ആദിത്യ താക്കറെയെ ഉന്നമിട്ട് ബി.ജെ.പിയുടെ 'പപ്പു 2'; പിന്നിലെ കളികൾ...
text_fields
മഹരാഷ്ട്രയിലെ രാഷ്ട്രീയം മുംബൈ ചലച്ചിത്ര വ്യവസായത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാൻ തീരുമാനിച്ചതുപോലെ തോന്നുന്നു. തലമുറകൾ നീളുന്ന കുടിപ്പകയും രണ്ടു രാജവംശങ്ങളുടെ അധികാരത്തിനുള്ള യുദ്ധവുമൊക്കെ ചേർന്ന കഥ േപാലെയാകുകയാണത്. ഒരു നടെൻറ മരണവും, തുടരുന്ന ആത്മനിയന്ത്രണമില്ലാത്ത ആരോപണ ശരങ്ങളും അതിേനാടു ചേരുന്നു. അതിനിടയിൽ, കുറച്ചു മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലേക്ക് ബി.ജെ.പി ഉറ്റുനോക്കുന്നു. ബോക്സ് ഓഫിസിൽ പണം വാരുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തി തട്ടിക്കൂട്ടിയുണ്ടാക്കിയ തിരക്കഥയിലൂന്നിയ കളികൾ രണ്ടു സംസ്ഥാനങ്ങളിലാണ് ഇേപ്പാൾ നടന്നുകൊണ്ടിരിക്കുന്നത് -മഹാരാഷ്ട്രയിലും ബിഹാറിലും.
അതിനാടകീയമായ സത്യപ്രതിജ്ഞക്ക് 72 മണിക്കൂർ പിന്നിടുംമുേമ്പ മഹാരാഷ്ട്രയിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെയെ ഏതുവിധം സ്ഥാനഭ്രഷ്ടനാക്കുമെന്ന് 24x7 അടിസ്ഥാനത്തിൽ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തെൻറ ഭരണാധികാരം താക്കറെ അപഹരിച്ചുകളഞ്ഞുവെന്ന അരിശത്തിൽതന്നെയാണ് ഫഡ്നാവിസ് ഇേപ്പാഴും. താക്കറെ സർക്കാർ കോൺഗ്രസിെൻറയും എൻ.സി.പിയുടെയും പിന്തുണയോടെയാണ് ഭരിക്കുന്നതെങ്കിലും ബി.ജെ.പിയുടെ രോഷം മുഴുവൻ താക്കറെ കുടുംബത്തോടും അവരുടെ പാർട്ടിയായ ശിവസേനയോടുമാണ്.
ഈ ലേഖനം തയാറാക്കുന്നതിെൻറ ഭാഗമായി കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ഒരുപാട് നേതാക്കന്മാരുമായി ഞാൻ സംസാരിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിലനിൽക്കുന്ന രാഷ്ട്രീയ വിഷയങ്ങളുടെ മർമമായി അവർ ചൂണ്ടിക്കാട്ടിയ കാര്യം ഏറെ ആകർഷകമായി എനിക്ക് തോന്നി. സംസ്ഥാനത്തെ ബി.ജെ.പി ഘടകത്തിനും അതിെൻറ നേതൃത്വത്തിനും യഥാർഥ അപകട ഭീഷണിയുയർത്തുന്നത് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയുമാണ് എന്നതാണത്. ബാൽതാക്കറെയുടെ മരണശേഷം, ആകർഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, വെറുമൊരു േഫാട്ടോഗ്രാഫറായ മകൻ ഉദ്ധവ് ഒന്നുതള്ളിയാൽ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.െജ.പിയുടെ കണക്കുകൂട്ടൽ.
അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകൻ ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തിൽ വേണ്ട പരിചയമാർജിക്കാനും ഉദ്ധവ് അവസരമൊരുക്കിയതോടെ ഇടപെടേണ്ട സമയമായിരിക്കുന്നുവെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പിയും അവരുടെ ഐ.ടി സെല്ലും നടത്തിയ 'പപ്പു' കാമ്പയിൻ ഇൗ സന്ദർഭത്തിൽ ഓർക്കുകയാണ്. വൻതോതിൽ തയാറാക്കിയ വാട്സാപ് തമാശകളും ഗൂഢപ്രചാരണങ്ങളുമായി അവർ ഒരുക്കിയ കാമ്പയിെൻറ ഉള്ളറകൾ എെൻറ അന്വേഷണാത്മകമായ 'ഐ ആം എ ട്രോൾ: ഇൻസൈഡ് ദ ബി.ജെ.പി'സ് സീക്രട്ട് ആർമി' (I Am A Troll: Inside the BJP's Secret Army) എന്ന പുസ്തകത്തിൽ ഞാൻ വെളിപ്പെടുത്തുന്നുണ്ട്. ദുരാരോപണങ്ങളിൽ തീർത്ത ആ കടന്നാക്രമണത്തിലുലഞ്ഞ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ പൂർണമായും വീണ്ടെടുക്കാനായിട്ടുമില്ല.
ദുർവ്യാഖ്യാന വിമർശനങ്ങളിലൂന്നിയ അതുപോലൊരു കാമ്പയിനാണ് മഹാരാഷ്ട്രയിൽ ആദിത്യ താക്കറെക്കെതിരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. നടൻ സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിൽ ആദിത്യക്ക് പങ്കുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ആരോപിച്ചാണ് അത് നടത്തുന്നത്. സോഷ്യൽ മീഡിയ ചാർട്ടുകളിൽ പണം കൊടുത്ത് അദ്ദേഹത്തിനെതിെര ട്രെൻഡുകൾ സൃഷ്ടിച്ചെടുക്കുന്നു. 'പപ്പു 2' എന്നാണ് ഈ കാമ്പയിനെ ബി.ജെ.പി വിളിക്കുന്നത്. തീർത്തും അബോധമനസ്സോടെയല്ലാതെയുള്ള ഉള്ളിലിരിപ്പ് വെളിപ്പെടുത്തൽ.
താക്കറെ കുടുംബത്തെ തല്ലുേമ്പാൾ, അവർക്കൊപ്പമുള്ള പവാർ കുടുംബത്തെ ബി.ജെ.പി തലോടുകയാണ്. ശരദ് പവാറിെൻറ അനന്തരവനായ അജിത് പവാറാണ് അവരുടെ ദുർബലകണ്ണി. ഇലക്ഷന് തൊട്ടുപിന്നാലെ ഫഡ്നാവിസിനൊപ്പം സർക്കാർ രൂപവത്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അബദ്ധം ചെയ്തയാളാണ് അദ്ദേഹം. അസ്ഥിരമായ സമചിത്തതയുള്ള വ്യക്തിയാണ് അജിത് പവാർ. സുശാന്തിെൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അജിതിെൻറ മകൻ പാർഥ് പവാർ മുത്തച്ഛൻ ശരദ് പവാറിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. കുറച്ചുദിവസംമുമ്പ് സുപ്രീം കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ മുത്തച്ഛനെ ഉന്നമിട്ട് 'സത്യമേവ ജയതേ' എന്ന് ട്വീറ്റും ചെയ്തു പാർഥ് പവാർ. രണ്ടുവർഷം മുമ്പുവരെ ഇതൊന്നും ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. പവാർ കുടുംബത്തിലുണ്ടായിരിക്കുന്ന വലിയ വിള്ളൽ നന്നായി വെളിവായിരിക്കുന്നു.
ഈ സൂചനകളെല്ലാം വിരൽചൂണ്ടുന്നത്, അജിത് പവാറിനും മകനും ബി.ജെ.പി ഭൂമിയും സ്വർഗവുമൊക്കെ വാഗ്ദാനം ചെയ്തിട്ടുെണ്ടന്നാണ്. അതിനിടെ, ഫഡ്നാവിസിെൻറ കളി ശരദ് പവാർ സാകൂതം വീക്ഷിച്ചുെകാണ്ടിരിക്കുന്നു. ഒരുപാട് തലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ശരദ് പവാർ അത്രയെളുപ്പം പിടികിട്ടാത്തയാളാണ്. അക്കാരണത്താൽതന്നെ സഖ്യകക്ഷികൾക്ക് അദ്ദേഹം ഏതുഭാഗത്താണെന്ന് ഇപ്പോൾ തീർത്തും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സന്ദേശ വിനിമയ വഴികളുള്ളയാളാണ് ശരദ് പവാർ. അതുകൊണ്ടാണ്, മഹാരാഷ്ട്രയിൽനിന്നുള്ള മുതിർന്ന രാഷ്ട്രീയക്കാരനായ അദ്ദേഹം തെൻറ പൊളിറ്റിക്കൽ ഗുരുവാണെന്ന് മോദി ഒരിക്കൽ സൂചിപ്പിച്ചത്. വലിയ അളവിൽ രാഷ്ട്രീയവത്കരിക്കപ്പെട്ടു കഴിഞ്ഞ 'സുശാന്തിന് നീതി വേണം' കാമ്പയിനിൽ ശരദ് പവാർ എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന് കോൺഗ്രസും ശിവസേനയും ഇപ്പോൾ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
'ഞങ്ങൾക്കൊരു തെറ്റുപറ്റി. രാഷ്ട്രീയത്തിൽ ബി.ജെ.പി ഇത്രത്തോളം തരംതാഴുമെന്ന് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിരുേന്നയില്ല. സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിൽ സി.ബി.ഐ ആവശ്യം ഉയർന്നപ്പോഴേ 'അതെ' എന്ന് മറുപടി നൽകേണ്ടിയിരുന്നു. ആദ്യം അവർ ആദിത്യയെ ഈ കേസിലേക്ക് വലിച്ചിഴച്ചു. ഇപ്പോൾ ബിഹാർ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമായി സുശാന്തിെൻറ മരണം ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ ഇത് അധഃപതനത്തിെൻറ പുതിയ അധ്യായമാണ്' -മുതിർന്ന സേന നേതാവ് പറയുന്നു.
അധഃപതനമായാലും അല്ലെങ്കിലും സുശാന്ത് സിങ് വരുന്ന തെരഞ്ഞെടുപ്പിൽ വലിയൊരു ആയുധമാണെന്ന് ബി.ജെ.പിയും ബിഹാറിലെ കൂട്ടാളിയായ മുഖ്യമന്ത്രി നിതീഷ് കുമാറും തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. വോട്ടർമാർക്കു മുമ്പിൽ നേട്ടങ്ങെളാന്നും പറയാൻ ഇല്ലാത്തതിനാൽ പ്രത്യേകിച്ചും. ബിഹാറിെൻറ പുത്രന് നീതി കിട്ടിയില്ലെന്ന മുദ്രാവാക്യം മഹാരാഷ്ട്രക്കെതിരെ ഉയർത്തുന്ന പദ്ധതിയാണ് അവരുടെ മനസ്സിലുള്ളത്. 'പുറത്തുള്ളവർ'ക്കെതിരെ മുൻകാലങ്ങളിൽ ശിവസേന ഉയർത്തിയ 'മണ്ണിെൻറ മക്കൾ' വാദം ഏറ്റവും തിരിച്ചടിയായത് ബിഹാറിനായതുകൊണ്ട് അത് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
അതുകൊണ്ടുതന്നെ, അശ്ലീലവും ഇക്കിളിപ്പെടുത്തുന്നതുമായ വിവരണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെ പ്രതീക്ഷിക്കാം. ചോർന്നുപോകുന്ന പല സ്വകാര്യ സംഭാഷണങ്ങളും കാതുകളിലെത്താം. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാൽ, ബി.ജെ.പിയുമായി സഹകരിക്കുന്ന അഭിനേതാക്കൾ സുശാന്തിന് നീതി തേടിയുള്ള പ്രചാരണം സജീവമാക്കി നിർത്താനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തും. ദേവേന്ദ്ര ഫഡ്നാവിസ് പട്നയിലേക്ക് പറന്നെത്തി ഈ സന്ദേശം പ്രചരിപ്പിക്കാൻ ചുക്കാൻ പിടിക്കും. അനൗദ്യോഗികമായി ബിഹാറിെല ബി.ജെ.പി കാമ്പയിെൻറ ചുമതലക്കാരനും അദ്ദേഹം തന്നെയായിരിക്കും.
(പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമാണ് ലേഖിക)
കടപ്പാട്: www.ndtv.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.