വൈവിധ്യത്തെ തകർക്കാൻ ഒരു തെരഞ്ഞെടുപ്പ് അജണ്ട
text_fieldsഎണ്ണമറ്റ ഭാഷകൾ, ജാതികൾ, സംസ്കാരങ്ങൾ, മതങ്ങൾ, വംശങ്ങൾ, ഗോത്രവർഗങ്ങൾ തുടങ്ങി വൈവിധ്യങ്ങളേറെയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കപ്പെടണോ, അതോ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനാകണോ മുൻഗണന എന്ന വിഷയം ഭരണഘടന അസംബ്ലി ഇഴകീറി പരിശോധിച്ചതായിരുന്നു. സ്റ്റേറ്റ് നയത്തിലെ മാർഗനിർദേശക തത്ത്വങ്ങളുടെ ഭാഗമായി സ്വീകരിക്കപ്പെടും മുമ്പായിരുന്നു ചർച്ച. 44ാം വകുപ്പ് പറയുന്നത് ഇന്ത്യയിലുടനീളം എല്ലാ പൗരർക്കുമായി ഒരു ഏക സിവിൽ കോഡ് നടപ്പാക്കാൻ ഭരണകൂടം ശ്രമിക്കുമെന്നാണ്. എന്നാൽ, ഏക സിവിൽ കോഡ് നടപ്പാക്കുക, കുടുംബ നിയമത്തിൽ (വിവേചനപരമെന്ന് ആരോപിക്കപ്പെട്ട ചില നിയമങ്ങൾ) ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാനാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജികളായി എത്തിയ കേസുകളേറെയും ഇന്ത്യൻ പരമോന്നത കോടതി തള്ളിയതാണ് ചരിത്രം.
കുടുംബ നിയമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്റ്റേറ്റിന്റെ നയവുമായി ബന്ധപ്പെട്ടതായതിനാൽ കോടതിയുടെ വിഷയമല്ലെന്നും അതിനാൽ അർഹത നോക്കി തീരുമാനമെടുക്കേണ്ടതല്ലെന്നുമായിരുന്നു സുപ്രീംകോടതി നിരീക്ഷണം. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടവയിലാകട്ടെ, സംസ്കാരമുള്ള സമൂഹത്തിലെ വ്യക്തിനിയമവും മതവും തമ്മിൽ ബന്ധമില്ലെന്നാണ് 44ാം വകുപ്പിന്റെ താൽപര്യമെന്നും അഭിപ്രായപ്പെട്ടു. (ജോൺ വല്ലമറ്റം Vs യൂനിയൻ ഓഫ് ഇന്ത്യ- എ.ഐ.ആർ 2003 എസ്.സി 2902)
പന്നാലാൽ ബൻസിലാലും ആന്ധ്ര സർക്കാറും തമ്മിലെ എ.ഐ.ആർ 1996 എസ്.സി 1023 കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ ഇതായിരുന്നു:‘‘ഓരോ ജനവിഭാഗത്തിനും അവരവരുടെ മതങ്ങളും അവയുടെ ഉപവിഭാഗങ്ങളും മുന്നോട്ടുവെക്കുന്ന വിശ്വാസങ്ങളും പ്രമാണങ്ങളുമുള്ള ഇന്ത്യ പോലൊരു ബഹുമുഖ സമൂഹത്തിൽ ഭരണഘടന ശിൽപികൾക്ക് മുന്നിൽ വലിയ ഒരു വിഷയമുണ്ടായിരുന്നു. വ്യത്യസ്ത മതവിശ്വാസങ്ങളുള്ള, ഭിന്ന ജാതികളിലും വിശ്വാസങ്ങളിലും ഉപവിഭാഗങ്ങളിലും പിറന്ന ഇന്ത്യൻ ജനതയെ ഏകോപിപ്പിച്ച് ഐക്യഭാരതം പടുത്തുയർത്തലായിരുന്നു അത്’’.
ഏകീകൃതനിയമം,പൂർണാർഥത്തിൽ അഭിലഷണീയമാണെങ്കിലും ഒറ്റയടിക്ക് നടപ്പാക്കൽ രാജ്യത്തിന്റെ ഐക്യത്തിനും ഉദ്ഗ്രഥനത്തിനും പ്രതിലോമപരമാകും. നിയമഭരണം നിലനിൽക്കുന്ന ഒരു ജനാധിപത്യത്തിൽ, ഘട്ടംഘട്ടമായുള്ള പുരോഗമനപരമായ പരിവർത്തനവും ക്രമവുമാണ് കൊണ്ടുവരേണ്ടത്. നിലവിലെ നിയമം ഭേദഗതി ചെയ്യലും ഒരു നിയമം നിർമിക്കലും സാവധാനത്തിൽ പൂർത്തിയാക്കേണ്ട പ്രക്രിയയാണ്. സഭയുടെ ശ്രമങ്ങൾ നിർബന്ധമായും എത്തേണ്ടത് അടിയന്തര പരിഹാരം വേണ്ടിടത്താണ്. അതുകൊണ്ടുതന്നെ എല്ലാ ജനവിഭാഗത്തിനും ഒറ്റയടിക്ക് ഒരേ നിയമം പ്രാബല്യത്തിലാക്കണമെന്ന ചിന്ത അപ്രായോഗികവും അബദ്ധവുമാണ്. ഗുരുതര ന്യൂനതകൾ മൂലമുള്ള പ്രയാസങ്ങൾ ഘട്ടംഘട്ടമായി നിയമം മാറ്റുകയെന്ന പ്രക്രിയ വഴിയാണ് പരിഹരിക്കപ്പെടേണ്ടത്.
2016ൽ നിയമ, നീതിന്യായ മന്ത്രാലയം ദേശവ്യാപകമായി ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ നിയമ കമീഷനോട് ആവശ്യപ്പെട്ടു. 2018 ആഗസ്റ്റിൽ സമർപ്പിച്ച മറുപടിയിൽ നിയമ കമീഷൻ വ്യക്തമാക്കി: ‘‘ഈ ഘട്ടത്തിൽ ഏക സിവിൽ കോഡ് അത്യാവശ്യമോ അഭിലഷണീയമോ അല്ല’’.
എന്നാൽ, വിവിധ മേഖലകളിലെ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയശേഷം നിയമ കമീഷൻ, ‘കുടുംബ നിയമ പരിഷ്കാരങ്ങൾ’ എന്ന പേരിൽ നൽകിയ രേഖയിൽ വിവിധ മതങ്ങളുടെ കുടുംബ നിയമങ്ങളിൽ പരിഷ്കാരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. ഭേദഗതികൾ ക്രോഡീകരിച്ച് വ്യാഖ്യാനത്തിലും നടപ്പാക്കുന്നതിലും അവ്യക്തത ഒഴിവാക്കാനും ശിപാർശ ചെയ്തു.
സതി, ദേവദാസി, മുത്തലാഖ്, ശൈശവ വിവാഹം തുടങ്ങിയവ സാമൂഹിക തിന്മകളായി എണ്ണിയ കമീഷൻ ഇവ മനുഷ്യാവകാശ ലംഘനമാണെന്നും അനുവദിക്കാനാകില്ലെന്നും നിരീക്ഷിച്ചു.
എന്നാൽ, സുവിദിതമായ കാരണങ്ങളുടെ പേരിൽ 22ാമത് ഇന്ത്യൻ നിയമ കമീഷൻ 2023 ജൂൺ മൂന്നാം വാരം ഏക സിവിൽ കോഡ് വിഷയത്തിൽ 30 ദിവസത്തിനകം അംഗീകൃത മതസംഘടനകളും പൊതുജനങ്ങളും അഭിപ്രായമറിയിക്കണമെന്ന് അറിയിച്ചു! ഏതെങ്കിലും സംഘടനയോ പൊതുജനങ്ങളോ അഭിപ്രായമറിയിക്കുംമുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 27ന് ഭോപാലിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ അവതരിപ്പിക്കാനുള്ള സർക്കാറിന്റെ ആഗ്രഹം പ്രഖ്യാപിച്ചു. ഒന്നുകൂടി വിശദമാക്കിയാൽ ഏക സിവിൽ കോഡ് ഒരു തെരഞ്ഞെടുപ്പ് അജണ്ട മാത്രമാണ്.
എല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രധാനമന്ത്രി രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളുണ്ടാകുന്നതിൽ വേദന പങ്കുവെച്ചു. ഇന്ത്യൻ ശിക്ഷനിയമം, ക്രിമിനൽ ശിക്ഷനിയമം തുടങ്ങി പാർലമെന്റും വിവിധ സംസ്ഥാന സർക്കാറുകളും കൊണ്ടുവന്ന നിരവധി നിയമങ്ങൾ എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണെന്ന് പക്ഷേ, അദ്ദേഹം മറന്നു.
ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ പോലും അത് നിയമമല്ല, കോഡ് അഥവാ ചട്ടമേ ആകൂ. എന്നുവെച്ചാൽ, വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം എന്നീ വിഷയങ്ങളിൽ ജാതി, വിശ്വാസം, മതം, ലിംഗം എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവർക്കും ബാധകമാകുന്നതാകും ഏക സിവിൽ കോഡ്. അതോടെ, നിലവിൽ മതാടിസ്ഥാനത്തിൽ നിലവിലുള്ള ‘ഹിന്ദു അനന്തരാവകാശ നിയമം (1956), മുസ്ലിം വ്യക്തി നിയമം (1937) എന്നിവ അസാധുവാകും.
അതേ സമയം, മൗലികാവകാശങ്ങളിൽനിന്ന് ഭിന്നമായി സ്റ്റേറ്റ് നയത്തിലെ മാർഗനിർദേശക തത്ത്വങ്ങൾ നിയമ കോടതി വഴി ന്യായീകരിക്കാവതല്ല. അപ്പോൾ, ഉയരുന്ന ചോദ്യം ഇതാണ്- ഒരു നിയമം കൊണ്ടുവന്നാലും രാജ്യം മുഴുക്കെ അത് എങ്ങനെ നടപ്പാക്കാനാകും? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശിഷ്യാ മധ്യ, വടക്കുകിഴക്കൻ മേഖലകളിലെ ഗോത്രവർഗങ്ങൾക്ക് അവരുടേതായി ഭരണഘടനപരമായ പ്രത്യേക നിയമങ്ങൾ നിലവിലുണ്ട്. എന്നുവെച്ചാൽ, പൊതു നിയമം ഈ നിയമങ്ങളെ മറികടക്കുന്നതാകാൻ പാടില്ല.
കേന്ദ്ര സർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ സ്വാഭാവികമായി സംസ്ഥാന സർക്കാറുകളുമായും കൊമ്പുകോർക്കുന്ന സാഹചര്യമുണ്ടാകും. രാജ്യത്ത് ഏക സിവിൽ നിയമമുള്ള ഒരേയൊരു സംസ്ഥാനം ഗോവയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് അവിടെ നിലനിന്ന പോർചുഗീസ് ഭരണമായിരുന്നു ഇതിനു കാരണം. പോർചുഗീസുകാർ 1867ൽ ഏക സിവിൽ കോഡ് നടപ്പാക്കി. രണ്ടു വർഷം കഴിഞ്ഞ് 1869ൽ പോർചുഗീസ് ഭരണം നിലനിൽക്കുന്ന ഗോവ ഉൾപ്പെടെ പ്രവിശ്യകളിലും അത് പ്രാബല്യത്തിലാക്കി.
ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ 2022 മേയിൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കത്തിന് പിന്തുണ അറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും എത്തി.
ഈ സാഹചര്യത്തിൽ, രാജ്യത്തിന് ഉചിതമാകുക 21ാം നിയമ കമീഷൻ നിർദേശമാകും- ‘‘ഏക സിവിൽ കോഡ് വിഷയത്തിൽ അഭിപ്രായ ഐക്യത്തിന്റെ അഭാവത്തിൽ വ്യക്തി നിയമങ്ങളിലെ വൈവിധ്യം നിലനിർത്തുകയാകും മുന്നിലെ മാർഗം. ഒപ്പം, വ്യക്തിനിയമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം’’.
21ാം നിയമ കമീഷൻ ഒന്നുകൂടി അക്കമിട്ട് പറയുന്നുണ്ട്: കൂടുതൽ രാജ്യങ്ങളും ഇപ്പോൾ വൈവിധ്യത്തെ അംഗീകരിക്കാൻ തിടുക്കപ്പെടുകയാണ്. ഒന്നാകാതെ വേറിട്ടതായത് മാത്രം വിവേചനമാകുന്നില്ല. എന്നല്ല, ആരോഗ്യപൂർണമായ ജനാധിപത്യത്തിന്റെ അടയാളവുമാണ്.
(മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ
നിരീക്ഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.