ദയാവധമല്ല, ഇത് അറുകൊല!
text_fieldsആറുമാസത്തിനുള്ളിൽ മരണം ഉറപ്പായ പ്രായപൂർത്തിയായ രോഗികൾക്ക് വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള ബില്ലിന് (Assisted dying Bill) കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയത്. ബിൽ പാസാക്കാനുള്ള ബ്രിട്ടീഷ് പാർലമെന്റ് തീരുമാനത്തിന് അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങളുണ്ട്.
ആരോഗ്യ സംരക്ഷണ മേഖലയിലെ നവീകരണങ്ങൾക്കും ധാർമിക നേതൃത്വത്തിനും പേരുകേട്ട ഒരു രാഷ്ട്രമെന്ന നിലയിൽ, തുല്യ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന വികസ്വര രാജ്യങ്ങൾ ബ്രിട്ടീഷ് രീതികളും പഠനങ്ങളും നിയമങ്ങളും പലപ്പോഴും ഒരു മാതൃകയായി കാണാറുണ്ട്.
അതിനാൽതന്നെ, ഈ പുതിയ നിയമം ഇന്ത്യപോലുള്ള രാജ്യങ്ങൾക്കും പാലിയേറ്റിവ് പരിചരണത്തിൽ ഇതിലും വലിയ വെല്ലുവിളികൾ നേരിടുന്ന മറ്റ് താഴ്ന്ന, ഇടത്തരം വരുമാനമുള്ള ലോക രാജ്യങ്ങൾക്കും തെറ്റായ സന്ദേശം നൽകാൻ സാധ്യതയുണ്ട്.
അനുകമ്പയുള്ളതും സമഗ്രവുമായ സാന്ത്വന പരിചരണത്തിൽ ശ്രദ്ധിക്കേണ്ടതിന് പകരം, വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ എത്ര നിഷ്കർഷ ഉൾപ്പെടുത്തി നിയമവിധേയമാക്കുന്നത് ആരോഗ്യപരിപാലന അസമത്വം, വേദനസംഹാര ചികിത്സയുടെ പരിമിതികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ സങ്കീർണമായ പ്രശ്നങ്ങൾക്ക് ‘എളുപ്പത്തിലുള്ള പരിഹാരമായി’ തോന്നിയേക്കാൻ സാധ്യതയുണ്ട്. എന്നാൽ, ചികിത്സാ പരിമിതികൾ നേരിടുന്ന വികസ്വര രാജ്യങ്ങൾ ഒഴിവാക്കേണ്ട അപകടകരമായൊരു രീതിയാണിത്.
അറിയണം, ഈ പാഠങ്ങൾ
അസിസ്റ്റഡ് ഡൈയിങ് നിയമവിധേയമായ രാജ്യങ്ങളുടെ അനുഭവം ബ്രിട്ടനും മറ്റു രാജ്യങ്ങളും ഗൗരവമായി പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു:
ബെൽജിയത്തിലും നെതർലൻഡ്സിലും, മാരകമായ അസുഖങ്ങൾക്കപ്പുറം വിഷാദരോഗം, ഡിമെൻഷ്യ, കൂടാതെ സാമൂഹിക-സാമ്പത്തിക ദുരിതം തുടങ്ങിയ അവസ്ഥകളിൽ വരെ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ ക്രമേണ ക്രമേണ നിയമവിധേയമാക്കിയിരിക്കുന്നു. ഇത് ഈ നിയമങ്ങളുടെ യഥാർഥ ഉദ്ദേശ്യത്തെ തീർത്തും വഴിതിരിച്ചു വിടുന്നു.
മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിങ് (MAID) നിയമവിധേയമായ കാനഡയിൽ, സാന്ത്വന പരിചരണത്തിനും ഹോസ്പിസുകൾക്കും ധനസഹായവും ശ്രദ്ധയും കുറച്ചുകൊണ്ടു വരുന്നതാണ് കാണാൻ കഴിയുന്നത്. ഇപ്പോൾ ചില രോഗികൾക്ക്, മികച്ച പരിചരണത്തേക്കാൾ എളുപ്പമാണ് മരണത്തിലേക്കുള്ള വഴി.
സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമോ അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്ക് ഭാരം ആകുമെന്ന ഭയം മൂലമോ സാമൂഹികമോ കുടുംബപരമോ ആയ മാനസിക സമ്മർദം അനുഭവപ്പെട്ട് വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ തിരഞ്ഞെടുത്ത സാഹചര്യങ്ങൾ ഈ രാജ്യങ്ങളിൽ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ദാരിദ്ര്യവും ആരോഗ്യപരിപാലന അസമത്വവും നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇത് പ്രത്യേകിച്ചും ഭയാനകമാണ്.
ഈ പരാജയങ്ങൾ തെളിയിക്കുന്നത്, വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ, ഒരു പുരോഗമനപരമായ പരിഹാരമല്ല എന്നു തന്നെയാണ്. ദുരിതം അനുഭവിക്കുന്നതിന്റെ മൂലകാരണം അഭിസംബോധന ചെയ്യുന്നതിനു പകരം, കഷ്ടപ്പാടുകളോടുള്ള പ്രതികരണമെന്ന നിലയിൽ മരണത്തെ സാധാരണവത്കരിക്കുന്നത് വലിയ അപകടമാണ്.
വെല്ലുവിളികൾ
ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ ആരോഗ്യ സംരക്ഷണത്തിലെ വെല്ലുവിളികൾ വളരെ രൂക്ഷമാണ്. സ്പെഷലൈസ്ഡ് പാലിയേറ്റിവ് കെയർ എന്നതിനുപരി അടിസ്ഥാന ആരോഗ്യ പരിരക്ഷയുടെ പോലും ലഭ്യതക്കുറവ് അർഥമാക്കുന്നത് ദശലക്ഷക്കണക്കിന് ആളുകൾ ചികിത്സിച്ച് മാറ്റാനാകുന്ന വേദനയാലും, രോഗങ്ങളുടെ മറ്റ് കഠിനമായ ലക്ഷണങ്ങളാലും അനാവശ്യമായി കഷ്ടപ്പെടുന്നു എന്നതാണ്. ഈ ഭയാനകമായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്ന രാജ്യങ്ങൾ ‘മനുഷ്യത്വപരമായ പരിഹാരമായി’ ആളുകളെ മരിക്കാൻ സഹായിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കും.
ആരോഗ്യസംരക്ഷണ ലഭ്യത പരിമിതമായ രാജ്യങ്ങൾ ബ്രിട്ടീഷ് നിയമ നിർമാണങ്ങൾ പിന്തുടരുമ്പോൾ, വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നത് ദരിദ്രരെയും പ്രായമായവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ഒരുപോലെ ബാധിക്കും.
മാരകമായ അസുഖങ്ങളുടെ കഠിന പ്രയാസങ്ങൾ അനുഭവിക്കുന്നവർ സാന്ത്വനത്തിന്റെ അഭാവംമൂലം നിയമപരമായി മരണം തിരഞ്ഞെടുക്കുന്നത് എത്ര ഹൃദയശൂന്യമാണ്. ഇത്തരം നിയമങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് മരണസമയത്തെ പരിചരണം ലഭിക്കാതിരിക്കാൻ വഴിശവക്കും. പാലിയേറ്റിവ് അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതിനും വിലങ്ങുതടിയാകാം.
താരതമ്യേന സുസജ്ജമായ ആരോഗ്യസേവനം ജനങ്ങൾക്ക് നൽകുന്ന രാജ്യമാണ് ബ്രിട്ടൻ. സാന്ത്വന പരിചരണത്തിലെ ആധുനിക കേന്ദ്രം എന്ന നിലയിൽ യു.കെ ആഗോളതലത്തിൽ പ്രശസ്തമാണ്. അസിസ്റ്റഡ് ഡൈയിങ് ബില്ലിനു പകരം ഇവർ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുന്ന ഒരു മാതൃക സൃഷ്ടിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. വികസ്വര രാജ്യങ്ങൾക്ക് വേണ്ടത് വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കലല്ല. മറിച്ച് സാന്ത്വന പരിചരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ആഗോള പ്രതിബദ്ധതയാണ്.
ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകൾ സാർവത്രിക ആരോഗ്യ പരിരക്ഷയുടെ നിർണായക ഘടകമായി സാന്ത്വന പരിചരണത്തെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. യു.കെയെ പോലുള്ള രാജ്യങ്ങൾ അവരുടെ സ്വാധീനം ഇതിലേക്ക് പ്രയോജനപ്പെടുത്തണം:
1. പാലിയേറ്റിവ് കെയർ ഗവേഷണത്തിനായും പരിശീലനത്തിനായും കൈകോർക്കാം: വികസ്വര രാജ്യങ്ങൾക്ക് അവരുടേതായ സ്വന്തം സാന്ത്വന പരിചരണശേഷി വളർത്തിയെടുക്കാൻ സഹായിക്കുന്നതിന് വേണ്ടി വൈദഗ്ധ്യവും സൗകര്യങ്ങളും നൽകുക.
2. നൈതിക ആരോഗ്യ നയങ്ങൾക്കായി പോരാടാം: വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയെ ക്കുറിച്ചുള്ള ചർച്ചകൾ ആരോഗ്യ പരിപാലനത്തിലെ അസമത്വങ്ങളും പോരായ്മകളും പരിഹരിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്ന് ഉറപ്പാക്കാം.
3. മാതൃകയായി മാറുക: വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നടപ്പാക്കുന്നതിനു പകരം പാലിയേറ്റിവ് കെയറിനു കൂടുതൽ പ്രാധാന്യം നൽകുക, കരുണയും പരിചരണവും സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പും തമ്മിൽ സഹവർത്തിത്വം പുലർത്തുന്നുവെന്ന് തെളിയിക്കുക.
വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നത് പുരോഗമനപരമാണെന്ന് തോന്നാം. എന്നാൽ, അപര്യാപ്തമായ പരിചരണം, ദാരിദ്ര്യം, അല്ലെങ്കിൽ കുടുംബത്തിനും സമൂഹത്തിനും ഭാരമാകുമോ എന്ന ഭയം എന്നിവ കാരണം മരണം തിരഞ്ഞെടുക്കാൻ ആരും നിർബന്ധിതരാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് യഥാർഥ പുരോഗതി.
പാലിയേറ്റിവ് കെയർ ഇപ്പോഴും ശൈശവാവസ്ഥയിൽ തുടരുന്ന, പാശ്ചാത്യ രാജ്യങ്ങളിലെ ആരോഗ്യ നിയമങ്ങൾ പുരോഗമനപരമെന്നു കരുതുന്ന, വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഈ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ഇത്തരം നിയമങ്ങളെ പിന്തുടരുന്നത് ഗുരുതരമായ അപകടത്തിലേക്ക് വഴിവെക്കും.
=====
(ലേഖകൻ ജനറൽ സർജറി സീനിയർ കൺസൽട്ടന്റായും അയൽപക്ക ക്ലിനിക്കുകളിൽ വളന്ററി പാലിയേറ്റിവ് കെയർ ഫിസിഷ്യനായും പ്രവർത്തിക്കുന്നു.വിലാസം: dmmmujeeb@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.