രാജിനാടകം
text_fields‘‘അയ്യോ, അച്ഛാ പോകല്ലേ; അയ്യോ, അച്ഛാ പോകല്ലേ..’’! ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ കഥാനായകൻ സ്വന്തം മക്കളെ ചൊല്ലിപ്പഠിപ്പിച്ച ഡയലോഗിനെപ്പോലും കടത്തിവെട്ടും മണിപ്പൂരിലെ മഹിളകളുടെ രാഷ്ട്രീയവിലാപം. ശ്യാമളയുടെ ഭർത്താവ് ആളൊരു ഉഡായിപ്പ് കക്ഷിയാണ്. ടി പരിപാടിയുടെ ഭാഗമായിട്ടായിരുന്നു നായകന്റെ ‘അയ്യോ, അച്ഛാ..’ എന്ന നാടകവും. തന്റെ ആഗ്രഹം മറ്റുള്ളവരിലൂടെ പറയിപ്പിക്കുന്ന നല്ല ഒന്നാംതരമൊരു ചെപ്പടിവിദ്യ. സമാനമായൊരു നാടകമാണിപ്പോൾ മണിപ്പൂരിൽ തട്ടിക്കേറിയിരിക്കുന്നത്. തിരശ്ശീലയിൽ കഥാനായകൻ വിജയനാണെങ്കിൽ മണിപ്പൂരിലെ രാഷ്ട്രീയ നാടകക്കളരിയിൽ കഥാനായകൻ ബിരേൻ സിങ് ആണെന്ന വ്യത്യാസമേയുള്ളൂ; മണിപ്പൂരിന്റെ മുഖ്യമന്ത്രി. സ്വന്തം നാട്ടിൽ കലാപത്തീ പടർന്നിട്ട് പത്തമ്പത് ദിവസം പിന്നിട്ടിട്ടും ഒന്നും ചെയ്യാനാകാതെ സ്തംഭിച്ചുനിൽക്കുകയായിരുന്ന ടിയാനോട് നാട്ടുകാരും പ്രതിപക്ഷ പാർട്ടിക്കാരുമെല്ലാം ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോഴാണ് പാർട്ടിയിലെയും സമുദായത്തിലെയും പെണ്ണുങ്ങളെ തെരുവിലിറക്കി ടിയാൻ ‘അയ്യോ, അച്ഛാ’ കളിച്ചത്. രാജിക്കത്തുമായി ഗവർണറെ കാണാൻ പോയ ബിരേൻ സിങ്ങിനെ തടയുന്ന അനുയായികൾ, രാജിക്കത്ത് വലിച്ചുകീറിക്കളയുന്നതാണ് തിരക്കഥ.
പട്ടാളമിറങ്ങിയിട്ടും സാക്ഷാൽ അമിത് ഷാ വന്നുപോയിട്ടും ശാന്തമാകാത്ത താഴ്വര, രാഹുൽ പ്രഭാവത്തിൽ ഒന്നടങ്ങിയപ്പോഴാണ് ബിരേൻ സിങ്ങിന്റെയും സംഘത്തിന്റെയും പുതിയ നാടകം. ഭാരത് ജോഡോയെ അനുസ്മരിപ്പിക്കുംവിധം രാഹുൽ ഇംഫാലിലും സമീപ പ്രദേശങ്ങളിലുമെത്തിയത് ഭരണകക്ഷിക്ക് കനത്ത ക്ഷീണമായി. തങ്ങളെ കൂക്കിവിളിച്ച് ആട്ടിയോടിച്ച കലാപബാധിത പ്രദേശങ്ങളിലെല്ലാം രാഹുലിന് വലിയ സ്വീകരണം ലഭിക്കുന്നത് കണ്ടതോടെ പുതിയ അടവ് പരീക്ഷിക്കേണ്ട സമയം കടന്നുപോയിരിക്കുന്നുവെന്ന് കാവിപ്പട തിരിച്ചറിഞ്ഞു. അങ്ങനെയാണ് പുതിയ നാടകത്തെക്കുറിച്ച് ചിന്തിച്ചത്. പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും അമ്പതു ദിവസമായി ആവശ്യപ്പെടുന്നത് ബിരേൻ സിങ്ങിന്റെ രാജിയാണ്. രാജിയാകട്ടെ, തോൽവി സമ്മതിക്കലുമാണ്. അപ്പോൾ ഇലക്കും മുള്ളിനും കേടില്ലാത്ത പുതിയൊരു മോഡൽ ആവിഷ്കരിക്കണം. അതാണ് ഇംഫാലിൽ കണ്ടത്. രാജിക്കത്തെഴുതി, ചൊവ്വാഴ്ച രാജ്ഭവനിലേക്ക് പോകാനൊരുങ്ങിയ ബിരേൻ സിങ്ങിന്റെ വാഹനവ്യൂഹം തടയാനുള്ള ഉത്തരവാദിത്തം വനിത അനുയായികൾക്കായിരുന്നു. അതവർ ഭംഗിയായി ചെയ്തു; ഗോദി മീഡിയ ആ ദൃശ്യങ്ങൾ രാജ്യം മുഴുവൻ കാണിക്കുകയും ചെയ്തു. അനുയായികളുടെ സ്നേഹത്തിൽ വീർപ്പുമുട്ടിയ ബിരേൻ സിങ്ങിന് രാജിനീക്കത്തിൽനിന്ന് പിന്മാറുകയല്ലാതെ മറ്റു മാർഗമില്ലെന്ന് അവർ നിരന്തരം വിളിച്ചുപറയുകയും ചെയ്തതോടെ മണിപ്പൂർ കലാപത്തിന് പുതിയൊരു ആഖ്യാനം രൂപപ്പെട്ടു. ‘ത്യാഗസന്നദ്ധതയാൽ അയാൾ അനുയായികൾക്കുമുന്നിൽ മുട്ടുമടക്കി’ എന്നുവരെ എഴുതിപ്പിടിപ്പിച്ചവരുണ്ട്. നാടകാന്തം ശുഭം! ഇനിയും സംശയമുള്ളവർക്ക് രാജിയില്ലെന്ന് ട്വിറ്ററിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതാണ് ഈ നാടകത്തിന്റെ ഭരതവാക്യം.
തികഞ്ഞ ആത്മാർഥതയോടെയാണ് അനുയായികൾ നാടകത്തിന്റെ ഭാഗമായതെന്ന് പറയേണ്ടിവരും. മണിപ്പൂരിൽ കുറച്ചുകാലത്തേക്കെങ്കിലും കലാപത്തീ അണയരുതെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. അവിടെ നടക്കുന്നത് ലക്ഷണമൊത്തൊരു ഗുജറാത്ത് മോഡൽ വംശഹത്യയാണെന്ന് പാപ്ലാനി പിതാവുപോലും സമ്മതിച്ചിരിക്കുന്നു. അതിൽക്കൂടുതലൊരു വിശദീകരണം ഇനി വേണോ? ആരാണ് അവിടെ ക്രൂശിക്കപ്പെടുന്നതെന്ന് എല്ലാവർക്കും അറിയാം. അതിന്റെ കാരണങ്ങളുമറിയാം. സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗവും ‘അധികാരി’കളുമായ മെയ്തേയി വിഭാഗക്കാരെ പട്ടികവർഗമായി പരിഗണിച്ച് അവർക്ക് കൂടുതൽ സംവരണവും ഭൂമിയുമെല്ലാം നൽകുമെന്നായിരുന്നല്ലോ സത്യപ്രതിജ്ഞയുടെ രണ്ടാം നാൾ മുതൽ ബിരേൻ സിങ്ങിന്റെ വാഗ്ദാനം. ഇതെങ്ങാനും സംഭവിച്ചാൽ സ്വാഭാവികമായും നഷ്ടം അവിടത്തെ യഥാർഥ ഗോത്രവർഗ വിഭാഗക്കാർക്കായിരിക്കും. എന്നുവെച്ചാൽ, ക്രൈസ്തവ ന്യൂനപക്ഷമായ നാഗകൾക്കും കുക്കികൾക്കുമൊക്കെ. അവർക്ക് നാമമാത്രമായെങ്കിലും ലഭിക്കുന്ന സർക്കാർ ജോലി നഷ്ടമാകും, ഉള്ള കിടപ്പാടവും ഇല്ലാതാകും. മറ്റൊരുതരം വംശഹത്യതന്നെ. അതിന്റെ നടപടികൾ അവിടെ നേരത്തേ തുടങ്ങിയിട്ടുണ്ട്. ഇംഫാലിലും മറ്റും ചർച്ചുകൾ ആക്രമിക്കപ്പെടുന്ന വാർത്തകൾ ഇടക്കിടെ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമാണ്. ആ പരിപാടി വേഗത്തിലാക്കാനാണ് പഴയ വാഗ്ദാനം നടപ്പാക്കാൻ ബിരേൻ ഇറങ്ങിപ്പുറപ്പെട്ടത്. ഗോത്രവർഗക്കാർ സമാധാനപരമായ പ്രതിഷേധത്തിന് മുതിർന്നപ്പോൾ അവരെ തെരുവിൽ നേരിട്ടു. ഇത്രയും ശാസ്ത്രീയമായി ഇപ്പരിപാടിക്ക് നേതൃത്വം നൽകുന്ന ബിരേൻ സിങ്ങിനെ രാജിവെക്കാൻ, അദ്ദേഹം സമ്മതിച്ചാൽപോലും സംഘ്പരിവാർ സമ്മതിക്കുമോ? നമ്മുടെ രാജ്യത്ത് മറ്റൊരു ഭരണാധികാരിക്കുമില്ലാത്ത സുകൃതമാണ് ബിരേൻ സിങ്ങിന്.
ജീവിതം ഒരു നാടകമെന്നാണല്ലോ ഷേക്സ്പീരിയൻ വചനം. അരങ്ങിൽ പകർന്നാട്ടങ്ങളുടെ സഞ്ചാരം കൂടിയാണ് ജീവിതം. ബിരേൻ സിങ്ങിന്റെ ജീവിതവുമതെ. പൂർവാശ്രമത്തിൽ കാൽപന്തുകളിക്കാരനായിരുന്നു. കോളജ് കാലംതൊട്ട് തുടങ്ങിയതാണ് കാൽപന്തിനോടുള്ള പ്രണയം. 18ാം വയസ്സിൽ ബി.എസ്.എഫിന്റെ ഫുട്ബാൾ ടീമിൽ ഭാഗമായി. 1981ൽ, ജെ.സി.ടിയെ തോൽപിച്ച് ബി.എസ്.എഫ് ഡ്യൂറന്റ് കപ്പ് നേടുമ്പോൾ ആദ്യ ഇലവനിൽ ബിരേൻ സിങ്ങുമുണ്ടായിരുന്നു. തൊട്ടടുത്ത വർഷം ബി.എസ്.എഫ് വിട്ടു; പിന്നീട് സന്തോഷ് ട്രോഫിയിലും മറ്റും മണിപ്പൂരിനുവേണ്ടി ബൂട്ടുകെട്ടി. 1991ൽ, കളിഭ്രമം ഉപേക്ഷിച്ചു. അടുത്ത തട്ടകം പത്രപ്രവർത്തനമായിരുന്നു. 92ൽ, സ്വന്തമായൊരു പത്രം തുടങ്ങി -നെഹറോൽഗി തൗഡാങ്. അന്നു മുതൽ അതിന്റെ പത്രാധിപസ്ഥാനം അലങ്കരിച്ചു. സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന പത്രമായിരുന്നു നെഹറോൽഗി തൗഡാങ്. അതിൽവന്ന മൂർച്ചയേറിയ എഡിറ്റോറിയലുകളുടെ പേരിൽ പലകുറി ബിരേൻ കോടതി കയറിയിട്ടുണ്ട്. ഒരിക്കൽ അറസ്റ്റിലായിട്ടുമുണ്ട്. 2001ൽ, പത്രാധിപരുടെ പണി ഉപേക്ഷിച്ചു. അപ്പോഴേക്കും മണിപ്പൂരിലെ രാഷ്ട്രീയ സംഘവുമായൊക്കെ അത്യാവശ്യം ബന്ധമായിട്ടുണ്ടായിരുന്നു. പകർന്നാട്ടത്തിന്റെ അടുത്ത തട്ടകം രാഷ്ട്രീയ ഗോദയായിരുന്നു. 2002ൽ, ഡെമോക്രാറ്റിക് റെവല്യൂഷനറി പീപ്പിൾസ് പാർട്ടിയിൽ (ഡി.ആർ.പി.പി) ചേരുന്നതോടെ ആ കളിയാരംഭിച്ചു. ആ വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പില പാർട്ടി ടിക്കറ്റിൽ വിജയിച്ച് നിയമസഭയിലെത്തുകയും ചെയ്തു. തൊട്ടടുത്ത വർഷം, ഡി.ആർ.പി.പി കോൺഗ്രസിൽ ലയിച്ചതോടെ വേഷം ഖദർവസ്ത്രമായി. 2007ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ജലവിഭവം, കായികം, യുവജനം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയുമായി. അഞ്ചുവർഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പ്. പതിവുപോലെ നിയമസഭയിലെത്തിയ ബിരേൻ സിങ്ങിനെ പക്ഷേ, മുഖ്യൻ ഇബോബി സിങ് കാബിനറ്റിൽ ഉൾപ്പെടുത്തിയില്ല. അതോടെ, പാർട്ടിയിൽ പോർമുഖം തുറന്നു. ടിയാനെ ഒതുക്കാൻ പാർട്ടിയുടെ ഉപാധ്യക്ഷപദവിയൊക്കെ കൊടുത്തു. 2016ൽ, പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നു. തൊട്ടടുത്തവർഷത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം പോയി; ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലെത്തിയ ബിരേൻ സിങ് മുഖ്യമന്ത്രിയുമായി. അന്നുതൊട്ട് ലക്ഷണമൊത്ത സംഘ്പരിവാറുകാരനാണ്. പത്രാധിപകാലത്ത് ഉയർത്തിപ്പിടിച്ച മാനവ പ്രത്യയശാസ്ത്രമൊക്കെ വിട്ട്, വംശീയ മുദ്രാവാക്യങ്ങളിലേക്കുള്ള സ്വാഭാവിക പകർന്നാട്ടം സംഭവിക്കുന്നത് ഇക്കാലത്താണ്. അതിന്റെ തുടർച്ചയിലാണ് മെയ്തേയി വിഭാഗത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചില വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചത്. 2022ൽ ജനങ്ങൾ ഒരവസരം കൂടി നൽകിയതോടെ നടപടികൾ വേഗത്തിലായിരിക്കുന്നു. അതാണ് മണിപ്പൂരിന്റെ വിലാപവും കണ്ണീരുമായി മാറിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.