Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightആശങ്കാ-വിഹ്വല...

ആശങ്കാ-വിഹ്വല ജിഹാദുകളുടെ പിന്നാമ്പുറം

text_fields
bookmark_border
love jihads
cancel

‘‘ലവ് ജിഹാദും ഹലാൽ ജിഹാദും തുപ്പൽ ജിഹാദുമൊക്കെ ഉയർത്തിവിട്ടതിനു​ പിന്നിൽ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനുള്ള വളഞ്ഞ വഴിയാണ്​. ഹിന്ദുക്കൾ സംഘടിതരല്ല എന്നതാണ്​ ഈ ആശങ്കകൾക്കു​ പിന്നിൽ. മുസ്​ലിംകൾക്ക്​ വെള്ളിയാഴ്ചയും ക്രിസ്ത്യാനികൾക്ക്​ ഞായറാഴ്ചയുമൊക്കെ പള്ളികളിൽ ഒത്തുകൂടാനുള്ള അവസരങ്ങളുണ്ട്​. എന്നാൽ, ഹിന്ദുക്കൾക്ക്​ ഇങ്ങനെ ഒത്തുകൂടാൻ ശനിയാഴ്​ച സത്​സംഗമോ മറ്റോ ഇല്ല. അവർ സംഘടിതരുമല്ല.

അവരെ ഒരുമിപ്പിക്കണമെങ്കിൽ എതിർസ്ഥാനത്ത്​ ഒരു ശത്രു വേണം, ഒരു അപരനെ വേണം. നിങ്ങളുടെ പെ​ൺകുട്ടികളെ പ്രണയിച്ച്​ തട്ടിക്കൊണ്ടുപോകാൻ ശത്രു ശ്രമം നടത്തുന്നുവെന്ന പ്രചാരണമൊക്കെ അത്തരം വിഹ്വലതകളുടെ ഭാഗമാണ്​.

നായരും ഈഴവനും പുലയനും പറയനും വെള്ളാളനും ആദിവാസിയും അമ്പലവാസിയുമൊക്കെയായി വിഘടിച്ച്​ കിടക്കുന്ന ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാനുള്ള പൊറാട്ടുനാടകമാണ്​ ഇത്തരം ജിഹാദ്​ ആരോപണങ്ങൾ...’’ -പറയുന്നത്​ തീവ്ര ഹിന്ദുത്വയുടെ വക്താവായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സാക്ഷാൽ രാഹുൽ ഈശ്വർ. ചാനൽ ചർച്ചയിലെ ഈ തുറന്നുപറച്ചിലിൽ അസ്വസ്ഥനായ, ഹിന്ദുത്വയെ പ്രതിനിധാനംചെയ്തിരുന്ന സഹ പാനലിസ്റ്റ്​, ‘ഹിന്ദുക്കളുടെ കാര്യം പറയാൻ നിങ്ങൾക്ക്​ എന്താണ്​ അധികാര’മെന്നു ചോദിച്ച്​ തടസ്സപ്പെടുത്താൻ ​ശ്രമിക്കുന്നതും കാണാമായിരുന്നു.

ഈ ചർച്ച കണ്ടുകൊണ്ടിരിക്കുമ്പോൾ ഓർമവന്നത്​ ഒരു വ്യാഴവട്ടക്കാലം മുമ്പ്​ കേരളത്തെ പിടിച്ചുകുലുക്കിയ ‘ലവ് ജിഹാദ്​’ വിവാദമായിരുന്നു. ആ വിവാദമാണ്​ സംഘ്​ കേന്ദ്രങ്ങളിൽ കുറേക്കാലമായി ഉൽപാദിപ്പിക്കപ്പെടുന്ന കേരള വിരുദ്ധ വിദ്വേഷ പ്രചാരണത്തിനും ‘ദ കേരള സ്​റ്റോറി’ മോഡൽ തിരക്കഥകൾക്കുമൊക്കെ ഇന്ധനമായി മാറിയത്​.

മാധ്യമങ്ങൾ നട്ടുപിടിപ്പിച്ച നുണക്കഥകൾ

2009 ജൂലൈ, ആഗസ്റ്റ്​ കാലം. അന്ന്​, കേരളത്തിലെ മാധ്യമങ്ങളുടെ മുൻപേജുകളിൽ നിറഞ്ഞുനിന്നിരുന്നത്​ ചില തീവ്രവാദ കേസുകളാണ്​. മഅ്​ദനിക്ക്​ എതിരായ ​കേസുകൾ, കളമശ്ശേരി ബസ്​ കത്തിക്കൽ കേസ്​, കശ്മീർ റിക്രൂട്മെന്‍റ്​ കേസ്​... അതിനിടയിലാണ്​ ‘ലവ്ജിഹാദ്​’ വാർത്താപരമ്പരകളുമായി സംസ്ഥാനത്തെ മുൻനിര മാധ്യമങ്ങളിൽ ചിലത്​ രംഗത്തിറങ്ങിയത്​.

‘ഇരയാണ്​ അവൾ എവിടെയും’ തലക്കെട്ടിൽ നാല്​ റിപ്പോർട്ടർമാരുടെ പേരുവെച്ച്​ തയാറാക്കിയ പരമ്പരയാണ്​ ‘മലയാള മനോരമ’ അവതരിപ്പിച്ചത്​. അതിൽ, 2009 ആഗസ്റ്റ്​ 31ന്​ പ്രസിദ്ധീകരിച്ച ‘പൊട്ടിക്കാൻ ലവ്​ ബോംബുകൾ’ എന്ന ഭാഗം കാമ്പസുകളിലെ മുസ്​ലിം യുവതയെ അപരവത്​കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

മുസ്​ലിം സഹപാഠികളുമായുള്ള സൗഹൃദം വലിയൊരു ചതിക്കുഴിയാണെന്ന ധാരണ പല മാതാപിതാക്കളിലും സൃഷ്ടിക്കാൻ പോന്നതായിരുന്നു ഇത്​. ഒരു സംഘടന ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക പരിശീലനം നൽകി പ്രവർത്തകരെ രംഗത്തിറക്കിയിരിക്കുന്നു എന്ന പ്രചാരണം വ്യാപകമായി. പല ജില്ലകളിലും മതംമാറി കഷ്ടത്തിലായ പെൺകുട്ടികളുടെ കഥകളും പത്രത്താളുകളിൽ നിറഞ്ഞു.

മലയാള മനോരമ കളംപിടിക്കുന്നത്​ കണ്ടതോടെ, ‘പ്രണയക്കുരുക്കുമായി റോമിയോ ജിഹാദുകൾ’ തലക്കെട്ടുമായി ‘കേരള കൗമുദി’യും ‘കേരള ശബ്​ദ’വുമെല്ലാം രംഗത്തിറങ്ങി. എട്ടുമാസം മുമ്പ്​ ഇന്‍റലിജൻസ്​ ബ്യൂറോ ഇതുസംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകിയിരുന്നു എന്ന വെളിപ്പെടുത്തലുമായി പ്രചാരണത്തിന്​ ഔദ്യോഗിക പരിവേഷം നൽകാനും ശ്രമമുണ്ടായി. ‘ലവ് ജിഹാദ്​: നാലുവർഷത്തിനിടെ നടന്നത്​ നാലായിരത്തോളം മതംമാറ്റം’ എന്ന വാർത്തകൂടി വന്നതോടെ ചിത്രം പൂർത്തിയായി.

ഈ പ്രചാരണങ്ങൾക്ക്​ പിന്നാലെ, കേരള കാത്തലിക്​ ബിഷപ്സ്​ കൗൺസിലിന്‍റെ ‘കമീഷൻ ഫോർ സോഷ്യൽ ഹാർമണി ആൻഡ്​ വിജിലൻസ്​’ ‘പ്രണയ തീവ്രവാദം: മാതാപിതാക്കൾ ജാഗ്രത പാലിക്കണം’ എന്ന മുന്നറിയിപ്പ്​ നൽകി അവരുടെ മുഖപത്രമായ ‘ജാഗ്രത’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ‘പ്രണയ മതംമാറ്റത്തിന്​’ വിധേയരായവരുടെ എണ്ണം 20,000 ആയി.

മാധ്യമങ്ങളുടെ ആഘോഷം ഇങ്ങനെ നടക്കവേയാണ്​ പത്തനംതിട്ട സ്വദേശി ഷഹൻ ഷായുടെ പ്രണയവിവാഹം കോടതി കയറുന്നത്​. ഇതോടെ, ഞങ്ങൾ പറഞ്ഞതിനൊക്കെ ഔദ്യോഗിക പരിവേഷം ലഭിച്ചില്ലേയെന്ന നിലപാടിലായി മാധ്യമങ്ങൾ.

ഈ കേസിൽ ഹൈകോടതിയിലെത്തിയ ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസ്​ കെ.ടി. ശങ്കരന്‍റെ കമന്‍റുകൾകൂടി വന്നതോടെ, ലവ് ജിഹാദ്​ എന്നത്​ യഥാർഥത്തിൽ ഉള്ളതാണ് എന്ന ചിന്താഗതി കേരളീയ സമൂഹത്തിൽ രൂഢമൂലമായി. ഇതിനിടെ ‘ആരോഗ്യ ജിഹാദ്​’, ‘ലാൻഡ്​ ജിഹാദ്​’ എന്നിങ്ങനെ പുതിയ ആഖ്യാനങ്ങളും പടച്ചുവിടപ്പെട്ടു.

ഇതോടെയാണ്​, ലവ് ജിഹാദ്​ ആരോപണങ്ങളുടെ പിന്നാമ്പുറം തേടി ഇറങ്ങിച്ചെല്ലാൻ തീരുമാനിച്ചത്​. പൊലീസ്​ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ തെളിയിക്കപ്പെട്ട കേസുകളൊന്നുമില്ലെന്ന്​ പല ഉദ്യോഗസ്ഥരും തുറന്നുപറഞ്ഞു. പത്രങ്ങൾ അടിച്ചുവിട്ടമാതിരി ഒരു ഇന്‍റലിജൻസ്​ റിപ്പോർ​ട്ടും ഇല്ലെന്ന്​ പൊലീസ്​വൃത്തങ്ങൾ സ്ഥിരീകരിച്ചു.

പത്രങ്ങൾ നിരത്തിയത്​ കെട്ടുകഥകളാണെന്ന്​ വ്യക്തമാക്കുന്ന തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായി. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാണ്​ 2009 ഒക്​ടോബർ 16 മുതൽ 20 വരെ ‘മാധ്യമം’ പരമ്പര പ്രസിദ്ധീകരിച്ചത്​.

അപ്പോഴും ‘ഹൈകോടതി പറഞ്ഞതോ?’ എന്ന ചോദ്യം ബാക്കിയായി. ഇതിനിടെ, ഷഹൻ ഷായുടെ കേസ്​ കോടതിയുടെ പരിഗണനയിൽ വീണ്ടുമെത്തിയിരുന്നു. ജാമ്യഹരജി പരിഗണിച്ച ജഡ്​ജിയിൽനിന്ന്​ വ്യത്യസ്തമായി, കേസ്​ പരിഗണിച്ച ജസ്റ്റിസ്​ ശശിധരൻ നമ്പ്യാർ കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ പരിശോധിക്കാൻ തയാറായി.

ലവ് ജിഹാദ്​ ആരോപണങ്ങൾ കെട്ടുകഥയാണെന്ന്​ അദ്ദേഹം തന്‍റെ വിധിന്യായത്തിൽ അക്കമിട്ട്​ വ്യക്തമാക്കി. ഹിന്ദുത്വ വർഗീയ സംഘടനകളുടെ ലഘുലേഖകൾ അപ്പാടെ പകർത്തിവെച്ചതായിരുന്നു പല ലേഖനങ്ങളുമെന്ന്​ വൈകാതെ വെളിപ്പെട്ടു. ഇതോടെ, കഥകളെഴുതിയ മാധ്യമങ്ങൾ പ്രതിരോധത്തിലായി. പക്ഷേ, അപ്പോഴേക്കും കേരളത്തിലെ ലവ് ജിഹാദ്​ കഥകൾ ഉത്തരേന്ത്യൻ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ കേരളം ഭീകരവാദികളുടെ താവളമായി മുദ്രകുത്തപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം, തങ്ങ​ൾക്ക്​ വോട്ട് നൽകിയില്ലെങ്കിൽ ഇവിടെയും ‘കേരളം ആവർത്തിക്കും’ എന്ന മുന്നറിയിപ്പുകളുണ്ടായി. അന്ന്​ മാധ്യമങ്ങൾ പടച്ചുവിട്ട കഥകളാണ്​ 14 വർഷത്തിനുശേഷവും മതംമാറി സിറിയയിൽ പോയ 32,000 യുവതികളുടെ കദനകഥകളുമായി സിനിമ രൂപത്തിലെത്തി നിൽക്കുന്നത്​.

മതംമാറ്റ പ്രണയങ്ങളുടെ പിന്നാമ്പുറം

ലവ് ജിഹാദ്​ ആരോപണങ്ങൾ കത്തിനിന്ന കാലത്ത്​ ചില സുഹൃത്തുക്കളുടെ സഹായത്തോടെ എറണാകുളത്തെ ചില കാമ്പസുകളിൽ കേസ്​ സ്റ്റഡി നടത്തിയിരുന്നു. കോളജ്​ കാമ്പസുകളിലെ ‘ആണത്ത സങ്കൽപങ്ങൾ’ക്ക്​ പ്രണയത്തിലും കാര്യമായ റോൾ ഉണ്ടെന്നാണ്​ അന്ന്​ കണ്ടെത്തിയത്​. രണ്ടെണ്ണം ‘വീശി’, മുറുക്കിച്ചുവപ്പിച്ച്​ മസിൽ പെരുപ്പിച്ച്​ നടക്കുന്നതാണ്​ ആണത്തം എന്ന ചിന്ത വ്യാപകമായിരുന്നു.

അന്നിറങ്ങിയ ചില സിനിമകളിലെ നായക വേഷങ്ങൾ ഇത്തരം ആണത്ത സങ്കൽപങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, മദ്യപിച്ച്​ എത്തുന്ന പിതാവും ആങ്ങളമാരുമൊക്കെ വീട്ടിലുണ്ടാക്കുന്ന അലമ്പുകളിൽ മനംനൊന്തെത്തുന്ന പെൺകുട്ടികൾ ഇത്തരം ആണത്ത വേഷംകെട്ടലുകളിൽ ആകൃഷ്ടരായില്ല എന്നതാണ്​ വാസ്തവം.

കൃത്യമായി കോളജിലെത്തി, ക്ലാസുകൾ അറ്റൻഡ്​ ചെയ്യുന്ന, ഉത്തരവാദിത്ത ബോധമുള്ള സുഹൃത്തുക്കളിലേക്ക്​ ഇത്തരം പെൺകുട്ടികൾ മതംനോക്കാതെ ആകൃഷ്ടരായി എന്നതാണ്​ വാസ്തവം​. അതാണ്​ മതത്തിന്‍റെ അതിർവരമ്പുകൾ കടന്നുള്ള പ്രണയത്തിലേക്ക്​ നയിച്ചതും. അത്തരം പ്രണയങ്ങൾ മിക്കതും കാമ്പസ്​ കാലത്തിനുശേഷം അവസാനിക്കുകയും ചെയ്തു. അപൂർവം ചിലത്​ മാത്രമാണ്​ വിവാഹത്തിലെത്തിയത്. അവയിൽ മതംമാറിയത്​ അത്യപൂർവവും.

ആരോപണങ്ങൾക്ക്​ പിന്നിലെ സാമ്പത്തികവശം

ലവ് ജിഹാദ്​ മുതൽ ഹലാൽ ജിഹാദും തുപ്പൽ ജിഹാദും നാർകോട്ടിക്​ ജിഹാദും വരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക്​ പിന്നിൽ കേരളം എത്തിനിൽക്കുന്ന സാമ്പത്തികാവസ്ഥക്കും നിർണായക പങ്കുണ്ട്​.

മലയാളിയുടെ രണ്ടാംവീടായ ഗൾഫിൽ കണ്ടും കഴിച്ചും ശീലിച്ച അറബ്​ വിഭവങ്ങൾക്ക്​ കേരളത്തിലുടനീളം ആവശ്യക്കാർ ഉണ്ടായതോടെ, പട്ടണങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിൽപോലും അൽഫഹമും കുഴിമന്തിയുമൊക്കെ വിൽക്കുന്ന കടകൾ കൂണുപോലെ മുളച്ചുപൊന്തി.

ഉത്തര കേരളത്തിൽനിന്ന്​ ഇത്തരം റസ്​​റ്റാറൻറുകളുടെ നടത്തിപ്പുമായി തെക്കൻ കേരളത്തിലേക്ക്​ വൻതോതിൽ ‘കുടിയേറ്റവും’ ഉണ്ടായി. ഒരുകാലത്ത്​ തെക്കൻ കേരളത്തിൽനിന്ന്​ റബർ കൃഷിയുമായി വടക്കൻ കേരളത്തിലേക്ക്​ നടന്ന കുടിയേറ്റം പോലുള്ള ഒന്ന്​. മരുന്നിനുപോലും ഒരു മുസ്​ലിമും ഇല്ലാത്ത പ്രദേശങ്ങളിൽപോലും ഇത്തരം കടകൾക്ക്​ മുന്നിൽ ഹലാൽ ബോർഡുകൾ ഉയർന്നതും ഈ കുടിയേറ്റത്തിന്‍റെ ഭാഗമായാണ്​.

ഭക്ഷണശാലകളിൽ മാത്രമല്ല, ചികിത്സരംഗം, സ്വർണാഭരണ വിപണന മേഖല, ടെക്സ്റ്റൈൽ ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ തുടങ്ങിയ രംഗങ്ങളിലും ഇത്തരം കുടിയേറ്റങ്ങളുണ്ടായി. സ്വാഭാവികമായും അനുബന്ധമായും ചില അസ്വസ്ഥതകളും. ഈ അസ്വസ്ഥതകളാണ്​ ജിഹാദ്​ ആരോപണങ്ങളായി രൂപംപ്രാപിച്ചത്​.

ഇത്തരം ആരോപണങ്ങളുടെ ഫലമായുണ്ടാകുന്ന ചില ഗുണവശങ്ങളും കാണാതിരുന്നുകൂടാ. ഏറ്റവുമൊ​ടുവിലായി ‘ദ കേരള സ്​റ്റോറി’യെ പൊളിച്ചടുക്കുകയും 32,000 എന്നത്​ മൂന്നായി ചുരുങ്ങുകയും ചെയ്തതിന്​ കാരണമായത്​ കേരളത്തിലെ മതേതര സമൂഹത്തിലെ ഇടപെടലുകളാണ്​.

ഈ ആരോപണം നുണയാണെന്ന്​ തുറന്നുപറഞ്ഞ്​ ചാനൽ ചർച്ചകൾ മുതൽ സമൂഹമാധ്യമ ചർച്ചകളിൽവരെ കണക്കുകളുമായി രംഗത്തിറങ്ങിയത്​ മുസ്​ലിംകൾ മാത്രമായിരുന്നില്ല, പകരം മതേതരബോധമുള്ള മുഴുവൻ സുമനസ്സുകളുമായിരുന്നു.

നോൺ ഹലാൽ കാമ്പയിൻ ക്ലിക്കാകാതെ പോയതിനു പിന്നിലും ഈ മനസ്സുതന്നെ. ഈ മതനിരപേക്ഷ മനസ്സിനെ ജ്വലിപ്പിച്ച്​ നിർത്താൻ കഴിഞ്ഞാൽ കേരളത്തിന്​ ഭാവിയുണ്ട്. ഇല്ലെങ്കിൽ യു.പി​യിലേക്കും ഗുജറാത്തിലേക്കുമുള്ള ദൂരം കുറഞ്ഞുവരും. കേരളം ഇതേപോലെ നിലനിൽക്കണോ എന്ന്​ തീരുമാനിക്കേണ്ടത്​ ഭരണ-പ്രതിപക്ഷ കക്ഷികളും മതേതര പാർട്ടികളും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകളുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindujihadLove Jihad
News Summary - Background of love Jihads-halal jihads
Next Story