Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഗോപാൽഗഞ്ചിൽ ഉവൈസി...

ഗോപാൽഗഞ്ചിൽ ഉവൈസി പിടിച്ച വോട്ടുകൾ

text_fields
bookmark_border
ഗോപാൽഗഞ്ചിൽ ഉവൈസി പിടിച്ച വോട്ടുകൾ
cancel
camera_alt

അസദുദ്ദീൻ ഉ​​വൈ​സി തേജസ്വി യാദവ്

ബി.ജെ.പി പ്രാദേശിക നേതാവ് സുഭാസ് സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന ബിഹാറിലെ ഗോപാൽഗഞ്ച് സീറ്റ് ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി നിലനിർത്തി. സുഭാസ് സിങ്ങിന്റെ വിധവ കുസുംദേവിയാണ് 70,053 വോട്ട് നേടി പാർട്ടിയുടെ സീറ്റ് നിലനിർത്തിയത്.

രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥി മോഹൻ പ്രസാദ് ഗുപ്തയെയാണ് തോൽപിച്ചത്. 1794 വോട്ടുകളായിരുന്നു ഭൂരിപക്ഷം, നോട്ടയേക്കാൾ കുറവ് (നോട്ടക്ക് 2170 വോട്ട്). 17 വർഷമായി ബി.ജെ.പിയുടെ ഉറച്ച മണ്ഡലമായി നിലകൊള്ളുന്ന, ആർ.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ ജന്മദേശമായ ഗോപാൽഗഞ്ച് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങനെയും തിരിച്ചുപിടിക്കണം എന്നുറപ്പിച്ചായിരുന്നു ആർ.ജെ.ഡിയുടെ പോരാട്ടം.

പക്ഷേ, കളത്തിലുണ്ടായിരുന്ന മറ്റു രണ്ടു സ്ഥാനാർഥികൾ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്റെ അബ്ദുൽ സലാം 12,214 വോട്ടും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ അമ്മായി (സാധു യാദവിന്റെ ഭാര്യ) ഇന്ദിരദേവി ബി.എസ്.പി ടിക്കറ്റിൽ 8854 വോട്ടും പിടിച്ചു. ഇവർ ഇരുവരുടെയും സാന്നിധ്യം ബി.ജെ.പിയുടെ വിജയത്തിന് പരോക്ഷമായി തുണച്ചുവെന്നു പറയാം. കണക്കുകൾ പരിശോധിക്കുമ്പോൾ മജ്‍ലിസ് സ്ഥാനാർഥിയുടെ സാന്നിധ്യമാണ് ആർ.ജെ.ഡിക്ക് അടിയായി മാറിയത്.

ഉവൈസിയുടെ പാർട്ടി ഇതാദ്യമായല്ല ആർ.ജെ.ഡിക്ക് പ്രഹരമേകുന്നത്. ബംഗ്ലാദേശ്-ബംഗാൾ-നേപ്പാൾ അതിർത്തിയിലുള്ള മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചൽ മേഖലയിൽ അഞ്ചു സീറ്റുകളാണ് 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവർ നേടിയെടുത്തത്.

അതിനൊപ്പം ബിഹാറിലെ ഒരു ഡസൻ സീറ്റുകളിലെങ്കിലും ബി.ജെ.പി മുന്നണിക്കെതിരായ ആർ.ജെ.ഡി-കോൺഗ്രസ്-ഇടതു സഖ്യത്തിന്റെ വിജയസാധ്യതയെ അവർ അട്ടിമറിച്ചു (നാല് എം.എൽ.എമാർ പിന്നീട് ആർ.ജെ.ഡിയിൽ ചേർന്നത് വേറെ കഥ).

വലുപ്പത്തിലും മുസ്‍ലിം ജനസംഖ്യയിലും ബിഹാറിന് സമാനമായ യു.പിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മജ്‍ലിസ് സാന്നിധ്യം സമാജ്‍വാദി പാർട്ടിക്ക് ഇതുപോലുള്ള പ്രശ്നമുണ്ടാക്കിയില്ലല്ലോ എന്ന് സ്വാഭാവികമായും ചോദിക്കാം. അതല്ലെങ്കിൽ 27 ശതമാനത്തോളം മുസ്‍ലിം ജനസംഖ്യയുള്ള ബംഗാളിൽ കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സ്വാധീനം പ്രകടിപ്പിക്കാൻ അവർക്കായില്ലല്ലോ എന്നും.

അലീഗഢ് മുസ്‍ലിം സർവകലാശാലയിലെ ആധുനിക ചരിത്രവിഭാഗം പ്രഫസറായ ബിഹാർ സ്വദേശി ഡോ. മുഹമ്മദ് സജ്ജാദ് അതിനു നൽകുന്ന മറുപടി- ബി.ജെ.പി നേരിട്ടു ഭരിച്ചിട്ടില്ലാത്തതിനാൽ ബിഹാറിലെ മുസ്‍ലിം ജനത കാര്യമായ അരക്ഷിതബോധം അനുഭവിക്കുന്നില്ല എന്നാണ്. അതല്ലല്ലോ ബി.ജെ.പി ഭരിക്കുകയും പലവിധ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്ത യു.പിയിലെ മുസ്‍ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതി.

ബംഗാളിൽ ബി.ജെ.പി ഭരിച്ചിട്ടില്ല, എന്നാൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ എന്ന മുദ്രചാർത്തി ലക്ഷക്കണക്കിന് മുസ്‍ലിംകളുടെ പൗരത്വം പിടിച്ചുപറിക്കപ്പെടുമെന്ന ഭീതി അവർക്കിടയിലുണ്ട്.

ബിഹാർ രാഷ്ട്രീയത്തിലെ മുസ്‍ലിം പ്രാതിനിധ്യം

അരക്ഷിതാവസ്ഥ കുറവുള്ള ഇടങ്ങളിൽ അധികാര പങ്കാളിത്തത്തിനുള്ള ഉത്സാഹവും കൂടുതലായിരിക്കുമെന്നതാണ് സജ്ജാദ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന ഘടകം. പഴയ സിവാൻ ജില്ലയുടെ ഭാഗമായിരുന്ന ഗോപാൽഗഞ്ച് പണ്ട് നിയമനിർമാണ സഭയിലെ മുസ്‍ലിം പ്രാതിനിധ്യത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു.

ബിഹാറിൽ മുഖ്യമന്ത്രിപദമേറിയ ഏക മുസ്‍ലിം അബ്ദുൽ ഗഫൂർ ഈ മേഖലയിൽനിന്നായിരുന്നു. 80-90 കാലങ്ങളിൽ സിവാൻ ഗോപാൽഗഞ്ച് മണ്ഡലങ്ങളെയാണ് അദ്ദേഹം ലോക്സഭയിൽ പ്രതിനിധാനം ചെയ്തിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ റിയാസുൽ ഹഖിനെയാണ് ആർ.ജെ.ഡി ഇവിടെ നിർത്തിയിരുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും മജ്‍ലിസ് സ്ഥാനാർഥിക്ക് വോട്ടുചെയ്യുക വഴി ആർ.ജെ.ഡി-ജെ.ഡി.യു-കോൺഗ്രസ് മഹാസഖ്യത്തിന് മുസ്‍ലിംകൾ കൃത്യമായ ഒരു സന്ദേശമാണ് നൽകിയിരിക്കുന്നതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും പട്നയിലെ എ.എൻ. സിൻഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻ ഡയറക്ടറുമായ ഡി.എം. ദിവാകർ വിലയിരുത്തുന്നത്- ഏതുനിലക്കും പിന്തുണക്കുന്ന വിലകുറഞ്ഞ വസ്തുക്കളായി തങ്ങളെ കാണരുതെന്നും തങ്ങളുടെ പ്രാതിനിധ്യംവെച്ച് കളിക്കരുതെന്നുമുള്ള വ്യക്തമായ സന്ദേശം.

ലാലുവിന്റെ ഭരണത്തിന് മുമ്പുതന്നെ അബ്ദുൽ ഗഫൂർ, മുഹമ്മദ് യൂസുഫ്, തസ്‍ലിമുദ്ദീൻ തുടങ്ങിയ നേതാക്കൾ സംസ്ഥാന നിയമസഭയിലും പാർലമെന്റിലും പേരെടുത്തിരുന്നു. 1990ൽ ലാലു അധികാരത്തിൽ വന്നതോടെ മുസ്‍ലിംകൾക്ക് രാഷ്ട്രീയത്തിലും ഭരണ നിർവഹണത്തിലും ആനുപാതിക പ്രാതിനിധ്യവുമായി.

ലാലുവിന്റെ ഭരണകാലത്ത് ഗുലാം സർവാർ നിയമസഭ സ്പീക്കറും ജാബിർ ഹുസൈൻ നിയമസഭ കൗൺസിൽ ചെയർമാനുമായി. ബി.ജെ.പി പലവിധ എതിർപ്പുകൾ മുന്നോട്ടുവെച്ചിട്ടും അമീർ സുബ്ഹാനിയെ ചീഫ് സെക്രട്ടറിയാക്കി നിതീഷ്. നിതീഷിന്റെ കാലത്ത് ദീർഘകാലം ആഭ്യന്തര വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി അഫ്സൽ അമാനുല്ല സേവനമനുഷ്ഠിച്ചു.

എതിരാളികൾ എത്ര ഒത്തുപിടിച്ചാലും ബി.ജെ.പിയുടെ വോട്ട് അടിത്തറയിൽ കടന്നുകയറാനാവില്ല എന്നാണ് മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി ഗോപാൽഗഞ്ച് വിജയത്തെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ, രണ്ടു വർഷം മുമ്പ് ബി.ജെ.പി സ്ഥാനാർഥി നേടിയതിനേക്കാൾ 8000 വോട്ടുകളാണ് ഇക്കുറി കുറഞ്ഞതെന്ന കാര്യം അദ്ദേഹം വിസ്മരിക്കുന്നു.

തേജസ്വിയുടെ യാഥാർഥ്യബോധ്യം

പാർട്ടിസ്ഥാനാർഥിയുടെ തോൽവിക്കുശേഷവും ഗോപാൽഗഞ്ചിലെ വോട്ടർമാരോട് നന്ദി പറഞ്ഞ തേജസ്വി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഈ മണ്ഡലത്തിൽ 20,000 വോട്ടുകൾക്കു പിന്നിലാകുമെന്ന് അവകാശപ്പെടുന്നു.

മജ്‍ലിസും ബി.എസ്.പിയും പിടിച്ച 20,000ത്തിലേറെ വോട്ടുകൾ തിരിച്ചുപിടിക്കാനാവുമെന്ന കണക്കുകൂട്ടലാവും തേജസ്വിക്ക്. സാധു യാദവിന്റെ സ്വാധീനം വലിയ കാര്യമായി കാണുന്നില്ല അദ്ദേഹം. എന്നാൽ, മുസ്‍ലിംകളെ നീതിപൂർവകമായ രീതിയിൽ ഉൾക്കൊള്ളുകതന്നെ വേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gopalganjBy elections
News Summary - Bihar Gopalganj-by-elections-Uwaisi won
Next Story