‘എന്നിട്ടും ഈ നഗരത്തിനു ഇതെന്തു പറ്റി? എന്താ ആരുമൊന്നും പറയാത്തത്’
text_fieldsചിലയിടത്ത് ചാരം. ചിലയിടത്ത് പുക. ‘ഈ നഗരത്തിനു ഇതെന്തു പറ്റി ? എന്താ ആരുമൊന്നും പറയാത്തത്. മിണ്ടാതെ സഹിക്കുന്നതെന്തിനാ...’ പൊതുയിടങ്ങളിലെ പുകവലിക്കെതിരെയുള്ള ഈ പരസ്യം കൊച്ചിയെ നോക്കി പരിഹസിക്കാൻ തുടങ്ങിയിട്ട് പത്ത് ദിവസമായി. പത്തറുപതുകൊല്ലം തുടർച്ചയായി പുകവലിച്ചാൽ ഉണ്ടാകുന്ന വിഷത്തേക്കാൾ ഭീകരമായിരിക്കും കഴിഞ്ഞ പത്തുദിവസം കൊണ്ട് ഓരോ കൊച്ചിക്കാരനും ‘ശ്വസിച്ച്’ തള്ളിയിട്ടുണ്ടാവുക.
ജനീവയിലെയും സ്വിറ്റ്സർലൻഡിലെയും മാലിന്യസംസ്കരണ പ്ലാന്‍റുകളിലേക്ക് ‘ടൂർ’ പോയ ഒരു ഭരണകൂടം തന്നെയാണ് ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിന് ‘തീയിട്ടത്’. ആ അഴിമതിയെ ഈ പുകകൊണ്ട് മറച്ച് പിടിക്കാനുള്ളതിന്‍റെ തെളിവാണ് കഴിഞ്ഞ പത്ത് ദിവസമായി ഓരോ കൊച്ചിക്കാരന്‍റെയും ശ്വാസകോശത്തിൽ അടിഞ്ഞ വിഷപുക. 50 ലക്ഷത്തിലേറെ വരുന്ന ജനത കഴിഞ്ഞ പത്ത് ദിവസമായി ശുദ്ധവായുവില്ലാതെ കത്തുന്ന പ്ലാസ്റ്റിക്കിന്‍റെ കറുത്ത പുകച്ചുരുളിൽ ശ്വാസം മുട്ടി കഴിയുമ്പോഴും അതിൽ നിന്ന് നഗരത്തെ രക്ഷിക്കാൻ ടൂർ പോയ ആവേശമില്ലാത്തതും അതുകൊണ്ട് തന്നെയാണ്. ബ്രഹ്മപുരമെന്ന മാലിന്യപ്ലാന്‍റിൽനിന്ന് ദുർഗന്ധവും വിഷപ്പുകയുമാണ് സാധാരണക്കാർക്ക് ലഭിക്കുന്നതെങ്കിൽ മാലിന്യമലക്കുമുകളിൽ റാകിപറക്കുന്ന പരുന്തുകളെ പോലെ അഴിമതിയുടെ ലാഭവിഹിതം കൈപ്പറ്റിയവരാണ്, ആ തീയുടെയും പുകയുടെയും പിന്നിലെന്ന് അറിയാത്തവരല്ല കൊച്ചിജനത.
ഭരണകൂട നിസംഗത അതൊക്കെതന്നെയാണ് വെളിപ്പെടുത്തുന്നത്. കൊച്ചിയെന്നത് എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാരിക-സിനിമ നായകൻമാരുകെ നഗരം കൂടിയാണ്. എല്ലാവരുടെയും വാളുകളിൽ നിശബ്ദതയാണ്. വിപ്ലവയുവജന സംഘടനകൾക്കും ഈ ശ്വാസംമുട്ടലിൽ ഒരു അസ്വസ്ഥതയുമുണ്ടാകുന്നില്ലെന്നത് തന്നെയാണ് കൗതുകം. പത്ത് ദിവസം കൊണ്ട് മാരകവിഷാംശം നിറഞ്ഞ ഈ കറുത്ത പുക കുട്ടികളെയും മുതിർന്നവരെയും എത്രത്തോളം ബാധിച്ചതെന്ന് ഇനി അറിയാനിരിക്കുന്നതേയുള്ളു. നിലവിൽ തന്നെ പലരും ചികിത്സ തേടിക്കഴിഞ്ഞു. കുട്ടികളുമായി ആശുപത്രിയിലേക്കോടിയ രക്ഷിതാക്കളേറെയുണ്ട് ഇന്ന് കൊച്ചിയിൽ.
തീ അണച്ചെന്നും പുക കെട്ടുവെന്നും അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും ബ്രഹ്മപുരം ഇപ്പോഴും നീറിപ്പുകയുകയാണ്. വിഷപുകയെ പേടിച്ച് കുട്ടികളും മുതിർന്നവരും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വീടിനും ഫ്ലാറ്റിനുമുള്ളിൽ അടച്ച് പൂട്ടിയിരിക്കുകയാണ്. മാർച്ച് രണ്ടിന് വൈകീട്ട് 4.15ഓടെയാണ് തീപിടുത്തം തുടങ്ങിയത്. 104 ഏക്കറിലെ 70 ഏക്കറിൽ അടിഞ്ഞ മാലിന്യത്തിന്‍റെ മുകൾ ഭാഗം മുഴുവനും കത്തിയമർന്നു. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം, ഭക്ഷണ മാലിന്യവും കൊണ്ടുതള്ളിയ ബ്രഹ്മപുരത്ത് അതിവേഗമാണ് തീ പടർന്നത്. 2013ലും 2019ലും വലിയ തീ പിടുത്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും കൊച്ചി കണ്ട ഏറ്റവും വലിയ തീ പിടുത്തമുണ്ടായിട്ടും സർക്കാർ ഇടപെടലുകളിൽ പോരായ്മയെ ചൊല്ലി വ്യാപക ആക്ഷേപമാണുയരുന്നത്.
തീ പിടുത്തത്തിന് പിന്നാലെ ബ്രഹ്മപുരം കരാർ നൽകിയ കോർപറേഷനെതിരെ അഴിമതി ആരോപണം ഉയർന്നതോടെ സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണ സമിതി പ്രതിരോധത്തിലായി. ഇടപെടലുകൾ എങ്ങുമെത്തിയില്ല. കോർപറേഷന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ജില്ല കലക്ടറായിരുന്ന രേണു രാജ് റിപ്പോർട്ട് നൽകിയതോടെ കോർപറേഷനായി പ്രതിസ്ഥാനത്ത്. സംസ്ഥാന മന്ത്രിസഭയിൽ ജില്ലയിൽനിന്ന് മന്ത്രിയുണ്ടായിട്ടും അദ്ദേഹം അവിടെ സന്ദർശിച്ചത് തീ പിടിച്ചതിന്‍റെ ഒമ്പതാം നാൾ. വിഷപുക നഗരത്തെയും ചുറ്റുമുള്ള പ്രദേശങ്ങളെയും പൊതിഞ്ഞിട്ടും ഉന്നതല യോഗം ചേർന്നത് നാലാം നാളിൽ. അഞ്ചാം തിയതി കലക്ടറേറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്ത മന്ത്രി പി. രാജീവ് തീപിടിത്തം നിയന്ത്രണ വിധേയമായതായും ആറിന് വൈകിട്ടോടെ തീ പൂർണമായി അണക്കാനാകുമെന്നും വിശദീകരിച്ചെങ്കിലും പത്താം നാളെത്തിയപ്പോ എപ്പോൾ വേണമെങ്കിലും വീണ്ടും തീ പിടിക്കാമെന്നായി വിശദീകരണം.
2019ൽ സ്വിറ്റ്സർലൻഡിൽ ബേണിലെ യന്ത്രവത്കൃത മാലിന്യശേഖരണ പുനചംക്രമണ സംവിധാനം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ബ്രഹ്മപുരം തീപിടുത്തത്തിൽ ഇടപെടാത്തതും പൊതുജനങ്ങൾക്കിടയിൽ വിമർശനമുണ്ടാക്കി. ജില്ലാ ഭരണകൂടവും ഫയർഫോഴ്സും വ്യോമസേനയുമൊക്കെ ഇടപെട്ട് തീ അണക്കലുമൊക്കെ നടത്തിയെങ്കിലും കൊച്ചി ശുദ്ധവായുവില്ലാതെ വീർപ്പുമുട്ടുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കണ്‍ട്രോള്‍ റൂമിന്റെ സേവനം തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ശ്വാസതടസമാണ് പലരെയും ബാധിക്കുന്നത്. അതേസമയം കൊച്ചിയിലെ അന്തരീക്ഷ മലിനീകരണ തോത് ഇപ്പോഴും കൂടിയും കുറഞ്ഞും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.