ഐതിഹാസിക ജൂലൈയിലെ 36 ദിനങ്ങൾ !
text_fieldsവിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇൗയിടെ നടന്ന ജനകീയ മുന്നേറ്റത്തിന്റെ പ്രസക്തിയെന്താണ്?, അതിന്റെ വിജയകാരണം എന്തൊക്കെയാണ്?, എന്തുകൊണ്ടാണ് ഈ വിജയം ഒരുപറ്റം ആളുകൾക്ക് അംഗീകരിക്കാനാവാത്തത് ?
ഈ വർഷത്തെ ജൂലൈക്ക് ബംഗ്ലാദേശിൽ 36 ദിവസങ്ങളുടെ ദൈർഘ്യമുണ്ടായിരുന്നു. അത് വിദ്യാർഥികളുടെ ശപഥമായിരുന്നു; അവരുടെ പ്രിയപ്പെട്ട സഖാക്കൾ ചോരയും ജീവനും നൽകിയ പോരാട്ടം വിജയം കാണുംവരെ, അറുകൊലകൾക്ക് ആജ്ഞയിട്ട ഭരണകൂടം എന്നെന്നേക്കുമായി നിലംപതിക്കുംവരെ ഈ ജൂലൈക്ക് അവസാനമുണ്ടാവില്ലെന്നവർ ഉറപ്പിച്ചിരുന്നു.
ചരിത്രത്തിലെ മറ്റേതൊരു കാലത്തെയുംപോലെയായിരുന്നില്ല ജൂലൈയിലെ ഈ 36 ദിവസങ്ങൾ, പ്രത്യേകിച്ച് ജൂലൈ 16 മുതലുള്ള ദിനങ്ങൾ. ജൂലൈ 16നു ശേഷം മറ്റൊരു ബംഗ്ലാദേശിനാണ് ഏവരും സാക്ഷ്യം വഹിച്ചത്.
ഒരു സ്വേച്ഛാധിപതിക്കെതിരെ ഒരേ മനസ്സായി നിലകൊള്ളുന്ന ജനങ്ങളുടെ ഐക്യദാർഢ്യത്തിന്റെയും സ്നേഹത്തിന്റെയും സ്മരണികയായി ജൂലൈ. സമൂഹ മാധ്യമങ്ങളിൽപോലും ബംഗ്ലാദേശിന്റെ തനതായ ഒരു ചിത്രം വീണ്ടും വീണ്ടും ഉയർന്നുവന്നു. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം തരംഗം തീർത്ത് കോതാ കോ, ആവാജ് ഉതാവോ എന്നിവയടക്കം മുപ്പതിലേറെ റാപ് ഗാനങ്ങളാണ് ഈ ദിനങ്ങളിൽ പുറത്തുവന്നത്. റാപ് പാടുന്നത് ഹറാമാണെന്ന് ഒരാൾപോലും അതിനടിയിൽ കമന്റെഴുതിയില്ല. മത്സ്യത്തിന്റെ വയറ്റിലകപ്പെട്ടപ്പോൾ യൂനുസ് നബി (യോനാ പ്രവാചകൻ)ഉരുവിട്ട പ്രാർഥനയുമായി അണിനിരന്ന മദ്റസക്കുട്ടികളും ഉസ്താദുമാരും ഈ മുന്നേറ്റത്തിനൊപ്പം ചേരാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോൾ ആരുംതന്നെ അവരെ അപഹസിച്ചില്ല. ഈ മുന്നേറ്റത്തിൽ കാർട്ടൂണിസ്റ്റുകൾ അവരുടെ കാർട്ടൂണുകൾകൊണ്ട് ഒരുപാടുപേരെ പ്രചോദിപ്പിച്ചപ്പോൾ മദ്റസ വിദ്യാർഥികൾ കാലിഗ്രഫി രചനയിൽ അവർക്കുള്ള മികവ് ചുമരുകളിൽ മുദ്രാവാക്യങ്ങൾ വരച്ചിടാൻ വിനിയോഗിച്ചു.
ജൂലൈ 35ാം തീയതി ശഹീദ് മിനാറിൽ ദ്വിജേന്ദ്രലാൽ റോയിയുടെ ‘ധൻ ധന്യേ പുഷ്പേ ഭര’ എന്ന ഗാനം ആലപിക്കപ്പെടുേമ്പാൾ ജുബ്ബയും തൊപ്പിയും ധരിച്ച ആളുകൾ വികാരാധീനരായി കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു! എന്റെ കണ്ണുകളാൽ ആ മനോഹര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിയാതെവന്നതിൽ എനിക്ക് പറഞ്ഞാൽതീരാത്ത സങ്കടമുണ്ട്. ഇമാമുമാർ നമസ്കാരം നിർവഹിക്കുേമ്പാൾ, അവർക്ക് ചുറ്റിലും വ്യത്യസ്ത വിശ്വാസങ്ങളും മാർഗങ്ങളും പിന്തുടരുന്ന ആളുകളുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും പൂർണഹൃദയത്തോടെയാണ് ഈ പ്രസ്ഥാനത്തിനു വേണ്ടി പോരാടിയത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സർവകലാശാലകൾ ഉത്തരവാദിത്തം മാറിമാറി ഏറ്റെടുത്തു. ധാക്ക യൂനിവേഴ്സിറ്റി, ജഹാംഗീർനഗർ യൂനിവേഴ്സിറ്റി, ബ്രാക് യൂനിവേഴ്സിറ്റി, ഖുൽന യൂനിവേഴ്സിറ്റി, നോർത്ത് സൗത്ത്, ഈസ്റ്റ് വെസ്റ്റ്, ഷാജലാൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി -ഇതിൽ ഏത് സർവകലാശാലയെയാണ് ആദ്യം പരാമർശിക്കേണ്ടത്?
സമരക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തവരെ എണ്ണിത്തിട്ടപ്പെടുത്തൽ അസാധ്യമാണെന്ന് ഈ പ്രസ്ഥാനത്തിന്റെ ഭാഗമായ ആരും സമ്മതിക്കും. കവചങ്ങളായി നിന്ന് ആര് ആരെയൊക്കെ രക്ഷിച്ചുവെന്നതും തിട്ടപ്പെടുത്താൻ കഴിയില്ല. ആ മുന്നേറ്റം നടക്കവെ, ഇത് ജനിച്ചനാൾ മുതൽ നമ്മൾ കൊതിച്ചിരുന്ന വിവേചനങ്ങളില്ലാത്ത ബംഗ്ലാദേശാണിതെന്ന് എനിക്ക് തോന്നിപ്പോയി. ആരും സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവർക്കു മേൽ അടിച്ചേൽപിച്ചില്ല. ഈ നൈസർഗികതക്ക് അതിശയിപ്പിക്കുന്ന ഒരു അച്ചടക്കമുണ്ടായിരുന്നു!
ചുമരുകളിൽ കുത്തിവരക്കല്ലേയെന്ന് ഗ്രാഫിറ്റി കലാകാരന്മാരോട് ആരും പറഞ്ഞില്ല, മീമുകൾ ധാരാളമായി പങ്കുവെക്കപ്പെട്ടു. പുതുപുത്തൻ തലമുറ (ജനറേഷൻ Z) അവരുടെ മുഴുവൻ കഴിവുകളും പുറത്തെടുത്തു. അവർ കേവലമൊരു പുതുക്കക്കാരല്ല. സുരക്ഷിതമായ റോഡുകൾക്കായുള്ള 2018ലെ മുന്നേറ്റത്തിൽ പങ്കെടുത്തവരാണ്, വേറെ ചിലർ വിദ്യാഭ്യാസ അവകാശങ്ങൾക്കായുള്ള സപ്ത കലാലയ സമരത്തിലോ (Seven Colleges Movement) ലൈംഗിക പീഡന വിരുദ്ധ പ്രസ്ഥാനത്തിലോ പങ്കെടുത്തവരാണ്. അവർ നുസ് റത്തിന്റെ കൊലപാതകത്തിനെതിരെ നിലകൊള്ളുകയും നികുതി വിരുദ്ധ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ആ മുന്നേറ്റങ്ങളിൽ ഉയിർകൊണ്ട മുദ്രാവാക്യങ്ങൾ പലതും ഇവിടെയും മുഴങ്ങിക്കേട്ടു. സർവകലാശാല വിദ്യാർഥികൾ ക്ഷണിച്ചപ്പോൾ മതമോ ജാതിയോ വർഗമോ നോക്കാതെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒന്നിച്ചു. സർവകലാശാല അധ്യാപക കൂട്ടായ്മ ഈ പ്രസ്ഥാനത്തോടൊപ്പം ചേർന്നു, കലാപ്രവർത്തകർ, റിക്ഷ വലിക്കുന്നവർ, തൊഴിലാളികൾ, ബുദ്ധിജീവികൾ, ബാങ്കുദ്യോഗസ്ഥർ, ഗുമസ്തർ -എല്ലാവരും തെരുവിലിറങ്ങി. ചിലർ മൗനമവലംബിക്കാൻ നിർബന്ധിതരായി. സവിശേഷാധികാരമുണ്ടായിരുന്ന കുറച്ച് കുലംകുത്തികൾ ഒഴികെ മിക്കവാറും എല്ലാവരും അവരുടെ അനുഗ്രഹങ്ങളും പ്രാർഥനകളും നൽകി എന്നാണെന്റെ വിശ്വാസം. ഭരണകക്ഷിയായ അവാമി ലീഗിലെയും അവരുടെ വിദ്യാർഥി സംഘമായ ഛാത്ര ലീഗിലെയും പല ആളുകൾപോലും പരസ്യമായിറങ്ങി ഈ പ്രസ്ഥാനത്തെ പിന്തുണച്ചില്ലെങ്കിലും നിശ്ശബ്ദത പാലിച്ചു.
ഈ മുന്നേറ്റത്തിന് പിന്തുണ നൽകാൻ ശ്രമിച്ച രാഷ്ട്രീയ പാർട്ടികൾ പലവിധത്തിൽ പ്രതിഷേധക്കാർക്കൊപ്പം നിന്നു. അതിന്റെ പേരിൽ അവർക്ക് ആക്രമണങ്ങളും കേസുകളും വരെ നേരിടേണ്ടിവന്നു. എന്നിട്ടും അവർ വിദ്യാർഥികളെ കൈയൊഴിയുകയോ നിശ്ശബ്ദത പുലർത്തുകയോ ചെയ്തില്ല. അതിനു പകരമായി വിദ്യാർഥികൾ, അവർക്ക് തന്ത്രപരമായ പിന്തുണ നൽകി. ഇതിന്റെയെല്ലാം ഫലമായി, ഈ മുന്നേറ്റം എല്ലാ അർഥത്തിലും ഒരു ജനകീയ പ്രക്ഷോഭമായി മാറി. ജൂലൈയിലെ 36 ദിനങ്ങൾ ഐക്യത്തിന്റെയും സമചിന്തയുടെയും സമാനതകളില്ലാത്ത മാതൃകയായി.
അവാമി ലീഗ് ഫാഷിസത്തിന്റെ പതനത്തോടെ പ്രസ്ഥാനം പ്രാരംഭ വിജയം കൈവരിച്ചെങ്കിലും ഈ ഐക്യം തകർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബംഗ്ലാദേശ് വിമോചനപ്പോരാട്ടത്തിന്റെ കുത്തകാവകാശം അവാമി ലീഗിന് ചാർത്തിക്കൊടുക്കാൻ ചിലർ ഒരു ഭാഗത്തിരുന്ന് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മറ്റൊന്നും കൊണ്ടല്ല, ജൂലൈയിൽ രൂപപ്പെട്ട പ്രസ്ഥാനത്തിന്റെ ഐക്യവും സൗഹാർദവും അവരെ അത്രമാത്രം ഭയപ്പെടുത്തുന്നുണ്ട്. അതിനുള്ള മറുപടിയായി മദ്റസ വിദ്യാർഥികളും പ്രസ്ഥാനത്തിന്റെ ഭാഗമായ ദേശസ്നേഹികളും തികച്ചും മാതൃകാപരമായ രീതിയാണവലംബിച്ചത്. വർഗീയ ആക്രമണങ്ങൾ തടയാൻ മദ്റസ വിദ്യാർഥികൾ രാത്രി മുഴുവൻ കാവൽനിന്നു. ഭരണ സംവിധാനങ്ങളുടെ തകർച്ച സൃഷ്ടിച്ച ശൂന്യത നികത്താൻ, വിദ്യാർഥികൾ ഗതാഗത നിയന്ത്രണ ചുമതല ഏറ്റെടുത്തു, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി, കഴിഞ്ഞുപോയ കാലത്തിന്റെ അഴുക്കുകൾ നീക്കി പുതിയ കാലത്തിന് നിറംപകരാൻ അവർ മുന്നിട്ടിറങ്ങി.
ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ ആശ കെടുത്തി ഈ നേട്ടങ്ങളെ താറടിച്ച് ഇല്ലാതാക്കാനുള്ള നീചമായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഇടക്കാല സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. ജനം എല്ലാം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്. നിരവധി ആളുകളുടെ അഭിലാഷ സാക്ഷാത്കാരമായി പുതിയൊരു ബംഗ്ലാദേശ് പടുത്തുയർത്തുക എന്നത് ശ്രമകരമായ ഒരു ദൗത്യംതന്നെയാണ്. ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനൊപ്പം ഏവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതുതന്നെയാണ് ഈ ദൗത്യത്തിൽ നമുക്കു മുന്നിലെ പരമപ്രധാനമായ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.