Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകാട്ടുമൃഗങ്ങൾ എ​െൻറ...

കാട്ടുമൃഗങ്ങൾ എ​െൻറ വീട്​ തകർക്കുംമുമ്പ്​...

text_fields
bookmark_border
human-wild animals conflict
cancel

കാട്ടുമൃഗങ്ങളുടെ ആക്രമണംമൂലം ജീവനും വീടും കൃഷിയും നഷ്​ടമാകുന്നു​വെന്നത്​ കേരളത്തിലെ മലയോര മേഖലകളിലും ഗ്രാമങ്ങളിലും പാർക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് കേവലം വായിച്ചുതള്ളാവുന്ന വാർത്തയല്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതുനിമിഷവും, വീട്ടിലേക്കോ, തൊഴിലിടത്തിലേക്കോ, നടവഴികളിലേക്കോ ഒരു കാട്ടുജന്തു ഇരച്ചെത്തി ജീവനെടുത്തേക്കാം എന്ന കൊടുംപേടിയിൽ നടുങ്ങിക്കഴിയുകയാണ്​ ആ മനുഷ്യർ.

കുഞ്ഞുങ്ങള​ുടെയും കുടുംബത്തി​ന്റെയും ഉപജീവനത്തിന്​ മാർഗംതേടി ഭയരഹിതമായി വീട്ടിൽനിന്ന് പുറത്തിറങ്ങാൻ നിർവാഹമില്ലാത്ത സാഹചര്യമാണ്​. കാട്ടുമൃഗപ്പേടിയിൽ ജീവിതം വഴിമുട്ടിയിരിക്കുന്നവരും കുട്ടികളെ സ്​കൂളിലേക്കയക്കാൻപോലും ഭയക്കുന്നവരും വയനാട്ടിലോ ഇടുക്കിയിലോ പാലക്കാട്ടോ പത്തനംതിട്ടയിലോ നിലമ്പൂരിലോ മാത്രമല്ല; രണ്ടോ മൂന്നോ വൻ നഗരങ്ങളൊഴികെ കേരളത്തിലുടനീളമുണ്ട്​. എന്റെ വീട്ടിലേക്കുള്ള വഴിയിലും ഏതു സമയവും അവ പ്രത്യക്ഷപ്പെടാം. അതിനു​ മുമ്പ്​ ഇതൊന്ന്​ കുറിച്ചിടട്ടെ.

നെല്ല്, കപ്പ, ചേമ്പ്, ചേന, വാഴ, തെങ്ങ്, കവുങ്ങ്, റബർ, ചായ, കാപ്പി, പപ്പായ തുടങ്ങിയ കൃഷിയിനങ്ങളെല്ലാം കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും കാട്ടുകുരങ്ങും ഇറങ്ങി നിരങ്ങി തിന്നുമുടിച്ച് അർമാദിക്കുന്നു. അതുണ്ടാക്കാൻ വിയർത്തധ്വാനിച്ച പാവം കർഷകൻ നെഞ്ചുപൊട്ടി നിലവിളിക്കുന്നു. വീട്ടിലേക്കോ കൃഷിയിടത്തിലേക്കോ നടവഴിയിലേക്കോ കൊമ്പ് കുലുക്കി, കൊലവിളിയുമായെത്തുന്ന കാട്ടുജന്തുവിനെ ‘വാ ആനേ, പോ ആനേ...’ എന്ന മട്ടിൽ വരവേൽക്കുകയല്ലാതെ പ്രാണരക്ഷാർഥമെങ്കിലും ഒരായുധ പ്രയോഗവും പാടില്ല എന്നാണത്രെ വന്യജീവി വനസംരക്ഷണ നിയമ ചട്ടം!

പുലർച്ചെ ഉറക്കമൊഴിച്ച് പണിക്കു പോകുന്ന ടാപ്പിങ് തൊഴിലാളി വഴിമധ്യേ ഇരുട്ടിൽ എതിരിട്ടുവരുന്ന കാട്ടുപന്നിക്കു ​േനരെ മരണ വെപ്രാളംകൊണ്ട്​ കൈയിലുള്ള ടാപ്പിങ് കത്തി പ്രയോഗിച്ചാൽപോലും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റവാളിയായി മാറും.

നിയമപരമായി വളരെ ‘പ്രാക്ടിക്കലാ’യതും പ്രധാനപ്പെട്ടതുമായ പരിഹാരം ഉടനെ വനപാലകരെ വിവരമറിയിക്കുകയാണത്രേ! അതായത്, കടുവയുടെയോ കാട്ടാനയുടെയോ കാട്ടുപന്നിയുടെയോ മുന്നിൽപെട്ട് പേടിച്ചുവിറച്ച് മുട്ടിടിച്ച് വീഴാൻപോകുന്ന പാവം പ്രജ, ആ ഹിംസ്ര ജന്തുവിന് നേർക്കുനേരെ നിന്ന് ‘നിൽക്കവിടെ, വനപാലകർ വരട്ടെ’ എന്ന് മാട്ടുമാരണ വിദ്യാ വിദഗ്ധനെപ്പോലെ ആജ്ഞാപിക്കുക; അല്ലെങ്കിൽ, അൽപനേരം ഒന്നടങ്ങണം, സാറ്​ വന്നിട്ട്​ പരിഹാരമുണ്ടാക്കാം എന്ന്​ കാലിൽ വീണ്​ അപേക്ഷിക്കുക...

വന്യമൃഗ സ്നേഹത്തിന്റെയോ, പശ്ചിമഘട്ട സംരക്ഷണത്തിന്റെയോ, ജൈവ വൈവിധ്യ പരിപാലനത്തിന്റെയോ, പാരിസ്ഥിതിക സന്തുലനത്തിന്റെയോ പേരിൽ ഭരണകൂടങ്ങൾ നിയമനിർമാണങ്ങൾ നടത്തുമ്പോൾ, മലയോര ഗോത്രവർഗങ്ങളും ഗ്രാമവാസികളും തൊഴിലാളികളും കർഷകരുമടക്കമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ജീവിതംകൂടി കണക്കിലെടുക്കേണ്ടതില്ലേ? മഹാ നഗരങ്ങളിലെ ഫോർട്ടിഫൈഡ് കോട്ടകളിലിരുന്ന്​ വന നിയമ ഭരണ നിലപാടുകൾ പാസാക്കുന്നവർക്കും മനുഷ്യവിരുദ്ധ മൃഗപക്ഷ വാദം മുഴക്കുന്നവർക്കും​ വല്ലതും തിന്നണമെങ്കിൽ കർഷകരും തൊഴിലാളികളും മണ്ണിലിറങ്ങി പണിയെടുത്തേ തീരൂ. ഈ പരിഗണനകളൊന്നും കർഷകർക്കോ തൊഴിലാളികൾക്കോ കാർഷിക വിളകൾക്കോ ഇന്ന് കിട്ടുന്നില്ല താനും.

ആനത്താരയിലും കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലും കടന്നുകയറുന്നു എന്ന്​ ആരോപണമുന്നയിക്കുന്ന നഗരകേന്ദ്രിത പരിസ്ഥിതിവാദികളുടെ ആവാസ കേന്ദ്രങ്ങളും കൊടുംകാടുകളായിരുന്നില്ലേ? അന്നത്തെ ജനസംഖ്യയുടെ എത്രയോ ഇരട്ടി വർധിച്ചിട്ടില്ലേ ഇന്ന്?

കാടും കാട്ടുമൃഗങ്ങളും പരശ്ശതം സസ്യ ജന്തു ജാലങ്ങളുംകൊണ്ട് ജൈവവൈവിധ്യ സമ്പന്നമായ നമ്മുടെ ഭൂപ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുകതന്നെ വേണം. നിലവിലുള്ള വനവിസ്​തൃതിയിൽ ഒരിഞ്ചുപോലും കുറയാനിടവരുന്ന ഒരു കൈയേറ്റത്തെയും ഖനന നിർമാണ പ്രവർത്തനത്തെയും അനുവദിക്കരുത് എന്നുതന്നെയാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മലയോര ജനതയുടെ അഭിപ്രായം. സംരക്ഷിത വനത്തിലേക്ക് കടന്നുകയറി, ഒരു പൂമ്പാറ്റയെപ്പോലും ഉപദ്രവിക്കാനും ഒരു പുൽക്കൊടി പോലും നശിപ്പിക്കാനും ആരെയും അനുവദിക്കുകയുമരുത്.

അതോടൊപ്പം, കാടിറങ്ങിവന്ന് ജനവാസമേഖലയിൽ ഭീതി വിതക്കുന്ന കാട്ടുമൃഗങ്ങളെ യഥാസമയം തുരത്തി തദ്ദേശവാസികളുടെ ജീവൻ സുരക്ഷിതമാക്കാൻ കുറ്റമറ്റ സംവിധാനം വേണം. ഭയരഹിതമായി, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരർക്ക്​ വാഗ്​ദാനംചെയ്യുന്ന മൗലികാവകാശമാണെന്നത്​ മറക്കരുത്​.

ഭരണാധികാരികളുടെ മൃഗസ്​നേഹത്തിന്റ ഭാഗമായി 2023ൽ നമീബിയയിൽനിന്ന് ഇറക്കുമതി ചെയ്ത ചീറ്റകളെ ഭരണസിരാ കേന്ദ്രങ്ങളിൽ തുറന്നുവിടാതെ കൂട്ടിലടച്ച് കുനോ ദേശീയോദ്യാനത്തിലേക്ക് മാറ്റിയത്, മനുഷ്യജീവൻ വിലപ്പെട്ടത് എന്ന കരുതൽ കൊണ്ടുതന്നെയാണല്ലോ. എന്നാൽ, മനുഷ്യജീവനുള്ള ആ കരുതലിന് മലയോര ജനതക്ക് അർഹതയില്ല. ഇവിടെയിതാ കടുവയടക്കമുള്ള കാട്ടുമൃഗങ്ങളെ തുറന്നുവിട്ടിരിക്കുന്നു. അവറ്റയാകട്ടെ, ആളുകളെ കൊന്നുതള്ളിക്കൊണ്ട് സ്വൈരമായി വിരാജിക്കുകയും ചെയ്യുന്നു.

വന്യമൃഗപ്പേടിയിൽ മലയോര ജനത നീറും മനസ്സോടെ കഴിയുമ്പോൾ പട്ടണങ്ങളിലെ സെയ്ഫ് സോണിലിരുന്ന് നീറോ മനസ്സോടെ വീണ വായിക്കുന്നവരും ആദിവാസിയെ കാട്ടാനയോ കടുവയോ കൊല്ലുമ്പോൾ അവരെ സംരക്ഷിക്കാൻ ഒരു ‘ഉന്നത കുലജാതനെ കിട്ടിയിരുന്നെങ്കിൽ’ എന്ന് ജാത്യഭിമാനത്തിൽ രമിക്കുന്നവരുമൊക്കെ ഭരണസിരാ കേന്ദ്രത്തിലിരിക്കുമ്പോൾ മറ്റെന്തു പ്രതീക്ഷിക്കാൻ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild AnimalsDestroy house
News Summary - Before wild animals destroy my house
Next Story
Freedom offer
Placeholder Image