കമാൻഡോയിൽനിന്ന് രാജാവിലേക്ക്; അധികാരക്കൊതിയിൽ എല്ലാം കൈവിട്ട് കോടതി വാതിൽക്കൽ നെതന്യാഹു
text_fieldsടെൽ അവീവ്: ഏഴു പതിറ്റാണ്ടിലേറെ നീളുന്ന ഇസ്രായേൽ എന്ന അധിനിവേശ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ഞായറാഴ്ച വരെ പലതുകൊണ്ടും വലിയ പേരായിരുന്നു ബീബി അഥവാ, ബിൻയമിൻ നെതന്യാഹു. പക്ഷേ, വർഷങ്ങൾക്കിടെ മന്ത്രിയായും ഉറ്റസഹായികളായും കൂടെ നിന്നവർ ചേർന്ന് ഇസ്രായേൽ പാർലമെന്‍റായ കനീസതിൽ പുതിയ മന്ത്രിസഭയുണ്ടാക്കിയപ്പോൾ കരഞ്ഞുയാചിച്ചിട്ടും ബീബിയെ അടുപ്പിക്കാതെ അവർ പുറത്തുനിർത്തുന്നതാണ് പുതിയ കാഴ്ച. ചരിത്രം വഴിമാറിയതോടെ ഇനി കാത്തിരിക്കുന്നത് നീണ്ട കോടതി നാളുകൾ. വിധി അനുകൂലമായില്ലെങ്കിൽ ജയിലഴികൾ...
മൂന്നു വർഷം തുടക്കത്തിലും ഇടവേള കഴിഞ്ഞ് 12 വർഷം തുടർച്ചയായും ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്നു നെതന്യാഹു. കാലദൈർഘ്യത്തിൽ സ്ഥാപക പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗൂറിയനെ പോലും മറികടന്നയാൾ. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ പദവിക്കാരൻ. മസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദവുമായി എത്തിയ, മനോഹരമായി ഇംഗ്ലീഷ് വഴങ്ങുന്ന നെതന്യാഹു 1980കളിൽ അമേരിക്കൻ ടെലിവിഷൻ ചാനലുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടാണ് പതിയെ ഇസ്രായേലിന്‍റെ മുഖമായി ലോകമറിയുന്നത്. ഇസ്രായേലി മുൻ കമാൻഡോ ആയി തുടങ്ങിയ ജീവിതം 90കളിൽ രാഷ്ട്രീയത്തിലെത്തി. ഓസ്ലോ കരാറും മറ്റു വിഷയങ്ങളും കത്തിനിൽക്കുന്നതിനിടെ 1995ൽ പ്രധാനമന്ത്രി യിത്സാക് റബിൻ കൊല്ലപ്പെട്ടതിനു പിറകെ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി പ്രധാനമന്ത്രി കസേരയിലുമെത്തി. റബിൻ മുന്നിൽവെച്ച മധ്യസ്ഥ ശ്രമങ്ങളുടെയെല്ലാം മുനയൊടിച്ചായിരുന്നു രാഷ്ട്രീയത്തിലെ പുതിയ ജീവിതം. അധിനിവേശം ഏതറ്റം വരെയും എന്നതായിരുന്നു തുടക്കത്തിലേ നയം. അതിപ്പോഴും തുടരുകയും ചെയ്യുന്നു. ഒട്ടും വഴങ്ങാത്ത വാശിക്കാരൻ തന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനായി നിരന്തരം ഗസ്സക്കു മേൽ മരണം പെയ്തു. മൂന്നുതവണയാണ് നെതന്യാഹു ഒറ്റക്ക് തീരുമാനമെടുത്ത് കൽക്കൂമ്പാരമാക്കിയത്. ഇഛാശക്തിയുടെ കരുത്തിൽ അവർ ഇപ്പോഴും ചെറുത്തുനിൽക്കുന്നത് മറ്റൊരു കാര്യം. 2014ലെ ക്രൂരതയിൽ കൊല്ലപ്പെട്ടത് 2,300 ലേറെ ഫലസ്തീനികൾ. അതിലേറെയും സിവിലിയൻമാർ. പക്ഷേ, പ്രത്യാക്രമണങ്ങളിൽ 73 പേരാണ് ഇസ്രായേലി വശത്ത് കൊല്ലപ്പെട്ടത്, ഏറെയും സൈനികർ. അതിനു ശേഷം കരയാക്രമണത്തിന് നെതന്യാഹു മുതിർന്നിട്ടില്ലെന്നത് ചരിത്രത്തിന്‍റെ മറുവശം.
ഫലസ്തീനികളുടെ ജീവിതം വഴിമുട്ടിച്ച് അധികാരം നിലനിർത്തിയ ബീബി നാലു വട്ടം അധികാരത്തിൽനിന്ന് പുറത്താകുമെന്ന് വന്നപ്പോഴും തന്ത്രങ്ങളുമായി തിരികെയെത്തി. അപ്പോഴൊക്കെയും അനുഭവിച്ചത് ഫലസ്തീനികൾ.
ഒടുവിൽ ബീബിയെ പുറത്താക്കുന്ന മന്ത്രിസഭയിൽ ക്ഷണിക്കപ്പെട്ട അതിഥികളെന്ന പോലെ അറബ് പ്രതിനിധികളായ 'റാം' കക്ഷി കൂടി ഉണ്ടായത് വിരോധാഭാസം.
സമാധാനത്തിന്‍റെ വഴികൾ പലതു തുറന്നപ്പോഴൂം വാതിൽ കൊട്ടിയടച്ചതാണ് നെതന്യാഹുവിന്‍റെ രീതി. പ്രധാനമന്ത്രിയായി ചുമതലയേറ്റയുടൻ 1996ൽ യു.എസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ അധികാരമാണ് സമാധാനമല്ല, ഇസ്രായേലിന്‍റെ പശ്ചിമേഷ്യ നയമെന്ന് വ്യക്തമാക്കിയതാണ്. ''ദൈവം തന്‍റെ ഇടയാളർക്ക് ശക്തി നൽകും. ദൈവം തന്‍റെ ജനതയെ സമാധാനം കൊണ്ട് അനുഗ്രഹിക്കും'' എന്നായിരുന്നു വാക്കുകൾ. നീണ്ട മൂന്നു പതിറ്റാണ്ടോളം അതേ തീവ്രത ഇത്തിരിയും മാറാതെ നെതന്യാഹു നിലനിർത്തി.
എല്ലാം അവസാനിച്ച് ചരിത്രത്തിലേക്ക് മടങ്ങുേമ്പാൾ പിന്മുറക്കാരൻ തന്‍റെ പഴയ സൈനിക മേധാവി തന്നെയെന്ന് നെതന്യാഹുവിന് ആശ്വസിക്കാം. ആശയപരമായി നാഫ്റ്റലി ബെനറ്റാണോ നെതന്യാഹുവാണോ കടുപ്പം എന്നേ അറിയാനുള്ളൂ. അത് വൈകാതെ ബോധ്യമാകുകയും ചെയ്യും.
മുമ്പും അധികാരം നഷ്ടമായ ചരിത്രം നെതന്യാഹുവിനുണ്ട്. അതും ഇഹുദ് ബാരക്, ഏരിയൽ ഷാരോൺ പോലുള്ള വമ്പന്മാർക്ക് മുന്നിൽ. എന്നിട്ടും തിരികെയെത്തിയതാണ്. അവരുടെയത്ര കരുത്ത് പോരാത്ത ബെനറ്റിനെ വീഴ്ത്താനും അതുവഴി അധികാരം തിരികെ പിടിക്കാൻ താൻ മതിയെന്ന് ഇേപ്പാഴും ബീബി ഉറച്ചുവിശ്വസിക്കുന്നു. പലവട്ടം അറബ് വിരുദ്ധത പച്ചയായി പറഞ്ഞാണ് വോട്ട് തനിക്ക് മാത്രമായി ചുരുക്കിയിരുന്നത്. അത് ഇനിയും തുടരാനാണ് പദ്ധതി. 2019ൽ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ''ഇസ്രായേൽ എല്ലാ പൗരന്മാരുടെയും നാടല്ല'' എന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രഖ്യാപനം. എന്നുവെച്ചാൽ, അറബ് ജനതക്ക് ഇടമില്ല എന്ന പരസ്യ പ്രഖ്യാപനം.
അതിനിടെ, ആക്രണങ്ങൾക്കൊപ്പം അയൽ രാജ്യങ്ങളെ നിരന്തരം പോർമുനയിൽ നിർത്തുന്ന നയതന്ത്രവും നെതന്യാഹു നടപ്പാക്കി.
ഇറാനും മറ്റ് അയൽരാജ്യങ്ങൾക്കുമിടയിൽ പതുക്കെ തുടങ്ങിയ ശത്രുത യുദ്ധത്തിലേക്കെന്നുവരെ തോന്നിച്ചു. അത് ഇപ്പോഴും നിലനിർത്തുന്നതിനിടെയാണ് ചില അറബ് രാജ്യങ്ങളുമായി നെതന്യാഹു നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.
എല്ലാ തീരുമാനങ്ങൾക്കും പിന്തുണയും അതിലേറെ മാർഗദർശകനായും വൈറ്റ്ഹൗസിൽ ട്രംപ് വന്നതും ആഘോഷമായി. ലോകം എതിർത്തിട്ടും ജറൂസലമിലേക്ക് യു.എസ് എംബസി മാറ്റവും ജൂത കുടിയേറ്റ വ്യാപനവും പിന്നീട് ദ്രുതവേഗത്തിലാണ് സംഭവിച്ചത്. ഫലസ്തീനികളെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരാളെ പുറത്തുനിന്ന് ലഭിച്ച ആശ്വാസത്തിലായിരുന്നു ബീബി.
ഇതിനിടെയാണ് എല്ലാം പാതിവഴിയിൽ നിർത്തി അഴിമതി കേസുകൾ മാടിവിളിക്കുന്നത്. കോടതി പരിഗണനയിലുള്ളത് നിലവിൽ മൂന്നെണ്ണം. അധികാരത്തിലിരിക്കെ ആദ്യമായി ക്രിമിനൽ പ്രോസിക്യൂഷൻ നേരിട്ടയാളെന്ന റെക്കോഡും ഇപ്പോൾ നെതന്യാഹുവിന് സ്വന്തം. മുമ്പ് എഹുദ് ഒൽമെർട്ട് പടിയിറങ്ങിയതിനു പിന്നാലെ നേരെ ജയിലഴികൾ എണ്ണിത്തുടങ്ങുന്നത് നടുക്കുന്ന ഓർമയായി നെതന്യാഹുവിനെ വേട്ടയാടുന്നുണ്ട്. അഴിമതി, കൈക്കൂലി തുടങ്ങിയ കേസുകൾ തെളിഞ്ഞാൽ 10 വർഷത്തിലേറെ ജയിലിൽ കിടക്കേണ്ടിവരും. ഇനി അധികാരമാണോ ജയിലാണോ കാത്തിരിക്കുന്നത് എന്നത് കാത്തിരുന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.