സ്വയം ചോദിക്കൂ; ആ പ്രതി ഞാനാണെങ്കിലോ?
text_fieldsസുരക്ഷ നിയമം 2023ൽ സ്വാഗതമോതേണ്ട പരിഷ്കാരങ്ങൾ പലതുമുണ്ടെങ്കിലും ഒരാളെ പൊലീസ് കസ്റ്റഡിയിൽ ദീർഘകാലം വിട്ടയക്കുന്ന സാഹചര്യം വരുന്നതോടെ അവയെല്ലാം നിരർഥകമായി മാറും. മൂന്നുമാസം തുടർച്ചയായി ഒരാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ നിർബന്ധിക്കപ്പെട്ടും ഭീഷണിയുടെ മുനയിൽ നിർത്തിയും സമ്മതിപ്പിക്കാനുള്ള സാഹചര്യം സുനിശ്ചിതം
ക്രിമിനൽ നിയമ പരിഷ്കരണത്തിനായി ആഗസ്റ്റ് 11ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ മൂന്നു ബില്ലുകൾ അവതരിപ്പിച്ചു. 1860ലെ ഇന്ത്യൻ ശിക്ഷ നിയമത്തിനുപകരം ഭാരതീയ ന്യായസംഹിത 2023, 1973ലെ ക്രിമിനൽ നടപടി നിയമത്തിനുപകരം ഭാരതീയ നാഗരിക സുരക്ഷ സംഹിത 2023, 1872ലെ ഇന്ത്യൻ തെളിവുനിയമത്തിന് ബദലായി ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നിവ. സംഹിത എന്നാൽ ചട്ടം. ബില്ലുകൾ വിശാലാർഥത്തിൽ ഇന്ത്യൻ നീതി നിയമം 2023, ഇന്ത്യൻ പൗരസുരക്ഷ നിയമം 2023, ഇന്ത്യൻ തെളിവു നിയമം 2023 എന്നിങ്ങനെയും വായിക്കാം. പരിശോധനക്കും നിർദേശങ്ങൾക്കുമായി അവ ബന്ധപ്പെട്ട പാർലമെന്ററി സമിതികൾക്ക് വിട്ടിരിക്കുകയാണിപ്പോൾ.
ഇന്ത്യൻ നീതി നിയമം 2023നെക്കുറിച്ച് ഇതിനകം നിരവധി പേർ എഴുതിയിട്ടുണ്ട്. അതുകൊണ്ട്, അവർ ഉന്നയിച്ച ആധികൾ ആവർത്തിക്കുന്നില്ല. പകരം, 1973ലെ ക്രിമിനൽ നടപടി ചട്ടത്തിനു പകരമായി അവതരിപ്പിച്ച ഇന്ത്യൻ പൗരസുരക്ഷ നിയമം 2023ലാണ് ഞാൻ ശ്രദ്ധയൂന്നുന്നത്. നിയമ രംഗത്തെ എന്റെ കരിയറിലേറെയും ക്രിമിനൽ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ‘കുറ്റാരോപിതന്റെ ഭരണഘടന’ആയി എപ്പോഴും ഞാൻ വിശ്വസിച്ചുപോരുന്ന ക്രിമിനൽ നടപടി ചട്ടം തന്നെയാണ് നിയമത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറയാം.
എന്തുകൊണ്ടാണതെന്ന് നിങ്ങൾ ചോദിച്ചേക്കാം. നിങ്ങൾ കസ്റ്റഡിയിലാകുകയും ചോദ്യം ചെയ്യപ്പെടുകയും ചുറ്റും പൊലീസുകാർ വലയംചെയ്തുനിൽക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ക്രിമിനൽ നടപടി ചട്ടമാണ് സംരക്ഷ നൽകാനുണ്ടാകുക. പൊലീസ് കസ്റ്റഡിയിൽ നിങ്ങളുടെ തടവു കാലാവധി പരിമിതപ്പെടുത്തുന്നതും അഭിഭാഷകരെ കാണാൻ സഹായിക്കുന്നതും അതാകും. എന്നിട്ട്, അഭിഭാഷകർ നിങ്ങൾക്ക് ജാമ്യത്തിനായി സമ്മർദം ചെലുത്തും. നിങ്ങൾക്കെതിരെ ചുമത്തപ്പെട്ട എഫ്.ഐ.ആറും കുറ്റപത്രംപോലും റദ്ദാക്കാൻ ശ്രമം നടത്തും. അതുകൊണ്ടുതന്നെ, എനിക്ക് പുതിയ നിയമത്തെ സവിശേഷമായി ഇന്ത്യൻ പൗരസംരക്ഷണ ചട്ടം 2023 എന്നു വിളിക്കാനാണിഷ്ടം. ക്രിമിനൽ പ്രക്രിയകളിൽ പൗരജനങ്ങൾക്ക് സ്റ്റേറ്റിനെതിരെ കാവലൊരുക്കുമെന്ന ആശയമാണ് ഇത് പങ്കുവെക്കുന്നത്.
നിലവിലെ ക്രിമിനൽ നടപടികളുമായി തുലനംചെയ്യുമ്പോൾ സ്വാഗതം ചെയ്യപ്പെടേണ്ട നിരവധി പരിഷ്കാരങ്ങൾ തീർച്ചയായും ഇതിലുണ്ട്. ചിലത് പുതിയകാലത്ത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായ സാങ്കേതിക കണ്ടുപിടിത്തങ്ങളുമായി ബന്ധപ്പെട്ടാണ്. ഉദാഹരണത്തിന്, എഫ്.ഐ.ആർ മുതൽ കേസ് ഡയറിയും കുറ്റപത്രവും കഴിഞ്ഞ് വിധിവരെ ഒരു പുതിയ കേസിന്റെ മൊത്തം വ്യവഹാരങ്ങൾ ഇനിമുതൽ ഡിജിറ്റൽ സംവിധാനംവഴി ഓൺലൈനായി സൂക്ഷിക്കപ്പെടും. ഓരോ കേസിന്റെയും നടപടികളുടെ റെക്കോഡ് ഇതോടെ സമാനതകളില്ലാത്തത്ര സുരക്ഷിതമാകാനും അവശ്യസമയങ്ങളിൽ വളരെയെളുപ്പം ലഭ്യമാക്കാനും ഇത് സഹായിക്കും. വീടുകളിൽ പരിശോധന നടത്തുകയും സംശയമുനയിലുള്ള വസ്തുക്കൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യുമ്പോൾ അവയെല്ലാം വിഡിയോ റെക്കോഡിങ് വഴി രേഖപ്പെടുത്തണമെന്നതാണ് മറ്റൊന്ന്. തീർച്ചയായും അതിപ്രധാനമാണ് ഈ പരിഷ്കരണം. തെളിവുകൾ കൊണ്ടുപോയി സ്ഥാപിക്കുന്നത് തടയാനും കസ്റ്റഡിയിലെടുത്ത വസ്തുക്കൾക്കെതിരെ പ്രതിഭാഗത്തിന് പരാതി നൽകാനും അവസരമൊരുങ്ങും.
‘സീറോ എഫ്.ഐ.ആർ’ രജിസ്റ്റർ ചെയ്യാനും ഈ സുരക്ഷനിയമം വ്യവസ്ഥചെയ്യുന്നുണ്ട്. മറ്റൊരു പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ആരോപിത കുറ്റപത്രത്തിനെതിരെ സ്റ്റേഷൻ മാറിനൽകുന്ന പരാതികളിൽ രജിസ്റ്റർ ചെയ്യുന്നതാകും ഈ പ്രഥമവിവര റിപ്പോർട്ട്. ആദ്യം പരാതി ലഭിച്ച സ്റ്റേഷൻ കേസ് എടുക്കുകയും ബന്ധപ്പെട്ട സ്റ്റേഷന് കൈമാറുകയുമാകും ചെയ്യുക.
ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് വിദഗ്ധർ സ്ഥലം സന്ദർശിച്ച് ഫോറൻസിക് തെളിവ് ശേഖരിക്കണമെന്ന് പുതിയ സുരക്ഷ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മഹാമാരിക്കാലത്ത് തുടങ്ങിയ മാറ്റങ്ങൾ നിലനിർത്തി, കേസ് വിചാരണ, അന്വേഷണം എന്നിവയും പരിശോധന, തെളിവ് രേഖപ്പെടുത്തൽ പോലുള്ള നടപടിക്രമങ്ങളും ഇലക്ട്രോണിക്, ഓൺലൈൻ മാർഗങ്ങളിലൂടെ നടത്താനും സുരക്ഷനിയമം അനുമതി നൽകുന്നു. കുറ്റാരോപിതർക്കും സാക്ഷികൾക്കും വിചാരണപ്രക്രിയയിൽ പങ്കാളികളാകാനും ആവശ്യമായവ പൂർത്തിയായി നൽകാനും ഇതുവഴി അനൽപമായി സൗകര്യമൊരുങ്ങും.
സർക്കാർ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ടാണ് സ്വാഗതം ചെയ്യപ്പെടേണ്ട മറ്റൊരു പരിഷ്കാരം. ഇത്തരം വിഷയങ്ങളിൽ പ്രോസിക്യൂഷന് അനുമതി നൽകാനോ വേണ്ടെന്നുവെക്കാനോ ഉള്ള തീരുമാനം പരാതി ലഭിച്ച് 120 ദിവസത്തിനകം സർക്കാർ എടുത്തിരിക്കണം. അല്ലാത്തപക്ഷം, അനുമതി നൽകിയതായി കണക്കാക്കും. ലൈംഗികപീഡനം, മനുഷ്യക്കടത്ത് എന്നിവയാണ് പരാതികളെങ്കിൽ പ്രത്യേക അനുമതി തേടേണ്ടതില്ലതാനും. 60 വയസ്സിനു മുകളിലുള്ളവർക്കെതിരായ പരാതി മൂന്നു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്നതാണെങ്കിൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക മുതൽ മേലോട്ടുള്ള ഒരു ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
ഇത്രയുമൊക്കെയാണെങ്കിലും പാർലമെന്ററി സമിതി സവിശേഷ ആധി കാണിക്കേണ്ട ചില വിഷയങ്ങളുമുണ്ട്. ‘നീതിയുടെ താൽപര്യം പരിഗണിച്ച് കുറ്റം ചുമത്തപ്പെട്ടവരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് ജഡ്ജിക്ക് ബോധ്യപ്പെടുകയോ കോടതി നടപടികൾ നിരന്തരം തടസ്സപ്പെടുത്തുകയോ ചെയ്താൽ’ അയാളുടെ അഭാവത്തിൽ വിചാരണ നടത്താമെന്ന വ്യവസ്ഥയാണ് അതിലൊന്ന്. കുറ്റാരോപിതരുടെ സാന്നിധ്യം എപ്പോഴൊക്കെ അനിവാര്യമെന്ന് തീരുമാനമെടുക്കാൻ ജഡ്ജിക്ക് ലഭിച്ച വിശാലമായ സ്വാതന്ത്ര്യം പരിഗണിച്ചാൽ ദുരുപയോഗത്തിന് വേണ്ടുവോളം അവസരമുള്ളതാണ് ഈ വ്യവസ്ഥ.
എന്നാൽ, ഒരാളെ 15 ദിവസത്തിൽ കൂടുതൽ അതും 90 ദിവസംവരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ മജിസ്ട്രേറ്റിന് അനുമതി നൽകുന്നുവെന്നതാണ് സുരക്ഷ നിയമത്തിന്റെ അത്യപകടകരമായ വശം. വധശിക്ഷ, ജീവപര്യന്തം, ചുരുങ്ങിയപക്ഷം 10 വർഷത്തിൽ കുറയാത്ത ശിക്ഷ എന്നിവ ലഭിക്കാവുന്ന കുറ്റങ്ങൾക്കാണ് 90 ദിവസംവരെയുള്ള ഈ തടവ്. ‘മറ്റുള്ള കുറ്റ’ത്തിന് (90 ദിവസം കസ്റ്റഡി അനുവദിക്കുന്ന കുറ്റങ്ങളല്ലാത്തവയെല്ലാം) 15 ദിവസത്തിൽ കൂടുതൽ 60 ദിവസംവരെ പൊലീസ് കസ്റ്റഡിയും അനുവദിക്കാം. കുറ്റാരോപിതന്റെ അവകാശങ്ങളെ ഹനിക്കാൻ സാധ്യതയുള്ള, ഭരണഘടനാപരമായി ദുർവഹമായ ഒരു വകുപ്പാണിത്. ഒരു നിയന്ത്രണവുമില്ലാതെ കുറ്റാരോപിതനു മേൽ എന്തും സാധ്യമാകുംവിധം 90 ദിവസം പൊലീസ് കസ്റ്റഡി അനുവദിക്കുന്നത് ജീവിക്കാനും ആരോഗ്യത്തോടെ (മാനസിക ക്ഷേമമടക്കം) ഇരിക്കാനും നീതിപൂർവകമായ വിചാരണക്കുമുള്ള അവകാശങ്ങളെ ദുർബലമാക്കുന്നതാണ്. നിലവിൽ 15 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കൂടുതൽ വേണ്ടിവന്നാൽ അയാളെ ജുഡീഷ്യൽ കസ്റ്റഡിയിലോ മറ്റു സംവിധാനങ്ങളിലോ ആയി തടവിൽ പാർപ്പിക്കാമെന്നാണ് ചട്ടം.
സുരക്ഷ നിയമം 2023ൽ സ്വാഗതമോതേണ്ട പരിഷ്കാരങ്ങൾ പലതുമുണ്ടെങ്കിലും ഒരാളെ പൊലീസ് കസ്റ്റഡിയിൽ ദീർഘകാലം വിട്ടയക്കുന്ന സാഹചര്യം വരുന്നതോടെ അവയെല്ലാം നിരർഥകമായി മാറും. മൂന്നുമാസം തുടർച്ചയായി ഒരാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ നിർബന്ധിക്കപ്പെട്ടും ഭീഷണിയുടെ മുനയിൽ നിർത്തിയും സമ്മതിപ്പിക്കാനുള്ള സാഹചര്യം സുനിശ്ചിതം. ഈ നീക്കം പുതിയ ഒന്നായിത്തന്നെ കാണാനാകണം. പാർലമെന്ററി സമിതിയിലെ ഓരോ അംഗവും സ്വയം ചോദിക്കുകയും വേണം- ആ പ്രതി ഞാനായാലോ?
(സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകയായ ലേഖിക ഇന്ത്യൻ എക്സ്പ്രസിലെ കോളത്തിൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.