രാഷ്ട്രീയ സമൂഹത്തിന്റെ സ്വയം വിമര്‍ശനം
text_fieldsകേരളത്തില്‍ നിന്ന് ഇതാദ്യമായി ബി.ജെ.പി ഒരു ലോക്സഭാ സീറ്റ് നേടിയത് സ്ഥാനാര്‍ഥിയുടെ പൊതുസ്വീകാര്യതകൊണ്ട് കൂടിയാകാം എന്ന വിശകലനം ശരിയാണെങ്കില്‍ അത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇടതുപക്ഷമാണ് പൊതുസ്വീകാര്യതയുള്ള വ്യക്തികളെ സ്ഥാനാര്‍ഥികളാക്കുന്ന തന്ത്രം മുമ്പ് വിജയകരമായി പ്രയോഗിച്ചിട്ടുള്ളത്. സർഗാത്മക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഇടതുപക്ഷവുമായി ചേര്ന്നുനില്ക്കാന് താൽപര്യം കാണിച്ചിരുന്നതുകൊണ്ട് കൂടിയാണ് അത് സാധ്യമായിരുന്നത്.
അധികാരത്തോടൊപ്പം വ്യക്തിജീവിതത്തിലും അധികാരവിരുദ്ധത എഴുത്തിലുമെന്ന നിലപാടുള്ള ബുദ്ധിജീവികള്‍ പ്രത്യേകിച്ച് എണ്‍പതുകള്‍ മുതല്‍ ഇടതുമുന്നണിയുമായി ചേര്‍ന്നുനിന്നിട്ടുണ്ട് എന്ന വിമര്‍ശനവും പ്രബലമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെയൊരു സാധ്യത ബി.ജെ.പിക്ക് ലഭിക്കുന്നു എന്നത് ആ പാര്‍ട്ടിയിലേക്കുള്ള വോട്ടുചോര്ച്ചപോലെതന്നെ ഗൗരവതരമാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം എന്നത് നിസ്സാരമായ കാര്യമല്ല. എണ്‍പതുകള്‍ മുതല്‍ കേരളത്തിലെ ബി.ജെ.പിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളര്‍ച്ച സൂക്ഷ്മമായി പരിശോധിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. എന്റെ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഇടപെടലുകള്‍ സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയം തുറന്നുകാട്ടുന്നതിനായിരുന്നു.
1984 മുതല്ക്കുള്ള ബി.ജെ.പിയുടെ കേരളത്തിലെ വോട്ടുവർധനയുടെ കണക്കുകള്‍ അങ്ങേയറ്റത്തെ ആശങ്കകളോടെയാണ് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. പഴയ ജനസംഘത്തിന്റെ വോട്ടുകളും എഴുപതുകളില്‍ ജനസംഘം ജനതാ പാര്‍ട്ടിയുടെ മുഖ്യഘടകമായി, അന്നത്തെ ഇടതുമുന്നണിയുടെ ഭാഗമായി, കേരളത്തില്‍ പൊതുമാന്യത നേടിയെടുത്തത് മുതല്‍ ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ ചുവടുറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ “ഇത് കേരളമാണ്” എന്ന അലസമായ നവോത്ഥാന ഭൂതാതുരതയില്‍ അഭിരമിച്ചുകൊണ്ട് അവഗണിക്കുന്നത് അപകടകരമാണ് എന്ന ബോധ്യം എല്ലാകാലത്തും ഞാന്‍ പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ബി.ജെ.പി തൃശൂരിൽ നേടിയ വിജയത്തില്‍ അതിശയമല്ല; അത് സംഭവിക്കും എന്ന് മനസ്സിലാക്കി തടയാന്‍ കഴിയാതിരുന്ന രാഷ്ട്രീയ സമൂഹത്തിന്റെ അലംഭാവത്തെക്കുറിച്ചുള്ള വേദനയാണെനിക്കുള്ളത്.
ഹിന്ദുത്വത്തിന്റെ വോട്ടുരാഷ്ട്രീയം
നേമം നിയമസഭാ മണ്ഡലത്തിൽനിന്ന് ഒ. രാജഗോപാൽ വിജയിച്ച ഘട്ടത്തിൽ “ഒരു എം.എല്‍.എയും മുപ്പതുലക്ഷം വോട്ടുകളും” എന്ന തലക്കെട്ടിൽ 2016 മേയ് 24ന് എഴുതിയ കോളത്തിൽ ഞാന്‍ ഇങ്ങനെ ചൂണ്ടിക്കാട്ടിയിരുന്നു: “എണ്‍പതുകള്‍ മുതല്‍ ക്രമാനുഗതമായി ബി.ജെ.പി അതിന്റെ വോട്ടുവിഹിതം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. കൂടാതെ ബി.ജെ.ഡി.എസ് എന്ന പാര്‍ട്ടി ഇപ്പോള്‍ ഒരു നിർണായകശക്തി തന്നെയാണ്. ഫാഷിസ്റ്റ് സഖ്യത്തിന് അതുവഴി കിട്ടിയ വോട്ടുകള്‍ നിസ്സാരമല്ല. വെള്ളാപ്പള്ളിയുടെ ചരിത്രദൗത്യം എസ്.എന്‍.ഡി.പിയെ സവർണ ഫാഷിസ്റ്റ് ആലയില്‍ തളക്കുക എന്നതാണെന്ന് അദ്ദേഹം അതിന്റെ നേതൃത്വം ഏറ്റെടുത്ത നാള്‍മുതല്‍ തോന്നിയിട്ടുള്ളതാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പല ലേഖനങ്ങളിലായി ഞാന്‍ അത് വിളിച്ചുപറഞ്ഞിട്ടുണ്ട്. അപകടകരമായ ഒരു രാഷ്ട്രീയസഖ്യമാണത്.
ബി.ജെ.ഡി.എസിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചില്ല, അവര്‍ അപ്രസക്തരായി എന്നൊക്കെ കരുതുന്നവര്‍ കാര്യത്തിന്റെ ഗൗരവം കുറച്ചുകണ്ടു ആശ്വസിക്കാന്‍ ശ്രമിക്കുകയാണ് എന്നു മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. എസ്.എന്‍.ഡി.പി മാത്രമല്ല, എന്‍.എസ്.എസും ഈ വഴി സ്വീകരിക്കും എന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ യാഥാർഥ്യമായിട്ടില്ലെങ്കിലും അതിന്റെ സംഭവ്യത തള്ളിക്കളയാനാവില്ല”. എട്ടുവര്‍ഷം മുമ്പത്തെ ആ സാഹചര്യം ഇപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.
ഈഴവ വോട്ടുകള്‍ സി.പി.എമ്മില്‍നിന്ന് കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകി എന്ന ഔദ്യോഗിക വിശകലനംതന്നെ ഉണ്ടായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ ഇത് എഴുതിയത് 1984 മുതല്‍ 2004 വരെയുള്ള ഇരുപതു വര്‍ഷക്കാലംകൊണ്ട് കേരളത്തില്‍ തങ്ങളുടെ വോട്ടുശതമാനം 1.75ല്‍നിന്ന് 10.38 ആക്കി വർധിപ്പിച്ച ബി.ജെ.പിയെക്കുറിച്ചാണ്. തൃശൂര്‍ മണ്ഡലത്തില്‍ യാദൃച്ഛികമായി ജയിച്ചുകയറിയതല്ല ഹിന്ദുത്വ രാഷ്ട്രീയം. ക്രമാനുഗതമായ വോട്ടുസമാഹരണം നടത്തി അടിത്തറ ബലപ്പെടുത്തിയാണ് അവരിത് സാധ്യമാക്കിയത്.
ആദ്യകാലത്ത് അവര്‍ ചോര്‍ത്തിയിരുന്നത് യു.ഡി.എഫ് വോട്ടുകളായിരുന്നു. അതിന്റെകൂടി ബലത്തിലാണ് എല്‍.ഡി.എഫ് തുടരെ അധികാരത്തില്‍ എത്താന്‍ തുടങ്ങിയത്. എന്നാല്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഈഴവ നേതൃത്വത്തെ വലിച്ചടുപ്പിച്ചുകൊണ്ട് ബി.ജെ.പി നടത്തിയ തന്ത്രപരമായ നീക്കത്തില്‍ എൽ.ഡി.എഫ് വോട്ടുകളും കാര്യമായി ബി.ജെ.പിയിലേക്ക് പോകാന്‍ തുടങ്ങിയിരിക്കുന്നു.
എൽ.ഡി.എഫ് നേരിട്ട പ്രതിസന്ധി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ഒരു വശത്ത് ഹിന്ദുത്വത്തിലേക്ക് ചായുന്ന എന്‍.എസ്.എസിനെ അകറ്റാതെ നോക്കണം, മറുവശത്ത് ഈഴവ വോട്ടുകള്‍ പിടിച്ചുനിര്‍ത്തണം. അനേകം ഉദാഹരണങ്ങളിലേക്ക് കടക്കാതെ, രൂപകാത്മകമായി നോക്കിയാല്‍ ഒരുവശത്ത് മുന്നാക്ക സംവരണം ബി.ജെ.പിയേക്കാള്‍ ആവേശത്തോടെ നടപ്പാക്കിയും മറുവശത്ത് വെള്ളാപ്പള്ളി നടേശനെ നവോത്ഥാന മൂല്യസംരക്ഷണസമിതി പ്രസിഡൻറ് സ്ഥാനത്ത് നിലനിര്‍ത്തിയുമുള്ള ബാലന്‍സിങ് പക്ഷേ, പാര്‍ട്ടിയുടെ അടിത്തറ വോട്ടര്‍മാരെ സ്വാധീനിച്ചില്ല എന്നത് കേരളത്തിന്റെ ഭാവി വോട്ടിങ് മാതൃകയിലേക്കുള്ള ചൂണ്ടുപലകയാണ്.
കോൺഗ്രസും സ്വയം ചോദിക്കണം
കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ യഥാർഥത്തില്‍ കൂടുതല്‍ വിശകലനം നടത്താനുള്ളത് കോൺഗ്രസിനാണ് എന്നാണ് എനിക്ക് തോന്നുന്നത്. പരാജയം പോലെതന്നെ വിജയവും ചിലപ്പോള്‍ ആത്മവിമര്‍ശനം നടത്താനുള്ള അവസരമാകാറുണ്ടല്ലോ. “നമ്മള് എന്തുകൊണ്ട് വിജയിച്ചു?” എന്നൊരുചോദ്യം കോൺഗ്രസിനു ചോദിക്കാവുന്നതാണ്. ആരെയാണ് കോൺഗ്രസ് പരാജയപ്പെടുത്തിയത് എന്നത് അവർക്കുതന്നെ കൃത്യതവേണ്ട ചോദ്യമാണ്.
സി.പി.എം, ബി.ജെ.പി (എൽ.ഡി.എഫ്, എൻ.ഡി.എ) എന്നീ പാര്‍ട്ടികള്‍ ആയിരുന്നു മുഖ്യ എതിരാളികള്‍ എങ്കിലും കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ സി.പി.എം തന്നെയായിരുന്നു പ്രധാനമായും എതിര്‍പക്ഷത്ത് ഉണ്ടായിരുന്നത്. സി.പി.എം, കോൺഗ്രസ് നേതൃത്വം നല്കുന്ന ഇൻഡ്യാ സഖ്യത്തിന്റെ ഘടകമല്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. സി.പി.എം കൂടുതല്‍ കൂടുതല്‍ ആന്തരികവും ബാഹ്യവുമായ പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാവുന്നത്. ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായിട്ടുള്ള പാര്‍ശ്വവത്കരണം ഇന്ത്യയിലെ പാര്‍ട്ടിയെയും ബാധിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയിലെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പു ശക്തിയായി അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. അതിന്റെ ആഭ്യന്തര സമ്മർദം ചെറുതാവാനിടയില്ല.
ലോകത്തിലെ അധികാരത്തിനു പുറത്തുള്ള വർക്കിങ് ക്ലാസ് പാർട്ടികള്‍ ഒരിക്കല്‍ ഇല്ലാതായവ പിന്നീട് ആ രൂപത്തില്‍ തിരിച്ചുവന്നിട്ടില്ല. ഇന്ത്യയില്‍തന്നെ സി.പി.ഐ ആവട്ടെ, സി.പി.എം ആവട്ടെ ഒരിക്കല്‍ പ്രാധാന്യം നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ പിന്നീടൊരിക്കലും തിരിച്ചുവന്നിട്ടില്ല. കേരളത്തിലെ സി.പി.എം ഈ അവസ്ഥ ഒഴിവാക്കാന്‍ ശ്രമിക്കുന്ന, എന്നാല്‍ പ്രത്യയശാസ്ത്രപരമായി നിരാലംബമാക്കപ്പെട്ട പാര്‍ട്ടിയാണ്. സത്യത്തില്‍ ഒരു സ്വയംവിമര്‍ശനത്തിനുള്ള രാഷ്ട്രീയശക്തി ഇപ്പോള്‍ അവർക്കില്ല. അതുകൊണ്ടാണ് നേതാക്കള്‍ മാധ്യമങ്ങളിൽക്കൂടി ‘ആത്മപരിശോധന വേണം’ എന്ന പ്രസ്താവനകള്‍ തുടരെത്തുടരെ ഇറക്കുന്നത്.
ക്രൂഷ്ചേവിന്റെ സ്വയംവിമര്‍ശനത്തില്‍ പാർട്ടിക്കും തനിക്കും പറ്റിയ തെറ്റുകള്‍ ഏറ്റുപറയുന്നുണ്ട്. അതായത്, സ്വയം വിമര്‍ശനം അമൂര്‍ത്തമായ പ്രസ്താവനകളല്ല എന്നർഥം. “കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകള്‍ ആണെങ്കില്‍; മാര്‍ക്സിസ്റ്റുകള്‍ കമ്യൂണിസ്റ്റുകള്‍ ആണെങ്കില്‍, അവര്‍ വെറുതെ വെളിമ്പുറങ്ങളില്നിന്ന് നിലവിളിക്കുകയല്ല ചെയ്യുന്നത്. പ്രായോഗികമായി അവര്‍ ഒറ്റപ്പെടുമ്പോള്പോലും” എന്നാണ് സ്വയംവിമര്‍ശനം എന്താണെന്ന് വിശദീകരിക്കുന്ന ലേഖനത്തില്‍ മാര്‍ക്സിസ്റ്റ് ചിന്തകൻ അൽത്തൂസ്സര്‍ പറഞ്ഞിട്ടുള്ളത്. അണികളിലെ ദുഷ്പ്രവണതകള്‍ രോഗമല്ല, രോഗലക്ഷണമാണ്. രോഗം കണ്ടെത്തുന്നതാണ് സ്വയംവിമര്‍ശനം. പ്രത്യയശാസ്ത്രപരമായി വ്യക്തത ഉള്ളപ്പോള്‍ മാത്രമേ സ്വയംവിമര്‍ശനം സാധ്യമാവുകയുള്ളു.
ബി.ജെ.പിയുടെ കാര്യം തിരിച്ചാണ്. ഇന്ത്യയൊട്ടാകെ അവരുടെ പ്രാമുഖ്യം കുറയുമ്പോള്‍ അത് കേരളത്തില്‍ വർധിക്കുകയാണ്. ഇതാവട്ടെ എണ്‍പതുകളില്‍ ആരംഭിച്ചതാണ്. അക്കാലത്ത് അത് ആശയപരമായ ഒരു സാന്നിധ്യം മാത്രമായിരുന്നു. കേരളീയ പൊതുബോധത്തെ ഉടച്ചുവാര്‍ത്ത് ന്യൂനപക്ഷ വിരുദ്ധവും ദലിത് വിരുദ്ധവുമാക്കുക എന്ന പദ്ധതിയാണ് അന്നവർ നടത്തിപ്പോന്നത്, തെരഞ്ഞെടുപ്പുവിജയം അജണ്ടയാക്കാനുള്ള കെല്പ് അവര്ക്കന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ സ്ഥിതി മാറിയിരിക്കുന്നത് ശ്രദ്ധിക്കാതെ വിടുന്നത് ഭാവിയില്‍ ദോഷം ചെയ്യും. “സ്വയം വിമര്‍ശനം’ ലെനിനിസ്റ്റ് തത്ത്വം ആണെങ്കിലും ജനാധിപത്യത്തിന്റെ ലെക്സിക്കണിലേക്ക് ആര്‍ക്കും സ്വീകരിക്കാവുന്ന ഒരു സാര്‍വലൗകിക മാനദണ്ഡം കൂടിയാണ്. സി.പി.എം മാത്രമല്ല, കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയസമൂഹം പൂർണമായും ആ സ്വയംവിമര്‍ശനത്തിനു മുതിരേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.