നെതന്യാഹുവിന്റെ കോട്ടകൾ തകരുന്നു
text_fieldsചൈനയാവട്ടെ, സൗദി അറേബ്യ-ഇറാൻ കരാറിനെ പശ്ചിമേഷ്യയിൽ തങ്ങൾക്ക് ലഭ്യമായ ‘ചേതം കുറഞ്ഞതും ഫലംകൂടിയതുമായ’ (Low risk-high impact) നയതന്ത്ര അവസരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കരാർ ചൈനക്ക് ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങളെയും തങ്ങളിലേക്കാകർഷിക്കാൻ അവർക്ക് അവസരം നൽകുന്നു
സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത് ലോകരാഷ്ട്രങ്ങളൊക്കെയും-വിശിഷ്യാ അറബ് രാഷ്ട്രങ്ങൾ- സ്വാഗതംചെയ്തിരിക്കുന്നു. രാഷ്ട്രീയകാരണങ്ങളാലും മത-ദാർശനിക അഭിപ്രായവ്യത്യാസങ്ങളാലും 2016ൽ ഇരുരാഷ്ട്രങ്ങളും പിണങ്ങിപ്പിരിഞ്ഞത് ഗൾഫ്മേഖലയിൽ നിഴൽയുദ്ധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇറാൻ ദേശസുരക്ഷാസമിതി സെക്രട്ടറി ജനറൽ അലി ശംഖാനിയും സൗദി അറേബ്യൻ മന്ത്രിസഭാംഗവും സുരക്ഷാ ഉപദേശകനുമായ മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബനും തമ്മിൽ നടത്തിയ ചർച്ചകളാണ് ഗൾഫ് മേഖലയിൽ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്ന ഇണക്കത്തിന് നിമിത്തമായത്.
തുർക്കിയ വിദേശകാര്യമന്ത്രാലയം കരാറിലേർപ്പെട്ട ഇരുരാഷ്ട്രങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി ഇരുരാഷ്ട്രങ്ങളെയും ശ്ലാഘിക്കുകയും മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിന് സൗദി-ഇറാൻ ബന്ധം ഉപകരിക്കുമെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി.
ഇറാഖും ഒമാനും കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നടത്തിയ അനുരഞ്ജനനീക്കങ്ങളുടെ വിജയമായിരുന്നു ഈ കരാർ. മേഖലയിലെ എല്ലാ രാഷ്ട്രങ്ങളെയും ഇത് ഗുണകരമായി സ്വാധീനിക്കുമെന്നും പരസ്പരസഹകരണത്തിനുള്ള പുതിയ കാൽവെപ്പുകൾക്ക് അത് കാരണമാകുമെന്നും അവർ ആശിക്കുന്നു.
യു.എ.ഇയും ഈജിപ്തും ബഹ്റൈനും ഇതിൽ ആഹ്ലാദംപ്രകടിപ്പിച്ചു. അവരുടെ അഭിപ്രായത്തിൽ ഗൾഫ്മേഖലയിലെ അസ്വാരസ്യങ്ങൾ ഏറക്കുറെ ഇതോടെ ഇല്ലാതാകുന്നതാണ്. സൗഹൃദവും സമാധാനവും ലക്ഷ്യംവെച്ചുള്ള ഈ കരാറിൽ ആകെ അസ്വസ്ഥത ഇസ്രായേലിന് മാത്രമാണ്.
കരാർ അംഗീകരിക്കുന്നതിലും അത് നടപ്പിൽവരുത്തുന്നതിലും ഇറാനും സൗദി അറേബ്യയും ഒരുപോലെ തൽപരരാണെന്നത് നിരീക്ഷകർക്ക് സന്തോഷം നൽകുന്നു. ഇരുരാഷ്ട്രങ്ങളും ഈയൊരാവശ്യം സ്വയം തിരിച്ചറിഞ്ഞ സന്ദർഭത്തിലാണ് അവരെ കൂട്ടിയിണക്കാൻ ചൈന മുന്നോട്ടുവന്നത്. ഇറാൻ അന്താരാഷ്ട്രരംഗത്ത് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മാത്രമല്ല, ദശകങ്ങളായി അനുഭവിക്കുന്ന ഉപരോധ ഫലമായി സാമ്പത്തിക രംഗവും ഏറെ വഷളായിരിക്കുന്നു. അതിനിടയിലാണ് ഈയിടെയുണ്ടായ ആഭ്യന്തരസംഘർഷങ്ങൾ. സദാചാര പൊലീസിന്റെ അതിക്രമത്തിൽ കുർദിഷ് യുവതി മഹ്സാ അമീനി മരിച്ചതിനെ തുടർന്ന് രാജ്യത്ത് രൂപപ്പെട്ട യുവജനപ്രക്ഷോഭമാണ് ആഭ്യന്തരസംഘർഷമായി വളർന്നത്. കൂടാതെ, ആണവചർച്ചകൾ എവിടെയുമെത്താതെ കിടക്കുകയാണ്.
അതിന്റെ പേരിൽ ഇസ്രായേലാണെങ്കിൽ ഒരു യുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. സൗദി അറേബ്യയാകട്ടെ, യമൻ അതിർത്തിയിൽ സദാസംഘർഷത്തിനിരയാണ്. നിരന്തര തലവേദന സൃഷ്ടിക്കുകയും എണ്ണക്കമ്പനികൾ ബോംബിട്ട് തകർക്കുകയും ചെയ്യുന്ന ഹൂതികളെ പിന്തുണക്കുന്നതും അവർക്ക് ആയുധങ്ങൾ നൽകിവരുന്നതും ഇറാനാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതൊക്കെയും പരിഹരിക്കാൻ സൗദിയും അവസരം കാത്തിരിക്കുകയായിരുന്നു.
അഭിപ്രായഭിന്നതകൾ മാറ്റിവെച്ച്, യു.എൻ ചാർട്ടറുകൾ അവലംബിച്ച് പരസ്പരം സന്ധിയിലേർപ്പെടാൻ അവർ സന്നദ്ധമായത് ഈ സാഹചര്യത്തിലാണ്. ഇരുരാഷ്ട്രങ്ങളും അവരവരുടെ പരമാധികാരം അംഗീകരിക്കുമെന്നും മറ്റുള്ളവരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും തീരുമാനിച്ചിരിക്കുന്നു. മേഖലയിൽ വേറിട്ടുനിന്ന് ആധിപത്യം (hegemony) പുലർത്തുന്ന പ്രവണത ഇല്ലാതാവുന്നതോടെ ഈ രാഷ്ട്രങ്ങൾ ശക്തരായിത്തീരും.
അവരുടെ ശക്തിയും സമയവും ധനവും സൃഷ്ടിപരമായി ഉപയോഗിക്കാൻ സാധിച്ചാൽ യമൻ, സിറിയ, ഇറാഖ് എന്നീ രാഷ്ട്രങ്ങളെ അറബ് രാഷ്ട്രസമുച്ചയത്തിന്റെ ഭാഗമാക്കി കരകയറ്റാനും വഴിയൊരുക്കും. മാർച്ച് 23ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദും ഇറാന്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനും തമ്മിൽ നടന്ന ഫോൺസംഭാഷണം ഇതിലേക്കുള്ള സൂചന നൽകുന്നു. ഇരുരാഷ്ട്രങ്ങളുടെയും ഇടയിൽ ചർച്ചകൾ ഉടൻതന്നെ ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.
ചൈനയാവട്ടെ, സൗദി അറേബ്യ-ഇറാൻ കരാറിനെ പശ്ചിമേഷ്യയിൽ തങ്ങൾക്ക് ലഭ്യമായ ‘ചേതം കുറഞ്ഞതും ഫലംകൂടിയതുമായ’ (Low risk-high impact) നയതന്ത്ര അവസരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കരാർ ചൈനക്ക് ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങളെയും തങ്ങളിലേക്കാകർഷിക്കാൻ അവർക്ക് അവസരം നൽകുന്നു. മേഖലയിലെ സുപ്രധാന മധ്യസ്ഥനായി മാറുന്നതോടെ അന്താരാഷ്ട്രവേദിയിലും ചൈനയുടെ അപ്രമാദിത്വം അംഗീകരിക്കപ്പെടും.
ഇതിലുപരി, ചൈന കണ്ണുവെക്കുന്നത് സ്ഥലത്തെ ഇന്ധനനിക്ഷേപങ്ങളിലാണ്. ലോകോത്തര എണ്ണനിക്ഷേപവും പ്രകൃതിവാതക സ്രോതസ്സുകളുമുള്ള ഈ മേഖലയിൽ കയറി ഇടപെടാനാകുന്നതിൽ ചൈനക്കുണ്ടാവുന്ന ആനന്ദം പറയേണ്ടതില്ലല്ലോ. വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയായ ചൈനയുടെ എല്ലാകരുത്തും എണ്ണകേന്ദ്രീകൃതമാണ്. ഈ സ്രോതസ്സുകൾ ചൈനയെ പിന്തുണക്കും.
കൂടാതെ, പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ പശ്ചാത്തല വികസനപ്രവർത്തനങ്ങളിലും ചൈന തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. എണ്ണവില സ്ഥിരപ്പെടുത്താനും മാർക്കറ്റ് നിയന്ത്രണത്തിനും ഇത് സഹായിക്കും. കരാർ പ്രഖ്യാപിക്കപ്പെട്ടതോടെ ഇറാൻ റിയാലിന് മൂല്യം ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അന്താരാഷ്ട്ര ആണവ ഏജൻസിയുമായി നടന്നുവരുന്ന ചർച്ചകളിലെ പുരോഗതിയും സൗദി അറേബ്യയുമായുണ്ടായ കരാറും സമ്പദ്‍വ്യവസ്ഥക്ക് ഗുണംചെയ്തതായും നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിട്ടതായും ഇറാനിയൻ സെൻട്രൽ ബാങ്ക് മുൻ ഗവർണർ അബ്ദുൽ നാസർ ഹമ്മാദി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇനി ആവശ്യമായിട്ടുള്ളത് ഇരുരാഷ്ട്രങ്ങളും മുന്നോട്ടുള്ള കാൽവെപ്പുകൾ ചിട്ടപ്പെടുത്തുകയെന്നതാണ്.
അമേരിക്കയിൽ ഒരുമാസം മുമ്പ് യഹൂദസമൂഹത്തെ അഭിമുഖീകരിച്ച് പ്രസംഗിക്കവെ സൗദി അറേബ്യയുമായി അബ്രഹാം കരാർ ശക്തിപ്പെടുത്തുന്നകാര്യമാണ് നെതന്യാഹു ഊന്നിപ്പറഞ്ഞത്. അതോടൊപ്പം, ഇറാനെ ആണവപരീക്ഷണങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന കാര്യവും പരാമർശിക്കപ്പെട്ടു. എന്നാൽ, ചൈന ഈ വാദഗതികളെല്ലാം തകിടംമറിച്ചിരിക്കുന്നു. ഇത് കുറിക്കുമ്പോൾ, നെതന്യാഹു സ്വന്തം നാട്ടിൽ ആഭ്യന്തരസംഘർഷങ്ങളാൽ നട്ടംതിരിയുകയാണ്!
വാണിജ്യമേഖലയും ഗതാഗതരംഗവും പൂർണമായി സ്തംഭനാവസ്ഥയിലാണ്. ബെൻഗൂര്യൻ വിമാനത്താവളവും ഹൈഫ, അശ്ദോദ് എന്നീ ഹാർബറുകളും അടച്ചിട്ടു. വ്യവസായശാലകളും വർക്ക് ഷോപ്പുകളും പ്രവർത്തനരഹിതമാണ്. പതിനായിരങ്ങൾ പാർലമെന്റ് (Knesset) വളഞ്ഞിരിക്കുന്നു.
അഴിമതി ആരോപണവിധേയനായ നെതന്യാഹു ഏതുവിധേനയും ഭരണത്തിൽ തുടരാനായി നീതിന്യായവ്യവസ്ഥ അട്ടിമറിക്കാനുള്ള തത്രപ്പാടിലാണ്. ഇതിനെതിരായ പ്രക്ഷോഭമാണ് തെൽഅവീവിൽ മുന്നേറുന്നത്. ഈ നിമിഷം കേൾക്കുന്നത്, നിയമം വോട്ടിനിടുന്നത് തൽക്കാലം മാറ്റിവെക്കാൻ നെതന്യാഹു സന്നദ്ധനായിരിക്കുന്നുവെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.