുലരും.
എന്തെങ്കിലും കാരണവശാൽ, കൊലപാതകവും കൊടിയ കൃത്യങ്ങളും ചെയ്തശേഷവും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാധിക്കുന്നുവെങ്കിൽ, നീതിയെക്കുറിച്ചുള്ള പ്രതീക്ഷ നിരന്തരം അട്ടിമറിക്കപ്പെടുകയാണെങ്കിൽ, ഒരു പരിഷ്കൃത സമൂഹം എന്ന സങ്കൽപത്തോട് വിടപറയാൻ തുടങ്ങാം. ദ്രോഹം പ്രവർത്തിക്കുന്നവർക്കെതിരെ തങ്ങളുടെ വ്യവസ്ഥ പ്രവർത്തിക്കില്ലെന്ന് തിരിച്ചറിയുന്നതോടെ പൗരജനങ്ങൾ ഉള്ളിൽ ഭയം നിറച്ച് ജീവിക്കാൻ തുടങ്ങും.
ഇന്ത്യയിൽ നീതിക്കുവേണ്ടിയുള്ള തേട്ടം ഒരു നിരന്തര പോരാട്ടമാണ്. ഒന്നാമത്തെ കാര്യം, ദുർബലരെയും നിസ്സഹായരെയും വേട്ടയാടുന്നവരെ പിടികൂടുന്നതിൽ പൊലീസ് സേന പലപ്പോഴും കാര്യമായ താൽപര്യമെടുക്കാറില്ല.
രണ്ടാമതായി, സ്വാധീനമുള്ള, ശക്തരായ ആളുകൾക്ക് (സമ്പന്നർ, രാഷ്ട്രീയക്കാർ, അവരുടെ കുടുംബങ്ങൾ തുടങ്ങിയവർക്ക്) അവർ കണക്കുപറയേണ്ടിവരുന്ന സാഹചര്യത്തെ ഏതുവിധേനയും ഒഴിവാക്കാനും പരാജയപ്പെടുത്താനും നന്നായി അറിയാം. ഇനി നിയമ നിർവഹണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിച്ചാൽപോലും, കേസുകൾ വിചാരണക്കെത്താനുള്ള കാലതാമസം, ന്യായാധിപർക്ക് വാദങ്ങൾ ശ്രദ്ധാപൂർവം കേൾക്കാൻ സമയമില്ലായ്മ, ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങൾ വേറെയുണ്ട്.
വിശ്വാസത്തെ നശിപ്പിക്കുന്നവിധം
നിരവധി പ്രശ്നങ്ങളും നീതിനിർവഹണത്തിലെ വ്യക്തമായ പിഴവുകളും ഉണ്ടായിട്ടും, കൊലപാതകികളും ബലാത്സംഗികളും രക്ഷപ്പെടുമെന്നും സമൂഹം അവരെ ഭീതിയോടെ കാണില്ലെന്നും തോന്നിപ്പിക്കുന്ന ഘട്ടത്തിലേക്ക് നമ്മുടെ സിസ്റ്റം എത്തിയിരുന്നില്ല. മിക്ക കേസുകളിലും, കുറ്റക്കാർ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും, അല്ലെങ്കിൽ ഞങ്ങൾ അങ്ങനെ കരുതുന്നു.
നിയമവാഴ്ചയിലുള്ള ഈ വിശ്വാസമാണ് നമ്മുടെ സമൂഹത്തെ പ്രവർത്തനക്ഷമമാക്കുന്നത്, നിയമവാഴ്ചയെ ബഹുമാനിക്കുന്ന ഒരു രാജ്യത്താണ് ജീവിക്കുന്നതെന്ന ബോധ്യം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് ആത്മവിശ്വാസം പകരുന്നു. ആ വിശ്വാസം നശിക്കുന്നതോടെ സമൂഹത്തിന്റെ അടിത്തറതന്നെ തകർന്നുപോകും.
മനുഷ്യത്വം നിരാകരിക്കപ്പെടുമ്പോൾ
ബിൽക്കീസ് ബാനു കേസിനെക്കുറിച്ച് ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, അവ ഏറെയും ഒരു ഹിന്ദു-മുസ്ലിം പരിപ്രേക്ഷ്യത്തിലാണ്. അത് സുപ്രധാനവും സാധുതയുള്ളതുമായ കാഴ്ചപ്പാടുതന്നെയാണ്. പക്ഷേ, ഞാൻ നേരത്തേ പറഞ്ഞതുപോലെ ഏതാനും ആഴ്ചകൾക്കുമുമ്പ് ആ വിഷയം മതപരമായ വ്യത്യാസങ്ങൾക്കും അപ്പുറത്തേക്കു പോയിരിക്കുന്നു. അത് ജീവനോടുള്ള, സ്ത്രീകളോടുള്ള ബഹുമാനത്തിന്റെ വിഷയമായിരിക്കുന്നു, അതിനൊപ്പം സമകാലിക ഇന്ത്യയിൽ നീതി ഉറപ്പാക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് എന്ന് വെളിപ്പെടുത്തുന്നു.
14ഓളം പേർ കൊല്ലപ്പെടുന്നു, മൂന്നു വയസ്സുകാരിയുടെ തല പാറക്കല്ലിനടിച്ച് പിളർത്തിരിക്കുന്നു, ബിൽക്കീസിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അതിക്രമകാരികൾ അവരെ മരണത്തിന് വിട്ടുകൊടുത്ത് കടന്നുകളയുന്നു.
യഥാർഥത്തിൽ അവരുടെ മതമേത് എന്നത് ഇതിൽ ഒരു വിഷയമാണോ? മാനുഷികതലത്തിൽ ചിന്തിച്ചാൽ അതിഭയാനകമായ കൃത്യങ്ങളല്ലേ സംഭവിച്ചിരിക്കുന്നത്? ഏതു മതത്തിൽപെട്ടവരാണെങ്കിലും സകല വ്യക്തികളും ആഗ്രഹിക്കില്ലേ നീതി ഉറപ്പാക്കപ്പെടണമെന്ന്?
എന്നാൽ ഇല്ല!
സ്വാധീനവും ശക്തിയുമുള്ള അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന ചില ആളുകൾ അടിസ്ഥാനപരമായ മാനവികതപോലും നിഷേധിക്കുംവിധത്തിൽ മുസ്ലിംകളോട് വിദ്വേഷം പുലർത്തുന്നുവെന്ന് നാം ഇപ്പോൾ അംഗീകരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരുന്ന സ്ത്രീശക്തിക്കും സ്ത്രീസുരക്ഷക്കും കടകവിരുദ്ധമായി ആ കേസിൽ ശിക്ഷിക്കപ്പെട്ട ബലാത്സംഗികളും കൊലപാതകികളും മോചിപ്പിക്കപ്പെട്ടതെങ്ങനെയെന്ന് ഏതാനും ആഴ്ചകൾക്കുമുമ്പ് ഞാൻ എഴുതിയിരുന്നു. ഈ ആളുകളെ ജയിലിൽനിന്ന് പുറത്തുവിടാൻ കേന്ദ്രം സമ്മതിക്കുമെന്ന് വിശ്വസിക്കാൻ എനിക്കു പ്രയാസമായിരുന്നു. ഞാൻ എഴുതി: ഗുജറാത്ത് ഭരണത്തിലെ ചില പ്രാദേശികതല വർഗീയവാദികളാണിത് ചെയ്തതെന്ന്. എനിക്കു തെറ്റുപറ്റി. ഗുജറാത്ത് സർക്കാർ വ്യക്തമായി പറഞ്ഞിരിക്കുന്നു, ഈ മനുഷ്യരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്പൂർണ അനുമതി ഉണ്ടായിരുന്നുവെന്ന്.
ശിക്ഷാകാലാവധി പൂർത്തിയാവുംമുമ്പേ ഈ കൊലപാതകികളെയും ബലാത്സംഗികളെയും ഇറക്കിവിടാൻ കാരണം അവരുടെ 'സൽസ്വഭാവമാണത്രെ'! വാസ്തവത്തിൽ ഈ പ്രതികളിൽ രണ്ടുപേർക്കെതിരെ (രണ്ടു കുറ്റവാളികളെങ്കിലും ശിക്ഷാകാലാവധിയിലെ 1200 ദിവസവും പരോളിൽ വിഹരിക്കുകയായിരുന്നുവെന്ന കാര്യവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു) പരോളിനിടയിലും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതാണോ സൽസ്വഭാവ സവിശേഷത? ഇത് കേട്ടുകേൾവിയല്ല. മെജോ വെബ്സൈറ്റ് എഫ്.ഐ.ആറിന്റെ കോപ്പികൾതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിനേക്കാൾ ഞെട്ടിപ്പിക്കുന്നവിധത്തിൽ, ഈ മോചനത്തിൽ യാതൊരു തെറ്റുമില്ലെന്ന ന്യായീകരണവുമായി കേന്ദ്ര സർക്കാറിലെ മന്ത്രിമാരിൽ ചിലർതന്നെ രംഗത്തെത്തി എന്നതാണ്. ''ഞാൻ ഇതിൽ യാതൊരു തെറ്റും കാണുന്നില്ല, ഇത് സാധാരണ നിയമപ്രക്രിയ മാത്രമാണ്'' എന്നാണ് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി എൻ.ഡി.ടി.വിയോട് പ്രതികരിച്ചത്. ഭാവി ഗുജറാത്തിന്റെ മതേതരത്വ പ്രതീക്ഷയായി (ഭയങ്കരംതന്നെ) ഒരുകാലത്ത് വാഴ്ത്തപ്പെട്ടിരുന്ന ഹാർദിക് പട്ടേൽപോലും ' സൽസ്വഭാവത്തിന്റെ വെളിച്ചത്തിൽ തടവുപുള്ളികളെ വിട്ടയക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നും ഇതിനെ ബോധപൂർവം തെറ്റായി ചിത്രീകരിക്കുകയാണെന്നും' പ്രസ്താവിച്ചു.
ഇവിടെ എനിക്ക് ഒരു ചോദ്യമുണ്ട്: നിർഭയയെ ബലാത്സംഗം ചെയ്തവരെയും കൊലപ്പെടുത്തിയവരെയും വിട്ടയക്കുന്നതിനെക്കുറിച്ചാണെങ്കിൽ ഇവർ ഇതേ പോലെത്തന്നെ പറയുമായിരുന്നോ? ഇതിനുള്ള ഉത്തരം നിങ്ങൾക്ക് അറിയാമെന്ന് ഞാൻ കരുതുന്നു.
ഇവന്മാരെപ്പോലെ സകലർക്കും വെറുപ്പും ദുരാഗ്രഹങ്ങളുംകൊണ്ട് കണ്ണുകാണാതായിരിക്കുന്നു എന്നു പറയാൻ കഴിയില്ല. മോചനത്തെ എതിർത്ത പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എഴുതി: ''പ്രതികൾക്ക് ഇരകളുമായി ഏതെങ്കിലും തരത്തിലെ ശത്രുതയോ ബന്ധമോ ഇല്ലായിരുന്നു. ഇരകൾ ഒരു പ്രത്യേക മതത്തിൽപെട്ടവരാണെന്ന കാരണത്താൽ മാത്രം നടന്ന കുറ്റകൃത്യമാണിത്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെയും ഗർഭിണിയെയുംപോലും അവർ ഒഴിവാക്കിയില്ല. വിദ്വേഷ കുറ്റകൃത്യത്തിന്റെയും മനുഷ്യരാശിക്കെതിരായ ക്രൂരതയുടെയും ഏറ്റവും മോശമായ രൂപമാണിത്. ഈ കുറ്റകൃത്യത്തിൽ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത് സമൂഹംതന്നെയാണ്" -ഗുജറാത്ത് സർക്കാറും ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്റെ അഭിപ്രായം അവഗണിച്ചു.
വർഗീയ വിദ്വേഷവും വ്യക്തിപരമായ ദുരാഗ്രഹങ്ങളും വോട്ടിനുവേണ്ടിയുള്ള ആർത്തിയുംമൂലം നീതിയെയും നിയമവാഴ്ചയെയുംകുറിച്ചുള്ള സമൂഹത്തിന്റെ പ്രതീക്ഷകളെത്തന്നെ വഞ്ചിച്ചുകളയാൻ രാഷ്ട്രീയക്കാർ ഒരുമ്പെടുന്ന ഘട്ടത്തിലാണ് നാമിപ്പോൾ എത്തിനിൽക്കുന്നത്. ജഡ്ജി പറഞ്ഞതുപോലെ, നമ്മൾ, ഇന്ത്യയിലെ ജനങ്ങളാണ് ദുരിതപ്പെടുന്നത്. ഇത്തരം കുറ്റകൃത്യങ്ങളാൽ നശിക്കുന്നത് നമ്മുടെ സമൂഹമാണ്. നമ്മുടെ രാഷ്ട്രീയക്കാർക്ക് അടിസ്ഥാന മാനവികതപോലും ഇല്ലെന്നതാണ് കൂടുതൽ നാശകാരിയാവുന്നത്.
അടുത്ത് എന്താണ് സംഭവിക്കാനിരിക്കുന്നത് എന്ന് നമുക്കറിയാം. ബലാത്സംഗികളുടെയും കൊലപാതകികളുടെയും മോചനം കോടതി റദ്ദാക്കിയെന്നിരിക്കട്ടെ, ഒരു ചുക്കും സംഭവിക്കില്ല. അവർ ഇതിനകംതന്നെ അപ്രത്യക്ഷരായിട്ടുണ്ടാവും. അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഗുജറാത്ത് സർക്കാർ പറയുകയും ചെയ്യും.
ഹിന്ദു-മുസ്ലിം വിഷയങ്ങളിൽ ആളുകൾക്ക് ഭിന്നാഭിപ്രായങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത, അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയവരെ വിട്ടയച്ചത് മറ്റൊരു ഹിന്ദു-മുസ്ലിം പ്രശ്നമായി കണക്കാക്കുകയാണെങ്കിൽ അത് ലജ്ജാകരമാണ്. ഇത് അതിനേക്കാളെല്ലാം അപ്പുറമാണ്.
നമ്മുടെ സമൂഹത്തിലെ വർഗീയ ജീർണത എത്രത്തോളം ആഴത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിച്ചുതരുന്ന, നിയമവാഴ്ചയെ ചീന്തിയെറിഞ്ഞ്, കുറ്റവാളികൾ എല്ലായ്പ്പോഴും ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്ന് രാജ്യത്തോടു പറയാൻ രാഷ്ട്രീയക്കാർക്ക് മടിയേതുമില്ലെന്ന് വ്യക്തമാക്കുന്ന ഒരു വിഷയമാണ്.
ഇത്തരം പ്രശ്നങ്ങളാണ് നമ്മിൽ പലരെയും ഭാവിയെക്കുറിച്ച് ആകുലപ്പെടുത്തുന്നത്. രാഷ്ട്രീയക്കാർ നിയമവാഴ്ചയെത്തന്നെ പരസ്യമായി അവഹേളിക്കുമ്പോൾ ഹിന്ദുവോ മുസ്ലിമോ എന്നല്ല, ആരുംതന്നെ സുരക്ഷിതരല്ല. ഇവിടെ തോൽക്കുന്നത് ഇന്ത്യയാണ്.
(പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ലേഖകൻ theprint.inൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.