ശാസ്ത്രിയുടെ മാതൃക സ്വീകരിക്കുമോ അശ്വിനി വൈഷ്ണവ്
text_fieldsന്യൂഡൽഹി: ട്രെയിൻ അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തമേറ്റ് രാജിവെച്ച് മാതൃകയായ ആദ്യത്തെ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയാണ്. 1956 നവംബറിൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ മദ്രാസ്-തൂത്തുക്കുടി എക്സ്പ്രസ് നദിയിലേക്കുമറിഞ്ഞ് 142 പേർ മരിച്ച അപകടത്തെത്തുടർന്നാണ് ശാസ്ത്രി രാജിവെച്ചത്. ഇത് അദ്ദേഹത്തിന്റെ ജനസമ്മിതി വർധിപ്പിക്കുകയാണ് ചെയ്തത്. 1999 ആഗസ്റ്റിൽ പശ്ചിമബംഗാളിലെ ഗൈസലിൽ ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്സ്പ്രസുമായി കൂട്ടിയിടിച്ച് 300ലേറെ പേർ മരിച്ച അപകട പശ്ചാത്തലത്തിൽ അന്നത്തെ റെയിൽവേ മന്ത്രി നിതീഷ് കുമാർ രാജിവെച്ചു.
2000ത്തിലെ രണ്ട് ട്രെയിനപകടങ്ങളുടെ ഉത്തരവാദിത്തമേറ്റ് മമത ബാനർജി രാജിക്കത്ത് നൽകിയെങ്കിലും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സ്വീകരിച്ചില്ല. നാലുദിവസത്തിനിടെ രണ്ട് ട്രെയിനുകൾ പാളം തെറ്റിയതിന്റെ ഉത്തരവാദിത്തമേറ്റ് 2017 ആഗസ്റ്റിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭു രാജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സെപ്റ്റംബറിൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞ് പിയൂഷ് ഗോയൽ ചുമതലയേറ്റു. ഇപ്പോഴത്തെ അപകടത്തിൽ റെയിൽവേ അധികൃതർക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവസ്ഥലം സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞുവെങ്കിലും അത് മന്ത്രിയിലേക്ക് നീളുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.