ഹാദിയ എന്ന ആൺകുട്ടിയും കാവിക്കോമരങ്ങളും
text_fieldsവിശ്രുത ഇറ്റാലിയൻ നാടകകൃത്തായ ഡാരിയോ ഫോയുടെ ‘അരാജകവാദിയുടെ മരണം’ എന്ന കൃതിയിൽ ‘മുഴുക്കിറുക്ക്’ അഭിനയിക്കുന്ന ആൾമാറാട്ടക്കാരനെ ‘കൈകാര്യം’ ചെയ്യാൻ തുനിയുന്ന പൊലീസുകാരനെ സഹജീവനക്കാരൻ തടയുന്നു. ആൾ ഭ്രാന്തനാണ്; ഇറ്റലിയിൽ ഭ്രാന്തൻമാരെന്നാൽ ഇന്ത്യയിൽ വിശുദ്ധ പശുക്കളെപോലെയാണ്. തൊട്ടാൽ വിവരമറിയും നമ്മൾ രണ്ടുപേരുടെയും തൊപ്പി തെറിക്കും.
ഫോ ഇതെഴുതുന്ന കാലത്ത് ഇന്ത്യയിൽ പശുക്കളെ ഇന്നത്തെപ്പോലെ വിശുദ്ധയായി കണ്ടിരുന്നെങ്കിലും പശുഭ്രാന്തിന് ഇന്നുള്ള നിയമപരിരക്ഷയുണ്ടായിരുന്നില്ല. അഥവാ അന്നത്തെ പശുഭ്രാന്തൻമാർ യോഗീ ആദിത്യാനന്ദ ശൈലിയിൽ, മുസ്ലിം സ്ത്രീകളുടെ ശവമാടങ്ങൾ മാന്തി അവരിൽ ഭോഗാസക്തി തീർക്കണമെന്ന് പറയാൻ പോന്ന ‘പവറോ’ പക്വതയോ ആർജിച്ചിരുന്നില്ല. നേടിയിരുന്നെങ്കിൽ ഇന്ത്യയിലെ പശുക്കളെപ്പോലെ എന്നതിന് പകരം ഇവിടത്തെ പശുഭ്രാന്തന്മാരെപ്പോലെ സംരക്ഷിക്കപ്പെടുന്നവരാണ് ഇറ്റലിയിലെ സാദാകിറുക്കൻമാരെന്ന് അദ്ദേഹം എഴുതുമായിരുന്നു.
നമ്മുടെ ആർഷപ്രോക്ത സംസ്കൃതിയിലും അതിെൻറ സുരഭിലമായ സഹിഷ്ണുതയുടെ പാരമ്പര്യത്തിലും അഭിമാനിക്കുന്ന ആർക്കും കരയുകയോ ചിരിക്കുകയോ വേണ്ടതെന്നറിയാത്ത മഹാ നിമിഷങ്ങൾക്കാണ് ഇൗ നവംബർ 25 സാക്ഷ്യം വഹിച്ചത്. പലർക്കും അത് നിരാശയുടെ ദിവസമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാലാൾ പട്ടാളത്തിലൊന്നും വൻശക്തികളെ വിറപ്പിക്കാൻപോന്ന വ്യോമനാവിക സേനകളും എല്ലാമുണ്ടായിട്ടും നാട്ടുകാരെയും വീട്ടുകാരെയും വട്ടംകറക്കിയ ഹാദിയ എന്ന പെൺകുട്ടിയെ വായമൂടിക്കെട്ടി വരുതിയിൽ നിർത്തുകയെന്ന രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന നിർണായക ദൗത്യം നാമേൽപ്പിച്ചത് അന്തിമയങ്ങുേമ്പാൾ കാക്കിവലിച്ചൂരി കാവിയുടുക്കുന്ന നാലാംകൂലി പൊലീസുകാരെയാണ്. സംഗതി ആകെ ‘കൊളാപ്സാ’വാൻ മറ്റെന്ത് വേണം? ഉറി ആക്രമണവേളയിൽ സാക്ഷാൽ ഡോൺ ക്ലിക്സോട്ടിനെപ്പോലും അതിശയിപ്പിക്കുന്ന സാഹസികതയോടെ കാര്യങ്ങൾ നേരിട്ട അജിത് ഡൊവാലിനെപ്പോലെ ഒരാളുണ്ടായിരുന്നെങ്കിൽ, പരമോന്നത കോടതിയിൽ നടക്കാൻപോകുന്ന മൊഴിയെടുക്കലിനെ അപ്രസക്തമാക്കുംവിധം ഇങ്ങിനെ വായ തുറക്കാൻ ഹാദിയയെ അനുവദിക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല.
ഏതായാലും നമ്മുടെ പൊലീസിനെ അടച്ചാക്ഷേപിച്ച് കൂടാ. ഹാദിയയുടെ വായമൂടിക്കെട്ടാനും അവരെ ജനിച്ചുവീണ സനാതന വിശ്വാസപരിസരത്തിലേക്ക് തിരിച്ചുകൊണ്ടുപോവാനും അവർ പഠിച്ചമുറ മുപ്പത്തെട്ടും പയറ്റിയതാണ്. തങ്ങൾക്കിടയിലുണ്ടായിരുന്ന വേദക്കാരെ ആദ്യമേ പടിയടച്ച് പിണ്ഡംവെച്ചു. ഹാദിയയെപ്പോലെ ഒരഭ്യസ്ഥവിദ്യയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പൊലീസുകാരുടെ കുഞ്ഞ് മസ്തിഷ്കങ്ങൾ മതിയാവില്ലെന്ന് മനസ്സിലാക്കി രാഹുൽ ഇൗശ്വർ മുതൽ ജാമിദ ടീച്ചർവരെയുള്ളവരുടെ തലച്ചോറുകൾ ‘ഒൗട്ട്സോസ്’ ചെയ്തു. എന്തിനധികം, ഹാദിയ വിമാനത്തിലോ തീവണ്ടിയിലോ ഡൽഹിക്ക് പോവുക എന്ന ലളിതമായ ചോദ്യംപോലും കുന്തംതറച്ച മാണ്ഡവ്യമുനിയുടെ മൗനത്തോടെ അവർ നേരിട്ടു. പക്ഷെ, ഹാദിയ എന്ന ആൺകുട്ടി ഒരു നിമിഷാർദ്ധംകൊണ്ട് പറയാനുള്ളതെല്ലാം അരവീർപ്പിന് പറഞ്ഞ് തീർത്തപ്പോൾ അതെല്ലാം ഭസ്മമായിപ്പോയി.
ഇവിടെ പ്രശ്നം ഹാദിയയെന്ന ഏക വചനത്തിനപ്പുറം നീളുന്നു. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ ഒരു വ്യക്തിക്കുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന് തടയിടാനാണ് ഒരു പുരോഗമന സർക്കാർ ഇത്രയും കാലം നികുതിദായകെൻറ പണമുപയോഗിച്ച് ശ്രമിച്ചുകൊണ്ടിരുന്നത്. പക്വതയാർന്ന ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെന്നല്ല, പരമ്പരാഗത മതകീയ സമൂഹങ്ങളിൽപോലും ഇത്രയും ഹിംസാത്മകമായ നടപടികളുണ്ടാവാറില്ല. ഉമറ്ബ്ൻ അബ്ദുൽ അസീസിെൻറ കാലത്ത് വിദൂരസ്ഥരായ ഒരു ഗോത്രവിഭാഗം തങ്ങൾ ഇസ്ലാമിൽനിന്ന് പുറത്തുപോകുമെന്ന് ഭീഷണി മുഴക്കി. സക്കാത്തിന് പകരം ജിസ്യ നിർബന്ധമാക്കി അവർക്ക് ഇഷ്ടമുള്ള വിശ്വാസം തെരഞ്ഞെടുക്കാനായിരുന്നു ഖലീഫ നൽകിയ ഉത്തരവ്.
ഒരർഥത്തിൽ ഇന്ത്യൻ സെക്യുലറിസം മൃദുഹിന്ദുത്വവുമായുള്ള പല രാജിയാവലുകളുടെയും കഥയാണ്. രാഹുൽ ഇൗശ്വറിനൊപ്പം പെങ്കടുത്ത ഒരു ടി.വി സംവാദം ഒാർക്കുന്നു. പ്രലോഭനങ്ങളിലൂടെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ മതംമാറ്റം നടത്തുന്നുവെന്നും ഇത് തടയേണ്ടതാണെന്നും വിവേകാനന്ദൻ മുതൽ അച്യുതാനന്ദൻവരെയുള്ളവരെ ഉദ്ധരിച്ചുകൊണ്ട് രാഹുൽ വാദിച്ചു. ഉൗഴം വന്നപ്പോൾ ഞാൻ പറഞ്ഞു. പ്രലോഭനത്തിലൂടെ ആളുകളെ ചേർക്കലും ചേർന്നവരെ പിടിച്ചുനിർത്തലും വല്ല മതവും ചെയ്യുന്നുണ്ടെങ്കിൽ അത് ബ്രാഹ്മണ മതമാണ് (മത പരിവർത്തനത്തിെൻറ പേറ്റൻറ് തന്നെ ഹിന്ദുമതത്തിന് അവകാശപ്പെട്ടതാണെന്ന് കാണിച്ചുകൊണ്ടുള്ള ‘ഒൗട്ട്ലുക്ക്’ സ്റ്റോറി വരുന്നതിന് ഏതാനും വർഷങ്ങൾക്കുമുമ്പാണ് സംവാദം നടന്നത്). സഹസ്രാബ്ദങ്ങളായുള്ള അടിച്ചമർത്തലുകളുടെയും ഭൗതിക- ബൗദ്ധിക ദ്രവ്യനിഷേധത്തിലൂടെയും പതാളവത്കരിക്കപ്പെട്ട ഒരു ജനതിയുടെ ഉന്നമനം ലക്ഷ്യംവെച്ചാണ് നാം സംവരണംപോലുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. അമേരിക്കയിൽ കറുത്തവരെയും അമരിന്ത്യക്കാരെയും ലക്ഷ്യമാക്കി ഇത്തരം സോദ്യമങ്ങൾ (Affmative actions) ഉണ്ട്. പക്ഷെ, അവിടത്തെ കറുത്തവനും അമരിന്ത്യനും ഏത് മതവും സ്വീകരിക്കാനും ഏത് ദൈവത്തെ പൂജിക്കാനും അധികാരമുണ്ട്. ഇന്ത്യയിലെ ദലിതെൻറ അവസ്ഥയോ? ഹാദിയയെപ്പോലെ, മുപ്പത്തിമുക്കോടി ദൈവങ്ങൾക്ക് പകരം ഒരു ദൈവം മതിയെന്ന് കരുതി അവൻ ക്ഷേത്രത്തിന് പകരം പള്ളിയിൽ പോകാൻ തീരുമാനിച്ചാൽ അവെൻറ സംവരണാനുകൂല്യങ്ങളത്രയും എടുത്ത് മാറ്റപ്പെടും. മറ്റൊരർഥത്തിൽ പറഞ്ഞാൽ റേഷൻ മുതൽ ഉദ്യോഗംവരെയുള്ള മേഖലകളിലെ ആനുകുല്യങ്ങൾ അനുഭവിക്കണമെങ്കിൽ ഇന്ത്യയിലെ ദലിതർക്ക് രാഹുൽ ഇൗശ്വറിനെപ്പോലുള്ളവർ പ്രതിനിധാനം ചെയ്യുന്ന ഉപരിവർഗമേൽക്കോയ്മ തത്വശാസ്ത്രത്തെ മനസ്സാ, വാചാ, കർമണാ ഉൾക്കൊണ്ട് മാനസികാടിമത്വത്തിെൻറ നിത്യതടങ്കലിൽ കഴിയേണ്ടിയിരിക്കുന്നു.
െഎ.എസ് എന്ന ഉമ്മാക്കി കാട്ടിയാണ് എൻ.െഎ.എ അടക്കമുള്ള നികുതിപ്പണ്ടങ്ങൾ ഹാദിയയുടെ തടങ്കലിനെ ന്യായീകരിക്കുന്നത്. ഹാദിയ ലൗവ്ജിഹാദിെൻറ ഇരയാണെന്നും ഒരു പാസ്പോർട്ട് പോലുമില്ലാത്ത അവർ, മനുഷ്യർ മാലിന്യവും കബന്ധങ്ങളും തിന്ന് പശിയടക്കുന്ന സിറിയയെ മനസ്സിൽ ധ്യാനിച്ച് സ്വർഗത്തിൽ ധരിക്കേണ്ട ഹൂർലിൻ പർദക്ക് കസവ് തുന്നുകയുമാണെന്ന് കരുതാൻ മർക്കണ്ടായ കട്ജു അമിതാഭ് ബച്ചനെ പറ്റി പറഞ്ഞപോലെ -ഒരുവേള ഇത് കൂടുതൽ ചേരുക നമ്മുടെ സുരേഷ്ഗോപിക്കായിരിക്കും- തലയിൽ ആൾപാർപ്പില്ലാതിരുന്നാൽ പോര, ചെകുത്താൻ പാർപ്പുണ്ടാവണം.
ഇത്തരക്കാർ പറയുന്നത് കേട്ട്, സുപ്രീംകോടതി ഹാദിയയെ രഹസ്യഹിയറിങിന് വിധേയമാക്കുകയും അവരുടെ സ്വാതന്ത്ര്യത്തിന് ഇനിയും കൂച്ച് വിലങ്ങുകൾ പണിയുകയും ചെയ്താൽ, നിയമം ഒരു കഴുതയാണെന്ന ചാൾസ് ഡിക്കൻസിെൻറ പഴയ പ്രസ്താവന തിരുത്തി, നിയമം പശുക്കൾ തെളിക്കുന്ന കഴുതയാണെന്ന് നമുക്ക് പറയേണ്ടി വരും.
വാൽക്കഷ്ണം: തനിക്ക് മുസ്ലിമാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരു സുഹൃത്തിനോട് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞു. ‘നോ വേക്കൻസി’. നമ്മോട് വല്ല സുഹൃത്തുക്കളും ഇങ്ങനെ പറഞ്ഞാൽ നമുക്ക് ഒാടാം. അല്ലെങ്കിൽ എൻ.െഎ.എ നമ്മെ ഒാടിക്കും.
(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.