അംബേദ്കറുടെ ആശങ്ക പുലരുമ്പോൾ
text_fields''ജനങ്ങളുടെ സർക്കാർ, ജനങ്ങളാലുള്ള സർക്കാർ, ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ എന്ന അർഥത്തിൽ 1950 ജനുവരി 26 മുതൽ ഇന്ത്യയൊരു റിപ്പബ്ലിക്കാവാൻ പോവുകയാണ്. അതോടെ അതിെൻറ ജനാധിപത്യ ഭരണഘടനക്ക് എന്തു സംഭവിക്കും എന്ന ചിന്തയും എെൻറ മനസ്സിൽ കയറിവരുന്നു. ര ാജ്യത്തിന് അതിെൻറ ഭരണഘടന നിലനിർത്താൻ സാധിക്കുമോ? അതല്ല അത് നഷ്ടപ്പെടുമോ? രാ ജ്യത്തിന് അതിെൻറ സ്വാതന്ത്ര്യം നിലനിർത്താൻ സാധിക്കുമെന്ന് ഉറപ്പുണ്ടോ? മുമ്പ് നഷ്ടപ്പെട്ടതുപോലെ ഒരിക്കൽകൂടി ആ സ്വാതന്ത്ര്യം നഷ്ടപ്പെടില്ലെന്ന് ആർക്ക് ഉറപ്പുനൽകാൻ കഴിയും? '' ഭരണഘടന നിർമാണ സഭയുടെ നടപടികൾ അവസാനിപ്പിക്കുന്നതിന് തലേദിവസം, 1949 നവംബർ 25ന്, ഡ്രാഫ്റ്റിങ് കമ്മിറ്റി അധ്യക്ഷനായ ബി.ആർ. അംബേദ്കർ നടത്തിയ സമാപന പ്രസംഗത്തിൽ പ്രതീക്ഷകളോടൊപ്പംതന്നെ ആശങ്കകളും നിറഞ്ഞുനിന്നിരുന്നു. പ്രാഗല്ഭ്യം തെളിയിച്ച ഒരു ഭിഷഗ്വരനെപോലെ ഇന്ത്യയെന്ന പ്രവിശാലമായ രാജ്യത്തിെൻറ നാഡിമിടിപ്പും രോഗാതുരമായ സാമൂഹിക വ്യവസ്ഥയും സൂക്ഷ്മതലത്തിൽ തൊട്ടറിഞ്ഞ അംബേദ്കറിനറിയാം ബൃഹത്തായ ഒരു ഭരണഘടനകൊണ്ടുമാത്രം മെച്ചപ്പെട്ടൊരു രാജ്യത്തിെൻറ നിർമിതി സാധ്യമല്ലെന്ന്. ഭരണഘടന വിജയിക്കാൻ ഇവിടെ ഒരു ജനായത്ത സംസ്കൃതി വളർത്തിയെടുക്കാൻ സാധിക്കുമോ എന്നാണ് അദ്ദേഹത്തിെൻറ പ്രധാന ചോദ്യം.
രാഷ്ട്രശിൽപികളുടെ
സ്വപ്നത്തിനപ്പുറം
ആര് എത്ര പിറകോട്ട് സഞ്ചരിച്ചാലും ശരി, ഇന്ത്യ എന്ന ആശയം മൂർത്തരൂപം പ്രാപിക്കുന്നത് ഭരണഘടനാദത്തമായ ഒരു രാഷ്ട്രീയവ്യവസ്ഥിതിയെയും ഭരണസംവിധാനത്തെയും കുറിച്ചുള്ള സങ്കൽപങ്ങളെ പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിൽ രാഷ്ട്രശിൽപികൾ വിജയിച്ചപ്പോഴാണ്. 1947ൽ രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വനുകത്തിൽനിന്ന് മോചിതമായെങ്കിലും ആധുനിക ഇന്ത്യ പിറവികൊള്ളുന്നത് 1950 ജനുവരി 26നാണ്. അന്നാണ് ഭരണഘടന നിലവിൽവരുന്നതും ജനങ്ങളുടെ സർക്കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതും. 1947 ആഗസ്റ്റ് 14ന് അർധരാത്രി 'വിധിയുമായി സംഗമിച്ച' യാമത്തിൽ, ജവഹർലാൽ നെഹ്റു നടത്തിയ, തങ്കലിപികളിൽ കുറിക്കപ്പെട്ട പ്രസംഗം ഭരണഘടന നിർമാണസഭയിലായിരുന്നു. പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യം ലോകസമാധാനത്തിനും മാനവകുലത്തിെൻറ ക്ഷേമത്തിനുമായി സമർപ്പിക്കുമെന്നാണ് ലോകം ഉറക്കമിളച്ച് നോക്കിനിൽക്കെ നെഹ്റു ചൊല്ലിക്കൊടുത്ത പ്രതിജ്ഞ. ലോകമായിരുന്നു അന്ന് നമ്മുടെ ചിന്താമണ്ഡലത്തിെൻറ ചക്രവാളം. അവിടെനിന്ന് എത്ര താഴേക്കാണ് ഇന്ത്യ ആപതിച്ചത്? അഭയം തേടിയെത്തുന്നവരെ മതം നോക്കി വേർതിരിക്കുന്ന സങ്കുചിതവും വിനാശകരവുമായ കാഴ്ചപ്പാട് ആരെയാണ് ലജ്ജിപ്പിക്കാതിരിക്കുക? 1946 ഡിസംബർ ഒമ്പതിനാണ്, 300ലേറെ അംഗങ്ങളുള്ള കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി, ഭരണഘടന നിർമാണ ദൗത്യവുമായി ആദ്യമായി സമ്മേളിക്കുന്നത്. ഡിസംബർ 13ന് ഉദ്ദേശ്യലക്ഷ്യങ്ങളടങ്ങിയ പ്രമേയം (Objectives Resolution) അവതരിപ്പിച്ചുകൊണ്ട് നെഹ്റു നടത്തിയ പ്രസംഗം, ഭാവി ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ സ്വപ്നങ്ങൾ അനാവൃതമാക്കി. സ്വതന്ത്ര, പരമാധികാര രാജ്യമെന്ന നിലയിൽ, പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും നിയമത്തിനു മുന്നിൽ സമാനപദവിയും തുല്യ അവസരവും ചിന്താപരവും വിശ്വാസപരവും ആരാധനാപരവുമായ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നതിനൊപ്പം ന്യൂനപക്ഷങ്ങൾക്കും അധ$സ്ഥിത വിഭാഗങ്ങൾക്കും ദുർബലർക്കും മതിയായ സംരക്ഷണവും അദ്ദേഹം ഉറപ്പുനൽകി. മഹാത്മജിയുടെ രാഷ്ട്രീയ വീക്ഷണങ്ങളും തെൻറ അധുനാധുനികമായ ചിന്താപദ്ധതികളും ഫ്രഞ്ച്, അമേരിക്കൻ, റഷ്യൻ വിപ്ലവങ്ങൾ മുന്നോട്ടുവെച്ച പുരോഗമന തത്ത്വങ്ങളും ഉൾച്ചേർത്ത് ഇന്ത്യയെ പഴമയിൽനിന്ന് വേർപെടുത്തി, പുതിയൊരു രാഷ്ട്രസ്വത്വത്തിലേക്ക് പരിലാളിച്ചെടുക്കാനായിരുന്നു നെഹ്റുവിെൻറ ശ്രമം. പിന്നീട് നടന്ന 165 ദിവസത്തെ ചർച്ചകളെല്ലാം ഈ ലക്ഷ്യം കരഗതമാക്കുന്നതിനുള്ള ആശയപരമായ അടിത്തറയും ഭരണപരമായ സംവിധാനവും രൂപപ്പെടുത്തുന്നതിനുള്ളതായിരുന്നു.
ആ കാലഘട്ടത്തിെൻറ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്നതായിരുന്നു കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയുടെ ഘടന. ഇടതു വലതു, തീവ്ര ചിന്താഗതികൾ വെച്ചുപുലർത്തുന്നവരുണ്ടെങ്കിലും 82 ശതമാനം കോൺഗ്രസുകാരായിരുന്നു. ഗാന്ധിത്തൊപ്പികൾക്കും നെഹ്റു ജാക്കറ്റുകൾക്കുമിടയിൽ നിറഭേദം പകർന്ന് ഒമ്പത് സ്ത്രീകൾ ഇരിക്കുന്നുണ്ടായിരുന്നു. അധ$സ്ഥിത വിഭാഗത്തിെൻറ കാര്യങ്ങൾ നോക്കാൻ അംബേദ്കർ ഒരാൾ മതിയായിരുന്നു. എന്നാൽ, രാജ്യവിഭജന പശ്ചാത്തലത്തിൽ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ മുസ്ലിംകൾക്കു വേണ്ടി വാദിക്കാൻ കൂടുതൽ ആളുകളുണ്ടായിരുന്നില്ല. ന്യൂനപക്ഷകാര്യങ്ങളുടെ ചുമതല വലതുപക്ഷ വക്താവായി അറിയപ്പെട്ട സർദാർ പട്ടേലിനായിരുന്നു. വിഭജനം നടന്ന് കേവലം 10 ദിവസം കഴിഞ്ഞാണ് ന്യൂനപക്ഷങ്ങളുടെ ഭാവി സഭയിൽ ചർച്ച ചെയ്യപ്പെടുന്നത്. പ്രത്യേക തെരഞ്ഞെടുപ്പ് മണ്ഡലം (Separate Electorate) നിലനിർത്തണമെന്ന് മദിരാശിയിൽനിന്ന് പോയ ബി. പോക്കർ സാഹിബും ഇസ്മാഈൽ സാഹിബും വാദിച്ചു. രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന അവസ്ഥ വെച്ചുനോക്കുമ്പോൾ മുസ്ലിം സമുദായത്തിെൻറ പ്രശ്നങ്ങൾ ഉൾക്കൊള്ളാൻ ഇതര വിഭാഗങ്ങൾക്ക് പ്രയാസമാണെന്നതുകൊണ്ട് സഭയിലും സർക്കാറിലും അവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് പോക്കർ സാഹിബ് വാദിച്ചപ്പോൾ സർദാർ പട്ടേൽ പൊട്ടിത്തെറിച്ചു. ''ഇത്തരം കാര്യങ്ങൾ ആവശ്യമുള്ളവരുടെ സ്ഥാനം ഇവിടെയല്ല; പാകിസ്താനാണ്. ഇവിടെ ഞങ്ങൾ ഒരു രാഷ്ട്രത്തിെൻറ അടിത്തറ പാകുന്ന തിരക്കിലാണ്. അതിനിടയിൽ വീണ്ടും വിഭജിക്കാനും പ്രതിബന്ധങ്ങളുടെ വിത്ത് വിതക്കാനും ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ അവർക്ക് ഇവിടെയല്ല ഇടം. തുറന്ന ഭാഷയിൽ ഓർമപ്പെടുത്തുകയാണ് ഞാൻ.'' ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും സീറ്റ് സംവരണം വേണ്ട എന്ന് ഭരണഘടന നിർമാണ സഭ തീരുമാനിച്ചപ്പോൾ പട്ടികജാതി, വർഗങ്ങൾക്ക് 10 വർഷത്തേക്ക് സംവരണം ഏർപ്പെടുത്തി. ഏഴു പതിറ്റാണ്ടായി അത് തുടരുന്നു. സ്ത്രീകളുടെകാര്യത്തിൽ മുറവിളിയെങ്കിലും ഉയരുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾക്ക് അശേഷം പ്രാതിനിധ്യം ഇല്ലാത്ത എത്രയോ നിയമസഭകളും നാമമാത്ര പ്രാതിനിധ്യം മാത്രമുള്ള പാർലമെൻറും കടന്നുപോകുമ്പോൾ, ഭരണഘടന എവിടെയാണ് പരാജയപ്പെട്ടതെന്ന് വ്യക്തമാവുന്നു.
ഭരണഘടന തോറ്റത്
ആരുടെ മുന്നിൽ?
ഇന്ത്യൻ ഭരണഘടന 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണ റിപ്പബ്ലിക്ദിനം വരുന്നത്. ഇമ്മട്ടിലൊരു പ്രതിസന്ധി രാഷ്ട്ര ശിൽപികൾ മുൻകൂട്ടി കണ്ടിരുന്നുവോ? അതേ എന്നായിരിക്കും സത്യസന്ധമായ മറുപടി. അന്ന് പല തലങ്ങളിലും ചർച്ച നടന്നപ്പോൾ അംബേദ്കർ നൽകിയ ഒരു വിശദീകരണമുണ്ട്. ഭരണഘടന എത്ര നന്നായാലും ശരി കൈകാര്യം ചെയ്യുന്നവർ മോശപ്പെട്ടവരാണെങ്കിൽ ഫലം മോശമാവാനേ തരമുള്ളൂ. ഭരണഘടന എത്ര മോശമാണെങ്കിലും ഭരണകർത്താക്കൾ നല്ലവരാണെങ്കിൽ നല്ലതിലേ അത് കലാശിക്കൂ. ഭരണഘടനക്ക്് അവയവങ്ങളായ ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവ സംവിധാനിക്കാനേ കഴിയൂ. ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുന്ന വ്യക്തികളെയും പാർട്ടികളെയും ആശ്രയിച്ചായിരിക്കും അതിെൻറ ഭാവി. ലക്ഷ്യം നേടാൻ അവർ ഭരണഘടന മാർഗങ്ങൾ അവലംബിക്കുമോ? അതല്ല, വിപ്ലവമാർഗങ്ങൾ സ്വീകരിക്കുമോ? ബി.ആർ. അംബേദ്കർ ഭയപ്പെട്ടത് കമ്യൂണിസ്റ്റുകളെയായിരുന്നു. വർഗീയ ഫാഷിസം ഒരുനാൾ ഫണംവിടർത്തി വന്ന് അധികാരം കൈയടക്കുമെന്നും ഭരണഘടനയെ നശിപ്പിക്കുമെന്നും അദ്ദേഹം സ്വപ്നേപി നിനച്ചിരുന്നില്ല. പൗരത്വ ഭേദഗതി നിയമവും അനുബന്ധ ഭരണകൂട നടപടികളും ഭരണഘടന വിഭാവന ചെയ്യുന്ന തുല്യതയുടെയും മതസ്വാതന്ത്ര്യത്തിെൻറയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിെൻറയും കടക്കാണ് കത്തിവെച്ചിരിക്കുന്നത്. ഭരണഘടനയുടെ പുറംതോട് ബാക്കിവെച്ച്, അതിെൻറ ആത്മസത്ത കാർന്നുതിന്നുന്ന അത്യന്തം വിപത്കരമായ ഒരു ചെയ്തിയിലാണ് ഹിന്ദുത്വ രാഷ്ട്രീയം ഏർപ്പെട്ടിരിക്കുന്നത്. ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.