ബീമാപ്പള്ളി വെടിവെപ്പ്; പൊലീസ് ഭീകരതയുടെ ഒന്നരപ്പതിറ്റാണ്ട്
text_fields2006ലെ തെരഞ്ഞെടുപ്പിൽ മുസ് ലിം സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും വലിയ പിന്തുണയോടെ അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലെ എൽ.ഡി.എഫ് സർക്കാർ ഭരണത്തിലിരിക്കെ, മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഈ ഭരണകൂട ഭീകരത അരങ്ങേറിയത്
കേരളം കണ്ട ഏറ്റവും വലിയ പൊലീസ് ഭീകരതകളിൽ ഒന്നായ ബീമാപ്പള്ളി വെടിവെപ്പ് നടന്നിട്ട് ഇന്നേക്ക് 15 വർഷം പൂർത്തിയാവുന്നു.2009 മേയ് 17ന് തിരുവനന്തപുരം നഗരത്തിലെ തീരദേശ പ്രദേശമായ ബീമാപ്പള്ളിയിൽ കേരള പൊലീസ് നടത്തിയ നിയമവിരുദ്ധ വെടിവെപ്പിൽ ആറുപേരാണ് കൊലചെയ്യപ്പെട്ടത്.
നിയമപരമായ ഒരു നടപടിക്രമങ്ങളും പാലിക്കാതെ നടത്തിയ ഈ നിയമബാഹ്യ കൂട്ടക്കൊലയെ ബോധപൂർവം മറക്കാനും മറച്ചുവെക്കാനും ശ്രമിച്ച മലയാളിയുടെ കൂട്ടമൗനത്തിന്റെയും സെലക്ടിവ് അംനീഷ്യയുടെയും വാർഷിക ദിനം കൂടിയാണിത്. എന്തുകൊണ്ട് ഇങ്ങനെയൊരു വെടിവെപ്പും കൂട്ട മൗനവും തമസ്കരണവും ഉണ്ടായി എന്ന അന്വേഷണം ചെന്നെത്തുക, സമൂഹത്തിലും ഭരണകൂടത്തിലുമെല്ലാം ഘടനാപരമായി നിലനിൽക്കുന്ന ഇസ് ലാമോഫോബിയയിലേക്ക് തന്നെയാണ്.
പൊലീസിന്റെ വംശീയ മുൻവിധി
2009 മേയ് എട്ടിന് കൊമ്പ് ഷിബു എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക ഗുണ്ടാത്തലവൻ ബീമാപ്പള്ളി ഭാഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാക്കിയതാണ് അസ്വസ്ഥതകളുടെ തുടക്കമായി ബീമാപ്പള്ളിക്കാർ ഓർക്കുന്നത്. പ്രാദേശികമായ അത്തരം അസ്വസ്ഥതകൾക്കും ഉറൂസ് മുടക്കുമെന്നുള്ള ഭീഷണിക്കുമെതിരെ ബീമാപ്പള്ളി മുസ് ലിം ജമാഅത്ത് പൊലീസിൽ പരാതിപ്പെടുകയും കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യുമെന്ന് ജില്ല കലക്ടർ ഉറപ്പു കൊടുക്കുകയും ചെയ്തിരുന്നു.
അതിനു മുമ്പും കൊമ്പ് ഷിബു ഉണ്ടാക്കുന്ന കുഴപ്പങ്ങൾക്കെതിരെ ബീമാപ്പള്ളി പ്രദേശവാസികളും സാമുദായിക-രാഷ്ട്രീയ പ്രവർത്തകരും നിരന്തരം പരാതിപ്പെട്ടിരുന്നെങ്കിലും പൊലീസ് ഫലപ്രദമായ നടപടി കൈക്കൊണ്ടിരുന്നില്ല. ഇതിനെ തുടർന്ന് 2009 മേയ് 17ന് പ്രദേശത്തുണ്ടായ ക്രമസമാധാന പ്രശ്നം പരിഹരിക്കാനാണ് ഇടപെട്ടത് എന്നാണ് പൊലീസിന്റെ വാദം.
പക്ഷേ, മേലുദ്യോഗസ്ഥരുടെ അനുമതി തേടാതെ, മുൻഗണനാക്രമങ്ങൾ പാലിക്കാതെ ബീമാപ്പള്ളിയിലേക്ക് ഇരച്ചുകയറി കണ്ണിൽ കണ്ടവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു പൊലീസെന്ന് പിന്നീട് നടന്ന അന്വേഷണങ്ങൾ വെളിപ്പെടുത്തി.
ഇരു സമുദായങ്ങൾ തമ്മിലെ തർക്കം വർഗീയ സംഘർഷത്തിലേക്ക് നയിച്ചെന്നും അത് വെടിവെപ്പിന് നിർബന്ധിതമാക്കിയെന്നുമായിരുന്നു പൊലീസ് ഭാഷ്യം. വംശീയ മുൻവിധിയോടെയുള്ള ഈ വെടിവെപ്പിന്റെ കാരണങ്ങൾ ബീമാപ്പള്ളിക്കാരുടെ ‘മെരുങ്ങാത്ത പ്രകൃത’ത്തിൽ വെച്ചുകെട്ടാനാണ് അവർ തുടക്കം മുതൽ ശ്രമിച്ചത്.
പത്രമാധ്യമങ്ങളുടെ വെടിവെപ്പ്
ബീമാപ്പള്ളി പ്രദേശത്ത് പൊലീസ് നടത്തിയ ഈ കൂട്ടക്കൊലക്ക് പത്രമാധ്യമങ്ങൾ നൽകിയ പേര് ‘ചെറിയതുറ വെടിവെപ്പ്’ എന്നായിരുന്നു.‘ആക്രമികളായ ബീമാപ്പള്ളിക്കാർ’ ചെറിയതുറ ഭാഗത്തേക്ക് നീങ്ങി അവിടത്തുകാരെ ആക്രമിക്കാൻ ശ്രമിക്കവേ പ്രതിരോധിക്കാനാണ് പൊലീസ് വെടിവെച്ചത് എന്ന ബോധം നിർമിക്കാനായിരുന്നു അത്തരമൊരു നാമകരണം.
ബീമാപ്പള്ളിക്കാരെ ആക്രമികളായി മുദ്രകുത്തുന്ന ഈ രീതി ഇസ്ലാമോഫോബിയ എങ്ങനെയാണ് ചില പ്രദേശങ്ങളെയും അവിടത്തെ മനുഷ്യരെയും പ്രത്യേക രീതിയിൽ വംശീയമായി ചാപ്പകുത്തി പുറന്തള്ളുന്നത് എന്നതിന്റെ സാക്ഷ്യമാണ്. വർഗീയകലാപത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ പൊലീസിന് ആറു മനുഷ്യരെ കൊലചെയ്യേണ്ടിവന്നു എന്ന ഭരണകൂടഭാഷ്യത്തിന് ശക്തി പകരുകയാണ് അവർ ചെയ്തത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും മുസ്ലിം പേരുകാർക്കും നേരെ നിയമം പാലിക്കാതെ തോക്കെടുക്കാനും അക്രമം അഴിച്ചുവിടാനും പൊലീസിന് അധികാരമുണ്ടെന്ന പൊതുബോധം സൃഷ്ടിക്കുന്നതിൽ എക്കാലത്തും ക്രൂരമായ പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങൾ.
2006ലെ തെരഞ്ഞെടുപ്പിൽ മുസ് ലിം സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും വലിയ പിന്തുണയോടെ അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലെ എൽ.ഡി.എഫ് സർക്കാർ ഭരണത്തിലിരിക്കെ, മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഈ ഭരണകൂട ഭീകരത അരങ്ങേറിയത്.
വെടിവെപ്പിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് പൊലീസ് കമീഷണർ സിജി സുരേഷ് കുമാർ, ഡിവൈ.എസ്.പി ഇ.ഷറഫുദ്ദീൻ എന്നിവരെ പ്രതിഷേധത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് സ്ഥാനക്കയറ്റത്തോടെ തിരിച്ചെടുത്തു.
വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ജില്ല ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിരുന്നുവെങ്കിലും 15 വർഷം പിന്നിടുന്ന ഈ ഘട്ടം വരെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാറുകൾ തയാറായിട്ടില്ല.
അപരദേശത്തെ മനുഷ്യർ
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ അന്തസ്സിന് ചേരാത്ത അപരദേശമായാണ് ബീമാപ്പള്ളിയെ പലപ്പോഴും എണ്ണുന്നത്. പൊതുവേതന്നെ തീരദേശത്തെ മനുഷ്യരെ അക്രമകാരികളും സദാ സംഘർഷത്തിലേർപ്പെടുന്നവരുമായാണ് കേരളീയ പൊതുബോധം സങ്കൽപിക്കാറുള്ളത്. അതിനു പുറമെ മുസ്ലിം വിരുദ്ധതയുടെ വിവേചനം കൂടി അനുഭവിക്കേണ്ടിവരുന്നു ബീമാപ്പള്ളിക്കാർ.
ബീമാപ്പള്ളി റഫറൻസായി വരുന്ന ‘ട്രാഫിക്’ എന്ന സിനിമയിൽ ‘ബിലാൽ കോളനി’യെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത് ന്യൂനപക്ഷ സമുദായം ശക്തമായ, പള്ളിയോട് ചേർന്നുകിടക്കുന്ന ആ പ്രദേശം പൊലീസിന് പെട്ടെന്ന് കടന്നുചെല്ലാൻ പറ്റാത്ത, കരിഞ്ചന്ത സാധനങ്ങൾ പിടിക്കാൻ പൊലീസ് ചെന്നപ്പോൾ വെടിവെപ്പുണ്ടായ സ്ഥലമാണെന്നാണ്.
‘മാലിക്’ എന്ന സിനിമ ‘റമദാപ്പള്ളി വെടിവെപ്പിന്റെ’ കാരണങ്ങൾ ആ പ്രദേശത്തുകാരുടെ കള്ളക്കടത്തിലും വർഗീയ സ്വഭാവത്തിലും വെച്ചുകെട്ടുന്നു. ഇത്തരം ദൃശ്യാഖ്യാന വ്യവഹാരങ്ങൾ കൂടിയാണ് ബീമാപ്പള്ളിയിൽ നടന്നതുപോലുള്ള അതിക്രമങ്ങളെ ന്യായീകരിക്കാനും സാമാന്യവത്കരിക്കാനും പൊലീസിനും ഭരണകൂടത്തിനും വർഗീയശക്തികൾക്കും കരുത്തുപകരുന്നത്.
സാമൂഹിക രാഷ്ട്രീയ അവബോധവും മതേതര പുരോഗമന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യവും കൂടുതലുള്ളവർ എന്ന് മേനിനടിക്കുന്ന മലയാളി ബീമാപ്പള്ളിയിൽ പൊലീസ് അന്യായമായി കൊന്നുതള്ളിയ മനുഷ്യർക്ക് നീതിനൽകണമെന്ന് വാദിക്കാൻ ഒരിക്കൽപ്പോലും ഒറ്റക്കെട്ടായി മുന്നോട്ടുവന്നിട്ടില്ല എന്നത് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ കാപട്യത്തെ തുറന്നുകാട്ടുന്നു.
അതുകൊണ്ടുതന്നെ ബീമാപ്പള്ളിക്കാർ നേരിട്ട അനീതിയെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ശക്തമായ രാഷ്ട്രീയ ചോദ്യങ്ങളെ ഏറ്റെടുത്ത് വികസിപ്പിക്കുകയും ചെയ്യേണ്ടത് സാമൂഹികനീതിയും ജനാധിപത്യവും പുലരണമെന്ന് അഭിലഷിക്കുന്ന ഓരോ മനുഷ്യരുടെയും ചുമതലയാണ്.
wahidkooormath@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.