ഭ്രമയുഗം അധികാര വിമർശനമോ ഹൈന്ദവ പുനരുത്ഥാനമോ?
text_fieldsഹൈന്ദവ കാലഗണന പ്രകാരം സമയമാനങ്ങൾ വർഷം, യുഗം, മഹായുഗം, മന്വന്തരം, കൽപം എന്നിങ്ങനെ അഞ്ചെണ്ണമാണ്. ഇതിൽ ഇപ്പോൾ നിലനിൽക്കുന്നതായി കരുതപ്പെടുന്ന കലിയുഗത്തിൽ ധർമമെന്ന കാളക്ക് ഒറ്റക്കാല് മാത്രമേയുള്ളൂ. സത്യയുഗമായിരുന്ന കൃതയുഗത്തിൽ ഈ മൃഗം നാലു കാലുകളിൽ സ്വച്ഛന്ദമായി വിഹരിച്ചിരുന്നു. കൃതയുഗത്തിൽ ലോക പരിപാലകനായ ഭഗവാന്റെ നിറം ശുദ്ധമായ വെളുപ്പായിരുന്നെങ്കിൽ ഇപ്പോളത് തമോവർണമായ കറുപ്പായി പരിവർത്തനപ്പെട്ടിട്ടുണ്ട്.
കലിയുഗത്തിലെ ലോകസ്ഥിതിയെപ്പറ്റി മാർക്കേണ്ഡയ മുനി ഇപ്രകാരം പ്രവചിക്കുന്നു. ‘‘കലിയുഗത്തിൽ എല്ലാവരും അസത്യവാദികളായിത്തീരും. യാഗവും ദാനവും നാമമാത്രമായിത്തീരും. ബ്രാഹ്മണർ ശൂദ്രരുടെ കർമങ്ങൾ ചെയ്യും. ശൂദ്രർക്ക് സമ്പത്തുണ്ടാകും. പല മ്ലേച്ഛന്മാരും രാജാക്കളായിത്തീരും. മൃഗതുല്യരായ മനുഷ്യർ ധാരാളമായി വർധിക്കും. നാട്ടുകാർ അന്നവും ബ്രാഹ്മണർ വേദവും വിൽക്കും. പശുക്കൾക്ക് പാൽ കുറയും. കാക്കകൾ ധാരാളമായി വർധിക്കും. മനുഷ്യർ നാലു ആശ്രമങ്ങളായി ജീവിക്കുന്നത് തെറ്റിക്കും. വൃദ്ധർക്ക് യുവാക്കളുടെ ശീലമുണ്ടാകും... ഇത്തരം ദുഃസ്ഥിതികൾ അതികഠിനമാകുമ്പോൾ വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അവസാനത്തേതായി കൽക്കി അവതരിക്കും’’.
കൽക്കി അവതാരത്തെപ്പറ്റി വിഷ്ണുപുരാണത്തിൽ ഇങ്ങനെ പറയുന്നു: ‘കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാവരും നാസ്തികരായിത്തീരും. അക്കാലത്ത് വർണസങ്കലനം നടക്കും. ജനങ്ങൾ കള്ളന്മാരും ഗുണശീലമില്ലാത്തവരുമാകും. മ്ലേച്ഛന്മാർ രാജരൂപം പൂണ്ട് മനുഷ്യരെ തന്നെ ഭക്ഷിച്ചുതുടങ്ങും. ഈ കാലഘട്ടത്തിൽ ഭഗവാൻ വിഷ്ണു, യശസ്സിന്റെ പുത്രനും യാഞ്ജുവൽക്യ പുരോഹിതനുമായ കൽക്കിയായി അവതരിച്ച് അസ്ത്രാഭ്യാസവും ആയുധാഭ്യാസവുംചെയ്ത് മ്ലേച്ഛന്മാരെ മുഴുവൻ സംഹരിക്കും. പ്രജകളെ ചാതുർവർണ്യത്തിലും നാലു ആശ്രമങ്ങളിലും ഇരുത്തി യഥോചിതമായ മര്യാദ പഠിപ്പിക്കും....’
കലിയുഗ സിദ്ധാന്തത്തിന് ജനഹൃദയങ്ങളിൽ മനഃശാസ്ത്രപരമായ പ്രഭാവമാണുള്ളത്. അത് അശുഭകരമായ ഒരു യുഗമാവുന്നു. അതൊരു ദുരാചാര യുഗമാണ്. ആകയാൽ മനുഷ്യ പ്രയത്നങ്ങൾക്ക് സാഫല്യമുണ്ടാകാത്ത ഒരു കാലമാണത്. ഇത്തരം നിരീക്ഷണങ്ങൾക്കൊപ്പം ഈ കാലഗണനയെ ഹൈന്ദവ സാമൂഹിക ക്രമത്തിലെ വർണവ്യവസ്ഥയെയും ബ്രാഹ്മണരുടെ വംശീയമായ ആകുലതകളെയും ഒളിപ്പിച്ചുവെക്കുന്ന ഒരു പ്രഹേളികയായി കാണാമെന്നാണ് ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിച്ചിട്ടുള്ളത്. ഇന്ത്യയിലെ വരേണ്യർ പുലർത്തുന്ന ‘സർവനാശ ഭീതി’യുമായി ഈ സിദ്ധാന്തത്തിന് ആഴത്തിൽ ബന്ധമുള്ളതിനാൽ അതിനെ ഒരു നാടോടിക്കഥയോ പ്രാദേശിക മിത്തോ ആയി ചുരുക്കിക്കാണാനാവില്ല.
ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന ‘ഭ്രമയുഗം’ എന്ന സിനിമ വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ട്. ചുരുക്കം ചില മറുവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ പൊതുവേ കേരളത്തിലെ മധ്യവർഗ ഭാവുകത്വം അധികാരത്തെ വിമർശിക്കുന്നത് എന്ന നിലയിലാണ് ഈ സിനിമയെ വിലയിരുത്തിയിട്ടുള്ളത്.
കലിയുഗത്തിന്റെ ഒരു അപഭ്രംശമാണ് ഭ്രമയുഗം എന്നാണ് സിനിമയുടെ അണിയറക്കാർ പരിചയപ്പെടുത്തുന്നത്. Age of Madness എന്നും അവർ അതിനെ വ്യാഖ്യാനിക്കുന്നു. എന്നിരുന്നാലും അധികാരത്തെ ഭ്രാന്തുമായി ബന്ധിച്ചുകൊണ്ടുള്ള പുതുകാല സങ്കൽപനങ്ങളുമായി ഈ സിനിമയോ അതിന്റെ ഉള്ളടക്കമോ ഒരുവിധത്തിലും പൊരുത്തപ്പെടുന്നില്ലെന്നത് വസ്തുതയാണ്. സിനിമയിൽ പ്രതിപാദിക്കപ്പെടുന്ന കാലഗണനയിലും ഇതേ പൊരുത്തക്കേട് നിലനിൽക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ പോർചുഗീസ് അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ കൊള്ളയും കൊലയും നടക്കുന്നതിനാൽ തങ്ങൾ സേവകരായിരുന്ന ഒരു വലിയ മനയിൽനിന്ന് ജീവനും കൊണ്ട് രണ്ടുപേർ ഒളിച്ചോടുന്നു. ഇവരിൽ ഒരാളെ യക്ഷി പിടിച്ചു, മറ്റേയാൾ അധികാര ദുർഗമെന്ന് വിവക്ഷിക്കപ്പെടാവുന്ന ഒരു ജീർണിച്ച തറവാട്ടിൽ അകപ്പെട്ടു.
കേരളത്തിലെ പോർചുഗീസ് അധിനിവേശം നടന്നത് മുഖ്യമായും തുർക്കി സാമ്രാജ്യത്വത്തിന്റെ കൈവശമുള്ള കടൽവ്യാപാര മാർഗങ്ങൾ കൈയടക്കാനും കേരളം പോലുള്ള നാടുകളിലെ പ്രാദേശിക ഭരണാധികാരികളുമായി മുസ്ലിം കച്ചവടക്കാർക്കുള്ള സഹകരണം തകർക്കാനും ഉദ്ദേശിച്ചായിരുന്നു. വാസ്കോഡഗാമയും തുടർന്നുവന്ന പോർചുഗീസ് നാവികരും കോഴിക്കോട്ടെയും മലബാർ പ്രദേശങ്ങളിലെയും മുസ്ലിം കച്ചവടക്കാരെയും ജനസാമാന്യത്തെയും കൂട്ടക്കൊല ചെയ്തതായി മലബാർ മാന്വൽ പോലുള്ള കൃതികളിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, ഇവർ ഭാരതപ്പുഴയുടെ തീരത്തെ ഏതെങ്കിലും മനകൾ തകർത്തതായോ ഹൈന്ദവ സാമൂഹിക ക്രമത്തിൽ കടുത്ത വിധത്തിൽ ഉലച്ചിൽ വരുത്തിയതായോ സൂചിപ്പിക്കുന്ന രേഖകളില്ല.
വിദേശാക്രമണങ്ങൾ ഇന്ത്യയിൽ നിലനിന്നിരുന്ന ധർമവ്യവസ്ഥിതിക്ക് ക്ഷതം വരുത്തിയെങ്കിലും അടിസ്ഥാനപരമായും ഹൈന്ദവ വരേണ്യർക്ക് ശത്രുതയുള്ളത് മുഗള ഭരണാധികാരികളോടാണ്. പിന്നീട് ഇത് മാപ്പിള വിപ്ലവങ്ങളിലൂടെ ഒരു ദു:സ്വപ്നമായി പരിവർത്തനപ്പെടുകയാണുണ്ടായത്.
പതിനെട്ടാം നൂറ്റാണ്ടിൽ പോത്തേരി കുഞ്ഞമ്പു എഴുതിയ നവോത്ഥാന നോവലിലെ കുബേരൻ നമ്പൂതിരി പറയുന്നത്, നാട്ടിൽനിന്ന് ധർമം മായാൻ കാരണക്കാർ മുസ്ലിംകളാണെന്നാണ്. വരേണ്യ ഹിന്ദുക്കളെ സംബന്ധിച്ച് ദേശീയ അപരരായ മുസ്ലിംകളെ ഈ സിനിമ അസന്നിത അപരരാക്കി മാറ്റിക്കൊണ്ട് അവരെ പോർചുഗീസുകാരിലേക്ക് മാറ്റിസ്ഥാപിക്കുകയാണോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
സിനിമാറ്റിക് ട്രോപ്പുകളിലൂടെ കടന്നുപോകുമ്പോഴും ഈ സിനിമക്ക് അധികാര വിമർശനമെന്ന ലക്ഷ്യമുള്ളതായി അനുഭവപ്പെടുകയില്ല. ഏറ്റവും പരിതനും എല്ലാ വഴികളും അടഞ്ഞവനുമായ ഒരു പാണൻ ജീർണാവസ്ഥയിലുള്ള ഒരു മനയുടെ സാമീപ്യത്തിൽ ‘പൂമനി മാളിക, പൊൻ മാളിക’ എന്നും അവിടത്തെ തമ്പാന്റെ സമൃദ്ധിയെപ്പറ്റിയും കരവാളിന്റെ കരുത്തിനെപ്പറ്റിയും അടിയൻ പാടാമെന്ന പേരിൽ വാഴ്ത്തുപാട്ട് പാടുന്നതിൽ സവർണ ഭൂതകാലത്തെ പുനരുൽപാദിപ്പിക്കുന്നതിനപ്പുറം എന്ത് അധികാര വിമർശനമാണുള്ളത്?
മറ്റൊരു ട്രോപ്പായ യക്ഷിയുടെ പ്രത്യക്ഷപ്പെടലും ഹൈന്ദവ പിതൃാധിപത്യ വ്യവസ്ഥയുടെ ചിഹ്നങ്ങളെ സാധൂകരിക്കുന്ന വിധത്തിലുള്ളതാണ്. ഫ്യൂഡൽ അധികാര വ്യവസ്ഥയെ എതിർക്കുകയാണ് ഉദ്ദേശ്യമെങ്കിൽ ആ എതിർപ്പ് പ്രകടിപ്പിക്കപ്പെടേണ്ടത് കോരൻ എന്ന കഥാപാത്രത്തിലൂടെയാണ്. കാർഷിക അടിയാളന്റെയോ ദലിതനായ അടിമജോലിക്കാരന്റെയോ പശ്ചാത്തലത്തിലുള്ള അയാൾ അറിഞ്ഞുകൊണ്ടുതന്നെ യക്ഷിയിൽ കാമമോഹിതനായി കൊല ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.
യോനിയിൽ പല്ലുള്ള പെണ്ണുങ്ങളും ആണുങ്ങളെ ലൈംഗികതയിലേക്ക് ആകർഷിച്ച് ചോരയൂറ്റിക്കുടിക്കുന്ന യക്ഷികളുമെല്ലാം ഫ്യൂഡൽ കാലത്തെ പിതൃാധിപത്യ വ്യവസ്ഥയിൽ ഉള്ളടങ്ങിയ ഭയങ്ങളാണ്. ഇത്തരം ഭയത്തിന് കോരനെ വിധേയമാക്കുന്നതിലൂടെ അധികാരത്തെ എതിർക്കാൻ ബാധ്യതപ്പെട്ടവരെ കർതൃത്വമില്ലാത്തവരും ഉപരിവർഗ തൃഷ്ണകളിൽ ഭ്രമിച്ച് സ്വയം നശിക്കുന്നവരുമായിട്ടാണ് സിനിമ അടയാളപ്പെടുത്തുന്നത്.
മനയിലേക്ക് എത്തുമ്പോൾ വംശത്തിന് നാശം വരുത്തിയ ചാത്തനെ നശിപ്പിക്കാൻ അടിച്ചുതെളിക്കാരിയിലാണെങ്കിലും ബ്രാഹ്മണ രക്തത്തിൽ പിറന്ന പുരുഷ സന്തതിക്ക് മാത്രമേ സ്വാഭാവികമായി സാധിക്കുകയുള്ളൂ എന്ന വംശശുദ്ധി വാദമാണ് സിനിമ ഉദ്ഘോഷിക്കുന്നത്.
അതേവരെ സേവകനും പതിതനുമായിരുന്ന പാണൻ ബ്രാഹ്മണ രക്തം സിരകളിലോടുന്ന വെപ്പുകാരനെ കടന്നാക്രമിച്ചുകൊണ്ട് മോതിരം കൈക്കലാക്കുന്നു. ഒപ്പം ചാത്തന്റെ പരകായ പ്രവേശവും സംഭവിക്കുന്നു. അധികാരത്തിന്റെ സാർവത്രികമായ ദുഷിപ്പ് എന്നൊക്കെയുള്ള മധ്യവർഗ വാചകമടിക്കുപരി ഈ പരകായ പ്രവേശം സൂചിപ്പിക്കുന്നത്, കീഴാളർക്ക് അധികാരം കിട്ടിയാൽ അവർ മനുഷ്യരെ ഭക്ഷിക്കുന്നവരാകും എന്ന കലിയുഗ ഭാവനയെയാണ്.
അഥർവ വേദപ്രകാരമുള്ള ദുർമൂർത്തികളെയോ ഹിന്ദുക്കളിൽ തന്നെയുള്ള തമോപ്രഭാവമുള്ള ദൈവങ്ങളെയോ പുനരവതരിപ്പിക്കാതെ കീഴാള ദൈവമായ ചാത്തനെ വിധ്വംസകനായും ബ്രാഹ്മണകുല നാശകനായും അവതരിപ്പിക്കുന്നതിലൂടെ കീഴാള ദൈവങ്ങളുടെ മേലുള്ള അപമാനവികിരണം മാത്രമല്ല, അന്യാധീനപ്പെടുത്തലുമാണ് സിനിമ ഉൾക്കൊള്ളുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, അധികാരത്തിന്റെ ഭ്രാന്തതയോ ദുഷിപ്പോ ഒന്നുമല്ല, കീഴാളർക്ക് അവസരസമത്വവും തുല്യതയും ഉണ്ടായാൽ വരാൻ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റിയാണ് ‘ഭ്രമയുഗം’ എന്ന സിനിമ പരിതപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.