ഭരണകൂട ഹിംസയിൽ നിന്ന് സാമൂഹിക മരണത്തിലേക്ക്
text_fieldsഅങ്കമാലി വെടിവെപ്പിനു ശേഷം ഐക്യകേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ പൊലീസ് വെടിവെപ്പിെൻറ ഇരകൾ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു? അന്നത്തെ ഇടതുസർക്കാർ പ്രഖ്യാപിച്ച ആശ്വാസനടപടികൾ എങ്ങനെയാണ് അവരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിച്ചത്? നീതി തേടിയുള്ള ബീമാപള്ളിക്കാരുടെ പോരാട്ടം എവിടെവരെ എത്തി? ഈ ചോദ്യങ്ങൾക്ക് ബീമാപള്ളിക്കാർ നൽകുന്ന ഉത്തരങ്ങൾ കേൾക്കാൻ അത്ര സുഖമുള്ളതല്ല. കേരളം മറക്കാൻ ആഗ്രഹിക്കുന്ന ഒരു ഹിംസയുടെ സാമൂഹിക/രാഷ്ട്രീയ മാനങ്ങൾ ഓർത്തെടുക്കാൻ ബീമാപള്ളിക്കാർക്ക് വലിയ പ്രയാസമില്ല. അത് കേൾക്കാൻ കേരളത്തിനു താൽപര്യമുണ്ടോ എന്നതാണ് പ്രശ്നം. ബീമാപള്ളി പൊലീസ് വെടിവെപ്പ് നടന്നിട്ട് ഈ മേയ് പതിനേഴിന് എട്ടു വർഷം തികയുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അമ്പത്തിരണ്ടു പേർക്ക് പരിക്കുപറ്റി. അവർ വെടിവെപ്പിെൻറ എട്ടാം വാർഷികവേളയിലും ആരുമറിയാതെ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നുെവന്നത് ആ ഹിംസയുടെ ഗൗരവം വർധിപ്പിക്കുന്നു.
2009 മേയ് പതിനാറിന് ചെറിയതുറയിലെ കൊമ്പ് ഷിബു എന്ന യുവാവ് നടത്തിയ അക്രമ സംഭവത്തെ രമ്യമായി പരിഹരിക്കാൻ പൊലീസ് പരാജയപ്പെട്ടത് ഇരു തുറക്കാരും തമ്മിലെ ബന്ധത്തെ സംഘർഷഭരിതമാക്കിയിരുന്നു. പിറ്റേദിവസം പൊലീസ് നടത്തിയ വെടിവെപ്പിൽ പക്ഷേ കൊല്ലപ്പെട്ടതും മരിച്ചതും ബീമാപള്ളിക്കാർ മാത്രമായിരുന്നു. ബീമാപള്ളി വെടിവെപ്പ് അതിെൻറ തുടക്കം മുതൽ തന്നെ കേരളത്തിെൻറ തമസ്കരണത്തിനു വിധേയമായിരുന്നു. ഒന്ന്, ഈ വിഷയത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ ഭരണകൂടം ഇന്നേവരെ തയാറായിട്ടില്ല. ഇപ്പോൾ യു.എ.പി.എ അടക്കമുള്ള അമിതാധികാര നിയമങ്ങളുടെ വിഷയങ്ങളിൽ പൗരസമൂഹം പൊലീസിെൻറ ഇടപെടലുകളെക്കുറിച്ച് പുലർത്തുന്ന ജാഗ്രത ബീമാപള്ളി വെടിവെപ്പിെൻറ കാലത്ത് തീരെ ഇല്ലായിരുന്നു. ബീമാപള്ളി വെടിവെപ്പിെൻറ കാര്യത്തിലുള്ള രാഷ്ട്രീയ വിമർശനത്തിെൻറ ഭാഗമായി അതുകൊണ്ട് തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഒരു ഘട്ടത്തിലും വന്നില്ല. ആ കാലത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഈ കാര്യങ്ങളിൽ അറുപിന്തിരിപ്പൻ നിലപാടായിരുന്നു സ്വീകരിച്ചത്. രണ്ട്, ബീമാപള്ളിയിൽ നടന്ന വെടിവെപ്പിനെ ചെറിയതുറ വെടിവെപ്പ് എന്ന് വ്യാഖ്യാനിച്ചാണ് മുഖ്യധാരാ മാധ്യമങ്ങൾ പൊലീസ് ഭാഷ്യം ആവർത്തിച്ചത്. അക്കാലത്ത് ലവ് ജിഹാദ്, അബ്ദുന്നാസിർ മഅ്ദനിയുടെ രാഷ്്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ കെട്ടുകഥകളിൽ അഭയം തേടിയ മാധ്യമങ്ങൾ മുസ്ലിംവിരുദ്ധ പൊതുബോധത്തിെൻറ ഭാഗമായി പൊലീസ് വെടിവെപ്പിനെ സമർഥമായി മൂടിവെച്ചു. ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് പൊലീസ് ഭാഷ്യത്തെ മറികടക്കാൻ ശ്രമിച്ചത്. മൂന്ന്, ജസ്റ്റിസ് രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമീഷൻ പക്ഷപാതപരമായി നിലപാടെടുത്തുവെന്നു ബീമാപള്ളിക്കാർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്തതുകൊണ്ട് വലിയ പ്രയോജനമില്ലായെന്നു അവർ കരുതുന്നു. സ്വതന്ത്രമായ നിയമ പോരാട്ടത്തിെൻറ അഭാവത്തിൽ ബീമാപള്ളി വെടിവെപ്പിെൻറ ഇരകൾ പിന്നീട് ഒരു തരത്തിലുള്ള നീതിക്കും അർഹമാകാതെ ഇരട്ടഹിംസക്ക് വിധേയരാകേണ്ടിവന്നിരിക്കുന്നു. നാല്, വെടിവെപ്പിെൻറ തുടക്കത്തിൽ ഏറെ ജാഗ്രത കാണിച്ച ദലിത്/മുസ്ലിം നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾ പക്ഷേ, ബീമാപള്ളിയിലെ ഇരകൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രക്ഷോഭത്തെ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്തില്ല. അക്കാദമിക വ്യവഹാരങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സർവകലാശാലകളിലെ പുതിയ ബൗദ്ധിക അന്വേഷണങ്ങളിലും മുസ്ലിം വിദ്യാർഥി രാഷ്ട്രീയത്തിെൻറ മേഖലകളിലും മാത്രമാണ് ബീമാപള്ളി വിഷയം ചർച്ചയായെങ്കിലും മാറിയത്. അഞ്ച്, ‘വർഗീയ കലാപം’ സൃഷ്ടിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിനു നേരെ എന്ന വ്യാജേന നടന്ന ഏകപക്ഷീയമായ വെടിവെപ്പാണ് ബീമാപള്ളിയിൽ നടന്നതെന്ന് പി.യു.സി.എൽ, എൻ.സി.എച്ച്.ആർ.ഒ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ നടത്തിയ വസ്തുതാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലോകത്തെവിടെയും നടക്കുന്ന സാമൂഹിക /രാഷ്ട്രീയ ഹിംസയെക്കുറിച്ച് വേവലാതിപ്പെടുന്ന മലയാളിയുടെ പൊതുവ്യവഹാരങ്ങൾ, കൊല്ലപ്പെട്ട ആറു മുസ്ലിം മത്സ്യത്തൊഴിലാളികളെക്കുറിച്ച് അധികം സംസാരിച്ചതായി കാണുന്നില്ല.
മരിച്ച എല്ലാവരുടെയും കുടുംബത്തിന് കീഴ്വഴക്കമനുസരിച്ച് ഇടതുസർക്കാർ ജോലിയും പത്തുലക്ഷം രൂപയും നൽകിയിരുന്നു. നടക്കാൻ പോകുമായിരുന്ന വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങളെ അങ്ങനെ ഭരണകൂടം തടഞ്ഞുനിർത്തുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണെൻറ ചേംബറിൽനിന്ന് എടുത്ത ആ തീരുമാനം നടപ്പിലായത് പോലും നിരവധി സമ്മർദങ്ങൾക്കൊടുവിലാണ്. അതിന് ഐക്യജനാധിപത്യ സർക്കാറിെൻറ കാലത്തു തുടർച്ചകൾ ഉണ്ടാവുകയും ചെയ്തു. വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയ ജോലിയും പണവും ഇടതുപക്ഷവും ഐക്യമുന്നണിയും തങ്ങളുടെ രാഷ്ട്രീയ നേട്ടമായി കൊണ്ടാടാൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് ഒരുപോലെ ശ്രദ്ധിച്ചിരുന്നു.
പരിക്കുപറ്റിയവർക്ക് എന്തു സംഭവിച്ചു?
വെടിവെപ്പ് നടന്ന ഉടനെ ഉയർന്നുവന്ന ബീമാപള്ളിക്കാരുടെ രോഷത്തെ തണുപ്പിക്കാൻ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണ് ഭരണവർഗം കാര്യങ്ങൾ ഒതുക്കിത്തീർത്തത്. മരിച്ചവരുടെ ശരീരം എടുത്ത് അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദെൻറ വസതിയിൽ പോവാൻ തീരുമാനിച്ച ബീമാപള്ളിക്കാരെ ഇരുമുന്നണിയിലെയും നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. അന്നേ ദിവസം പൊലീസ് വെടിവെപ്പിൽ പരിക്ക് പറ്റിയ അമ്പതോളം ആളുകളുടെ ജീവിതത്തെ ഭരണകൂടം പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ഭരണകൂട ഹിംസയുടെ പ്രാഥമിക ഇരകൾ എന്ന നിലയിൽ, വെടിയേറ്റു മരിച്ചവരെ പരിഗണിച്ച ഭരണകൂടം പക്ഷേ, പരിക്കുപറ്റിയവരെക്കുറിച്ചുള്ള ചർച്ചകൾ പതുക്കെ അമർച്ചചെയ്യുകയായിരുന്നു. അർഹമായ അവകാശങ്ങൾ മരിച്ചവരുടെ ആശ്രിതർക്ക് നൽകിയതിനു ശേഷം പരിക്കേറ്റവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിെൻറ കാര്യം പരിഗണിക്കുമെന്ന പറഞ്ഞ ഭരണകൂടം പൊതുശ്രദ്ധ ഇല്ലാതായതോടെ പതുക്കെ രംഗം വിട്ടു. വെടിവെപ്പിൽ പരിക്ക് പറ്റിയ അമ്പതോളം പേർക്ക് ചികിത്സക്കോ നിത്യജീവിതത്തിനോ ആവശ്യമായ നീതിപൂർവകവും മതിയായതുമായ സഹായം നൽകാതെ അവഗണിക്കുകയാണ് ഭരണകൂടവും അനുബന്ധ സാമൂഹിക സംവിധാനങ്ങളും ചെയ്തത്. അങ്ങനെ അവരുടെ ജീവിതത്തെ പൊതുസാമൂഹിക വ്യവഹാരങ്ങളിൽനിന്ന് ഫലപ്രദമായി അകറ്റിനിർത്തി.
അന്നത്തെ തിരുവനന്തപുരം തഹസിൽദാർ മധു ഗംഗാധർ ഉൾപ്പെടെയുള്ളവർ ബീമാപള്ളിക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനങ്ങളിൽ മുന്നിൽനിന്നെങ്കിലും മാറിവന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ ശരിക്ക് മുന്നോട്ടുകൊണ്ടുപോയില്ല. അതുകൊണ്ട് തന്നെ പരിക്ക് പറ്റിയവരുടെ പുനരധിവാസ കാര്യത്തിൽ ക്രിയാത്മകമായ ചുവടുവെപ്പുകൾ ഒന്നും പിന്നീട് ഉദ്യോഗസ്ഥ – ഭരണതലങ്ങളിൽനിന്നുണ്ടായില്ല. അമ്പത്തിരണ്ടു പേർക്ക് പരിക്ക് പറ്റിയെങ്കിലും ചുരുക്കം ചിലയാളുകൾക്ക് മാത്രമാണ് തുച്ഛമായ നഷ്ടപരിഹാരം കിട്ടിയത്. പൊലീസ് അതിക്രമത്തിൽ പരിക്ക് പറ്റിയവർക്ക് കിട്ടുന്ന സാധാരണ തോതിലുള്ള നഷ്ടപരിഹാരംപോലും ഇവർക്ക് ലഭിച്ചിട്ടില്ലായെന്നു നിയമവിദഗ്ധർതന്നെ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ ഇടതുസർക്കാറിനു ശേഷം വന്ന ഐക്യമുന്നണി സർക്കാർ കാട്ടിയ അലംഭാവവും ബീമാപള്ളിക്കാർ മറക്കുന്നില്ല. പൊലീസ് വെടിവെപ്പ് ഇടതുസർക്കാറിനെതിരായ രാഷ്ട്രീയ ചർച്ചയാക്കിയ മുസ്ലിം ലീഗ് അടക്കമുള്ള ഐക്യജനാധിപത്യ മുന്നണിയിലെ രാഷ്ട്രീയ കക്ഷികൾ, അധികാരത്തിലേറിയശേഷം പ്രത്യേകിച്ചൊന്നും ചെയ്തതായി കാണുന്നില്ല. ഒരുവേള പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉമ്മൻചാണ്ടി തന്നെ ബീമാപള്ളിയിലെ പ്രാദേശിക നേതാക്കൾക്ക് നൽകിയ ഉറപ്പുകൾ ഒന്നുംതന്നെ പാലിക്കപ്പെട്ടില്ലായെന്നാണ് ബീമാപള്ളി പൊലീസ് വെടിവെപ്പ് നടന്ന കാലത്തെ മഹല്ല് ജമാഅത്ത് സെക്രട്ടറിയായ എം.പി. അസീസ് പറയുന്നത്. താൻ അധികാരത്തിൽവന്നാൽ ബീമാപള്ളിക്കാർക്ക് വീടും സ്ഥലവും വെച്ചുനൽകുമെന്നാണ് ഉമ്മൻചാണ്ടി അന്ന് വാഗ്ദാനം ചെയ്തിരുന്നത്. ബീമാപള്ളിയുടെ തൊട്ടയൽപക്കത്ത് സെക്രേട്ടറിയറ്റിൽ മുഖ്യമന്ത്രി കസേരയിൽ ഇരുന്നിട്ടും ഉമ്മൻചാണ്ടിക്ക് ഒന്നും പാലിക്കാൻ പറ്റാതെ പോയി.
ചുരുക്കിപ്പറഞ്ഞാൽ ബീമാപള്ളി വെടിവെപ്പിനെ ഇടതുസർക്കാറിെൻറ ഭരണപരാജയമായി എടുത്തുകാട്ടിയ ഐക്യമുന്നണി ഭരണത്തിലെത്തിയപ്പോൾ ചില പൊടിക്കൈകൾ കാട്ടി രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഉദാഹരണമായി അന്ന് വെടിവെപ്പിൽ കാല് നഷ്ടപ്പെട്ട നിസാമിനു അഞ്ചു ലക്ഷം കിട്ടി. അതുപയോഗിച്ച് വെപ്പുകാലുംവെച്ച് ചികിത്സ നടത്തിയ നിസാം ഓട്ടോയോടിച്ചും മറ്റും ഉപജീവനം നടത്തുന്നു. വയറിനു വെടിയേറ്റ ശംസുദ്ദീൻ ഇപ്പോഴും നിത്യ രോഗിയാണ്. സർക്കാർ അദ്ദേഹത്തിന് നൽകിയ മൂന്നു ലക്ഷം കഴിഞ്ഞ എട്ടു വർഷത്തെ ചികിത്സാ െചലവിനുതന്നെ തികയുമോ എന്ന് സംശയമാണ്.
ഭരണകൂട ഹിംസയും സാമൂഹിക മരണവും
ബീമാപള്ളിയിലെ സ്ഥിതിഗതികൾ പലരും കരുതുന്നതിലേറെ ഭയാനകമാണ്. വെടിയേറ്റ നിരവധിയാളുകൾ നിത്യരോഗികളായി മാറിയിരിക്കുന്നു. അവർക്ക് ജോലി ചെയ്യാനും ഉപജീവനം നടത്താനും പ്രയാസമുണ്ട്. പലർക്കും അംഗഭംഗം സംഭവിച്ചു. വെടിയുണ്ട ശരീരത്തിലെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാൽ പലരും മാറാ രോഗികളായി. ശരീരത്തിനുതന്നെ രൂപമാറ്റങ്ങൾ സംഭവിച്ചു. ഉറക്കം അടക്കമുള്ള ദൈനംദിന കാര്യങ്ങൾ അവതാളത്തിലായി. ചിലർ പതുക്കെ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു. അവരുടെ കുടുംബങ്ങൾ ഭാരിച്ച ചികിത്സാ െചലവുകൾ താങ്ങാനാവാതെ കഷ്ടപ്പെട്ടു ജീവിക്കുന്നു. പലരുടെയും കുട്ടികളുടെ സ്കൂൾപഠനം പ്രതിസന്ധിയിലാണ്. പരിക്കുപറ്റി മരണപ്പെട്ട പലരുടെയും കുടുംബങ്ങൾ തെരുവിലേക്ക് എടുത്തെറിയപ്പെട്ട സാഹചര്യമാണുള്ളത്. ആരും അറിയാതെ ബീമാപള്ളിയിൽ നടക്കുന്ന ഈ സാമൂഹിക മരണം (social death) വലിയ പ്രത്യാഘാതങ്ങൾ ഉള്ളതാണ്. ബീമാപള്ളിയിലെ പുതിയ മാറ്റങ്ങളെ വിശദീകരിക്കാൻ ഇർവിങ് ഗോഫ്മാൻ, സിഗ്മണ്ട് ബോമാൻ, ഓർലാേൻറാ പാറ്റെഴ്സൻ, ലിസ മേരി കാചോ അടക്കമുള്ള സൈദ്ധാന്തികർ വിശദീകരിച്ച ‘സാമൂഹിക മരണം’ എന്ന വിശകലന ചട്ടക്കൂട് വളരെ അത്യാവശ്യമാണ്.
എട്ടു വർഷം മുമ്പു നടന്ന ഭരണകൂട ഹിംസയുടെ തുടർച്ചയായി ഈ മാറ്റങ്ങളെ കാണണം. അതോടൊപ്പംതന്നെ, എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി, അനീതിയുടെ മറ്റൊരു തലം നേരത്തേ പറഞ്ഞ സാമൂഹിക മരണത്തിെൻറ ഭാഗമായി ബീമാപള്ളിയിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഒരു ജനസമൂഹത്തെ അവരുടെ സാമൂഹിക വ്യത്യാസങ്ങളുടെ പ്രത്യേകതകൾകാരണം മനുഷ്യപദവിതന്നെ നിഷേധിച്ചുകൊണ്ട് വേട്ടയാടുക എന്ന ഭരണകൂട ഹിംസ (state violence) ബീമാപള്ളിയിൽ നടന്നിട്ടുണ്ട്. എന്നാൽ അർഹമായ സാമൂഹിക പദവികൾ നിഷേധിച്ചുകൊണ്ടും സാമൂഹിക ജീവിതത്തിെൻറ മേഖലയിൽനിന്ന് പുറന്തള്ളിക്കൊണ്ടും ക്ഷേമജീവിതത്തിനുള്ള ഭരണകൂട നടപടികൾ അവസാനിപ്പിച്ച്സാമൂഹികമരണം (social death) സാധ്യമാക്കുന്ന ഒരു ഘട്ടത്തിലേക്ക് ബീമാപള്ളി പ്രവേശിച്ചിരിക്കുന്നു. ഭരണകൂട ഹിംസയുടെ വിമർശനം സാമൂഹിക മരണത്തിനെതിരായ വിമർശനമായിട്ടുകൂടി വിപുലീകരിക്കേണ്ടതുണ്ടെന്നു ചുരുക്കം. അതായത് ബീമാപള്ളിയിൽ ഇപ്പോൾ നടക്കുന്നത് പതുക്കെയുള്ള മരണങ്ങളാണ്. 2009 മേയ് 17ന് ഏതാനും മിനിറ്റുകൾ മാത്രം എടുത്താണ് വളരെ പെട്ടെന്ന് ഭരണകൂടം ആറു പേരെ കൊന്നുതള്ളിയത്. ഭരണകൂട ഹിംസയുടെ പ്രത്യക്ഷ സ്വഭാവം അതിനെ വലിയ ചർച്ചകൾക്ക് കാരണമാക്കി. എന്നാൽ പരിക്കേറ്റ അമ്പത്തിരണ്ടു പേരെയും അവരെ ആശ്രയിച്ചു ജീവിക്കുന്നവരെയും അദൃശ്യമായി ചൂഴ്ന്നുനിൽക്കുന്ന- ജീവശാസ്ത്രപരമായ മരണത്തിനും മുന്നേ സംഭവിക്കുന്ന- സാമൂഹിക മരണത്തിെൻറ സാങ്കേതികവിദ്യകൾ അതിലേറെ സങ്കീർണമാണ്.
‘അവർ എനിക്കുവേണ്ടി കുഴിവരെ എടുത്തതാണ്’
ഏഴു പേരായിരുന്നു പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന് വാർത്ത വന്നത്. ഇതിൽ ഏഴാമത്തെയാളായിരുന്നു പീര് മുഹമ്മദ്. ഇപ്പോഴും കടലിൽ പോയി ഉപജീവനം നടത്തുന്ന പീർ മുഹമ്മദിെൻറ വയറിൽ വെടിയുണ്ട തുളച്ചുകയറുകയായിരുന്നു. ബീമാപള്ളിയിലെ ഖബർസ്ഥാനിൽ അന്ന് പീർ മുഹമ്മദിന് നാട്ടുകാർ ഖബർവരെ കുഴിച്ചുവെച്ചു. എന്നാൽ ഇരുപതു ദിവസംകൊണ്ട് മരണത്തിൽനിന്ന് കരകയറിയ പീർ മുഹമ്മദ് വെടിയുണ്ട തുളഞ്ഞുകയറിയ ശരീരവുമായി ജീവിക്കാൻ തുടങ്ങി.
പീർ മുഹമ്മദിെൻറ വെടിയേറ്റു പിളർന്ന വയർ ഇടയ്ക്കിടെ പഴുക്കും. എല്ലാ മാസവും രണ്ടും മൂന്നും തവണ ഡോക്ടറെ കാണുന്നു. വേദനക്ക് എന്തെങ്കിലും മരുന്ന് കഴിക്കും. ജോലി ചെയ്തുകിട്ടുന്ന നല്ലൊരു തുക ചികിത്സാചെലവിനു പോകുന്നു. ഭാരിച്ച ജോലികൾ ഒന്നും അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നില്ല. എട്ടു വർഷമായി മലർന്നുകിടക്കാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ സർക്കാർ നൽകിയ ഇരുപത്തയ്യായിരം രൂപയാണ് ആകെ കിട്ടിയ നഷ്ടപരിഹാരം. തെൻറ പ്രതീക്ഷകളും സങ്കടങ്ങളും ഇറക്കിവെക്കുന്ന ബീമാപള്ളിയുടെ ചാരത്തിരുന്ന് പീർ മുഹമ്മദ് അനുഭവങ്ങൾ പങ്കുവെച്ചു:
‘‘എെൻറ വീട് ബീമാപള്ളി യു.പി സ്കൂളിെൻറ അപ്പുറത്താണ്. എനിക്കു മൂന്നു പിള്ളാരുണ്ട്. ഒരു പെണ്ണും രണ്ടാണും. അവരൊക്കെ കല്യാണം കഴിഞ്ഞു ഇപ്പൊ കുടുംബായി. ഭാര്യ ഉണ്ട്. (വെടിവെപ്പിെൻറയന്നു) നമ്മൾവരുമ്പോ ഇവിടെ പ്രശ്നങ്ങൾ നടക്കുന്നു. കടലിൽനിന്ന് വന്ന് മോളിൽ വന്നു തിരിഞ്ഞു നോക്കിയതും ഗോലി (വെടിയുണ്ട) വന്നു അടിച്ചതും ഒന്നിച്ചായിരുന്നു. ഇവിടെ നടക്കുന്ന ഒന്നും അന്ന് നമ്മൾ അറിയുന്നില്ല. നമ്മൾ കടലിലല്ലേ ആയിരുന്നത്. അങ്ങനെ പെട്ടെന്ന് നമ്മൾ (ബോട്ട്) കരക്ക് കൊണ്ട് പിടിച്ചിട്ടു. നമ്മൾ ഈ കൂട്ടം കാണുന്നത് എന്തെന്നത് പറഞ്ഞിട്ട് നമ്മൾ ഓടി മണ്ണിെൻറ (മണൽ തിട്ട) പുറത്തെക്കേറിയതും ഗോലി വന്നു അടിച്ചതും ഒന്നിച്ചായിരുന്നു. അവർ (ഡോക്ടർമാർ) പറഞ്ഞു പ്ലാസ്റ്റിക്കിെൻറ ഗോലി ആയതോണ്ട് രക്ഷപ്പെട്ടു. മരിച്ചാൾക്കാരെല്ലാം നമ്മുടെ അടുത്ത വീട്ടുകാർതന്നെ. എല്ലാം കടൽജോലിക്കാർതന്നെ. ഞാൻ അങ്ങ് കേറിവരുന്നേ ഉണ്ടായിരുന്നുള്ളൂ. നമ്മൾ കരയിൽനിന്നിറങ്ങി തിരിഞ്ഞുനോക്കുമ്പോ ഇവിടെ (വയറിൽ വെടി) കൊണ്ടു. എെൻറ നെഞ്ച് മുതൽ താഴോട്ടു വരെ ഒപറേഷൻ ചെേയ്യണ്ടി വന്നു ഗോലി പുറത്തെടുക്കാൻ. ഗോലി ഉള്ളിൽ കയറി കുടലിലാണ് മിസ് ചെയ്തുകിടന്നത്. ആറെണ്ണം മരിച്ചു. അമ്പതിനും അറുപതിനും ഇടയിൽ ആളുകൾക്ക് വെടിയേറ്റു. പരിക്ക് ഏറ്റവും കൂടുതൽ എനിക്കായിരുന്നു. ആറു പേർ മരിച്ചു. ഏഴാമത്തെത് ഞാൻ ആണെന്ന പ്രഖ്യാപനമാണ് വന്നത്. അവർ എനിക്കുവേണ്ടി കുഴിവരെ എടുത്തതാണ്. പടച്ചോെൻറ അനുഗ്രഹംകൊണ്ട് നമ്മൾ രക്ഷപ്പെട്ടു. പള്ളിക്കാർ കുഴിയൊക്കെ വെട്ടിയതാണ്. നമ്മളടക്കം ഏഴാളാണ് മരിച്ചതെന്ന് ആദ്യം പറഞ്ഞു. ഗോലി കുടലില് കിടന്നു മിസായി. ഇവർ മരുന്നൊക്കെ എടുത്തു അടച്ചു ഒരു മൂന്നു ദിവസം ആയപ്പോ വയർ വലുതായി. മുഖം ഒക്കെ നീരായി. കണ്ണ് കാഴ്ചയില്ല. ഉടനെ അവർ ഒന്നുകൂടെ നോക്കി. പിന്നെ ഒന്നു സ്കാനെല്ലാം നോക്കിയപ്പോ കുടലിൽ ഇത് ചുറ്റികിടക്കുന്നു. അപ്പൊ അവർ കുടല് ഒക്കെ എടുത്തു പുറത്തിട്ടു. അവർ (ഡോക്ടർ) പറഞ്ഞു ജീവിതത്തിൽ ഇനി വയർ ക്ലീൻ ചെയ്യാത്ത വിധത്തിൽ ഞങ്ങൾ ക്ലീൻ ചെയ്തിട്ടുണ്ട് (ചിരിക്കുന്നു). പക്ഷേ അവർ പറഞ്ഞു ഇനി മലർന്നു കിടക്കാൻ ഒക്കേല. ഈ പെണ്ണുങ്ങൾക്ക് സിസേറിയൻ ചെയ്തു കൊച്ചിനെ എടുക്കുമ്പോലെയുള്ള ഒരു ഓപറേഷൻ ഉണ്ട്. അത് പോലെയാണ് ഇതും.
‘‘ഈ മുറിവ് ഇപ്പോഴും മാസത്തിൽ രണ്ടു വട്ടം പഴുക്കും. വയറു അകത്തുനിന്ന് പൊട്ടിയിട്ടുണ്ട്. അകത്തെ തയ്യൽ (സ്റ്റിച്) പൊളിഞ്ഞാണ് ഇപ്പോഴും പഴുക്കുന്നത്. പ്ലാസ്റ്റിക്കിെൻറ ഗോലി (വെടിയുണ്ട) കംപ്ലീറ്റ് ചുറ്റിക്കിടന്നത് വയറിലാണ്. പഴുപ്പ് വരും. രണ്ടു തയ്യൽ ഉണ്ട്. അകത്തെ തയ്യൽ പൊളിഞ്ഞതുകൊണ്ടാണ് വയർ ചാടിയത്. അതിെൻറ പേരിലാണ് ഈ ബെല്റ്റ് ഇടാൻ തുടങ്ങിയത്. ഏഴെട്ടു വർഷം ആയില്ലേ. ഇപ്പൊ ഈയിടക്ക് പഴുപ്പൊക്കെ വന്നു ഇവിടെ എസ്.യു.ടിയിൽ (ആശുപത്രി) കൊണ്ടുപോയി. അതിെൻറ തുണ്ടും ഒക്കെ അവിടെ ഉണ്ട്. ഇപ്പോൾ മലർന്ന്ഒരു മണിക്കൂർ കിടക്കാൻ ഒക്കെല. മെഡിക്കൽ കോളജിലെ ഡോക്ടറെയാണ് കാണിച്ചുകൊണ്ടിരുന്നത്. അവർ പറഞ്ഞു അകത്തെ തയ്യൽ പൊളിഞ്ഞു പോയി. അതുകൊണ്ടാണ് ഇത്. പിന്നെ ഒരു ഒാപറേഷൻ ചെയ്താൽ ശരിയായി വരുമെന്ന് പറഞ്ഞു. പിന്നെ ഞാൻ പോയില്ല. കൈയിൽ അതിനൊത്ത കാശില്ല. അങ്ങനെ ഒരാനുകൂല്യമൊന്നും സർക്കാരിൽ നിന്ന് കിട്ടിയില്ല. പാർട്ടിക്കാർ ഇടയ്ക്കു ആയിരങ്ങൾ ഒക്കെ തരും. അതൊക്കെ വല്ലപ്പോഴേ ഉള്ളൂ. ഞാൻ കടൽജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളിയാണ്. എെൻറ ചെലവ് ഒക്കെ അന്ന് (ബീമാപള്ളി മഹല്ല്) ജമാഅത്തു ചെയ്തു. ഞാൻ ഇപ്പോഴും കടലിൽ പോകുന്നുണ്ട്. തിരയടിയായിട്ടു ഇപ്പൊ രണ്ടുമൂന്നു ദിവസമായി ആരും ഇറങ്ങുന്നില്ല. മാസത്തിൽ മൂന്നു പ്രാവശ്യം ഇത് പഴുക്കും. പഴുക്കുേമ്പാ ആശുപത്രിൽ കൊണ്ട്പോയി കാണിക്കും. അവർ മരുന്നുവെച്ച് പൊറപ്പിക്കും. ഇപ്പൊ വെയിറ്റ് ഒന്നും എടുക്കാൻ ഒക്കേല.
‘‘കൂടുതൽ ആഹാരം കഴിക്കാൻ ഒക്കേല. രാവിലെ ഒരു ഇടിയപ്പവും അപ്പവും കഴിക്കും. ഉച്ചക്ക് ഒരു കരണ്ടി ചോറ്. രാത്രി അതേമാതിരിതന്നെ ഒരു ചപ്പാത്തി കഴിക്കും. വെടിയേറ്റതിനു ശേഷം ജോലി ഒക്കെ തുടങ്ങാൻ മൂന്നു നാല് മാസം കഴിഞ്ഞു. സ്വന്തമായി സ്ഥലങ്ങൾ ഒന്നും ഇല്ല. അമ്മായിയുടെ സ്ഥലത്ത് ആസ്ബസ്റ്റോസ് കൊണ്ട് ഒരു വീട് വെച്ചിരിക്കുന്നു.
‘‘അന്ന് (ഇടതു) ഗവൺമെൻറ് ഇങ്ങനെതരാം അങ്ങനെ തരാം എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ ഒന്നും തന്നില്ല. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ ഒരു സമ്മേളനത്തിൽ നേരിട്ട് പോയി ഒരപേക്ഷ കൊടുത്തു. അതിനു വർഷങ്ങൾ അഞ്ചായി. ഇതുവരെ ഒരാനുകൂല്യം കിട്ടിയില്ല. നേരിട്ടാണ് ഉമ്മൻചാണ്ടിക്ക് കത്ത് കൊടുത്തത്. സെക്രേട്ടറിയറ്റിന് ബേക്കിലുള്ള ഗ്രൗണ്ടിലാണ് അത് കൊടുത്തത്. പിന്നെ കാലങ്ങൾ കഴിഞ്ഞു. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു. മതിയായ ഒരു ആനുകൂല്യവും ഇത് വരെ കിട്ടിയില്ല. നമ്മൾ പിന്നെ ഇതിനു വേണ്ടി ഇറങ്ങുന്നുമില്ല. നമുക്ക് വന്ന വേദന നമ്മളോടുകൂടെ ഇരിക്കട്ടെ എന്ന് പറഞ്ഞിട്ട്. നമുക്കൊരു പ്രതീക്ഷയില്ല. ഞാൻ അങ്ങനെ ആരുടെ അടുത്തുന്നും പോവത്തില്ല. ഇതിനു വേണ്ടി പറഞ്ഞുനടക്കുന്നത് നാണക്കേടല്ലേ. ഞാൻ അധികം പറയാറില്ല. എനിക്ക് നാണക്കേടാണ്. നമ്മൾ ഈ ചെറുപ്പക്കാരൻ വെടിയേറ്റതിനു കാശ്താ കാശ്താ എന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ. ഇവിടെ പഴുത്ത സമയത്ത് എസ്.യു.ടിയിൽ ആറായിരത്തി അറുനൂറു രൂപയായി. അയ്യായിരം രൂപ അന്ന് ജമാഅത്ത് തന്നു. ധനസഹായമായിട്ട്.
അവരോരുടെ പാർട്ടി അവരുടെ ഖജനാവ് നിറക്കാൻ നോക്കും. പാവപ്പെട്ടവന് ഒന്നുമില്ല. ആരും സഹായിക്കില്ല. ജമാഅത്തിനു എല്ലാം ചെയ്യാൻ കഴിയില്ല. മറ്റുള്ളവർക്ക് അവകാശപ്പെട്ട കാര്യം അവർക്ക് ചെയ്യാൻ കഴിയില്ല. നമുക്ക് ഇതെല്ലം എല്ലാവരോടും പറയാൻ നാണക്കേടാണ്. മൂന്നു നാല് മാസം ഇടവിട്ട് പഴുപ്പും ചോരയും വന്നുകൊണ്ടിരിക്കുകയാണ്. സ്വന്തംപോലെയാണെങ്കിൽ നിങ്ങൾ പത്തോ അഞ്ഞൂറോ തരും. അതുകൊണ്ട് നമ്മൾ പോവില്ല.’’
‘ഈ വെടികൊണ്ടവരിൽ ആരും ജീവിച്ചിട്ടില്ല’
വെടിവെപ്പിൽ പരിക്ക് പറ്റി എത്ര ആളുകൾ മരിച്ചുവെന്ന് ബീമാപള്ളിയിലെ ആർക്കും വലിയ തിട്ടമൊന്നുമില്ല. മാത്രമല്ല കൂടുതൽ കേസിെൻറ ഭയം ഉള്ളതിനാൽ പലരും ഉള്ള പ്രശ്നങ്ങൾതന്നെ തുറന്നുപറയാൻ മടിക്കുന്നുണ്ട്. മരിച്ച ആളുകളുടെ മുഴുവൻ വിശദാംശങ്ങളും കിട്ടാൻ നല്ല പ്രയാസമുണ്ട്. അവരുടെ ബന്ധുക്കളാവട്ടെ കൂടുതൽ പ്രശ്നങ്ങൾ വേണ്ട എന്ന തീരുമാനത്തിലാണ്. ചുരുക്കം ചിലയാളുകൾ മാത്രമാണ് അഭിമുഖത്തിനും മറ്റും തയാറാവുന്നത്. മുഹമ്മദ് സലീം, ഇബ്രാഹിം സലീം തുടങ്ങിയവരുടെ കുടുംബം മാത്രമാണ് മരിച്ച തങ്ങളുടെ ഉറ്റവരെക്കുറിച്ച് സംസാരിക്കാൻ തയാറായത്.
പീർ മുഹമ്മദിൽനിന്ന് വ്യത്യസ്തമാണ് മുഹമ്മദ് സലീമിെൻറ കഥ. കാലിനു വെടിയേറ്റ നാൽപതുകാരനായ സലീം മൂന്ന് വർഷം കഴിഞ്ഞു രണ്ടായിരത്തി പന്ത്രണ്ടിൽ മരണത്തിനു കീഴടങ്ങി. നൊന്തു പ്രസവിച്ച ബീമ ഉമ്മയുടേത് മാത്രമായി മാറിയിരിക്കുന്നു സലീമിനെക്കുറിച്ചുള്ള ഓർമകൾ. ആ ഉമ്മ തെരുവിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ഇപ്പോൾ ബീമാ പള്ളി സന്ദർശിക്കുന്നവരുടെ സഹായംകൊണ്ടാണ് അവർ നിത്യജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. രാവിലെ ബീമാപള്ളിക്ക് മുന്നിൽ ചെരിപ്പ് നോക്കാൻ ഇരിക്കുന്ന ബീമ ഉമ്മ ആരുടേയും സഹായമില്ലാതെയാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെ അവിടെ ഇരിക്കും. സ്വന്തമായി വീടില്ലാത്തതിനാൽ മറ്റൊരു കുടുംബത്തിെൻറ കൂടെയാണ് താമസം.
ബീമ ഉമ്മയുടെ ഉപ്പയും ഉമ്മയും ബീമാപള്ളിയിൽ നേർച്ച നേർന്നിട്ട് ഉണ്ടായ കുട്ടിയാണ് ബീമ. കുഞ്ഞിനു അവർ ബീമ എന്ന് പേര് നൽകി. ബീമ അങ്ങേയറ്റം കഷ്ടപ്പെട്ടാണ് തെൻറ മകനെ വളർത്തിയത്. ആ മകനാണ് വെടിവെപ്പിൽ മരിച്ച മുഹമ്മദ് സലീം. ഏഴാമത്തെ വയസ്സിൽ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട ബീമ ഉമ്മ ഏകമകെൻറ വിയോഗത്തോടെ ഈ വയസ്സുകാലത്തു വീണ്ടും അനാഥയായി. ആരെ കണ്ടാലും കരഞ്ഞു തെൻറ സങ്കടം പറയുന്നു ബീമ ഉമ്മ.
‘‘അവൻ മരിച്ചിട്ട് അഞ്ചു കൊല്ലമായി. നോമ്പ് ഏഴിനാണ് മരണപ്പെട്ടത്. അങ്ങനെയെ നമ്മക്ക് കണക്കറിയൂ. മരിക്കുമ്പോ അവനു 44 വയസ്സാണ്. കാലിലാണ് വെടികൊണ്ടത്. മുട്ടിെൻറ താഴത്തുള്ള ഇറച്ചിയൊന്നും ഇല്ല. (വെടിയേറ്റതിനു ശേഷം) മൂന്ന് മാസം മെഡിക്കൽ ആശുപത്രിയിൽ കിടന്നു. എന്നിട്ട് വീട്ടിൽകൊണ്ട് വന്നു. ഇവെട കിടന്നും കുറെ കഷ്ടപ്പെട്ടു. കൂട്ടിനു വേറാരും ഇല്ല. ഞാൻ മാത്രേ ഉള്ളൂ. അപ്പോഴും ഞാൻ ഇവിടെ വന്നു കൈയേന്തീട്ടാണ് (യാചന) അവനു ഗുളിക വാങ്ങികൊടുക്കണത്. അവനിക്കു കാലില് ഉറയിടാൻ ഡോക്ടർ എഴുതിക്കൊടുത്തു. മുവായിരമോ എത്രയോ രൂപ കൊടുത്തു ഞാൻ അത് വാങ്ങി കൊടുത്തു. രണ്ടു ദിവസം ഇട്ടു മൂന്നിൻറന്നു വേദനയെടുക്കുന്നെന്നു പറഞ്ഞു ഊരിക്കളഞ്ഞു. പിന്നെ നാലു വീലുള്ള വണ്ടി വാങ്ങിച്ചു. അങ്ങനെ മോനെ ചൊല്ലി ഒരുപാടു കഷ്ടപ്പെട്ടിടുണ്ട്. അവൻ ഒരു കല്യാണം കഴിച്ചു. അതിൽ മൂന്ന് മക്കളുണ്ട്.
അതിലെ തലമൂത്ത പെണ്ണിെൻറ കല്യാണം കഴിച്ചുകൊടുത്തു. ഇവിെട ഇരുന്നു കൈനീട്ടി കൊണ്ടുപോക്ന്ന്. അങ്ങെനയാണ് ഞാൻ ഇപ്പൊ കഴിഞ്ഞോണ്ടിരിക്കണത്. അവൻ മരിച്ചേ പിന്നെ ആരും എന്ന നോക്കാനും വന്നിട്ടില്ല. ഒരു സ്നേഹം തരാൻപോലും വന്നിട്ടില്ല. ഇവിെട (ബീമാപള്ളിക്കുമുന്നില്) ഇരിക്കാൻ തുടങ്ങീട്ട് ഏഴരകൊല്ലമായി. ഇവിെട വരും ഇരിക്കും. വല്ലോം കിട്ടും. അഞ്ചു മണിയാവുമ്പോ ഇവിടന്നു പോവും. ഇവിടന്നു ഈ പൈസ കിട്ടീലെങ്കില് എനിക്കൊരു നിവർത്തീം ഇല്ല. മെഡിക്കലിലെ ഡോക്ടർ പറഞ്ഞത് ഈ വെടികൊണ്ടവരിൽ ആരും ജീവിച്ചിട്ടില്ലെന്ന്. ഈ വെടി അങ്ങനത്ത വെടിയാണേ. ആ മെഡിക്കലിൽ വെച്ചാണ് അവൻ മരിച്ചത്. അവൻ വേദന എപ്പോഴും തിന്നോണ്ടിരിക്കും. പുറത്തു പറയൂല. പിന്ന പഴിപ്പ് നിറഞ്ഞോണ്ടിരിക്കും. കെട്ടിയ പെണ്ണ് കാല് വൃത്തിയാക്കി മരുന്ന് വെച്ച് കൊടുക്കും. പഴിപ്പ് മുട്ട് വരെ കേറി കാല് മുറിക്കാൻ പോയപ്പോ താമസിച്ചില്ല. ഒടുവിൽ എല്ലു മാത്രേ ഉള്ളാര്ന്നു. ബാക്കിയെല്ലാം പോയി. അവന് അവിെടവെച്ചാണ് മരിക്കണത്. അവിടന്ന് ഈ ഓട്ടോകാരെല്ലാം കൂടി ഇങ്ങോട്ട് കൊണ്ട് വന്നു.’’
‘മരണപ്പെട്ട ശേഷോം പൊലീസ് വന്നു’
മരിച്ച ഇബ്രാഹിം സലീമിെൻറ ഉള്ളിൽ വെടിയുണ്ട തുളഞ്ഞുകയറിയിരുന്നു. അതൊരിക്കലും നീക്കം ചെയ്തില്ല. ആ വേദന സഹിച്ചാണ് ഇബ്രാഹിം സലീം ഈ ലോകത്തോട് വിടപറഞ്ഞത്. മുപ്പതുകാരനായ മകൻ ഹാഷിം ബീമാപള്ളിയിൽ മൊബൈൽ കടയിൽ ജോലിചെയ്യുകയാണ്. വാപ്പയുടെ ദാരുണമായ അന്ത്യത്തിെൻറ ഓർമ ഹാഷിമിെൻറ സ്വകാര്യ ദുഃഖമായി. മരിച്ചതിനു ശേഷവും കേസിെൻറ പേരിൽ സലീമിനെ തേടിയെത്തിയ പൊലീസ് ഒടുവിൽ മരണപത്രം കാട്ടിയതിനു ശേഷമാണ് ഹാഷിമിെൻറയടുത്തുനിന്ന് മടങ്ങിപ്പോയത്.
‘‘വാപ്പ ഗൾഫീന്ന് വന്നശേഷാണ് ഇത് സംഭവിച്ചത്. നെഞ്ചിലാണ് അതിെൻറ (വെടിയുണ്ട) പീസ് കയറിയത്. പീസ് കയറീട്ട് രണ്ടു പീസ് എടുക്കാൻപറ്റീല. അതിനു ശേഷം ഒരു അറ്റാക്ക് വന്നു. മൊത്തം രണ്ടു അറ്റാക്ക് വന്നു. കൊറേ നാള് മെഡിക്കൽ കോളജിൽ കിടന്നു. ജനറൽ ആശുപത്രീൽ കിടന്നു. പിന്ന കോട്ടക്കകത്തു (ഫോർട്ട് ആശുപത്രി) കിടന്നു. അങ്ങെന മൂന്ന് നാലു ആശുപത്രീലെല്ലാം കിടന്നു. ഗവൺമെൻറ് പതിനഞ്ചു (ആയിരം) രൂപ തന്നു. ഒരു ദിവസം ഗുളികക്ക് തന്ന ആയിരത്തി അഞ്ഞൂറ് രൂപ വരും. ഗുളികക്ക് മാത്രം. ഇപ്പോഴും ആ ഗുളിക കൊറേ വീട്ടില് കിടപ്പോണ്ട്. പിെന്ന കേസിെൻറ കാര്യം കൊറേ ഇതെല്ലം ആയി. വെടിവെപ്പിെൻറ കേസിൽ വാപ്പ വന്നിട്ട് 40 ഓ 50ഓ പ്രതിയായിരുന്നു. പൊലീസിനെ ആക്രമിക്കാൻ പോയെന്നു പറഞ്ഞു.’’
ബീമ ഉമ്മയും പീർമുഹമ്മദും ഹാഷിമും ഇപ്പോഴും ബീമാപള്ളിയിൽ ജീവിക്കുന്നുണ്ട്. മലയാളിയുടെ രാഷ്ട്രീയ വ്യവഹാരങ്ങൾ അവരുടെ ജീവിതത്തെ അവഗണിച്ചെങ്കിലും അവരുടെ അനുഭവത്തിന് രാഷ്ട്രീയപരമായ കരുത്തും ധാർമിക പിൻബലവും ഉണ്ട്. അതുകൊണ്ട് തന്നെ ഭരണകൂടവും സമൂഹവും ആക്രമിച്ച് ഉപേക്ഷിച്ചു കളഞ്ഞ ഒരു ജനസമൂഹത്തിെൻറ പ്രതിനിധികൾ എന്ന നിലയിൽ അവരുടെ ക്രൂരമായ ജീവിതസാക്ഷ്യങ്ങളെ നേരിടാൻ നാം തയാറാവേണ്ടതുണ്ട്. ഭരണകൂട ഹിംസക്കും സാമൂഹിക മരണത്തിനും അപ്പുറം അവർ ആവശ്യപ്പെടുന്നത് നീതി മാത്രമാണ്.
നഷ്ടപരിഹാരമാണ് നീതി
പൊലീസ് അതിക്രമങ്ങളുടെ ഇരകൾക്കും ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷങ്ങളുടെ ഇരകൾക്കും നഷ്ടപരിഹാരത്തിലധിഷ്ഠിതമായ നീതി ലഭ്യമാക്കുക എന്ന നിയമപരമായ കീഴ്വഴക്കം നമ്മുടെ രാജ്യത്ത് പാലിക്കപ്പെടുന്നില്ല എന്നാണ് പല പഠനങ്ങളും പറയുന്നത്. ഭഗൽപൂർ മുതൽ ഗുജറാത്ത് വരെയുള്ള മുസ്ലിം വിരുദ്ധ ഹിംസകളുടെ ചരിത്രം പഠിക്കുമ്പോൾ വാരിഷ ഫറസതും പ്രിത ഝായും ഈ കാര്യങ്ങൾ (Splintered Justice: Living the Horror of Mass Communal Violence in Bhagalpur and Gujarat. New Delhi: Three Essays ^2016) നിരീക്ഷിക്കുന്നുണ്ട്. ബീമാപള്ളി ഈ നീണ്ട പട്ടികയിലെ മറ്റൊരു പേരാകാതെ സൂക്ഷിക്കാനുള്ള രാഷ്ട്രീയ ബാധ്യത പൗരസമൂഹത്തിനുണ്ട്. അതിനായുള്ള നിയമപരവും രാഷ്ടീയപരവുമായ പോരാട്ടവും ബീമാപള്ളിയുടെ കാര്യത്തിൽ ആവശ്യമാണ്. ബീമാപള്ളിയിൽ നടക്കുന്ന സാമൂഹിക മരണം ഭരണകൂടഹിംസയുടേതു പോലെ തന്നെ ഗൗരവമേറിയതാണ്.
ഭരണകൂടം ക്ഷേമപ്രവർത്തനങ്ങൾ കൈക്കൊള്ളാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം എന്നാണ് ബീമാപള്ളിക്കാർ പറയുന്നത്. ഇന്ത്യയിലെ ഭരണകൂട ഹിംസക്ക് വിധയമാകുന്നവർക്ക് കിട്ടുന്ന നഷ്ടപരിഹാര നീതിയാണ് (reparatory justice) ബീമാപള്ളിയിലെ ഇരകൾ ചോദിക്കുന്നത്. അത് നൽകാൻ നിയമപരമായ ഒരു തടസ്സവും ഇപ്പോൾ ഇല്ല. മറ്റു പല പൊലീസ് അതിക്രമങ്ങളും കൊലപാതകങ്ങളും കൈകാര്യംചെയ്യുന്നതിൽ വലിയ ജാഗ്രത കാണിച്ച നമ്മുടെ ഭരണകൂടം പക്ഷേ ബീമാപള്ളിയിലെ ഹിംസയുടെ ഉത്തരവാദിത്തത്തിൽനിന്നു പതുക്കെ ഒളിച്ചോടാനാണ് താൽപര്യപ്പെടുന്നത്.
ഭരണകൂടത്തിെൻറ ഈ വീഴ്ചകളെ പരിഹരിക്കാൻ ഇപ്പോഴത്തെ ഇടതുസർക്കാർ ശ്രമിക്കുമോ എന്നാണ് ബീമാപള്ളിക്കാർ ചോദിക്കുന്നത്. ഈ കാര്യങ്ങൾ പരിഗണിച്ച് ഇപ്പോഴത്തെ ഇടതുസർക്കാറിനു ചിലതൊക്കെ ചെയ്യാൻ കഴിയുമെന്നാണ് പ്രദേശവാസികളും പൗരസമൂഹവും കരുതുന്നത്. മാത്രമല്ല കഴിഞ്ഞ ഇടതുസർക്കാറിെൻറ കാലത്താണ് ഇങ്ങനെയൊരു വെടിവെപ്പ് നടന്നതെന്ന വസ്തുതയിൽ നിന്ന് ഈ സർക്കാറിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പിണറായി വിജയൻ നടത്തിയ ഒരു പ്രസ്താവനയുടെ ഉള്ളടക്കം, പൊലീസ് വെടിവെപ്പിനു ശേഷം ബീമാപള്ളിക്കാർ സ്വീകരിച്ച സമാധാനത്തിെൻറ വഴിയെ പ്രശംസിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയന് ബീമാപള്ളി അത്ര അപരിചിതമല്ലായെന്നു സാരം.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.