പന്തുകളിയിലെ പക്ഷപാതങ്ങള്‍
text_fieldsചെ ഗുവേരയോടുള്ള ആദരവും വിപ്ലവാരാധനയും കൂടിയാണ് തങ്ങളെ അർജന്റീനയുടെ ആരാധകരാക്കുന്നതെന്ന് സൂചിപ്പിച്ച രാഷ്ട്രീയ നേതാക്കളെ കളിയാക്കിക്കൊണ്ട്, അപ്പോള്‍ ചെ ഗുവരെ ഉയർത്തിപ്പിടിച്ച മാർക്സിസത്തിനു കാരണക്കാരനായ മാർക്സിന്റെ ജന്മദേശമായ ജർമനിയെ അല്ലേ ആദ്യം പിന്തുണക്കേണ്ടത് എന്ന് പരിഹാസമുണ്ടായത് ഞാന്‍ കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്.
അതുപോലെ, പോർച്ചുഗല്‍ എന്ന കൊളോണിയല്‍ രാഷ്ട്രത്തിന്റെ പതാകയുയർത്തി ഫുട്ബാള്‍ ആഘോഷിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യത്തിനുനേരെയും വിമർശനമുണ്ടായി. കളിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യത്യസ്ത പ്രതിനിധാനങ്ങള്‍ ഈ വികാരപ്രകടനങ്ങളിലും അവയോടുള്ള വിമർശനങ്ങളിലുമുണ്ട്.
കളിയില്‍ രാഷ്ട്രീയമില്ല എന്നൊക്കെ ചിലര്‍ പറയുമെങ്കിലും ക്രിക്കറ്റും ഫുട്ബാളും, ഒരു പക്ഷേ മറ്റുപല കളികളെക്കാളുമധികം അന്താരാഷ്ട്രതലത്തില്‍ത്തന്നെ അടിമുടി രാഷ്ട്രീയത്തില്‍ മുങ്ങിനിൽക്കുന്ന കളികളാണ്. എന്റെ സ്കൂള്‍-കോളജ് കാലത്ത് കേരളത്തില്‍ കൂടുതലും ബ്രസീല്‍ ആരാധകരായിരുന്നു.
ഇന്ത്യയിലും, ലോകകപ്പ് കളിക്കാന്‍ യോഗ്യതനേടാന്‍ കഴിയാത്ത ഏതാണ്ടെല്ലാ മൂന്നാംലോകരാജ്യങ്ങളിലും ഇതായിരുന്നു അന്ന് സ്ഥിതി. അമ്പതുകളിലാണ് ബ്രസീല്‍ ഒരു അത്ഭുതടീമായി പ്രത്യക്ഷപ്പെടുന്നത്. 1950ല്‍ ഫൈനലില്‍ എത്തിയ അവർ തുടർന്ന് 58ലും 62ലും തുടർച്ചയായി ലോകകപ്പു കരസ്ഥമാക്കി ലോകത്തിനുമുന്നില്‍ വിസ്മയമായി തിളങ്ങിനിന്നു. ഈ വിജയങ്ങളുടെ ചൂടാറുംമുമ്പ് 1970ല്‍ അവര്‍ വീണ്ടും വിജയികളായി.
ഒരു മുന്‍ പോർച്ചുഗീസ് കോളനിയായ ബ്രസീല്‍ നേടിയ ഈ തുടര്നേട്ടങ്ങള് പൊതുവില്‍ അപകോളനീകരണത്തിന്റെ ആരംഭഘട്ടത്തില്‍ മൂന്നാംലോകരാജ്യങ്ങൾക്ക് നൽകിയ ആത്മവിശ്വാസം നിസ്സീമമായിരുന്നു. ബ്രസീലിന് അനുകൂലമായ ഒരു ആരാധകപ്രവാഹം ഏഷ്യൻ രാജ്യങ്ങളിലും ഒരു പരിധിവരെ ആഫ്രിക്കന്‍ രാജ്യങ്ങളിലും രൂപംകൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്.
1994ല്‍ വീണ്ടും വിജയിച്ചതോടെ അരനൂറ്റാണ്ടിനുള്ളില്‍ നാലുതവണ വിജയംനേടുക എന്ന അപൂര്‍വ നേട്ടത്തിനും അവര്‍ ഉടമകളായി. അത്ഭുതപ്രതിഭാസമായി ലോകത്തെ ത്രസിപ്പിച്ച പെലെ 58-70 കാലത്തെ മൂന്ന് ലോകകപ്പ് വിജയങ്ങള്‍ നേടിയ ബ്രസീല്‍ ടീമിന്റെ നെടുന്തൂണായിരുന്നു.
ഫുട്ബാളിലെ താരാരാധനയുടെ മൂർത്തരൂപം പെലെയിലാണ് ആദ്യമായി ആഗോളസാക്ഷാത്കാരം നേടുന്നത്. ബ്രസീല്‍ ആരാധകരെന്ന ആഗോളസമൂഹത്തിനു രൂപംനല്കിയ ഘടകങ്ങള്‍ ഇവയൊക്കെയുംകൂടിയായിരുന്നു എന്ന് സാമാന്യമായി പറയാം. 1978, 1986 വർഷങ്ങളില്‍ നേടിയ ലോകകപ്പുവിജയവും, പെലേക്കുശേഷം കാത്തിരുന്ന ഒരു ഫുട്ബാള്‍ വിസ്മയത്തെ ലോകം കണ്ടെത്തിയത് മറഡോണയിലായിരുന്നു എന്നതും, 70നുശേഷം രണ്ടുപതിറ്റാണ്ടുകള്‍ വിജയംനേടാതെ ബ്രസീല്‍ പിന്മടങ്ങിക്കൊണ്ടിരുന്നു എന്നതും അർജന്റീനയില്‍ കൂടുതല്‍ പ്രതീക്ഷകള്‍ അർപ്പിക്കാന്‍ മൂന്നാംലോകത്തെ ഫുട്ബാള്‍ ആരാധകരെ പ്രേരിപ്പിച്ചു.
മറഡോണക്കുശേഷം ലയണല്‍ മെസ്സിയെപ്പോലൊരു പിൻഗാമിയുടെ ഉദയം അവരുടെ ആരാധകവൃന്ദത്തെ കൂടുതല്‍ വിപുലമാക്കി. ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങുന്നതുതന്നെ 2002ലെ ബ്രസീലിന്റെ ലോകകപ്പ് വിജയവുമായാണ് എന്നത് കൊഴിഞ്ഞുപോവാന്‍ തുടങ്ങിയിരുന്ന അവരുടെ ആരാധകസമൂഹത്തെ കുറെയൊക്കെ പിടിച്ചുനിർത്തി.
ആദ്യകാലത്ത് കൊളോണിയല്‍ വിരുദ്ധമായ ഒരു രാഷ്ട്രീയം ഇതില്‍ ശക്തമായി പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു. പിന്നീടത് താരഭ്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നുണ്ടെങ്കിലും പൊതുവില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു കോളനിവിരുദ്ധ ചിന്താഗതിയാണ് ഉണർത്തുക എന്നാണു കേരള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഞാന്‍ കരുതിയിരുന്നത്.
എന്നാല്‍, ഇതിനു നേർവിപരീതമായ അനുഭവമാണ് എനിക്ക് വിദേശവാസക്കാലത്തുണ്ടായത്. 2002ലെ ലോകകപ്പുമത്സരങ്ങള്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഹോങ്കോങ്ങില്‍ താമസിക്കുകയായിരുന്നു. ആ ചെറിയ നഗരരാഷ്ട്രത്തില് കേരളത്തിലേക്കാള്‍ തീവ്രമായ ഫുട്ബാള്‍ അഭിനിവേശം കാണുവാന്‍കഴിഞ്ഞു.
എന്നാല്‍ എന്നെ ആകെ വിഭ്രമിപ്പിച്ചതു ഹോങ്കോങ്ങില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ രാജ്യങ്ങളുടെ ആരാധകരായിരുന്നു എന്നതാണ്. കേരളത്തില്‍തന്നെ ഫുട്ബാള്‍ ആരാധനയുടെ ആദ്യകാല രാഷ്ട്രീയം അപ്രത്യക്ഷമാവുകയും ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളെ പിന്തുണയ്ക്കുന്ന സംഘങ്ങള്‍ തൊണ്ണൂറുകളുടെ അവസാനത്തോടെതന്നെ വ്യാപകമായി മുളച്ചുപൊന്തി.
രാഷ്ട്രീയമായ പശ്ചാത്തലങ്ങള്‍ വിസ്മൃതമാവുകയും താരപ്പകിട്ടിന്റെ ഭ്രമങ്ങളിലേക്കുമാത്രമായി ആരാധനയുടെ ചുറ്റുവട്ടം ചുരുങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, അതിൽനിന്നൊക്കെ തീവ്രതയില്‍ വ്യത്യസ്തമായിരുന്നു ഒരു ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങില്‍ ഞാന്‍ കണ്ട മറയില്ലാത്ത യൂറോപ്യന്‍ വിധേയത്വവും ആരാധനയും.
ആ ലോകകപ്പിലെ ആദ്യമത്സരങ്ങളിലൊന്നോ, ആദ്യമൽസരംതന്നെയോ ഫ്രാൻസും സെനഗളും തമ്മിലായിരുന്നു. സെനഗള്‍ എന്നുപറഞ്ഞാല്‍ എനിക്കന്നു ഉസ്മാന് സെംബേനും (Ousmane Sembene) അദ്ദേഹത്തിന്റെ നോവലും സിനിമയുമായ ഹാലയുമാണ് (Xala). ഫ്രഞ്ച് കോളനിയായിരുന്ന സെനഗളിലെ അപകോളനീകരണത്തിന്റെ മുഹൂർത്തത്തെ സങ്കീർണമാക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളാണ് ഹാല ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികകളിൽ ഹാല ഇടംപിടിക്കാറുണ്ട്. അല്ലെങ്കിൽത്തന്നെയും ഒരു മുന്കോളനിരാഷ്ട്രം കൊളോണിയല്‍ അധിനിവേശശക്തിയെ നേരിടുമ്പോള്‍ അറിയാതെ അവരുടെകൂടെ ആയിപ്പോവുകയെന്നത് രാഷ്ട്രീയമായി പരിശീലിപ്പിക്കപ്പെട്ട എന്റെ ചിന്തക്ക് ഒഴിവാക്കാന്‍ കഴിയുന്നതല്ല.
കഴിഞ്ഞനൂറ്റാണ്ടില് വിപ്ലവരാഷ്ട്രീയം ജ്വലിച്ചുനിന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും കൊളോണിയല്‍ ചൂഷണത്തിന്റെ ചതിക്കുഴികളിൽനിന്ന് കരകയറാന്‍ കഴിയാത്ത ആഫ്രിക്കന്‍ രാജ്യങ്ങളെയുമൊക്കെ പിന്തുണക്കുന്നത് കളിയുടെ പൂർണത തേടലല്ല, മറിച്ച് കൊളോണിയല്‍ വിരുദ്ധതയുടെ പ്രതീകമായ, ഒരു വലിയപരിധിവരെ ആ രാജ്യങ്ങൾക്കുതന്നെ ഇപ്പോള്‍ കൈമോശംവന്ന, പ്രത്യാശാരാഷ്ട്രീയവുമായുള്ള ഹതാശമായ ഐക്യപ്പെടലാണ്.
മറ്റു പല നഗരങ്ങളിലുമെന്നപോലെ ഹോങ്കോങ്ങിലെയും റസ്റ്റാറന്റുകളില്‍ വലിയ സ്ക്രീനില്‍ കളികാണാന്‍ സീറ്റുകള്‍ റിസർവ് ചെയ്യാൻകഴിയും. സെനഗാള്‍ ഫ്രാൻസിനെ പരാജയപ്പെടുത്തുക എന്ന അസാധ്യതക്കു മുകളിലും അങ്ങനെയൊന്ന് സംഭവിക്കണമെന്നു പ്രത്യാശിച്ചു ഞാന്‍ കളികാണാന്‍ തുടങ്ങി.
അവിടെ കൂടിയവരില്‍ ഭൂരിപക്ഷവും അതാണാഗ്രഹിക്കുക എന്നകാര്യത്തില്‍ എനിക്ക് സംശയമില്ലായിരുന്നു. എന്നാല്‍, അവിടത്തുകാര്‍ ഏതാണ്ട് പൂർണമായും ഫ്രാൻസിന് അനുകൂലമാണ് എന്നത് കളിതുടങ്ങി കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്.
ഫ്രാൻസിന്റെ ഓരോ ചെറിയമുന്നേറ്റത്തെയും ആ ആൾക്കൂട്ടം അലറിവിളിച്ചു പിന്തുണക്കുന്നതും സെനഗാളിന്റെ മുന്നേറ്റങ്ങളെ മറയില്ലാതെ ശപിക്കുന്നതും അവിശ്വസനീയതയോടെ ഞാന്‍ കണ്ടിരുന്നു. പ്രതീക്ഷകൾക്ക് വിരുദ്ധമായി ആദ്യഗോള്‍ അടിച്ചത് സെനഗാളായിരുന്നു. ആ ഗോള്‍ വീണപ്പോള്‍ അവിയുടെയുണ്ടായ "ശ്മശാനമൂകത" എന്നെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചു.
ചില സ്ത്രീകള്‍ കരയാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ഗോൾ തിരിച്ചടിക്കാനാവാതെ ഫ്രാൻസ് സെനഗാളിനുമുന്നില് കീഴടങ്ങുന്നത് ഹോങ്കോങ് ജനതയുടെ ഒരു പരിച്ഛേദം അടക്കാനാവാത്ത സങ്കടത്തോടെയാണ് കണ്ടെഴുന്നേറ്റത് എന്നത് എന്നെ കളിയുടെ രാഷ്ട്രീയത്തിന്റെ മറ്റൊരു വലിയപാഠമാണ് പഠിപ്പിച്ചുതന്നത്.
ഹോങ്കോങ് ഐക്യപ്പെടുന്നത് പീഡിതരായ മൂന്നാംലോകജനതയോടല്ല. തങ്ങളുടെ മൂലധനയജമാനന്മാരായ അമേരിക്കയോടും യൂറോപ്പിനോടുമാണ്. ആ വർഷം ചൈനയും ലോകകപ്പ് മത്സരയോഗ്യത നേടിയിടുന്നു. ചൈനയുമായി ജനാധിപത്യസമരത്തില്‍ ഏർപ്പെട്ടിരുന്ന ഹോങ്കോങ് ചൈനയുടെ പതനങ്ങളില്‍ ആവേശപ്പെട്ടു.
പിന്നീട് വ്യത്യസ്ത ഹോട്ടലുകളില്‍ കളികാണാൻപോയ എനിക്കുണ്ടായത് സമാനമായ അനുഭവങ്ങളായിരുന്നു. ഹോങ്കോങ്ങിലെ കാണികള്‍ ഏതെങ്കിലും ഒരു യൂറോപ്യന്‍ ടീമിന്റെ വിജയത്തിനുവേണ്ടിമാത്രം ആർത്തുവിളിച്ചുകൊണ്ടിരുന്നു. എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല. പക്ഷേ, പൊതുവികാരം ഈ ദിശയിലായിരുന്നു.
സ്വന്തംടീമിനെ പിന്താങ്ങുന്ന ദേശീയതയും ഒരു രാഷ്ട്രീയം തന്നെയാണ്. അർജന്റീനയുടെയും ബ്രസീലിന്റെയും പോർച്ചുഗലിന്റെയും കൊടി ഉയർത്തുന്നത് ഇന്ത്യയില്‍ കുറ്റകരമല്ല. ഏതെങ്കിലും കളിയില്‍ ചൈനയോ പാകിസ്താനോ കളിക്കുമ്പോള്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ആ രാജ്യങ്ങളുടെ പതാക ഉയർത്തി ഐക്യപ്പെട്ടാല്‍ നിങ്ങള്‍ 'രാജ്യദ്രോഹി'യാവും എന്നതില്‍ സംശയംവേണ്ട.
രാഷ്ട്രീയത്തിന്റെ കളിയും കളിയുടെ രാഷ്ട്രീയവും ഒരേദിശയിലാണ് നീങ്ങുന്നത്. രാഷ്ട്രീയ നിർമുക്തരായി കളികാണുന്ന ശുദ്ധകായികവാദികളുമുണ്ടാവാം. ഇവരുടെ എണ്ണം കൂടിവരുന്നുണ്ട്. കേരളത്തില്‍ പരസ്പരവും പൊലീസുകാരുമായും ഏറ്റുമുട്ടിയ ആരാധകരും ഫ്രാൻസിന്റെ തോല്‍വി സഹിക്കാനാവാതെ അവിടത്തെ നഗരങ്ങളില്‍ തെരുവുകള്‍ കത്തിക്കാനിറങ്ങിയ ആരാധകരും പന്തുകളിയുടെ ശുദ്ധകായികവാദികള് ആവാനിടയില്ലല്ലോ.
എംബാപേ ഹാട്രിക് നേട്ടത്തോടെ ഈ വർഷത്തെ ലോകകപ്പ് നേടിയിരുന്നെങ്കില്‍ അദ്ദേഹത്തോടുള്ള ആരാധനയുടെപേരിലും, നേടിയ രണ്ടു തുടര്‍വിജയങ്ങളുടെ പേരിലുമായി ശുദ്ധകായികവാദികളും, ടീമിലെ കറുത്തവംശജരുടെ സാന്നിധ്യത്തിന്റെപേരില് ശുദ്ധരാഷ്ട്രീയവാദികളുമായി നിരവധിപേര്‍ കേരളത്തില്‍ ഫ്രാൻസ് ആരാധകരായി കൂറുമാറിയിരുന്നേനെ എന്നാണ് എന്റെ അഭ്യൂഹം.
എന്നാല്‍, ഇതിലെല്ലാമുപരിയായി, എത്രയും ഭംഗിയായി നടന്നതെന്ന് കരുതാന്‍ ന്യായമുള്ള ഖത്തര്‍ ലോകകപ്പിന്റെ മികച്ച സംഘാടനത്തിനെതിരെ പാശ്ചാത്യമാധ്യമങ്ങള്‍ നിരന്തരം നടത്തിയ അപവാദഘോഷവും പന്തുകളിയിലെ പക്ഷപാതിത്വം ഭൗമരാഷ്ട്രീയമുക്തമല്ല എന്നുതന്നെയാണ് നമുക്ക് നഗ്നമായി കാട്ടിത്തരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.