അട്ടപ്പാടിയിലെ മധു എങ്ങനെ ഗുഹവാസിയായി?
text_fieldsഅട്ടപ്പാടിയിലെ ആദിവാസിയെ ഗുഹവാസിയാക്കിയത് ആരാണെന്ന ചോദ്യത്തിനുമുന്നിൽ ലജ്ജകൊണ്ട് തലതാഴ്ത്തി നിൽക്കുകയാണ് കേരളം. അട്ടപ്പാടിയിലെ 192 ഊരുകളുടെ ക്ഷേമത്തിന് ഭരണകൂടം ചെലവഴിച്ച തുക ഓരോ ഗുണഭോക്താവിനും വീതിച്ചുനൽകുകയാണെങ്കിൽ ആളൊന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപയെങ്കിലും ലഭിക്കുമായിരുന്നു. എന്നിട്ടും, ഒരുനേരത്തെ ഭക്ഷണത്തിെൻറ പേരിൽ ഒരു യുവാവ് അറുകൊലക്കിരയായി. കേരളത്തിെൻറ ഉറക്കം കെടുത്തുന്ന ഉൗരായി അട്ടപ്പാടി ഇന്നും തുടരുന്നതിെൻറ വസ്തുതകളിലേക്ക് ‘മാധ്യമ’ത്തിെൻറ അന്വേഷണം...
കടുകുമണ്ണ ആദിവാസി ഊരിലെ മല്ലിയുടെ മകൻ മധുവിെൻറ ജീവിതം വർഷങ്ങളായി പുഴക്കക്കരെ കുമ്പളമലയിലെ പാറയിടുക്കിലാണ്. വിശക്കുേമ്പാഴാണ് പുറത്തിറങ്ങുക. മുക്കാലി കവലവരെ വന്ന് നാട്ടുകാരുടെ ഭാഷയിൽ റാഞ്ചുന്നത് ബ്രഡ്ഡും ബിസ്കറ്റും അരിയും. നട്ടെല്ലിനോടൊട്ടിയ വയറൽപം നിറക്കാനുള്ള ഈ അധ്വാനമാണ് മധുവിെൻറ ജീവനെടുത്തത്. അട്ടപ്പാടി കേരളത്തിൽതന്നെയാണോ എന്ന ചോദ്യമുയർത്തുന്ന ഇൗ യുവാവിെൻറ ക്രൂരകൊലപാതകം, ആശങ്കജനകമായ വസ്തുതകളിലേക്ക് വിരൽചൂണ്ടുന്നു.
സൈലൻറ് വാലി മേഖലയിൽ പുതൂർ ഗ്രാമപഞ്ചായത്തിൽ ഭവാനിപ്പുഴക്കക്കരെയാണ് അട്ടപ്പാടിയിലെ വിദൂര ഊരുകളായ ആനവായ്, കടുകുമണ്ണ തുടങ്ങിയവ. മധു ചിണ്ടക്കി സ്കൂളിലെ പഴയ നാലാംക്ലാസുകാരനാണ്. മാനസികമായി അസ്വാസ്ഥ്യമുണ്ടെന്ന് ഊരുകളിലുള്ളവർ പറയുന്ന ഈ പാവം ഗുഹാമനുഷ്യൻ അട്ടപ്പാടിയുടെ ആദിവാസി ജീവിതത്തിെൻറ നേർസാക്ഷ്യമാണ്. മധുവിനെ മർദിച്ച് കൊന്നതിനെ അപലപിക്കാത്തവർ ഉണ്ടാവില്ല. വിലപിടിപ്പുളളത് കണ്ണിൽ കണ്ടാലും ഇയാൾ മോഷ്ടിക്കില്ലെന്ന് അരിമോഷണം കൈയോടെ പിടികൂടിയെന്ന് അവകാശപ്പെടുന്നവരും പറയുന്നു. നാലാം ക്ലാസ് കഴിഞ്ഞ് പഠിപ്പ് തുടരാൻ മധുവിന് കഴിഞ്ഞില്ലെന്നാണ് ഉറ്റബന്ധുക്കൾ പറയുന്നത്. ആദിവാസികൾക്ക് എവിടെ പിഴച്ചാലും കാരണം മദ്യവും കഞ്ചാവുമാണെന്ന് തൽസമയം നിർണയിക്കുന്നവർക്ക് മധു പഠിപ്പ് നിർത്താൻ കാരണമെന്താണെന്ന് അന്വേഷണ വിഷയമല്ല.
അട്ടപ്പാടിയിലെ ഊരുകളിൽ മധുവിനെേപ്പാലെ മാനസികനില തെറ്റിയ ആദിവാസി യുവാക്കളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന തമ്പ് എന്ന സംഘടനയുടെ പ്രസിഡൻറ് രാജേന്ദ്രപ്രസാദ് പറയുന്നു. കോംപ്ലക്സ് എന്ന് പരിഷ്കൃതർ പേരിട്ട ആ പ്രവണത പെരുകുകയാണ്. അട്ടപ്പാടി കോട്ടത്തറയിലുള്ള ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ മാനസിക തകരാറുള്ളവർക്കായുള്ള യൂനിറ്റിൽ ചികിത്സയിൽ കഴിയുന്നത് ഒമ്പത് ആദിവാസി യുവാക്കളാണ്. ആശുപത്രിയിലെത്തിയവരുടെ സ്ഥിതിയാണിത്. മൂന്ന് പഞ്ചായത്തുകൾ മാത്രമേ അട്ടപ്പാടിയിലുള്ളൂ എന്ന് ഓർക്കണം. റോഡ് വെട്ടിയതുകൊണ്ടോ, പാലം നിർമിച്ചതുകൊണ്ടോ ഈ ദയനീയാവസ്ഥക്ക് പരിഹാരമാവുന്നില്ല. മറ്റുള്ളവരോടൊപ്പം എത്താൻ തങ്ങൾക്ക് കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത ഊരുകളിൽ വർധിച്ചിട്ടുണ്ട്.
മധു സ്വന്തം ഊരിൽനിന്നുതന്നെ തിരസ്കൃതനായത് ഒരുപക്ഷേ ഈ കാരണം കൊണ്ടാവാം. വർഷങ്ങളായി കുമ്പളമലയിലെ ഗുഹയിലാണ് താമസം. എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് കഴിയാനാണ് താൽപര്യം. ഭക്ഷണ സാധനങ്ങൾ കൈക്കലാക്കുന്നത് ഇയാളുടെ പതിവാണ്. അതുപക്ഷേ, വയറുവിശന്നിട്ടാണ്. മുക്കാലി കവലയിലും മറ്റുമുള്ള കടകളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ എടുത്തോടുമ്പോൾ മുമ്പും താക്കീത് ലഭിച്ചിട്ടുണ്ട്. എന്നാൽ, വിശപ്പിന് ശാശ്വത പരിഹാരമായി ചെറുവിരൽ അനക്കാൻ ത്രിതല പഞ്ചായത്ത് സംവിധാനത്തിനോ കുടുംബശ്രീ, മഹിള സമഖ്യ, ഐ.ടി.ഡി.പി തുടങ്ങിയ ആദിവാസിക്ഷേമ സംരംഭകർക്കോ കഴിഞ്ഞില്ല.
വ്യാഴാഴ്ച ഉച്ചക്ക് മധുവിെൻറ കൈകൾ ചേർത്തുകെട്ടിയ ആൾക്കൂട്ടം പ്ലാസ്റ്റിക് സഞ്ചിയിൽനിന്ന് വിജയശ്രീലാളിതരെപ്പോലെ പുറത്തെടുത്തത് മുളകുപൊടി, മല്ലിപ്പൊടി, അരി, സവാള, ബീഡി തുടങ്ങിയവയാണ്. ചുറ്റുമുള്ള പരിഹാസത്തിനിടെ തെളിഞ്ഞ മധുവിെൻറ ദയനീയ മുഖം പാഠമാകേണ്ടത് ഭരണചക്രം തിരിക്കുന്നവർക്കാണ്. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ നിരവധി കണ്ട കേരളത്തിന് ഈ മുഖം സമ്മാനിക്കുന്ന ഭയാനകത അടുത്തൊന്നും മാറില്ലെന്നുറപ്പ്.
അട്ടപ്പാടിയിലെ 192 ഊരുകളുടെ ക്ഷേമത്തിന് ഭരണകൂടം ഇതിനകം ചെലവഴിച്ച തുക ഓരോ ഗുണഭോക്താവിനും വീതിച്ചുനൽകുകയാണെങ്കിൽ ആളൊന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപയെങ്കിലും ലഭിക്കുമായിരുന്നുവെന്ന് കണക്കാക്കി പറഞ്ഞത് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂർ ജില്ലയിലെ പാർട്ടി സെക്രട്ടറി കെ. രാധാകൃഷ്ണൻ പട്ടികജാതി-വർഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെയാണ്. 24 സർക്കാർ വകുപ്പുകൾ മുഖേന കോടികളുടെ ഫണ്ട് ചെലവഴിക്കുന്നത് തുടരുന്ന അട്ടപ്പാടിക്കാട്ടിൽ ഗുഹവാസികളുണ്ടെന്ന് പുറംലോകമറിയാൻ ഒരു ആദിവാസി യുവാവിനെ ഒരുകൂട്ടം നികൃഷ്ടർ തല്ലിക്കൊല്ലേണ്ടി വന്നു. എത്ര പണം ചെലവഴിച്ചാലും ഊരുകളിലെ ആദിവാസികൾക്ക് ഗുണമുണ്ടാകുന്നില്ല എന്നതിനും ഇത് ഉദാഹരണമാക്കാം. ഗർഭാവസ്ഥയിൽ യുവതികൾക്ക് മതിയായ ഭക്ഷണം ലഭിക്കാത്തതാണ് നവജാത ശിശുക്കളുടെ കൂട്ടമരണത്തിന് വഴിവെച്ചതെന്ന് പഠനത്തിൽ തെളിഞ്ഞതാണ്.
ഞങ്ങളുടെ ദുരിതം കേൾക്കാൻ ആളില്ല
(പി.കെ.ഭഗവതി, പ്രസിഡൻറ് തായ്ക്കുല സംഘം)
കുടിയേറ്റം ആരംഭിച്ചത് മുതൽ ഞങ്ങൾ അനുഭവിക്കുന്നതാണ് ദുരിതം. ഞങ്ങളുടെ ഭൂമി ലക്ഷ്യമിട്ട് പുരുഷന്മാർക്ക് മദ്യം നൽകി. പിന്നീടവർ ഞങ്ങളുടെ പെണ്ണുങ്ങളെ ലക്ഷ്യമിട്ടു. കൃഷിഭൂമിയും വെള്ളവും നഷ്ടപ്പെട്ട അട്ടപ്പാടിയുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരുമില്ല. അവർക്ക് വേണ്ടത് ഞങ്ങളുടെ കൈരേഖയും വോട്ടും മാത്രമാണ്. മദ്യത്തിന് എതിരെയുള്ള സമരത്തെ തുടർന്ന് മദ്യക്കട അടച്ചു. എങ്കിലും പലവഴിക്കും മദ്യം എത്തുന്നുണ്ട്. ഇൗ മദ്യമാണ് ഞങ്ങളുടെ പുരുഷന്മാരെ നശിപ്പിച്ചത്. എത്രയോ സ്ത്രീകൾ വിധവകളായി. ഇപ്പോഴും സ്ത്രീകൾ ദുരിതം പേറുന്നു. പുരുഷന്മാർക്ക് ജോലി ഇല്ലാത്തത് ചൂഷണം ചെയ്യുകയാണ്. കൃഷിയാണ് ഞങ്ങളുടെ ജീവിതം. അതിന് ഭൂമിയും വെള്ളവും വേണം. എന്നാൽ, ആദിവാസികൾക്ക് ഭൂമി ലഭിച്ച് അവർ കൃഷി തുടങ്ങിയാൽ നാട്ടുകാർക്ക് അട്ടപ്പാടി ഉപേക്ഷിക്കേണ്ടി വരുമെന്ന ഭയം ഉണ്ടാകണം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.