കുടിയേറ്റക്കാരിൽ കണ്ണുനട്ട് ആസ്ട്രേലിയ
text_fieldsകോവിഡ് പ്രതിസന്ധി മാറിയെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാതെ ആസ്ട്രേലിയയിലെ
പല വ്യവസായ മേഖലകളുടെയും നടത്തിപ്പ് ദുഷ്കരമായിരിക്കുകയാണ്. കുടിയേറ്റ നിയമങ്ങൾ
ലഘൂകരിച്ച് പ്രവാസികളെ കൂടുതൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം
മറ്റു പല പടിഞ്ഞാറൻ രാജ്യങ്ങളെയുംപോലെ കുടിയേറ്റ ജനതയുടെ സാന്നിധ്യംകൊണ്ട് നേട്ടമുണ്ടാക്കിയ നാടാണ് ആസ്ട്രേലിയ. മനുഷ്യവിഭവശേഷിയുടെ അഭാവമാണ് അവരിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആരോഗ്യപരിരക്ഷ, അധ്യാപനം, എൻജിനീയറിങ് തുടങ്ങി സുപ്രധാന തൊഴിൽമേഖലയിലെല്ലാം ആവശ്യത്തിന് ആളില്ലാത്ത പ്രശ്നമുണ്ട്. കുടിയേറ്റ നിയമങ്ങളിൽ മാറ്റംവരുത്തി ഇതിനെ മറികടക്കാനാണ് ആ രാജ്യമിന്ന് ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ കുറവ് ആസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന അവസ്ഥയെത്തി. അതിനാൽ, രണ്ടാം ലോകയുദ്ധ ശേഷം വാതിൽ മലർക്കെ തുറന്നിട്ട് കുടിയേറ്റക്കാർക്ക് ഇടം നൽകിയതുപോലെ പുറംനാടുകളിൽനിന്നുള്ള വിദഗ്ധരെ വീണ്ടുമെത്തിക്കാനാണ് ശ്രമം.
ഈ വർഷം ജൂലൈയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ അതിവേഗത്തിലാണ് രാജ്യത്തെ സാമ്പത്തിക മേഖല പുഷ്ടിപ്രാപിച്ചത്. സമ്പദ് വ്യവസ്ഥ ഈ വർഷം 3.25 ശതമാനം വളർച്ച കൈവരിച്ചേക്കുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ആസ്ട്രേലിയയുടെ കണക്കുകൂട്ടൽ. അത് സാധ്യമാകണമെങ്കിൽ എല്ലാ മേഖലയിലും കഴിവുറ്റ ജീവനക്കാർ വേണമല്ലോ. 12 മാസത്തിനിടെ 40 ശതമാനം ജോലി ഒഴിവുകളാണ് രാജ്യത്തുണ്ടായിരിക്കുന്നത്. അതിർത്തിയിലെ രണ്ടു വർഷംനീണ്ട കർശന കോവിഡ് നിയന്ത്രണങ്ങളും അവധിത്തൊഴിലാളികളുടെയും വിദേശ വിദ്യാർഥികളുടെയും കൂട്ട ഒഴിഞ്ഞുപോക്കുമാണ് തൊഴിലാളിക്ഷാമം ഇത്രകണ്ട് രൂക്ഷമാക്കിയത്. നിയന്ത്രണങ്ങൾമൂലം പുറമെനിന്നുള്ള ജോലിക്കാർക്ക് രാജ്യത്ത് എത്താൻ സാധിക്കുമായിരുന്നില്ല, നല്ല വരുമാനമുള്ള മറ്റു ജോലികൾ ഉള്ള സ്ഥിതിക്ക് തദ്ദേശീയരാരും അത്യധ്വാനം വേണ്ട പണികൾക്ക് ഇറങ്ങുന്നുമില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്നങ്ങൾമൂലം ആസ്ട്രേലിയയിൽനിന്ന് ഒഴിഞ്ഞുപോയത് ആറുലക്ഷത്തിലേറെപ്പേരാണെന്ന് കമ്മിറ്റി ഫോർ ഇക്കണോമിക് ഡെവലപ്മെന്റ് ഓഫ് ആസ്ട്രേലിയ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒരു പതിറ്റാണ്ടിനിടെ വേതനം ഏറെ വർധിച്ചിട്ടും പല വ്യവസായങ്ങൾക്കും ആവശ്യമായ ജീവനക്കാരെ കണ്ടെത്താൻ സാധിക്കുന്നില്ല.
കഴിഞ്ഞ മേയ് മാസം ലേബർ പാർട്ടി അധികാരത്തിൽ വന്നപ്പോഴുള്ള കണക്കനുസരിച്ച് പത്തു ലക്ഷം വിസ അപേക്ഷകളാണ് പരിഗണന കാത്തുകിടക്കുന്നത്. വിസ നിയമങ്ങളും താങ്ങാനാവാത്ത ഫീസുമെല്ലാമായി വലിയ കടമ്പകളാണ് അവർ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം കോവിഡാനന്തര കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. യു.എസും യൂറോപ്യൻ യൂനിയനും കുടിയേറ്റ നിയമങ്ങൾ ലഘൂകരിച്ച് ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിക്കുന്നത് ഈ പ്രശ്നത്തെ സംബോധന ചെയ്യാനായാണ്.
അയൽരാജ്യമായ ന്യൂസിലന്റിനുമുണ്ട് ആൾക്ഷാമം, അവർ കുടിയേറ്റ നിയമങ്ങളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തി ജോലികളിൽ ആളെയെടുപ്പ് നടത്തുകയാണിപ്പോൾ. കാനഡയും നേരിടുന്നുണ്ട് സമാനമായ ദൗർലഭ്യത. മുമ്പ് സ്വീകരിച്ചതിന്റെ ഇരട്ടി കുടിയേറ്റക്കാരെ കാനഡ ഇപ്പോൾ ക്ഷണിക്കുന്നുണ്ട്. അവരുടെ വിസ ഫീസും താരതമ്യേന കുറവാണ്.
ഗുരുതരമായ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാൻ ആഗോളതലത്തിൽനിന്ന് ആളെയെത്തിക്കുക തന്നെയാണ് രാജ്യത്തിന് മുന്നിലുള്ള പോംവഴി. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ആഭ്യന്തര മന്ത്രി ക്ലെയർ ഒനീൽ, വ്യവസായ-വിദേശകാര്യ മന്ത്രി ഡോൺ ഫറേൽ തുടങ്ങിയവരെല്ലാം ഇതുസംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുണ്ട്. താങ്ങാനാവാത്ത വിമാനനിരക്കാണ് ആസ്ട്രേലിയയിലേക്ക് ആളെത്തുന്നതിന് വലിയ തടസ്സമാവുന്നതെന്ന് ഡോൺ ഫറേൽ പറയുന്നു. അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും നിരവധിപേരാണ് കുറഞ്ഞകാല ജോലിക്കായി ഇവിടേക്ക് വന്നുപോയിരുന്നത്. കോവിഡിന് മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി വിമാന നിരക്ക് വർധിച്ചതോടെ അവർ വരാതെയായി. വിദ്യാർഥികളായിരുന്നു മറ്റൊരു തൊഴിൽ സേന. ഇന്ത്യയിൽ നിന്നുൾപ്പെടെ കുറഞ്ഞ തോതിൽ വിദ്യാർഥികൾ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ആസ്ട്രേലിയയുടെ വിദ്യാഭ്യാസ വിപണിയിലും പാർട്ട്ടൈം ജോലി മേഖലയിലും നിറഞ്ഞ സാന്നിധ്യമായിരുന്ന ചൈനീസ് വിദ്യാർഥികൾ തീർത്തും അപ്രത്യക്ഷരാണ്. ചൈനയിൽനിന്ന് നിരവധി സഞ്ചാരികളും ഇവിടെ എത്തിയിരുന്നു. എന്നാൽ, രാജ്യവാസികൾ വിദേശയാത്ര ചെയ്യുന്നതിന് ചൈന കടുത്ത വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അതും മുടങ്ങി.
വിസ നടപടികൾ അതിവേഗമാക്കാനും നഴ്സിങ്, എൻജിനീയറിങ്, ടെക്നോളജി തുടങ്ങിയ മേഖലകളിൽ തൊഴിൽ പരിശീലനം നൽകുന്നതിന് പദ്ധതി തയാറാക്കുന്നതിനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആസ്ട്രേലിയൻ കുടിയേറ്റ പദ്ധതി പ്രകാരം 1,09,900 പുതിയ കുടിയേറ്റക്കാരെ ഈ വർഷം രാജ്യത്ത് അനുവദിക്കുമെന്നാണറിയുന്നത്.
രണ്ടാം ലോകയുദ്ധശേഷം ആസ്ട്രേലിയ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു. യൂറോപ്പിലെ തൊഴിലാളികളെ രാജ്യത്തേക്ക് ക്ഷണിച്ചുവരുത്തിയാണ് അവർ അതിന് പരിഹാരം തേടിയത്. ഇറ്റലി, യൂഗോസ്ലാവിയ, തുർക്കിയ, പോർചുഗൽ, സ്കോട്ട്ലൻഡ്, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നെല്ലാം വലിയ തോതിൽ തൊഴിലാളികൾ എത്തിയതോടെയാണ് കൽക്കരിഖനികൾക്കും ഉരുക്ക് ഫാക്ടറികൾക്കും പ്രവർത്തനം പുനരാരംഭിക്കാനായത്.
അവസാനം പുറത്തുവന്ന സെൻസസ് കണക്കുകൾ പരിശോധിച്ചാൽ വെള്ളക്കാർ നിറഞ്ഞുനിന്നിരുന്ന രാജ്യം ബഹുസ്വര രാജ്യമായി മാറിയിരിക്കുന്നുവെന്ന് കാണാം. ഏഷ്യയിൽ നിന്നുള്ള കുടിയേറ്റത്തിലെ വർധനയാണ് ഇതിന് വഴിയൊരുക്കിയത്. നിലവിലെ ക്ഷാമം പരിഹരിച്ച് ആസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കാൻ ആരാണ് എത്തുക എന്നാണ് ഇനി അറിയേണ്ടത്. ഒരു പക്ഷേ, പുതിയ ഒരു കുടിയേറ്റ സംസ്കാരത്തിനാവും ലോകം സാക്ഷ്യംവഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.