Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയുദ്ധമുഖത്തെ പി.ആർ...

യുദ്ധമുഖത്തെ പി.ആർ ദുരന്തങ്ങൾ

text_fields
bookmark_border
യുദ്ധമുഖത്തെ പി.ആർ ദുരന്തങ്ങൾ
cancel

തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ വ്യോമതാവളത്തിൽ യുദ്ധഭൂമിയായ യുക്രെയ്നിൽനിന്ന് എത്തിയ ഇന്ത്യൻ വിദ്യാർഥികൾ ഇറങ്ങുന്നതിനുമുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രി അജയ് ഭട്ട് അവരെ കൊണ്ടുവന്ന വ്യോമസേനാ വിമാനത്തിലേക്ക് കയറി. എന്നിട്ട് പറഞ്ഞു: 'ഒന്നും ആലോചിക്കേണ്ട. മോദിയുടെ കൃപാകടാക്ഷം കൊണ്ട് നിങ്ങളുടെ ജീവൻ രക്ഷപ്പെട്ടിരിക്കുന്നു. എല്ലാം ശരിയാകും''. തുടർന്ന് ഭാരത് മാതാ കീ എന്ന് മന്ത്രി രണ്ടാവർത്തി വിളിച്ചുകൊടുത്തപ്പോൾ 'ജയ്' എന്ന് അവർ ഏറ്റുവിളിച്ചു. അവിടം കൊണ്ടും നിർത്താതെ കേന്ദ്ര മന്ത്രി 'നരേന്ദ്ര മോദി ജീ' എന്ന് വിളിച്ചപ്പോൾ ഭൂരിഭാഗവും മൗനം പൂണ്ടു. അത് കണ്ട് 'മാനനീയ മോദി ജീ സിന്ദാബാദ്' എന്ന് തന്നെ മന്ത്രി വിളിച്ചുകൊടുത്തപ്പോഴും ഭൂരിഭാഗം പേരുടെയും ശബ്ദമുയർന്നില്ല. ദുരന്തമുഖത്തുനിന്ന് വരുന്ന തങ്ങളുടെ നിസ്സഹായതയെ തരംതാണ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന 'ദുരന്തങ്ങളോടു'ള്ള പുതിയ തലമുറയുടെ വിസമ്മതമായിരുന്നു അത്. 'ഓപറേഷൻ ഗംഗ' എന്ന് പേരിട്ട യുക്രെയ്ൻ രക്ഷാ ദൗത്യത്തിന്‍റെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന പി.ആർ കേളികൾ ഒരാഴ്ചയായി സകല സീമകളും ലംഘിച്ചിരിക്കുകയാണ്. നിരവധി ഒഴിപ്പിക്കലുകൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യ ഇതാദ്യമായാണ് ഒരു ദുരന്തത്തെ ഈ തരത്തിൽ പച്ചയായി രാഷ്ട്രീയപ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റുന്നത് കണ്ടുകൊണ്ടിരിക്കുന്നത്.

കേന്ദ്രമന്ത്രിയെ പഠിപ്പിച്ച റുമേനിയൻ മേയർ

കേന്ദ്രമന്ത്രിമാരുടെ അതിരുവിട്ട ഈ പി.ആർ നാടകങ്ങൾ ദുരന്തമുഖത്തുനിന്ന് വന്ന വിദ്യാർഥികൾക്ക് മാത്രമല്ല, അഭയം നൽകിയ വിദേശ രാജ്യക്കാർക്കുപോലും അസഹനീയമായി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വർത്തമാനം നിർത്താൻ റുമേനിയൻ മേയർ ആവശ്യപ്പെട്ടതിന്‍റെ വിഡിയോ ലോകമൊട്ടുക്കും വൈറലായത് അങ്ങനെയാണ്. ആരും സഹായത്തിനില്ലാതെ സ്വന്തം ജീവൻ പണയം വെച്ച് വന്ന് അന്യരാജ്യത്ത് അഭയം തേടിയ വിദ്യാർഥികളെ വിളിച്ചുകൂട്ടി സർക്കാർ അവരുടെ രക്ഷകരായത് എങ്ങനെയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇംഗ്ലീഷിൽ ക്ലാസ് എടുക്കുന്നത് യഥാർഥത്തിൽ അവർക്ക് അഭയം നൽകിയ റുമേനിയൻ മേയർക്ക് സഹിക്കാനായില്ല. മര്യാദയുടെ സകല സീമകളും മന്ത്രി ലംഘിച്ചുവെന്ന് തോന്നിയ ഘട്ടത്തിൽ 'ഇത്തരം സംസാരമല്ല ഈ കുട്ടികൾക്ക് കേൾക്കേണ്ടത്' എന്ന് പറഞ്ഞ് മേയർ മുന്നിലേക്ക് കയറി വന്നു. 'എന്ത് സംസാരിക്കണമെന്ന് താൻ തീരുമാനിക്കും' എന്നായിരുന്നു 'ഗ്വാളിയോർ മഹാരാജാവി'ന്‍റെ പ്രതികരണം. തന്‍റെ രാജ്യക്കാരായ അഭയാർഥികളെ സ്വന്തം മക്കളെപ്പോലെ ചേർത്തുപിടിച്ച് ഉണ്ണാനും ഉറങ്ങാനും സൗകര്യങ്ങളൊരുക്കി നൽകിയ രാജ്യത്തിന്റെ അഭയാർഥി ക്യാമ്പിൽനിന്നാണ് താൻ ഈ സംസാരിക്കുന്നത് എന്ന ഔചിത്യം പോലും കേന്ദ്രമന്ത്രി കാണിച്ചില്ല. ഒടുവിൽ സഹികെട്ട് അവർക്ക് അഭയവും ഭക്ഷണവും നൽകിയത് താനാണെന്നും താങ്കൾ അല്ലെന്നും മേയർ ഓർമിപ്പിച്ചതോടെ നാവിറങ്ങിയ പരുവത്തിലായി സിന്ധ്യ.

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

ബോംബാക്രമണത്തിനും ഷെല്ലാക്രമണത്തിനും വെടിവെപ്പിനും ഇടയിൽ യുക്രെയ്നിൽ കുടുങ്ങിയപ്പോൾ ഒന്നും ചെയ്യാതെയാണ് കേന്ദ്ര സർക്കാറും മന്ത്രിമാരും യുദ്ധമില്ലാത്ത അയൽ രാജ്യങ്ങളിൽ പോയി ദുരന്തവേളയിൽ രാഷ്ട്രീയ നാടകം കളിക്കുന്നത്. യുദ്ധഭൂമിയിൽ ഒന്നും ചെയ്യാതെ സ്വന്തം നിലക്ക് രക്ഷപ്പെടാൻ പറഞ്ഞ ശേഷം ഈ പൂവ് തന്നതുകൊണ്ട് ഒന്നുമായില്ലെന്ന് പല വിദ്യാർഥികളും ഡൽഹി വിമാനത്താവളത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത് കേന്ദ്ര മന്ത്രിമാർ നൽകിയ റോസാപുഷ്പങ്ങൾ കാണിച്ചാണ്. പോളണ്ടിന്‍റെ അതിർത്തി കടക്കുമ്പോൾ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങൾ അവർ വിവരിച്ചു. അവിടെ പെൺകുട്ടികൾക്ക് അടക്കം ചവിട്ടും തൊഴിയും ആക്രമണവും നേരിടേണ്ടിവന്നത് സർക്കാർ സഹായത്തിനെത്താത്തതുകൊണ്ടാണെന്നും അവർ ഓർമിപ്പിച്ചു.

യുദ്ധഭൂമിയിൽ കുടുങ്ങിയവരും രാഷ്ട്രീയം കളിക്കുന്നവരും

പോളണ്ട്, ഹംഗറി, റുമേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽനിന്ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽവന്നിറങ്ങിയ നിരവധി ഇന്ത്യൻ വിദ്യാർഥികൾ വിശേഷിച്ചും പെൺകുട്ടികൾ യുക്രെയ്നിലെ യുദ്ധഭൂമിയിൽ നേരിട്ട പീഡനപർവം വിവരിക്കുമ്പോൾ പലപ്പോഴും വിങ്ങിപ്പൊട്ടി. റഷ്യൻ ആക്രമണത്തിൽനിന്ന് രക്ഷ നൽകുന്നതു പോയിട്ട് വെള്ളവും ഭക്ഷണവും നൽകാനുള്ള ക്രമീകരണം പോലും യുക്രെയ്നിലെ ഇന്ത്യൻ എംബസി ചെയ്തില്ല. മൈനസ് ഡിഗ്രിയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ബങ്കറുകളിൽ വെള്ളം നിലച്ചതോടെ കുടിവെള്ളം കിട്ടാതെ, സുമിയിലെ വിദ്യാർഥികൾ പുറത്ത് വീണുകിടക്കുന്ന ഐസ് കട്ടകൾ പെറുക്കി ഉരുക്കി വെള്ളമാക്കിയാണ് ദാഹം തീർക്കുന്നത്.

200 പേർ ഖാർകിവിൽനിന്ന് ഇന്ത്യൻ എംബസിയിൽ പോയി ഭക്ഷണം ചോദിച്ച അനുഭവം തമിഴ്നാട്ടിൽനിന്നുള്ള ഒരു വിദ്യാർഥി പങ്കുവെച്ചു. എംബസിയിലുള്ളവർ ഭയന്ന് പുറത്തിറങ്ങിയില്ല. ആ വിദ്യാർഥികൾക്ക് തൊട്ടടുത്ത സ്കൂളിൽ പോയി അവിടെ കഴിയേണ്ടി വന്നു. യുക്രെയ്ൻകാരാണ് ഭക്ഷണവും വെള്ളവും എല്ലാം കൊടുത്തത്. എംബസി തന്ന നമ്പറുകളിൽ ഫോൺതന്നെ എടുക്കുന്നില്ല, എടുത്താൽ തന്നെ പത്ത് പേരോട് പത്ത് തരത്തിൽ സംസാരിച്ചാൽ, എന്തെങ്കിലും ചോദിച്ചാൽ തങ്ങൾക്ക് ഇതേ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് പറയാനാണെങ്കിൽ പിന്നെന്തിനാണ് ഈ ഹെൽപ്ലൈൻ എന്നവർ ചോദിച്ചു. യുദ്ധക്കെടുതികൾ അനുഭവിച്ച് പ്രാണനും കൊണ്ട് ഓടിവന്ന ഈ വിദ്യാർഥികൾ പറയുന്നത് സർക്കാർ എന്ത് പേരിട്ടാലും ഈ നടന്നുകൊണ്ടിരിക്കുന്നത് യുക്രെയ്നിൽ നിന്നുള്ള രക്ഷാ ദൗത്യമല്ലെന്നാണ്. സുരക്ഷിതമായ അയൽ രാജ്യങ്ങളിൽ സ്വന്തം നിലക്കെത്തിയ തങ്ങളെ അവിടെനിന്ന് കൊണ്ടുവരുന്നതിനെ യുദ്ധഭൂമിയിൽനിന്നുള്ള രക്ഷാദൗത്യമായി എങ്ങനെ പറയുമെന്നാണ് അവർ ചോദിക്കുന്നത്.

ദുരന്തമായിത്തീർന്ന വ്യാജ വാർത്തകളും

കേന്ദ്രമന്ത്രിമാർ പി.ആർ തുടങ്ങിയതിന് പിന്നാലെ വ്യാജ വാർത്തകളും വന്നു തുടങ്ങി. ഖാർകിവിലെ വിദ്യാർഥികളെ രക്ഷിക്കാൻ ഇന്ത്യ ആറു മണിക്കൂർ നേരം യുദ്ധം നിർത്തിവെപ്പിച്ചുവെന്നായിരുന്നു അതിലൊന്ന്. യുക്രെയ്നിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുമ്പോൾ ഇന്ത്യയുടെ അഭ്യർഥനപ്രകാരം റഷ്യ യുദ്ധം നിർത്തിവെച്ചുവെന്ന ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന ഈ റിപ്പോർട്ട് വ്യാജമാണെന്ന് വിദേശ മന്ത്രാലയത്തിന് തന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നു.

അയൽരാജ്യങ്ങളിൽനിന്നുള്ള സൗജന്യ വിമാനമല്ല, യുക്രെയ്നിൽനിന്ന് ജീവൻ രക്ഷപ്പെടുത്താനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ പറഞ്ഞത് സേഫ്സോണിലിരുന്ന് നടത്തുന്ന ഈ പി.ആർ കളികൾ അസഹ്യമായതുകൊണ്ടാണ്. ആരും സഹായിക്കാനില്ലാതെ ജീവൻ പണയപ്പെടുത്തി സ്വന്തം റിസ്കിൽ മാത്രം അതിർത്തി കടന്ന് സുരക്ഷിതമായ ഒരു രാജ്യത്ത് വന്ന ശേഷം അവിടെനിന്ന് വിമാനത്തിൽ കയറ്റിയിരുത്തി 'നിങ്ങളുടെ ജീവൻ രക്ഷിച്ചത് മോദിയല്ലേ' എന്ന് ചോദിക്കുന്നതിലെ അനൗചിത്യമാണ് അവർ ചോദ്യം ചെയ്യുന്നത്. ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകൾക്ക് സമയം കളയാതെ ഇപ്പോഴും ഖാർകിവിലും സുമിയിലും മരണം മുന്നിൽകണ്ട് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ് വേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine crisis
News Summary - Battlefield PR Disasters
Next Story