ജയിക്കാനല്ല, സമ്പാദിക്കാൻ ജനിച്ചവർ
text_fieldsകഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലം ബി.ജെ.പി നേതാക്കളുടെ ചാകരയായിരുന്നു. എന്ത് വിലകൊടുത്തും അക്കൗണ്ട് തുറക്കാൻ കേന്ദ്ര നേതൃത്വം കിണഞ്ഞു പരിശ്രമിച്ചു. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രചാരണത്തിന് കേന്ദ്രത്തിൽനിന്ന് കോടികളൊഴുകി. എന്നാൽ, പ്രചാരണത്തിന് വിനിയോഗിച്ചില്ലെന്ന് മാത്രം. അതുസംബന്ധിച്ച് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് മാരാർജി ഭവനിൽനിന്ന് ബ്രീഫ്കേസിലാണ് ഒരു േനതാവ് കോടികൾ കൊണ്ടുപോയത്. ആ തുക എവിടെപ്പോയി എന്നത് ഇന്നും അവ്യക്തം. ഇൗ നേതാവിന് പിന്നീട് മറ്റ് ചുമതലകൾ ലഭിച്ചതും ദുരൂഹം. ചാനൽ ചർച്ചകളിൽ അഴിമതിയെന്ന് കേട്ടാൽ കലിതുള്ളുന്ന ഒരു നേതാവിെൻറ ആസ്തി പരിശോധിച്ചാൽ ഞെട്ടും. റിയൽ എസ്റ്റേറ്റ്, ടൈൽ ബിസിനസ് അങ്ങനെ സൈഡ് ബിസിനസുകൾ വേറെയും. സ്ഥാനാർഥിയായി നിരവധിതവണ മത്സരിച്ച വകയിൽ സ്വന്തം അക്കൗണ്ടിലേക്ക് വന്ന പണം വേറെ. ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയം ഒതുക്കിത്തീർക്കാൻ ഇടപെട്ടുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ശക്തമാണ്. മുമ്പ് കെ.എസ്.ആർ.ടി.സി ബസിൽ മാത്രം യാത്ര ചെയ്തിരുന്ന നേതാക്കളിൽ പലരും ഇപ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളിലാണ് കുതിച്ചുപായുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച ഒരു പ്രമുഖ നേതാവ് 35 ലക്ഷം രൂപ സമ്പാദിച്ചുവെന്ന ആരോപണത്തെക്കുറിച്ച് പാർട്ടി തന്നെ രഹസ്യാന്വേഷണം നടത്തുന്നുണ്ട്. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടണമെന്ന പാർട്ടി നിർദേശാനുസരണം സജീവമായി രംഗത്തിറങ്ങിയ ചില നേതാക്കൾ പ്രശ്നങ്ങൾ തീർത്ത് തങ്ങളുടെ അക്കൗണ്ടിലേക്ക് കൊണ്ടുപോയത് ലക്ഷങ്ങളാണ്. നേതാക്കൾ സ്വയം പ്രസിഡൻറായി പ്രഖ്യാപിച്ച് കാര്യങ്ങൾ നടപ്പാക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. തലസ്ഥാനത്തെ ഒരു മണ്ഡലത്തിൽ മത്സരിച്ച പ്രമുഖ നേതാവ് നിരവധി ജീവനക്കാരെ ശമ്പളത്തിനുെവച്ചാണ് സമാന്തരമായി സ്വന്തം ഒാഫിസ് പ്രവർത്തിപ്പിക്കുന്നത്. ഇൗ ഒാഫിസിനും ജീവനക്കാരുടെ ശമ്പളത്തിനും മറ്റും മാസം ലക്ഷങ്ങളാണ് െചലവഴിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയാകുന്ന ഇദ്ദേഹത്തിെൻറ അക്കൗണ്ട് പരിശോധിച്ചാൽ വർഷങ്ങൾക്കുള്ളിൽ സാമ്പത്തികസ്ഥിതിയിൽ വന്ന മാറ്റം വ്യക്തമാകും.
കോഴിക്കോട് നടന്ന േദശീയ കൗൺസിലുമായി ബന്ധപ്പെട്ടുനടന്ന പണപ്പിരിവിൽ വൻ ക്രമക്കേടാണ് നടന്നത്. പല പ്രമുഖരുടേയും അക്കൗണ്ടുകളിലേക്ക് ഇൗ പണം എത്തി. സ്വകാര്യ മെഡിക്കൽ കോളജിന് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടികൾ വാങ്ങിയെന്ന ആരോപണവിധേയനായ നേതാവിന് തലസ്ഥാനനഗരയിൽ ബഹുനില കെട്ടിടമുൾപ്പെടെ സമ്പാദ്യങ്ങളുണ്ട്. കുറച്ചുകാലംകൊണ്ട് പാർട്ടിയുടെ മുൻനിരയിലേക്കുയർന്ന ഒരു നേതാവിനെക്കുറിച്ചുള്ള സാമ്പത്തികത്തിരിമറി കഥകൾ നിരവധിയാണ്. നഴ്സറി കുട്ടിയെ പട്ടിക്കൂട്ടിലടച്ച് പീഡിപ്പിച്ചുവെന്ന നിലയിലുള്ള വാർത്തകൾ പ്രചരിപ്പിച്ച് നേട്ടം കൈവരിച്ചതുൾപ്പെടെയുള്ള ആരോപണം ഇൗ നേതാവിനെതിരെയുണ്ട്. മുമ്പ് തിരുവനന്തപുരത്തെ ഒരു നിയമസഭ മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സമർപ്പിച്ച കണക്കിൽ 24 ലക്ഷം രൂപയാണ് രേഖെപ്പടുത്തിയിരുന്നതെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കോടിയുടെ സമ്പത്തുണ്ടെന്നാണ് രേഖപ്പെടുത്തിയത്. തലസ്ഥാനനഗരിയിൽ കോടികൾ വിലമതിക്കുന്ന ആഡംബരവീടും ഇൗ നേതാവ് സ്വന്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതിയും സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. മംഗളൂരുവിൽ മൂന്ന് ബി.ജെ.പി നേതാക്കൾ ചേർന്ന് ടിൻ ബിയർ കമ്പനി നടത്തുന്നുണ്ട്. ദക്ഷിണേന്ത്യയിൽ ടൈൽ ബിസിനസ് നടത്തുന്ന ഒരു പ്രമുഖനും ബി.ജെ.പി നേതാവുതന്നെ. മുമ്പ് പോഷക സംഘടന നേതാവായിരിക്കെ പാർട്ടി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം സ്വന്തം പേരിലേക്കാക്കിയ മറ്റൊരു വിരുതനും പാർട്ടിയിലുണ്ട്.
പാലക്കാട്-തൃശൂർ ദേശീയപാതയിലെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീർക്കുന്നതിന് സംസ്ഥാന ഭാരവാഹി കൈപ്പറ്റിയത് കോടികളാണ്. പാലക്കാട് നഗരസഭയിൽ നേതാക്കളുടെ തിരിമറിക്കഥ ഒാരോന്നായി പുറത്തുവരുകയാണ്. തൃശൂർ ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കളുടെ ആസ്തി കേട്ടാൽ ഞെട്ടും. ക്വാറി, നിർമാണ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുന്നത് പ്രമുഖ നേതാവാണ്. ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവ് കോടികൾ മുതൽമുടക്കി ബിനാമി പേരിൽ ടൈൽ ഫാക്ടറി വാങ്ങിക്കഴിഞ്ഞു. മറ്റൊരു സംസ്ഥാന നേതാവാകെട്ട ബംഗളൂരു, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലൊക്കെ കെട്ടിട സമുച്ചയങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. പാർട്ടിയിലെ ഒരു വനിത നേതാവ് ലക്ഷങ്ങളുടെ ആഡംബരക്കാറാണ് അടുത്തിടെ സ്വന്തമാക്കിയത്. മലപ്പുറം ജില്ലയിലെ ഒരു നേതാവ് ജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചതും പുറത്തുവന്നിട്ടുണ്ട്.
സ്വന്തമായി ഇന്ത്യൻ കറൻസി അച്ചടിച്ച് കൊടുങ്ങല്ലൂരിൽ പിടിയിലായതും യുവമോർച്ചയുടെ പ്രാദേശിക നേതാവാണ്. ആ നേതാവിന് സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷമായ ബി.ജെ.പി നടത്തുന്ന അഴിമതിക്കഥകളും പുറത്തുവരുകയാണ്. പിന്നെ അവിഹിത ഗർഭമുൾപ്പെടെ നാറ്റക്കഥകളും ബി.ജെ.പി നേതാക്കളെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.